കലാപകാരികള്‍ ഇംഗ്ലീഷ് പട്ടാളത്തിനുമേല്‍ ഉണ്ടാക്കിയ ദയനീയാവസ്ഥയെക്കുറിച്ച് ജെയിംസ് വെല്‍ഷ് വിശദീകരിക്കുന്നു. ‘എന്നോടൊപ്പം ബാംഗ്ലൂര്‍ക്ക് മടങ്ങിപ്പോരാന്‍ ഒരൊറ്റ സഹായി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നുതന്നെ പറയാം. വയനാട്ടിലുണ്ടായിരുന്ന ഞങ്ങളുടെ ഓഫീസര്‍മാരധികവും വൈകാതെ മരിച്ചു. നമ്മുടെ ആള്‍ക്കാരുടെയും കുടുംബാംഗങ്ങളുടെയും പരിക്കേറ്റവരുടെയും സ്ഥിതി വേദനാജനകമായിരുന്നു. കലാപം നടക്കുമ്പോള്‍ അദ്ദേഹം മേലുദ്യോഗസ്ഥര്‍ക്ക് അയച്ച റിപ്പോര്‍ട്ടുകളും കലാപത്തിന്റെ കരുത്ത് വിളിച്ചോതുന്നതാണ്. ആധുനിക ആയുധങ്ങള്‍ പരമ്പരാഗത ആയുധങ്ങള്‍ക്ക് മുമ്പില്‍ നിഷ്പ്രഭമാവുകയാണ്. പരിശീലിതരായ യൂറോപ്യന്മാര്‍ കാട്ടുവര്‍ഗ്ഗക്കാര്‍ക്ക് മുന്നില്‍ അടിയറവുപറയുകയാണ്. നാം വിജയിച്ചാലും നാശനഷ്ടങ്ങളുടെ കണക്കെടുത്താല്‍ പരാജയത്തെക്കാള്‍ മോശമായ അവസ്ഥയിലായിരിക്കും.
1812 ലെ കലാപത്തിന്റെ കരുത്ത് മനസ്സിലാക്കാന്‍ അത് അടിച്ചമര്‍ത്താന്‍ നിയുക്തനായ ഉദ്യോഗസ്ഥരുടെ മൊഴികള്‍ മാത്രം മതിയാകും. കലാപം ഒന്നര മാസക്കാലം മാത്രമേ അതിശക്തമായി നിലനിന്നിരുന്നുളളുവെങ്കിലും അതിന്റെ ഗതി ഭയാനകവും ഭീകരവുമായിരുന്നു. കലാപം ഒരു മാസം കൂടി നീണ്ടുനിന്നിരുന്നുവെങ്കില്‍ തിരിച്ചു പോകാന്‍ വയനാട് ചുരം കയറിയ ഒരു യൂറോപ്യനും ബാക്കിയുണ്ടാവില്ലായിരുന്നു. മാത്രമല്ല രാജ്യം കലാപകാരികളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലും ആകുമായിരുന്നു. അത്തരത്തില്‍ ഐതിഹാസികമായ പോരാട്ടമായിരുന്നു 1812ല്‍ വയനാടന്‍ ഗിരിവര്‍ഗജനത നടത്തിയത്.
കുറിച്യരിലേയും കുറുമരിലേയും കലാപകാരികള്‍ കലാപത്തിന് ആവശ്യമുള്ള അമ്പുകള്‍ നിര്‍മിച്ചതിനെക്കുറിച്ച് പ്രചരിക്കുന്ന ഒരു ചരിത്രമുണ്ട്. ബ്രിട്ടീഷുകാര്‍ പാലം നിര്‍മ്മിക്കുന്നതിനായി ഇറക്കിയ ഇരുമ്പുകമ്പികള്‍ മോഷ്ടിച്ചും അത് ലഭ്യമാകാതെ വന്നപ്പോള്‍ നിര്‍മിച്ച പാലങ്ങളുടെ കൈവരിയിലെ ഇരുമ്പുകമ്പികള്‍ ഇളക്കിയെടുത്തുമാണത്രെ അവര്‍ അമ്പിന്റെ മുനകള്‍ നിര്‍മ്മിച്ചത്. അസ്ത്രനിര്‍മാണത്തില്‍ വിദഗ്ദ്ധരായ നിരവധിയാളുകള്‍ ഇരു സമുദായങ്ങളിലും ഉണ്ടായിരുന്നു. അതിനായി പ്രത്യേക കേന്ദ്രങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു. ഇരുമ്പു കമ്പികള്‍ നഷ്ടമാവുന്നതിനെക്കുറിച്ച് പ്രാദേശികചുമതലയുളള ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതിന്റെ രേഖകളുണ്ട്.
രാമന്‍ നമ്പി
1812 ലെ മഹത്തായ ഗിരിവര്‍ഗ കലാപത്തിന്റെ സൂത്രധാരന്‍ കുറുമ ഗോത്രത്തലവനായ രാമന്‍ നമ്പിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് അധികമൊന്നും വിവരങ്ങള്‍ ലഭ്യമല്ല. 1812 ലെ ഗിരിവര്‍ഗകലാപത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് മാത്രമാണ് അല്‍പമെങ്കിലും അറിവുള്ളത്. 1812ലെ കലാപത്തില്‍ ഒരു കൊള്ളിയാന്‍ പോലെ മിന്നി മറഞ്ഞു പോയതാണ് ആ ജീവിതം. 1805 മുതല്‍ 1812 വരെയുള്ള കാലഘട്ടത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ രാമന്‍ നമ്പിയെന്ന വനവാസിപോരാളിയുടെ പങ്ക് പഠനവിഷയമാവേണ്ടതുണ്ട്. ആധികാരികരേഖകളുടെ ലഭ്യതയനുസരിച്ച് അത്തരം പഠനങ്ങള്‍ നടക്കും എന്ന് പ്രതീക്ഷിക്കാം.
കുറുമരുടെ ഏതാനും വീടുകള്‍ ചേര്‍ന്നാല്‍ അതിനെ ‘കുറുമക്കുടി’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കുറുമക്കുടിക്ക് നേതൃത്വം വഹിക്കാന്‍ ഒരു കാരണവര്‍ ഉണ്ടാകും. അയാളെ ‘കുടിമൂപ്പന്‍’ എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. ഏതാനും കുറുമക്കുടികള്‍ ചേര്‍ന്ന പ്രദേശത്തിന് കുറുമക്കുന്ന്, കുറുമക്കൊല്ലി എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. ആ കുറുമക്കുന്നിന്റെ അധികാരവും ഉത്തരവാദിത്വവും വലിയമൂപ്പനായിരിക്കും. മൂപ്പന്റെയും വലിയമൂപ്പന്റെയും ആജ്ഞകളും നിര്‍ദ്ദേശങ്ങളും കല്‍പനകളും നടപ്പിലാക്കാന്‍ കുറുമര്‍ക്കിടയില്‍ ‘വാല്യക്കാരന്മാര്‍’ ഉണ്ടാകും. കായികവും ബുദ്ധിപരവുമായിയി മികവ് തെളിയിച്ചവരായിരിക്കും ഇത്തരം വാല്യക്കാരന്മാര്‍. കുറുമസമുദായങ്ങള്‍ക്കിടയിലും ഇതരസമുദായക്കാര്‍ക്കിടയിലും വാല്യക്കാരന്‍മാര്‍ക്ക് വലിയ സ്വാധീനം ആയിരുന്നു ഉണ്ടായിരുന്നത്. കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നവര്‍ എന്ന രീതിയില്‍ സ്‌നേഹാദരങ്ങളോടെയാണ് സമുദായാംഗങ്ങള്‍ ഇവരെ കണ്ടിരുന്നത്. ഇത്തരം വാല്യക്കാരന്മാര്‍ക്ക് ഓരോ പ്രദേശത്തും ഒരു നേതാവും ഉണ്ടായിരിക്കും. അവരെ ‘നമ്പി’ എന്ന ഓമനപ്പേരിലായിരുന്നു വിവിധ ജനജാതിവിഭാഗങ്ങള്‍ വിളിച്ചിരുന്നത്. മുള്ളുക്കുറുമഗോത്രവിഭാഗത്തില്‍പ്പെട്ട രാമന്‍, പോരാളിയായ വാല്യക്കാരനായിരുന്നു. അദ്ദേഹം രാമറ് നമ്പി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രാമറ് നമ്പി എന്ന് സ്‌നേഹാദരപൂര്‍വ്വം വിളിക്കപ്പെട്ടിരുന്ന രാമന്‍ നമ്പിയായിരുന്നു 1812ലെ ഗിരിവര്‍ഗകലാപത്തിന്റെ പ്രമുഖനായ നേതാവ്.
രാമന്‍ നമ്പിയുടെ നേതൃത്വത്തില്‍ കലാപത്തിനുള്ള ആസൂത്രണം നടന്നു. എന്നാല്‍ അക്രാമികസമൂഹം എന്ന രീതിയില്‍ കുറുമര്‍ മാത്രമേ അക്കാലത്ത് കുറിച്യാട് പ്രദേശത്ത് ഉണ്ടായിരുന്നുള്ളൂ. അവര്‍ പരമ്പരാഗതമായി ആയുധാഭ്യാസികളും ശക്തരുമായിരുന്നു. കുറിച്യരാകട്ടെ പൂര്‍ണ്ണമായും കുടിയിറക്കപ്പെട്ടതിനാല്‍ അവരുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ല. ചെട്ടിമാരാകട്ടെ കലാപത്തിനുവേണ്ടി എല്ലാ ഭൗതികസാഹചര്യങ്ങളും ഒരുക്കാന്‍ പ്രാപ്തരായിരുന്നു. എന്നാല്‍ സായുധകലാപത്തില്‍ പങ്കാളികളാകാന്‍ മാത്രം ആയുധാഭ്യാസികളായിരുന്നില്ല. അവശേഷിക്കുന്ന പണിയര്‍, കാട്ടുനായ്ക്കര്‍ തുടങ്ങിയ ഗോത്രവിഭാഗങ്ങള്‍ സാമൂഹ്യ-രാഷ്ട്രീയ വെല്ലുവിളികളെക്കുറിച്ച് യാതൊരുവിധത്തിലുളള ബോധ്യവും ഇല്ലാത്തവരായിരുന്നു. അതുകൊണ്ടുതന്നെ വരാന്‍പോകുന്ന ഏതു കലാപത്തിന്റെയും ചുമതലയും ഉത്തരവാദിത്വവും കുറുമപ്പടയാളികളില്‍ നിക്ഷിപ്തമായിരുന്നു.
കുറിച്യാടിന്റെ പ്രത്യേകതകള്‍
1812 ലെ കലാപം ആരംഭിച്ചത് ഗണപതിവട്ടത്തിനടുത്തുള്ള കുറിച്യാട് എന്ന പ്രദേശത്താണ്. വയനാട്ടില്‍ നിന്ന് കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമാണ് കുറിച്യാട്. കുറിച്യര്‍ക്ക് മേധാവിത്വമുള്ള പ്രദേശമായതിനാലായിരിക്കാം കുറിച്യാട് എന്ന നാമം കൈവന്നത്. എന്നാല്‍ ഇന്ന് അവിടെ കുറിച്യവിഭാഗത്തിന്റെ യാതൊരു സാന്നിധ്യവുമില്ല. പണിയ,കാട്ടുനായ്ക വിഭാഗക്കാരാണ് ഇപ്പോള്‍ അവിടെ താമസിക്കുന്നത്. അവര്‍ തന്നെ ഏതു സമയത്തും ഒഴിഞ്ഞു പോകാന്‍ തയ്യാറായി നില്‍ക്കുകയാണ്.
രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കുറിച്യാട്, കുറിച്യ, കുറുമ, ചെട്ടി, കാട്ടുനായ്ക, പണിയ വിഭാഗക്കാര്‍ താമസിച്ചിരുന്നതായി രേഖകളുണ്ട്. കുറിച്യ, കുറുമ വിഭാഗക്കാര്‍ ഗോത്രവിഭാഗങ്ങളുടെ മേലാളന്മാര്‍ എന്ന രീതിയില്‍ മേധാവിത്വത്തോടെ ജീവിച്ചവരാണ്. ചെട്ടിമാരാകട്ടെ അന്യദേശങ്ങളില്‍ കച്ചവടം നടത്തുന്ന പ്രകൃതക്കാരായിരുന്നു. പണിയ, കാട്ടുനായ്ക വിഭാഗക്കാര്‍ മറ്റുള്ളവര്‍ക്ക് വിധേയപ്പെട്ട് വനോചിതമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരായിരുന്നു.ഗോത്ര വിഭാഗങ്ങള്‍ക്ക് എക്കാലത്തും ആധിപത്യമുണ്ടായിരുന്ന പ്രദേശമാണ് കുറിച്യാട്.
കുറിച്യാട് പ്രദേശത്തിന്റെ മറ്റൊരു സവിശേഷത സുരക്ഷിതമായ ഒളിത്താവളം എന്നതാണ്. ഇതിനുള്ള സാധ്യത ആദ്യം പ്രയോജനപ്പെടുത്തിയത് പഴശ്ശിപ്പടയാളികളാണ്. കേരളവര്‍മ്മ പഴശ്ശിരാജ 1802നുശേഷം നിരവധി തവണ കുറിച്യാട് ഒളിത്താവളമാക്കിയിട്ടുണ്ട്. പഴശ്ശിപ്പട ക്ഷീണിതമായ കാലത്ത് പോരാട്ടത്തിനുള്ള കോപ്പുകൂട്ടാന്‍ പ്രയോജനപ്പെടുത്തിയതും ഇവിടെയായിരുന്നു. ‘പകല്‍ വെളിച്ചത്തില്‍പ്പോലും എളുപ്പത്തില്‍ കടന്നെത്താന്‍ കഴിയാത്ത പ്രദേശം’ എന്നാണ് ബ്രിട്ടീഷ് രേഖകള്‍ കുറിച്യാടിനെ സൂചിപ്പിക്കുന്നത്? ചാരന്മാര്‍ക്കും ഒറ്റുകാര്‍ക്കും പ്രവര്‍ത്തിക്കാന്‍ യാതൊരു സാധ്യതയും അവിടെയുണ്ടായിരുന്നില്ല. ബ്രിട്ടീഷ് പട്ടാളത്തിന് അവരുടെ ശക്തി പ്രകടനം നടത്താനും അവിടെ കഴിയുമായിരുന്നില്ല.
കലാപകാരികളെക്കുറിച്ച് രഹസ്യ വിവരങ്ങള്‍ നല്‍കാന്‍ ചില നാട്ടുകാര്‍ തന്നെ തയ്യാറായ കാലമായിരുന്നു അത്. അത്തരക്കാരില്‍ നിന്നും രക്ഷ നേടിയാണ് പഴശ്ശിരാജാവും പടത്തലവന്മാരും കുറിച്യാട് അഭയം തേടിയത്. ഇതില്‍ നിന്നും കുറിച്യാട് അക്കാലത്ത് നിവസിച്ചിരുന്നവരെ പഴശ്ശിയും കൂട്ടരും എത്രമാത്രം വിശ്വസിച്ചിരുന്നു എന്ന് വ്യക്തമാകും. ഗോത്രവിഭാഗങ്ങളുടെ നാടിനോടുള്ള സ്‌നേഹവും കൂറും ഇതില്‍ നിന്നും വ്യക്തമാണ്.
കലാപത്തിന്റെ ആരംഭം
1812 മാര്‍ച്ച് 25നാണ് പ്രക്ഷോഭം ആരംഭിച്ചത്. കുറിച്യാട് മലകളില്‍ തമ്പടിച്ച ചുരുക്കം ചില പ്രക്ഷോഭകാരികള്‍ അവിടെ കരംപിരിവിന് ചെന്ന രണ്ട് കോല്‍ക്കാരന്മാരെ ബന്ദികളാക്കി. തുടര്‍ന്ന് അവര്‍ സമീപത്തുള്ള കുപ്പാടി ബ്രിട്ടീഷ് പോസ്റ്റ് ആക്രമിച്ചു. തെക്കേ വയനാടിന്റെ നിയന്ത്രണം പൂര്‍ണമായും ഈ സൈനിക പോസ്റ്റിനായിരുന്നു. രാമന്‍ നമ്പിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭകാരികള്‍ കുപ്പാടി സൈനിക പോസ്റ്റിലുണ്ടായിരുന്ന മുപ്പതോളം വരുന്ന കാവല്‍ഭടന്മാരായ ഇംഗ്ലീഷ് സൈനികരെ വകവരുത്തി. ബ്രിട്ടീഷുകാരുടെ ബംഗ്ലാവുകള്‍ക്കും റസിഡന്‍സുകള്‍ക്കും അവര്‍ തീയിട്ടു. അവിടെ ശേഖരിച്ചു വച്ചിരുന്ന തോക്ക് മുതലായ ആയുധങ്ങളും സ്വന്തമാക്കി. 1812ലെ ഗിരിവര്‍ഗകലാപത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.
ശേഷം ആയിരത്തിലധികം കലാപകാരികള്‍ പുല്‍പ്പള്ളി മുരിക്കന്മാര്‍ ക്ഷേത്രത്തിലേക്ക് സായുധരായി മാര്‍ച്ച് നടത്തി. അവിടുത്തെ മൈതാനത്ത് ഒത്തുചേര്‍ന്ന അവര്‍ ഭാവി പരിപാടികള്‍ക്ക് രൂപംനല്‍കി. രാമന്‍ നമ്പിയുടെ നേതൃത്വത്തിലുള്ള കുറുമപ്പട, വട്ടത്തൊപ്പിക്കാരെ (യൂറോപ്യന്മാരെ) നാട്ടില്‍ നിന്നും ആട്ടിപ്പായിക്കും എന്ന് പ്രതിജ്ഞ ചെയ്തു. വയനാട്ടിലുടനീളം കലാപം വ്യാപിപ്പിക്കാനും ബ്രിട്ടീഷുകാരുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ ആക്രമിക്കാനും അവര്‍ തീരുമാനിച്ചു.
പുല്‍പ്പള്ളി മുരിക്കന്മാര്‍ ക്ഷേത്രവും വിളംബരവും
പുല്‍പ്പള്ളി മുരിക്കന്മാര്‍ ക്ഷേത്രം മുമ്പും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ വേദിയായിട്ടുണ്ട്. അയ്യായിരത്തിലധികം പോരാളികള്‍ അവിടെ സമ്മേളിച്ച് പോരാട്ടത്തിനിറങ്ങിയിട്ടുമുണ്ട്. പഴശ്ശിപ്പടയുടെ ശക്തമായ കേന്ദ്രം എന്ന നിലയിലും പുല്‍പ്പള്ളി ക്ഷേത്രം മാറിയിരുന്നു. പഴശ്ശിരാജ, എടച്ചന കുങ്കന്‍, തലക്കര ചന്തു തുടങ്ങിയവരുടെ ആഹ്വാനങ്ങള്‍ക്കും വിളംബരങ്ങള്‍ക്കും അവിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാമന്‍ നമ്പി, യോഗിമൂല മാച്ചന്‍ എന്നിവരുടെ കേന്ദ്രവും അവിടെയായിരുന്നു. ഗിരിവര്‍ഗജനത പോരാട്ടത്തിനിറങ്ങാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായി പുല്‍പ്പള്ളി മുരിക്കന്മാര്‍ ക്ഷേത്രത്തെ കണ്ടിരുന്നു. ഏതുകാര്യത്തിനും പുല്‍പ്പള്ളി മുരിക്കന്മാരുടെ അനുഗ്രഹവും അനുവാദവും വാങ്ങുന്ന പതിവ് അന്നുണ്ടായിരുന്നു. വിവിധ ഗോത്രവിഭാഗങ്ങള്‍ അവിടെ യോഗം ചേര്‍ന്ന് ആചാരാനുഷ്ഠാനങ്ങള്‍ യഥാവിധി നിര്‍വഹിച്ച് വെളിച്ചപ്പാടന്മാരുടെ നിര്‍ദ്ദേശാനുസാരമായിരുന്നു തുടര്‍പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിരുന്നത്.
1812 ലെ ഗിരിവര്‍ഗ കലാപത്തിന്റെ ഗതി നിര്‍ണയിക്കുന്ന തരത്തില്‍ മഹത്തായ വിളംബരം നടന്നതും പുല്‍പ്പള്ളി ക്ഷേത്രത്തില്‍ വച്ചായിരുന്നു. 1812 മാര്‍ച്ച് 27-ന് പ്രഭാതത്തില്‍ പ്രക്ഷോഭകാരികള്‍ സമീപത്തുള്ള ക്ഷേത്രക്കുളത്തില്‍ കുളിച്ചു വന്ന് ക്ഷേത്രത്തില്‍ വച്ച് ആ വിളംബരം പ്രഖ്യാപിച്ചു. കലാപനേതാവായ രാമന്‍ നമ്പിയായിരുന്നു വിളംബരം നടത്തിയത്. പ്രക്ഷോഭകാരികള്‍ വിജയത്തിന്റെ ഹുങ്കാരം മുഴക്കിക്കൊണ്ട് അത് അംഗീകരിച്ചു. ”കടലും കടന്നു വന്ന സായിപ്പ് നമ്മുടെ മണ്ണ് കീഴടക്കിക്കൊണ്ടിരിക്കുകയാണ്. മണ്ണിനെ രക്ഷിക്കാന്‍ പൊന്നുതമ്പുരാന്‍ ജീവന്‍ വെടിഞ്ഞു. കുങ്കനും ചന്തുവും നമ്മുടെ കുറെ സോദരന്മാരും മരണം മരിച്ചു. സായ്പ് വന്നത് കുലദൈവങ്ങള്‍ക്കും മലദൈവങ്ങള്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് മുളങ്കാട് പൂത്തത്. അവര് നമ്മുക്ക് എതിരാണ്. ദൈവങ്ങക്ക് എതിരാണ്. നാടിന്നെതിരാണ്. സായ്പന്മാരെ ആട്ടിപ്പായിക്കണം. അല്ലെങ്കില്‍ മലദൈവങ്ങളും കുലദൈവങ്ങളും കോപിക്കും. നാടുമുടിയും. കുലം മുടിയും. ദൈവങ്ങള്‍ നമ്മുടെ കൂടെത്തന്നെയുണ്ട്. കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി പോരാട്ടത്തിനിറങ്ങുക.പൊന്നുതമ്പുരാന്റെയും നമ്മുടെ സോദരന്മാരുടെയും ചോരക്ക് നമ്മള്‍ പകരം ചോദിക്കണം. അതിന് അമ്മയും മുരിക്കന്മാരും നമ്മക്ക് കരുത്ത് തരട്ടെ.” ഇതായിരുന്നു അവരുടെ പ്രഖ്യാപനം. ആ പ്രഖ്യാപനം പ്രക്ഷോഭകാരികളില്‍ പോരാടാനുള്ള ശക്തമായ ഊര്‍ജ്ജം പകര്‍ന്നു നല്‍കി. 1812ലെ ഗിരിവര്‍ഗ ജനതയുടെ പോരാട്ടങ്ങളുടെ തുടക്കം കുറിച്യാട് ആയിരുന്നെങ്കിലും തുടര്‍ പോരാട്ടങ്ങള്‍ക്ക് പ്രചോദനവും പ്രേരണയും നല്‍കിയതും കരുത്തുപകര്‍ന്നതും ആസൂത്രണം നടന്നതും പുല്‍പ്പള്ളി മുരിക്കന്മാര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു.
നല്ലൂര്‍നാട് കലാപം
1812 ലെ കലാപത്തിന്റെ അടുത്ത പൊട്ടിത്തെറിയുണ്ടായത് ഇന്നത്തെ മാനന്തവാടി താലൂക്കിലെ നല്ലൂര്‍നാട് എന്ന പ്രദേശത്തായിരുന്നു. 1812 ഏപ്രില്‍ 1നാണ് അയിരവീട്ടില്‍ കോന്തപ്പന്‍, പ്ലാക്ക ചന്തു (പിലാക്കര ചന്തു) എന്നിവരുടെ നേതൃത്വത്തില്‍ നായന്മാരും കുറിച്യരും ചേര്‍ന്ന് കലാപാഹ്വാനം നടത്തിയത്. എടച്ചന കുങ്കന് സ്വാധീനവും ആധിപത്യവും ഉണ്ടായിരുന്ന പ്രദേശമായിരുന്നു നല്ലൂര്‍നാട്. എന്നാല്‍ കലാപകാരികളെന്ന പേരില്‍ എടച്ചന കുങ്കന്റെ പിന്‍ഗാമികളും സഹായികളുമായ നായന്മാരെ അവിടെനിന്നും ബ്രിട്ടീഷുകാര്‍ ആട്ടിയോടിച്ചിരുന്നു. മാത്രമല്ല നല്ലൂര്‍നാട് കുറിച്യര്‍ക്കും നല്ല ആധിപത്യമുള്ള പ്രദേശമായിരുന്നു. കുറിച്യാട് നിന്നും കുടിയിറക്കപ്പെട്ട നിരവധി കുറിച്യ കുടുംബങ്ങള്‍ നല്ലൂര്‍നാട്ടില്‍ താമസമാക്കിയിരുന്നു. അവരായിരുന്നു അവിടത്തെ കലാപത്തിനു തുടക്കം കുറിച്ചത്. അവരെ പിരിച്ചുവിടാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് ബ്രിട്ടീഷുകാര്‍ പ്രത്യാക്രമണം നേരിട്ടത്. അതിനെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിച്ചില്ല. മുറിവേറ്റ ജമേദാര്‍മാരെയും കോല്‍ക്കാരന്മാരെയും കൊണ്ട് ബ്രിട്ടീഷ് സേനക്ക് പിന്‍വാങ്ങേണ്ടി വന്നു.
(തുടരും)