തമിഴ്‌നാട്ടിലെ ധര്‍മ്മപുരി എം.പി. സെന്തില്‍കുമാര്‍ ആകെ അങ്കലാപ്പിലാണ്. ദ്രാവിഡകക്ഷിയെ ഹിന്ദുത്വം വിഴുങ്ങുന്നുവോ എന്ന ഭയം. തന്റെ മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ കഴിഞ്ഞ ദിവസം ഹിന്ദു പൂജാരി ഭൂമി പൂജ നടത്തുന്നതാണ് അദ്ദേഹം കണ്ടത്. ഡി.എം.കെയുടെ നാസ്തികത തലയ്ക്ക് പിടിച്ച അദ്ദേഹം ഉദ്യോഗസ്ഥന്മാരെ വിളിച്ച് ചൂടായി സംസാരിക്കുന്നതിന്റെ വീഡിയോ ട്വീറ്റു ചെയ്തതോടെ എം.പി. ഹിന്ദുവിരുദ്ധനാണ് എന്ന ആക്ഷേപം നാട്ടുകാരില്‍ നിന്നുയര്‍ന്നു. ഇതോടെ സെന്തിലിന് കുറച്ചുകൂടി മയത്തില്‍ സംസാരിച്ചു കൂടായിരുന്നോ എന്ന് ഡി.എം.കെ. നേതാക്കള്‍ തന്നെ ചോദിക്കാന്‍ തുടങ്ങി.
2010 ല്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ വെക്കരുതെന്നും സര്‍ക്കാര്‍ സ്ഥലത്ത് മത സ്ഥാപനങ്ങള്‍ പണിയരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. 1993 ഡിസംബര്‍ 13 ന് അന്നത്തെ എ.ഡി.എം.കെ സര്‍ക്കാര്‍ ഇതേ കാര്യം ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് കര്‍ശനമായി പാലിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ തമിഴ് ജനത ഉള്‍ക്കൊണ്ടത് ഈ സര്‍ക്കാര്‍ ഉത്തരവോ കോടതി വിധിയോ ഒന്നുമല്ല. സര്‍ക്കാര്‍ ഓഫീസുകളിലെ ചുമരുകളില്‍ ദൈവത്തിന്റെ ഫോട്ടോകള്‍ സ്ഥാനം പിടിച്ചു. പോലീസ് സ്റ്റേഷനുകളിലും ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലും ഈശ്വരന്മാരുടെ ചിത്രം വെച്ച് ചന്ദനത്തിരി കത്തിച്ചു. ജനങ്ങളുടെ വിശ്വാസമാണ് അതിനു കാരണം. മുഖ്യമന്ത്രിയുടെ മകനും ജനപ്രതിനിധിയുമായ ഉദയനിധി സ്റ്റാലിന്‍ വരെ സര്‍ക്കാര്‍ ചടങ്ങില്‍ ഹിന്ദു പൂജാരി പൂജ നടത്തുമ്പോള്‍ തൊഴുകയ്യുമായി ഭക്തിഭാവത്തില്‍ നിന്നു. ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളില്‍ ആയുധപൂജയും ബസ്‌സ്റ്റേഷനില്‍ കച്ചേരിയും നടത്തിയപ്പോള്‍ തമിഴ് ജനത കൂട്ടത്തോടെ ഭക്തിപൂര്‍വ്വം പങ്കെടുത്തു. ബസ്സുകളില്‍ ചന്ദനം പൂശാനും പൂജ ചെയ്യാനും തയ്യാറായി. കപട മതേതരത്വത്തിന്റെ ഉത്തരവുകളല്ല, ആത്മീയതയും ഭക്തിയുമാണ് തമിഴ് ജനതയുടെ ജീവിതത്തിന്റെ അന്തര്‍ധാര എന്ന് ഡി.എം.കെ നേതൃത്വം തിരിച്ചറിയുകയാണ്. പെരിയാറിന്റെ നാസ്തികതയുടെ പാര്‍ട്ടിയെ ഹിന്ദുത്വം വിഴുങ്ങുകയാണ് എന്നു ചുരുക്കം.