സന്ധ്യമായുന്നു കുന്നിന്‍ നെറുകില്‍ യന്ത്രത്തോക്കിന്‍
താരനാദത്താലെങ്ങും മുഖരം പരിസരം.
ഞങ്ങളഞ്ചു പേരൊരേ ട്രഞ്ചില്‍, നെഞ്ചിടിക്കുന്നു –
ണ്ടെങ്കിലും കര്‍ത്തവ്യത്തെ മറക്കാന്‍ കഴിയുമോ?
അപ്പുറം ഷെല്ലിന്‍ ചില്ലു ചിതറുന്നതില്‍ നിന്നും
ട്രഞ്ചിലേയ്‌ക്കേതെങ്കിലും വരുമോ? ഭയന്നെങ്ങള്‍.
അല്പമാത്രയെന്നുള്ളില്‍ ഓര്‍മകള്‍ ചിതറുന്നു.
കുട്ടികള്‍, ഭാര്യ, അച്ഛന്‍, കൂട്ടുകാര്‍ മറയുന്നു.
എങ്കിലും യന്ത്രത്തോക്കില്‍ ഉണ്ടകള്‍ നിറയ്ക്കുന്നു.
അപ്പുറത്തേതോ ലക്ഷ്യം ഭേദിക്കാന്‍ പായിക്കുന്നു.
ദൂരെതീനാളം രാവില്‍ ജ്വലിച്ചസ്തമിക്കുന്നു.
അകലെയേതോ ജീവന്‍ പൊലിഞ്ഞിട്ടുണ്ടാകണം.
ശത്രുവെ തകര്‍ത്തു നാം മൃത്യുവിന്‍ പാനോത്സവം
അല്പനേരമെന്‍ട്രഞ്ചില്‍ ആശ്വാസനിശ്വാസങ്ങള്‍
എത്രപേര്‍ മരണത്തെ പുല്‍കിയിട്ടുണ്ടാവണം
അപ്പുറം വെടിയൊച്ച നിലച്ചു നിശ്ശബ്ദമായ്
എങ്കിലുമുറപ്പിനായ് ഒരിക്കല്‍ക്കൂടി ഞങ്ങള്‍
യന്ത്രത്തോക്കുപായിച്ചു, പ്രതിശബ്ദത്തിനായി
കാത്തിരുന്നല്പനേരം, ഇല്ലല്ലോ മറുപടി
സന്തോഷമലതല്ലി ശത്രുവേ തുലച്ചു നാം.
ഉള്ളിലായഭിമാനം തുളുമ്പി ആശ്വാസവും
തങ്ങളില്‍ കെട്ടിപ്പുണര്‍ന്നാഘോഷിച്ചല്പനേരം
ഞങ്ങള്‍ ധീരോജ്വലന്മാര്‍ ജന്മരാജ്യത്തെക്കാത്ത
സന്നദ്ധഭടന്മാരെന്നഭിമാനിച്ചു അപ്പോള്‍
നടന്നും ഇഴഞ്ഞിട്ടും ശത്രുവിന്നരികത്തേ-
യ്ക്കണഞ്ഞൂ കരുതലോടെല്ലാരും പലവഴി
തകര്‍ന്നട്രഞ്ചിന്‍ ചുറ്റും ചിതറിക്കിടക്കുന്ന
മനുഷ്യഖണ്ഡങ്ങളെ കണ്ടു ഞാന്‍ സ്തംഭിച്ചുപോയ്
തലചുറ്റുന്നപോലെ തളരുന്നുണ്ടോ ഉടല്‍
ചിതറിക്കിടപ്പതുമെന്നെപ്പോലുള്ളോര്‍ തന്നെ.
ധീരനാം സൈനികന്‍ ഞാന്‍ തളരാന്‍ പാടില്ലല്ലോ
ഉള്ളിലെയസ്വാസ്ഥ്യങ്ങളമര്‍ത്തിയൊരുവിധം
അപ്പുറത്തൊരു പാവക്കുട്ടിയുണ്ടനാഥമായ്
ട്രഞ്ചിലെയവശിഷ്ട കൂട്ടത്തില്‍ക്കിടക്കുന്നു.
ആരുടെ സ്വപ്നങ്ങളെ പേറിക്കൊണ്ടാണീതീയില്‍
വെന്തമരാതെ കണ്‍കള്‍ മിഴിച്ചു കിടക്കുന്നു.
ശത്രുവിന്റേതാണല്ലോ പാടില്ലസഹതാപം.
പെട്ടെന്നു ഹൃദയത്തിന്‍ വാതില്‍ ഞാനടയ്ക്കുന്നു.
എങ്കിലുമറിയാതെ മിഴിയില്‍ നിന്നുരണ്ടു
തുള്ളിനീര്‍ പൊഴിഞ്ഞുപോയ്, ചാപല്യം പാടില്ലല്ലോ!