Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

കവിതയുടെ നിര്‍വ്വചനം

കല്ലറ അജയന്‍

Print Edition: 27 May 2022

കവിത എന്നാലെന്ത് എന്ന ചോദ്യത്തിന് അനവധി നിര്‍വ്വചനങ്ങള്‍ പലരും നല്‍കിയിട്ടുണ്ട്. അവയൊന്നും പൂര്‍ണ്ണ സംതൃപ്തി നല്‍കുന്നവയല്ല. പാശ്ചാത്യ നിര്‍വ്വചനങ്ങളെന്ന പേരില്‍ നമ്മള്‍ കൊട്ടിഘോഷിക്കുന്ന പലതും കവിതയുമായി ഒരു ബന്ധവുമില്ലാത്തവയാണ്. വേര്‍ഡ്‌സ്‌വര്‍ത്തിന്റെ പ്രഖ്യാത നിര്‍വ്വചനം തന്നെയെടുക്കാം. വികാരങ്ങളുടെ കുത്തൊഴുക്കാണ് കവിതയെന്നും പ്രശാന്തതയില്‍ അതുവീണ്ടും സ്മരിക്കുമ്പോഴാണ് കാവ്യമാകുന്നതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് ഭാഗികമായിപ്പോലും കവിതയെ പ്രതിനിധീകരിക്കുന്നില്ല. വികാരങ്ങളുടെ കുത്തൊഴുക്ക് എന്തെല്ലാം രൂപപ്പെടുത്തുന്നു. അത് കവിതതന്നെ ആകണമെന്നുണ്ടോ? കൂട്ടത്തില്‍ കവിതയും ഉണ്ടാകാം എന്നല്ലാതെ അത് ഒരിക്കലും കാവ്യവൃത്തിയെ പ്രതിനിധീകരിക്കുന്നില്ല. പഴയ വികാരങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളില്ലാത്ത ആരും ഇല്ലല്ലോ! ചുരുക്കത്തില്‍ കവിതയെ ഒരു ചെറിയ അളവില്‍ പോലും പ്രതിനിധീകരിക്കാത്ത വേര്‍ഡ്‌സ്‌വര്‍ത്തിന്റെ നിര്‍വ്വചനം ഇന്നും കേരളത്തിലെ ഇംഗ്ലീഷ്‌ക്ലാസുകളില്‍ വേദവാക്യമായി പലരും ചുമന്നു നടക്കുന്നുണ്ട്. ഇതേ അഭിപ്രായം തന്നെ ഓഡനും ((W.H Auden) ആവര്‍ത്തിക്കുന്നു. “Poetry is the clear expression of mixed feelings’ എന്നാണദ്ദേഹം പറയുന്നത്. രണ്ടും ഒന്നുതന്നെ.

അനേകം നിര്‍വ്വചനങ്ങള്‍ കേള്‍ക്കാനിടയായതില്‍ കുറച്ചെങ്കിലും കവിതയെ പ്രതിനിധീകരിക്കുന്നതായി തോന്നിയിട്ടുള്ളത് വിശ്വനാഥ കവിരാജന്റെ ‘വാക്യം രസാത്മകം കാവ്യം’ എന്ന നിര്‍വ്വചനമാണ്. സാഹിത്യദര്‍പ്പണത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ഈ വിശകലനമാണ് കവിതയ്ക്ക് ഏറ്റവും അനുയോജ്യമായ വിലയിരുത്തല്‍. രസം എന്നത് വെറും വികാരം അല്ലെന്നും അതിനപ്പുറം അനുഭൂതിയാണെന്നും തിരിച്ചറിഞ്ഞാല്‍ അത് ഏതാണ്ട് സമ്പൂര്‍ണമായ കണ്ടെത്തലാണ്. ആനന്ദവര്‍ദ്ധന്റെ ‘കാവ്യസ്യാത്മാധ്വനി’ എന്നുള്ളത് കവിതയുടെ സമ്പൂര്‍ണ്ണ നിര്‍വ്വചനമല്ല. അത് കവിതയുടെ പ്രത്യേകതകളെ സൂചിപ്പിക്കുന്നുവെന്നേയുള്ളൂ. ‘ധ്വന്യാലോകം’ കാവ്യവൃത്തിയുടെ സങ്കീര്‍ണതലങ്ങളെ അനാവരണം ചെയ്യുന്ന ഒരത്ഭുതകൃതിയാണെന്നു പറയാതെ വയ്യ. കാവ്യാലങ്കാരകര്‍ത്താവായ ഭാമഹന്റെ ‘ശബ്ദാര്‍ത്ഥൗസഹിതൗ കാവ്യം ഗദ്യം പദ്യം ചതത്ദ്വിവിധൗ’ എന്ന നിര്‍വ്വചനം സമഗ്രമല്ലെങ്കിലും പാശ്ചാത്യനിര്‍വ്വചനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രയോ ഭേദമാണ്.

പാശ്ചാത്യ നിര്‍വ്വചനങ്ങളില്‍ പലതും അന്ധന്മാര്‍ ആനയെക്കണ്ടതുപോലെ പൊയട്രിയുടെ ഒരു വശം മാത്രം കാണുന്നവയാണ്. സമഗ്രമായ ഒരു നിര്‍വ്വചനവുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. കാവ്യം സത്യത്തെ പ്രതിനിധീകരിക്കുന്നുവെന്നുള്ള പ്ലേറ്റേയുടെ അഭിപ്രായവും(Poetry is nearer to vital truth than history) സൗന്ദര്യം സത്യമാണെന്ന കീറ്റ്‌സിന്റെ അഭിമതവും(Beauty is truth and truth is beauty) ഒന്നും കാവ്യകര്‍മ്മത്തെ സമഗ്രമായി പ്രതിഫലിപ്പിക്കുന്നേയില്ല.

ടി.എസ്. എലിയറ്റിന്റെ കാവ്യ നിര്‍വ്വചനം ഇവിടെ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നതു കൊണ്ടാണ് മറ്റു ചില വിലയിരുത്തലുകളെക്കൂടി ചിന്താവിഷയമാക്കിയത്. ഭാഷാപോഷിണി മേയ് ലക്കത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം ടി.എസ്. എലിയറ്റിന്റെ പ്രശസ്ത കവിതയായ വേസ്റ്റ്‌ലാന്റിന്റെ പ്രസിദ്ധീകരണ ശതാബ്ദിയാണ്. രണ്ടു ലേഖനങ്ങള്‍ മാസികയില്‍ ചേര്‍ത്തിരിക്കുന്നു; ഒന്ന് പ്രിയദാസ് ജി. മംഗലത്തിന്റേതും മറ്റൊന്ന് ഡോക്ടര്‍ ജാന്‍സി ജെയിംസിന്റേതും. എലിയറ്റിന്റെ കാവ്യ നിര്‍വ്വചനത്തെക്കുറിച്ചുകൂടി സൂചിപ്പിച്ചശേഷം ലേഖനങ്ങളിലേയ്ക്കുവരാം. വേര്‍ഡ്‌സ്‌വര്‍ത്തിന്റെ നിര്‍വ്വചനം കഴിഞ്ഞാല്‍ ഇംഗ്ലീഷ് സാഹിത്യത്തിലും ലോകസാഹിത്യത്തിലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ‘Traditionand Individual Talent’ എന്ന കാവ്യപഠനത്തില്‍ ചേര്‍ത്തിരിക്കുന്ന “Poetry is not a turning loose of emotion but an escape from emotion; it is not the expression of personality but an escape from personality”  എന്ന പ്രസ്താവനയാണ്.

എലിയറ്റിന്റെ നിര്‍വ്വചനം തീര്‍ച്ചയായും സൂക്ഷ്മമായതാണ്. കവിതയുണ്ടാകുന്നത് വികാരങ്ങളില്‍ നിന്നും ഏകാന്തതാ ബോധത്തില്‍ നിന്നും വിരസതയില്‍ നിന്നുമൊക്കെ രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമത്തില്‍ നിന്നാണ്. എന്നാല്‍ എന്താണ് കവിത എന്ന് ഈ നിര്‍വ്വചനവും സൂചിപ്പിക്കുന്നില്ല. കവിത എഴുത്തുകാരന്റെ വ്യക്തിത്വത്തിന്റെ ആവിഷ്‌കാരം അല്ല എന്നതും യാഥാര്‍ത്ഥ്യം തന്നെ. യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവച്ചു കവി നടത്തുന്ന ഒരു കപടവൃത്തിയാണു കാവ്യം എന്നതും പലപ്പോഴും സത്യമാകുന്നു. പക്ഷെ അതൊന്നും കവിതയുടെ നിര്‍വ്വചനമാകുന്നില്ല. ഇത്തരം വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും രൂപപ്പെടുന്നതാണ് കവിത എന്നു സമ്മതിക്കാം. എന്നാല്‍ എന്താണ് കവിത എന്ന് എലിയറ്റ് പറയുന്നതേയില്ല. അവിടെയാണ് വിശ്വനാഥ കവി രാജന്റെയും മറ്റു ഭാരതീയ ആചാര്യന്മാരുടെയും പ്രസക്തി. കൃത്യമായി കവിതയെന്തെന്ന് നിര്‍വ്വചിക്കാന്‍ അവര്‍ക്കു കഴിയുന്നു.

ഇനി എലിയറ്റിനെക്കുറിച്ചുള്ള ഭാഷാപോഷിണി ലേഖനങ്ങളിലേയ്ക്കുവരാം. പ്രിയദാസ് ജി. മംഗലത്തിന്റെ രചന അയ്യപ്പപ്പണിക്കരും എലിയറ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അയ്യപ്പപ്പണിക്കരുടെ കാവ്യജീവിതം സൂക്ഷ്മമായി പഠനവിധേയമാക്കിയാല്‍ അതില്‍ അപ്പടി എലിയറ്റും വേസ്റ്റ് ലാന്റും ഉണ്ടെന്നത് പരമാര്‍ത്ഥം. പണിക്കരെപ്പോലെ എലിയറ്റിന്റെ സ്വാധീനത്തിനുവിധേയരായ മറ്റു കവികളില്ല. കക്കാടും എലിയറ്റിനെ അനുകരിക്കാനുള്ള വൃഥാശ്രമങ്ങളൊക്കെ നടത്തിയെങ്കിലും ക്ലാസിക് പാരമ്പര്യത്തോടുള്ള ആഭിമുഖ്യം കാരണം അദ്ദേഹത്തില്‍ എലിയറ്റ് പ്രഭാവം തീരെയില്ല. എന്നാല്‍ പണിക്കരില്‍ അങ്ങനെയല്ല. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയും അധ്യാപകനും ആയിരുന്നതിനാല്‍ മലയാള കവിത ഇംഗ്ലീഷ് കാവ്യരീതികളോട് താദാത്മ്യം പ്രാപിക്കണമെന്ന് പണിക്കര്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് വേസ്റ്റ്‌ലാന്റ് തര്‍ജ്ജമ ചെയ്യാനും അതിനെ ഭാരതീയമായ രീതികളിലേയ്ക്ക് പരിവര്‍ത്തിപ്പിച്ച് ‘കുരുക്ഷേത്രം’ പ്പോലുള്ള ഒരു കവിത എഴുതാനും അദ്ദേഹം തുനിഞ്ഞത്. പണിക്കരുടെ കാവ്യവ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ എലിയറ്റും തരിശുനിലവും തെല്ലൊന്നുമല്ല സഹായിച്ചത്. നേരിട്ട് അനുകരിക്കുന്നില്ലെങ്കിലും പലയിടങ്ങളിലും എലിയറ്റ് കവിതകളുടെ മുഴക്കം പണിക്കരില്‍ അനുഭവപ്പെടുന്നുണ്ട്.

1922 ഒക്‌ടോബറില്‍ ബ്രിട്ടനില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ക്രൈറ്റീരിയന്‍ (The Criterion) മാസികയിലും നവംബറില്‍ അമേരിക്കയില്‍ നിന്നുള്ള ഡയലിലും(The Dial) ആണ് വേസ്റ്റ് ലാന്റ് പുറത്തു വന്നത്. തുടര്‍ ന്നുള്ള കാവ്യചര്‍ച്ചകളില്‍ ആധുനിക കവിതയുടെ പര്യായമായി ഈ കൃതിമാറി. ആധുനിക കലാസാഹിത്യത്തെ കാഫ്ക്കയുടെ മെറ്റമോര്‍ഫോസിസ് (Metamorphosis) സ്വാധീനിച്ചതു (1915) പോലെ കവിതയില്‍ എലിയറ്റിന്റെ വേസ്റ്റ്‌ലാന്റും പ്രസക്തമായിത്തീര്‍ന്നു. ഒട്ടുമിക്ക ഭാഷകളിലേയ്ക്കും അത് വിവര്‍ത്തനം ചെയ്യപ്പെട്ടു. മലയാളത്തിലെത്തിയത് ഏകദേശം നാലു ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടാണെന്നു മാത്രം. പണിക്കരുടെ തര്‍ജ്ജമ വെസ്റ്റ് ലാന്റ് എന്നതിന് ‘പാഴ്‌നിലം’ എന്ന പേരു സ്വീകരിക്കാതെ ‘തരിശുഭൂമി’ എന്ന പേര് നല്‍കിയത് വളരെ അന്വര്‍ത്ഥമാണ്.

അഞ്ച് ഭാഗങ്ങളും 433 വരികളുമുള്ള ഈ കാവ്യം ആദ്യം രചിച്ചപ്പോള്‍ 800ല്‍ അധികം വരിയുണ്ടായിരുന്നുവത്രെ! എസ്രാപൗണ്ടിന്റെ ശ്രമഫലമായി പലതരത്തിലുള്ള വെട്ടിച്ചുരുക്കലിനുശേഷമാണ് 433 വരികളായി ചുരുങ്ങിയത്. ആധുനികതയുടെ സവിശേഷതയായ ദുര്‍ഗ്രഹതയും അവ്യാഖ്യേയമായ ആവിഷ്‌കാരങ്ങളും നിറഞ്ഞതാണ് ഈ കാവ്യം. പലര്‍ക്കും ഇതൊരു ‘പൊതിയാത്തേങ്ങ’യായി അവശേഷിച്ചിരുന്നു. കേരളത്തില്‍ ഇന്നും പലരും ആശ്രയിക്കുന്നത് പണിക്കരുടെ തര്‍ജ്ജമയേയും വിലയിരുത്തലുകളേയുമാണ്. ഭാരതീയരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള രചനയാണ് ഈ എലിയറ്റ് കൃതി. കാരണം അദ്ദേഹം മുഖ്യമായും ഊര്‍ജ്ജം സ്വീകരിച്ചിരിക്കുന്നത് നമ്മുടെ ഉപനിഷത്തുക്കളില്‍ നിന്നാണ്. ബൃഹദാരണ്യകോപനിഷത്തിലെ വരികളിലാണ് കവിത അവസാനിക്കുന്നത്. ഇംഗ്ലീഷില്‍ അതൊരു യാദൃച്ഛിക സംഭവമൊന്നുമല്ല. ധാരാളം എഴുത്തുകാര്‍ ഭാരതീയ തത്വചിന്തയില്‍ നിന്നും വേദോപനിഷത്തുക്കളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. ആധുനികതയെത്തന്നെ നിര്‍ണയിക്കുന്ന ഒരു കാവ്യം ഇത്ര സുവ്യക്തമായി നമ്മുടെ തത്വചിന്തയെ പിന്‍പറ്റുന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെ. മലയാളത്തിലെ പല കൃതികളുടെയും പ്രാധാന്യം ഓര്‍മിക്കാത്ത നമ്മള്‍ ഈ ആംഗലേയ കൃതിയുടെ ശതാബ്ദിയെങ്കിലും ഓര്‍മ്മിച്ചതു നല്ല കാര്യം.

ഭാഷാപോഷിണിയിലെ മറ്റൊരു പ്രത്യേകത ഓയെന്‍വിയുടെ വെളിച്ചം കാണാതിരുന്ന കാവ്യ നാടകമായ ‘പഴയ പല്ലക്കി’ന്റെ പ്രസിദ്ധീകരണമാണ്. കഥാകാവ്യം എഴുതുക ഓയെന്‍വിയുടെ കവനവഴിയില്‍ സുലഭമായ രീതിയാണ്. ഉജ്ജയിനി, സ്വയംവരം, അമ്മ ഇവയൊക്കെ കഥാകാവ്യങ്ങളാണ്. കഥപറയാനുള്ള വ്യഗ്രതയില്‍ കവിത ദുര്‍ബലമായ രചനകളാണിവയൊക്കെ. അതു കഥാകാവ്യങ്ങളില്‍ പലപ്പോഴും സംഭവിക്കുന്നതുതന്നെ. കഥയ്ക്കുള്ളില്‍ സാധാരണയായി കവിത മെലിഞ്ഞുപോകും. അതുകവിയുടെ പരാധീനതയല്ല. കഥാംശം എടുത്തുകാണിക്കുമ്പോള്‍ കവിതയ്ക്ക് ഇടം കിട്ടാതെവരും. കഥ സ്വകീയമാണെങ്കില്‍ അതിനും ഒരു മാര്‍ക്ക് കൊടുക്കാന്‍ ആസ്വാദകനു ബാധ്യതയുണ്ട്. ഉജ്ജയിനിയുടെയും സ്വയംവരത്തിന്റെയും അമ്മയുടെയും കഥ കവിയുടെ സ്വന്തമല്ല. അവയില്‍ കാവ്യകാരന്റേതായ ചില മിനുക്കുപണികള്‍ ഉണ്ടെങ്കിലും കഥ പരകീയം തന്നെ. ‘പഴയ പല്ലക്കി’ന്റെ കഥ ഓഎന്‍വിയുടെ സ്വന്തം സൃഷ്ടിയാകാനേതരമുള്ളൂ. അത് കവിതയുടെ അധികയോഗ്യതയായി കാണേണ്ടിയിരിക്കുന്നു. മരണാനന്തരം ഇങ്ങനെയൊന്നു പുറത്തുവന്നത് കവിസ്മരണയെ സജീവമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

‘പഴയപല്ലക്കി’ല്‍ കഥ പറയുക എന്നതു മാത്രമല്ല കവിയുടെ ഉന്നം. ചില സന്ദേശങ്ങള്‍ ഒളിച്ചു കടത്താനും അദ്ദേഹം ശ്രമിക്കുന്നു. അതില്‍ പ്രധാനമായത് സ്ത്രീ എത്രമാത്രം നിരാലംബയാണെന്ന സംഗതിയാണ്. വെറും വില്പന വസ്തുവിനെപ്പോലെ പണ്ടുകാലത്ത് ഭരണാധികാരികള്‍ സ്ത്രീകളെ കൈമാറ്റം ചെയ്തിരുന്നു. അതില്‍ കവിയ്ക്കുള്ള ഖേദമാണ് കാവ്യനാടകത്തിന്റെ മുഖ്യപ്രമേയം. കൂട്ടത്തില്‍ കവികള്‍ക്കു ഭരണാധികാരികള്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ പിറകിലെ സ്വാര്‍ത്ഥലാഭത്തെയും കവി ചികഞ്ഞു പുറത്തിടുന്നു. താന്‍ ‘സ്വര്‍ണ്ണ പഞ്ജരത്തിലെ പക്ഷി’ മാത്രമാണെന്നു കവിതക്കാരന്‍ തിരിച്ചറിയുന്നു. രാജാവ് തന്റെ പ്രാമാണ്യം മറ്റുള്ളവരെ കാണിക്കാന്‍ മാത്രമാണു കലാകാരന്മാരെ തീറ്റിപ്പോറ്റുന്നത്. അല്ലാതെ കവി കരുതും പോലെ തന്റെ സിദ്ധികളിലുള്ള മതിപ്പുകൊണ്ടല്ല. ഈ യാഥാര്‍ത്ഥ്യത്തിന്റെ തിരിച്ചറിവും കൂടിയാണ് ഈ കാവ്യനാടകരചനകൊണ്ട് ഓഎന്‍വി ഉദ്ദേശിക്കുന്നത്. എല്ലാ കലാകാരന്മാരും ഇത്തരം തിരിച്ചറിവുകളിലെത്തുന്ന മുഹൂര്‍ത്തം ഉണ്ട്. അതവരുടെ അവസാനനാളുകളിലായിരിക്കുമെന്ന് മാത്രം.

ShareTweetSendShare

Related Posts

ജാതിസ്പര്‍ദ്ധ വളര്‍ത്തുന്നവരെ ഒറ്റപ്പെടുത്തണം

യാദൃച്ഛികത എന്ന കഥാപാത്രം

ശാസ്ത്രജ്ഞര്‍ രാഷ്ട്രത്തെ സേവിക്കട്ടെ

ചില യുദ്ധങ്ങള്‍ ചെയ്‌തേ മതിയാകൂ

ഒരു മഹാചരിത്രകാരന്റെ വിയോഗം

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies