മുരളീരവം
കൂടല്ലൂര്‍ കേശവന്‍ നമ്പൂതിരി
വേദ ബുക്‌സ്, കോഴിക്കോട്
പേജ്: 65 വില: 100രൂപ
കോഴിക്കോട് തളിമഹാദേവക്ഷേത്രത്തിലെ തപസ്വിയും തേജസ്വിയുമായ മേല്‍ശാന്തിയുടെ രൂപഭാവങ്ങളിലാണ് ശ്രീ കൂടല്ലൂര്‍ കേശവന്‍ നമ്പൂതിരിയെ സാമാന്യ ജനത അറിയുന്നത്. കോഴിക്കോട് തളി ടാഗോര്‍ ബാലഗോകുലത്തിന്റെ രക്ഷാധികാരിയായി പല പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിക്കുകയും ഇപ്പോഴും തപസ്യയില്‍ സോത്സാഹം പങ്കെടുക്കുകയും ചെയ്യുന്ന ഇദ്ദേഹം പ്രായഭേദമന്യേ എല്ലാവര്‍ക്കും കേശവേട്ടനാണ്. കവിയും ഗായകനും കാഥികനുമെന്ന നിലയിലുള്ള തന്റെ സിദ്ധികളധികവും ബാലഗോകുലത്തിനുവേണ്ടി പ്രയോജനപ്പെടുത്തിയ കേശവേട്ടന്‍ പ്രശസ്തിപരാങ്മുഖനാകയാല്‍ തന്റെ രചനകള്‍ പുസ്തകരൂപത്തിലാക്കാന്‍ താത്പര്യമെടുത്തിരുന്നില്ല. അദ്ദേഹത്തിനു നല്‍കാവുന്ന ഏറ്റവും നല്ല ശതാഭിഷേകോപഹാരം ഒരു കവിതാ സമാഹാരമാണെന്നു തീരുമാനിച്ച ബന്ധുമിത്രാദികളുടെ ഔചിത്യബോധം അനുകരണീയമാണ്. അങ്ങനെ പിറന്ന മുരളീരവത്തില്‍ പത്തൊന്‍പതു രചനകളുണ്ട്.
ഭാഷാവൃത്തങ്ങളും സംസ്‌കൃതവൃത്തങ്ങളും ഇദ്ദേഹത്തിനിഷ്ടമാണെങ്കിലും ആദ്യ വിഭാഗത്തിന് മിഴിവേറും. കുട്ടികള്‍ക്കുവേണ്ടി വിവിധ താളങ്ങളില്‍ ലളിതമായി ആവിഷ്‌ക്കരിച്ച ശ്രീകൃഷ്ണ കവിതകള്‍ ഈ വിധത്തിലായതിന് ഇതാണു കാരണം. ഗണപതി, മഹാദേവന്‍, നരസിംഹം, ശ്രീരാമന്‍ തുടങ്ങിയ മൂര്‍ത്തികളെക്കുറിച്ചും എഴുതിയിട്ടുണ്ട്. ഭാരതമാതാവാണ് ഇഷ്ടദേവത. ചില സദുപദേശങ്ങളുമുണ്ട്. പല കവിതകളും നൃത്തശില്പമായി അവതരിപ്പിക്കാന്‍ യോഗ്യങ്ങളാണ്. നാല്പതിലധികം വര്‍ഷം തളിമഹാദേവനുമുമ്പില്‍ കണിയൊരുക്കിയ കൂടല്ലൂര്‍ കേശവന്‍ നമ്പൂതിരി കൈരളീ മാതാവിനുവേണ്ടി ആദ്യമായി ഒരുക്കിയ ഈ വിഷുക്കണി സഹൃദയര്‍ക്കും സംസ്‌കാരാഭിമാനികള്‍ ക്കും ശ്രേയസ്സും പ്രേയസ്സും സമ്മാനിക്കട്ടെ! ഇത് വരാനിരിക്കുന്ന കാവ്യോത്സവങ്ങളുടെ തൃക്കൊടിയേറ്റമാകട്ടെ!
മണ്ണിന് ജീവന്‍ കൊടുക്കുന്നവര്‍
ടി.കെ. ഉണ്ണികൃഷ്ണന്‍
ഏകതത്ത്വ പബ്ലിക്കേഷന്‍സ്,
പാലക്കാട്
പേജ്: 98 വില: 120
മണ്ണിന്റെ മണവും മനസ്സുമുള്ള കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തെ വരച്ചിടുകയാണ് ടി.കെ. ഉണ്ണികൃഷ്ണന്‍ ‘മണ്ണിന് ജീവന്‍ കൊടുക്കുന്നവര്‍’ എന്ന ചെറുനോവലിലൂടെ. കാലത്തിന്റെ കുത്തൊഴുക്കില്‍ നമുക്ക് നഷ്ടപ്പെട്ടുപോയ കാര്‍ഷിക സംസ്‌കാരത്തിന്റെ നഷ്ടസ്മൃതികളെ നോവലിസ്റ്റ് ഈ രചനയിലൂടെ ചേര്‍ത്തുപിടിക്കുന്നു. അദ്ധ്വാനശീലരും നന്മയുള്ളവരുമായ നിഷ്‌കളങ്ക ജീവിതങ്ങളിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. ഇരുപത്തിമൂന്ന് അദ്ധ്യായങ്ങളിലൂടെ ഇതള്‍ വിരിയുന്ന ഈ കഥ വ്യത്യസ്തമായ ആഖ്യാന ശൈലികൊണ്ട് ശ്രദ്ധേയമാണ്. സ്വാര്‍ത്ഥ ചിന്തകളില്‍ ഭ്രമിച്ച് ജീവിതത്തിന്റെ കടമകളും ഉത്തരവാദിത്തങ്ങളുമെല്ലാം മറന്ന് ആര്‍ത്തിപിടിച്ച് പാഞ്ഞുനടക്കുന്ന ഉപഭോഗ മനുഷ്യന്റെ മനോവ്യാപാരങ്ങളെയും നോവലില്‍ മനോഹരമായി എടുത്തു കാണിച്ചിട്ടുണ്ട്.
തെലിങ്കിപ്പൂക്കള്‍
അഭിലാഷ് ജി പിള്ള
വേദ ബുക്‌സ്
കോഴിക്കോട്
പേജ്: 150 വില: 200 രൂപ
ആദ്ധ്യാത്മിക പശ്ചാത്തലത്തിലുള്ള രചനകള്‍ക്ക് പൊതുവേ വായനക്കാര്‍ പരിമിതമായിരിക്കും. അതുകൊണ്ടുതന്നെ അങ്ങനെയൊരു രചന നിര്‍വ്വഹിക്കാന്‍ അസാമാന്യമായ ധൈര്യവും ഉറച്ച ആത്മീയ ബോധ്യങ്ങളും ആവശ്യമാണ്. അങ്ങനെ നോക്കുമ്പോള്‍ ‘തെലിങ്കിപ്പൂക്കള്‍’ എഴുതിയ അഭിലാഷ് പിള്ളയും പ്രസിദ്ധീകരിച്ച വേദ ബുക്‌സും നല്‍കുന്നത് ഒരുപാട് പേര്‍ക്ക് പ്രചോദനം നല്‍കുന്ന ഒരു ധീരതയാണ്.
ജീവിതത്തിന്റെ സായന്തനത്തില്‍ ഒരു ഗൃഹസ്ഥന്‍ തന്റെ എക്കാലത്തെയും മോഹമായ തിരിച്ചുവരവില്ലാത്ത തീര്‍ത്ഥാടനത്തിനു പുറപ്പെടുന്നതും അതിലൂടെ നേടുന്ന പുതിയ തിരിച്ചറിവുകളുമാണ് നോവലിലെ പ്രതിപാദ്യം. ഒരു തുടക്കക്കാരന്റെ സഭാകമ്പമേതുമില്ലാതെ തികഞ്ഞ കൈയടക്കവും കൃതഹസ്തതയും ഓരോ വരിയിലും വായനക്കാരനെ പിടിച്ചിരുത്തുന്നുണ്ട്. എഴുത്തുകാരനും പ്രസാധകര്‍ക്കും അഭിനന്ദനങ്ങള്‍.