1802ല്‍ പനമരം കോട്ട തിരിച്ചുപിടിച്ചത് പഴശ്ശിപ്പടക്ക് നവോന്മേഷം പകര്‍ന്ന സംഭവമായിരുന്നു. മാത്രമല്ല പഴശ്ശിപ്പടക്ക് പുതുമാനം കൈവന്നതും കൂടുതല്‍ ജനകീയമായതും അതിനുശേഷമാണ്.കൂടുതല്‍ നായര്‍ പ്രമാണിമാരും കുറിച്യപോരാളികളും പഴശ്ശിക്കൊപ്പം അണിചേര്‍ന്നതും അതിനുശേഷമാണ്. കുറുമരും ചെട്ടിമാരും വ്യാപകമായി യുദ്ധസജ്ജരായതും 1802നു ശേഷമാണ് കുറുമപ്പടയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്.
കുറുമര്‍ സംഘടിക്കുന്നു
വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ കുറുമരെക്കുറിച്ച് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്.”കുറുമര്‍ (കുറുമ്പര്‍) വില്ലാളികളും ഒരു സമുദായമെന്ന നിലയില്‍ വയനാട്ടുകാര്‍ക്കിടയില്‍ ഏറ്റവും പരുഷസ്വഭാവികളുമാണ്. അവര്‍ ഒരൊറ്റ ആള്‍ ഒഴിയാതെ സ്വന്തം കുടിലുകളും വാസസ്ഥലങ്ങളും ഉപേക്ഷിച്ചു കലാപക്കാരുടെ കൂടെ ചേര്‍ന്നിരിക്കുകയാണ്. ലഹള ക്കാരുടെ ശക്തികേന്ദ്രങ്ങളില്‍ അവര്‍ സകുടുംബം താമസമാക്കിയിരിക്കുന്നു.അതീവ ദയനീയമാണ് അവരുടെ ജീവിതം. അവരുടെ ധാരണ കമ്പനി ഗവണ്‍മെന്റ് അവരുടെ ഉന്മൂലനാശത്തിന് ശ്രമിക്കുകയാണെന്നാണ്. ഈ കാട്ടു വര്‍ഗക്കാര്‍ പാലൊറ ഏമാന്റെ സ്വാധീനവലയത്തില്‍പ്പെട്ടവരായതുകൊണ്ട് എവിടെ നിന്നാണ് അവര്‍ക്ക് ഈ ധാരണ ഉണ്ടായതെന്ന് ഊഹിക്കാവുന്നതാണ്. കുറുമരെ സംബന്ധിച്ചിടത്തോളം പാലോറ ഏമാനോടുള്ള ആശ്രിതത്വവും വിധേയത്വവും പരിപൂര്‍ണ്ണമായിരുന്നു. അദ്ദേഹം കലാപകാരികളോടൊപ്പം ചേര്‍ന്നപ്പോള്‍ കുറുമരും ഒന്നടങ്കം അദ്ദേഹത്തിന്റെ കൂടെപ്പോയി. കലാപകാരികളുടെ അണിയില്‍ അവര്‍ മുന്‍നിരയില്‍ നിന്ന് പൊരുതുകയും ചെയ്തു. കുറുമര്‍ ചെയ്യാത്ത കുറ്റങ്ങളോ ക്രൂരതകളോ അതിക്രമങ്ങളോ ഇല്ലെന്നു പറയണം.”
കുറുമഗോത്രത്തിലെ പോരാളിയായ രാമന്‍ നമ്പിയുടെ നേതൃത്വത്തില്‍ ഗണപതിവട്ടത്ത് സംഘടിച്ചതിനെക്കുറിച്ച് വില്യം ലോഗന്‍ ലഘുവിവരണം നല്‍കുന്നുണ്ട്.”സുല്‍ത്താന്‍ബത്തേരിക്കടുത്തുള്ള കുറിച്യാട് കലാപകാരികളുടെ ഒരു കേന്ദ്രമാണ്. പഴശ്ശിക്കൊപ്പം കൂട്ടാളികളും അഭയം തേടിയത് അവിടെയാണ്. അവിടെ പഴശ്ശിയ്ക്ക് എല്ലാവിധത്തിലുമുള്ള സംരക്ഷണം നല്‍കാന്‍ ആളുകള്‍ ഉണ്ട്.അവിടെ നിന്നും പഴശ്ശിയെയും കലാപകാരികളെയും പുറത്തുകടത്താതെ അവരെ നേരിടാനാവില്ല.” രാമന്‍ നമ്പിയുടെ നേതൃത്വത്തിലുള്ള കുറുമ പോരാളികളെ ഉദ്ദേശിച്ചായിരിക്കാം ലോഗന്‍ ഇതു പറഞ്ഞത്.
1805 നവംബറില്‍ അന്നത്തെ മലബാര്‍ സബ് കലക്ടറായ തോമസ് ഹാര്‍വെ ബാബര്‍ പ്രിന്‍സിപ്പല്‍ കലക്ടര്‍ തോമസ് വാര്‍ഡന് അയച്ച കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ”പഴശ്ശിരാജ കൂര്‍ച്യാട് (കുറിച്യാട്)എന്നസ്ഥലത്ത് പതിയിരിപ്പുണ്ടെന്ന് അറിഞ്ഞ് അവിടേയ്ക്ക് ഞാന്‍ അയച്ച സേര്‍ച്ച് പാര്‍ട്ടിയുടെ പിടിയില്‍നിന്നും അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടത് എന്റെ വഴികാട്ടിയായി പ്രവര്‍ത്തിച്ച ഒരു ചെട്ടിയുടെ ചതികൊണ്ടു മാത്രമായിരുന്നു. ഇതേത്തുടര്‍ന്ന് ദക്ഷിണ ഡിവിഷനില്‍ നിന്നും കലാപകാരികള്‍ പൂര്‍ണ്ണമായും പലായനം ചെയ്തുവെന്ന് പറയാം.” അതിനുശേഷം 1805 നവംബര്‍ 30നാണ് കേരളവര്‍മ്മ പഴശ്ശിരാജ മാവിലാംതോട് വെച്ച് വധിക്കപ്പെടുന്നത്.
1805ല്‍ പഴശ്ശി സമരങ്ങള്‍ അടിച്ചമര്‍ത്തിയ ശേഷം ബ്രിട്ടീഷുകാര്‍ പൂര്‍ണമായും തകര്‍ക്കാന്‍ ശ്രമിച്ച പ്രദേശമായിരുന്നു കുറിച്യാട്. സായുധാക്രമണങ്ങളിലൂടെ അത് സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മറ്റു തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ് ചെയ്തത്. 1805നുശേഷമുള്ള കലാപങ്ങളുടെ ഉത്ഭവകേന്ദ്രം കുറിച്യാടായിരുന്നു. 1812ലെ ഗിരിവര്‍ഗ്ഗകലാപം ആരംഭിച്ചതും അവിടെയായിരുന്നു
കാരണങ്ങള്‍
1805 മുതല്‍ 1820 വരെയുള്ള ഒന്നരപ്പതിറ്റാണ്ടിനുള്ളില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ ഒരു പരമ്പര തന്നെയാണ് വയനാട്ടില്‍ അരങ്ങേറിയത്. 1812ല്‍ അത് ജനകീയ കലാപമായി വയനാട് മുഴുവന്‍ അലയടിച്ചു.1812 മാര്‍ച്ച് 25 മുതല്‍ മെയ് 8 വരെയുള്ള ഒന്നര മാസക്കാലം വയനാട്ടില്‍ നടന്നത് വയനാടന്‍ വിപ്ലവം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവങ്ങളായിരുന്നു. അത്രയധികം നാശനഷ്ടങ്ങള്‍ നേരിട്ട മറ്റൊരു കലാപത്തെ അതിനുമുമ്പ് ബ്രിട്ടീഷ് സൈന്യം നേരിട്ടിരുന്നില്ല. അത്രയ്ക്ക് ജീവനാശവും വസ്തുനാശവും കൊളോണിയല്‍ ശക്തിക്കും തദ്ദേശീയര്‍ക്കും നേരിട്ട പോരാട്ടമായിരുന്നു 1812ല്‍ നടന്നത്.
1812ലെ ഗിരിവര്‍ഗ്ഗ കലാപത്തെ കടുത്ത പോരാട്ടമാക്കിയത് അതിലെ ജനകീയപങ്കാളിത്തമായിരുന്നു. വയനാട്ടിലെ ജനത സമ്പൂര്‍ണ്ണമായും കലാപത്തിനിറങ്ങുകയോ സഹായിക്കുകയോ ചെയ്തു. അതുകൊണ്ട് തന്നെയാണ് രക്തരൂക്ഷിതമായ പോരാട്ടമായി അത് മാറിയത്. അവരുടെ സ്വാതന്ത്ര്യവും സ്വത്വവും ആത്മാഭിമാനവും പ്രിയപ്പെട്ട മണ്ണും നഷ്ടപ്പെടുന്നു എന്ന ബോധ്യത്തില്‍ നിന്നാണ് കലാപം വയനാട് മുഴുവന്‍ വ്യാപിച്ചത്.
1812-ലെ കലാപങ്ങളുടെ ഉത്ഭവകേന്ദ്രം ഗണപതിവട്ടത്തിന് അടുത്തുള്ള കുറിച്യാട് ആണെന്ന് നേരത്തെ സൂചിപ്പിച്ചു. അവിടുത്തെ ജനങ്ങള്‍ അനുഭവിച്ച തീര്‍ത്തും പ്രാദേശികമായ വിഷയങ്ങളായിരുന്നു കലാപത്തിലേക്ക് നയിച്ചത്. കുറിച്യാട് നിവാസികളോട് ബ്രിട്ടീഷുകാര്‍ കാണിച്ച ക്രൂരതകളാണ് കലാപത്തിനു തുടക്കം കുറിച്ചതെങ്കിലും വയനാടന്‍ ജനതയോട് കാണിച്ച നയവൈകല്യങ്ങള്‍ക്കെതിരെയുള്ള ശക്തമായ ചെറുത്തുനില്പായി അത് മാറി.യാത്രാവിലക്ക്, കൃഷി വിലക്ക്, അടിമത്തം, നികുതിപിരിവ്,സായ്പന്മാരുടെയും തദ്ദേശീയരായ ഉദ്യോഗസ്ഥന്മാരുടെയും പെരുമാറ്റം തുടങ്ങി നിരവധി കാരണങ്ങളാണ് 1812ല്‍ വയനാടന്‍ ജനതയെ കലാപത്തിനിറങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്.
യാത്രാവിലക്ക്
കുറിച്യാട് നിന്ന് പുറം ദേശങ്ങളിലേക്കും പുറം ദേശങ്ങളില്‍നിന്ന് കുറിച്യാടേക്കും ബ്രിട്ടീഷ് ഗവണ്‍മെന്റ് 1806ല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അതനുസരിച്ച് അവിടുത്തെ തദ്ദേശവാസികള്‍ക്ക് അവരുടെ വസ്തുക്കള്‍ അന്യദേശങ്ങളില്‍ വില്‍പ്പന നടത്തുന്നതും അന്യദേശങ്ങളില്‍ നിന്നും അവശ്യവസ്തുക്കള്‍ അവിടെ എത്തിക്കുന്നതിനും പ്രയാസം നേരിട്ടു. എണ്ണ, ഉപ്പ്, പുകയില തുടങ്ങിയ നിത്യജീവിതത്തില്‍ ആവശ്യമായ വസ്തുക്കള്‍ സംഭരിക്കുന്നതിന് കുറിച്യാട് നിവാസികള്‍ക്ക് സാധിക്കാതെ വന്നു. കച്ചവടക്കാരായ ചെട്ടിമാര്‍ ആയിരുന്നു കൂടുതല്‍ പ്രയാസം അനുഭവിച്ചത്. അവര്‍ക്ക് കച്ചവടാവശ്യവുമായി കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് പോകാനോ പോയവര്‍ക്ക് തിരിച്ചു വരാനോ സാധിച്ചില്ല. ഇത് ആ പ്രദേശത്തുകാരെ പ്രകോപിപ്പിക്കുകയും കലാപം നടത്താനുള്ള കാരണമായിത്തീരുകയും ചെയ്തു.
കൃഷിക്ക് വിലക്ക്
പഴശ്ശികലാപകാരികളെ അഭയം നല്‍കി സംരക്ഷിച്ചതിനും അവര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങള്‍ നല്‍കി കലാപം നിലനിര്‍ത്തിയതിന്റെ പേരിലും കുറിച്യാടിലെ ജനങ്ങള്‍ വേട്ടയാടപ്പെട്ടു. അവിടെ അനുവാദമില്ലാതെ കൃഷി നടത്തരുതെന്ന് ഉത്തരവിറക്കി. ഉത്പാദനത്തിന്റെ മുക്കാല്‍ഭാഗവും നികുതിയായി ബ്രിട്ടീഷ് ഗവണ്‍മെന്റിന് നല്‍കിയാല്‍ മാത്രം അനുവാദം എന്ന നിലവരുത്തി. മാത്രമല്ല നികുതി, നിലത്തിന്റെ അളവനുസരിച്ച് പണമായി മുന്‍കൂര്‍ നല്‍കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തി. ഇത് കര്‍ഷകരായ കുറിച്യ, കുറുമ, ചെട്ടിമാര്‍ എന്നിവര്‍ക്കും കര്‍ഷകത്തൊഴിലാളികളായ പണിയര്‍, കാട്ടുനായ്ക്കര്‍ എന്നിവര്‍ക്കും കടുത്ത വിനയായിത്തീര്‍ന്നു.
കൂട്ടപ്പലായനത്തിന് വിധേയരാക്കി
പഴശ്ശി കലാപത്തിലെ പ്രബലരായ പങ്കാളികള്‍ കുറിച്യരായിരുന്നതിനാല്‍ ബ്രിട്ടീഷുകാരുടെ കടുത്ത ഭീഷണികള്‍ക്ക് വിധേയരായത് അവരായിരുന്നു. അതുകൊണ്ട് കുറിച്യാട് നിന്നും വനാന്തര ഭാഗത്തേക്കോ അന്യദേശങ്ങളിലേക്കോ പലായനം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇതര സമൂഹങ്ങള്‍ കുറിച്യരുടേതിന് സമമായ നടപടികള്‍ക്ക് തുടക്കത്തില്‍ വിധേയമായില്ല. ഇത്തരം ക്രൂരമായ പീഡനങ്ങള്‍ക്കെതിരെ ചെറിയ പ്രതിരോധങ്ങളും ചെറുത്തുനില്‍പ്പുകളും പോരാട്ടങ്ങളും ആ മണ്ണില്‍ നടന്നിട്ടുണ്ട്. അത്തരം ചെറുത്തുനില്പുകളുടെ ആകെത്തുകയാണ് 1812ല്‍ മഹത്തായ ഗിരിവര്‍ഗകലാപമായി കുറിച്യാട് നിന്നും ആരംഭിച്ചത്.
1812ല്‍ നടന്ന കലാപത്തിന്റെ ആരംഭ കേന്ദ്രം കുറിച്യാട് ആയതിന്റെ കാരണങ്ങളാണ് മേല്‍പ്പറഞ്ഞത്. എന്നാല്‍ കലാപം വയനാട് മുഴുവനും വ്യാപിപ്പിക്കാന്‍ മറ്റു പല കാരണങ്ങളുമുണ്ട്. അതില്‍ സാമൂഹികവും മതപരവും സാമ്പത്തികവുമായ കാരണങ്ങളുണ്ട്. പ്രകൃതിയൊരുക്കിയ സവിശേഷമായ ഒരു പ്രത്യേക സാഹചര്യത്തിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അങ്ങനെ നയപരവും വൈകാരികവും പ്രകൃതിപരവുമായ കാരണങ്ങളില്‍ നിന്നാണ് 1812ലെ മഹത്തായ ഗിരിവര്‍ഗകലാപം നടന്നത്.
അടിമത്തൊഴില്‍
ആര്‍ക്കും കീഴടങ്ങാത്ത പ്രകൃതക്കാരായിരുന്നു വയനാട്ടിലെ മിക്ക ജനസമൂഹങ്ങളും. കുറിച്യ, കുറുമ, നായര്‍, ചെട്ടി വിഭാഗങ്ങള്‍ സ്വാശ്രയ സമൂഹങ്ങള്‍ എന്ന നിലയില്‍ മറ്റു വിഭാഗങ്ങള്‍ക്ക് വിധേയപ്പെട്ട് ജീവിക്കുന്നവരായിരുന്നില്ല. കോട്ടയം രാജാവ് നിശ്ചയിച്ച് നടപ്പാക്കിയ ഗ്രാമവ്യവസ്ഥക്കനുസരിച്ചിയിരുന്നു അവര്‍ ജീവിച്ചിരുന്നത്. 1805നുശേഷം ബ്രിട്ടീഷുകാര്‍ക്ക് കിട്ടിയ മേല്‍കോയ്മ മേല്‍പറഞ്ഞ വിഭാഗക്കാരെ അടിമത്തൊഴിലാളികളാക്കി മാറ്റി. 1805 വരെ കലാപത്തില്‍ പങ്കെടുത്ത് അവശേഷിക്കുന്നവരോടും അവരുടെ കുടുംബങ്ങളോടും കൂടുതല്‍ ക്രൂരവും ഹീനവുമായ രീതിയില്‍ പെരുമാറി. സ്വത്വവും സ്വാതന്ത്ര്യവും അഭിമാനവും ആര്‍ക്കുമുമ്പിലും അടിയറ വെച്ചിട്ടില്ലാത്ത അത്തരം സമൂഹങ്ങള്‍ 1812ല്‍ ശക്തമായ കലാപത്തിനിറങ്ങി.
ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും അധ്യാപകനുമായ ഡോ. ടി.കെ. രവീന്ദ്രന്‍ തന്റെ Institutions and Movements in Kerala History എന്ന ഗ്രന്ഥത്തില്‍ ടി.എച്ച് ബാബറിനെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു. ‘കുറിച്യരുടെ മനോവീര്യം കെടുത്തുന്ന മറ്റൊന്നുകൂടി സംഭവിച്ചിരുന്നു. പലപ്പോഴും അവരെ പിടികൂടി റവന്യൂ ഉദ്യോഗസ്ഥരുടെയും ഇംഗ്ലീഷുകാരുടെയും അടിമപ്പണിക്കാരാക്കി ജീവിതത്തിലെ ഒരുതരം നിന്ദ്യമായ അവസ്ഥയിലാക്കി.’ അതിന് ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത് ഹീനമായ രീതികളായിരുന്നു.
ശിക്ഷാരീതികള്‍
അടിമത്തത്തിന് വിധേയരാകാന്‍ കൂട്ടാക്കാത്തവര്‍ക്കും അടിമപ്പണി ചെയ്യാന്‍ വിസമ്മതിക്കുന്നവര്‍ക്കും ക്രൂരമായ ശിക്ഷാവിധികളാണ് നടപ്പാക്കിയത്. ഇത് വനവാസി വിഭാഗങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിരുന്നു.
(തുടരും)