രണ്ട് കൊല്ലം മുമ്പ് വരെ കഥാപാത്രങ്ങള്‍ ലാപ്‌ടോപ് സ്‌ക്രീനിലും, മൊബൈല്‍ ഫോണിലും മാത്രമായി പ്രത്യക്ഷപ്പെടുന്നൊരു സിനിമ നമുക്കാലോചിക്കാന്‍ കൂടെ പറ്റുമായിരുന്നില്ല. സിനിമ എന്നത് ഏതൊരു ഭാരതീയനും അവനെ കാഴ്ചകള്‍ കൊണ്ട് ഭ്രമിപ്പിക്കുന്ന, നിത്യജീവിതത്തെ ഒരു ഭൂതക്കണ്ണാടിയിലെന്ന പോലെ വലുതായിക്കാണിക്കുന്ന ഒന്നായിരുന്നു. ആ ചിന്തയുടെ മുകളിലേക്കാണ് മഹേഷ് നാരായണന്‍ സീ യൂ സൂണുമായി വന്ന് ഞെട്ടിച്ചത്. ഞെട്ടിയത് സിനിമ കണ്ട് മറക്കുന്ന സാധാരണക്കാരന്‍ മാത്രമല്ല, മറ്റുള്ളവരുടെ സിനിമകളിലെ കുറ്റവും, കുറവും തെരയുന്ന സിനിമാക്കാര്‍ കൂടെയാണ്.
ഒരു മനുഷ്യായുസ്സിന്റെ ശീലങ്ങള്‍ ഒറ്റയടിക്ക് മാറി മറിഞ്ഞ ദിവസമാണ് 2020 മാര്‍ച്ച് 25. അന്നുവരെ റെസ്‌റ്റോറന്റുകളും, മാളുകളും, സിനിമാ തിയറ്ററുകളും ഒത്തുകൂടലുകളുടെ സൗഹൃദവേദികളായിരുന്നെങ്കില്‍, ഒറ്റ രാത്രി കൊണ്ട് ഭാരതീയര്‍ വീടുകളുടെ നാല് ചുവരുകള്‍ക്കുള്ളിലേക്ക് ഒതുങ്ങി. വീട്ടമ്മമാര്‍ വ്‌ളോഗര്‍മാരായി മാറി, ഓഫ് ഷോര്‍ പ്രോജക്റ്റുകള്‍ സ്വപ്‌നം കണ്ടിരുന്ന ടെക്കികള്‍ വര്‍ക്ക് ഫ്രം ഹോം എന്ന പുതിയ ജോലിശീലത്തിലേക്ക് തിരിഞ്ഞു. മലയാളിക്ക് ഏറെക്കുറെ അപരിചിതങ്ങളായിരുന്ന നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട് സ്റ്റാര്‍ മുതലായ നിത്യോപയോഗവാക്കുകളായി. ആദ്യകോവിഡ് ലോക്ഡൗണിന് ശേഷം ഇതേ വരെ 110ല്‍ അധികം മലയാളസിനിമകളാണ് വിവിധ ഓടിടി പ്ലാറ്റ്‌ഫോമുകളിലായി പുറത്തിറങ്ങിയത്. അതേസമയം കോവിഡ് നിയന്ത്രണങ്ങളും, തീയറ്ററുകള്‍ അടച്ചിടലുകളും, ബഹിഷ്‌കരണാഹ്വാനങ്ങളുമൊക്കെക്കഴിഞ്ഞ്, തിയറ്ററുകളില്‍ ഇറങ്ങിയത് വെറും 65 ചിത്രങ്ങള്‍ മാത്രവും.
വിന്ധ്യന് കീഴിലുള്ളവര്‍ രണ്ടാംതരക്കാര്‍ എന്ന ബോളിവുഡിന്റെ അഹങ്കാരത്തിന് ആദ്യത്തെ തിരിച്ചടി ബിഗ് സ്‌ക്രീനില്‍ നിന്ന് തന്നെയായിരുന്നു- ബാഹുബലി എന്ന ദൃശ്യവിസ്മയം. തൊട്ടു പിറകെ കെജിഎഫ് എന്ന അടുത്ത പടുകൂറ്റന്‍ സിനിമ. ചോപ്രമാര്‍ക്കും, കപൂര്‍മാര്‍ക്കും, ഖാന്മാര്‍ക്കും ചിന്തിക്കാനാവുന്നതിനപ്പുറത്തേക്ക് തെന്നിന്ത്യന്‍ സിനിമ വളരുകയായിരുന്നു. പക്ഷേ, ഇങ്ങു കീഴെ അറുപതുകളും, എഴുപതുകളും ഫ്രഞ്ച് സിനിമാതെഖിലും, മ്യൂണിക്ക് ഫിലിം മ്യൂസിയത്തിലും, ലണ്ടന്‍, സ്ലോവേനിയന്‍ ഫിലിം ഫെസ്റ്റിവലുകളിലുമൊക്കെയെത്തിയ മലയാളത്തിന് 2021 ഫെബ്രുവരി 19-ാം തീയതി വരെ കാത്തിരിക്കേണ്ടി വന്നു. അന്നാണ് ദൃശ്യം-2 ആമസോണ്‍ പ്രൈമില്‍ റിലീസായത്.
നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, മറ്റ് ഒടിടി പ്ലാറ്റുഫോമുകള്‍ എന്ന മുന്‍ഗണനാക്രമമുണ്ടായിരുന്ന ശരാശരി ഭാരതീയന്റെ ചിന്ത അന്നത്തോടെ മാറുകയായിരുന്നു. ഇരുപത് കോടിയില്‍ത്താഴെ മാത്രം നിര്‍മ്മാണച്ചെലവുള്ള ഒരു സിനിമയ്ക്ക് ഇരട്ടിയിലധികം പ്രതിഫലം ഒടിടി റിലീസിലൂടെ കിട്ടുക മാത്രമല്ല,അന്നുണ്ടായത്, വ്യൂവര്‍ഷിപ്പ് കുറവാണ് എന്ന കാരണം കൊണ്ട് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന താരതമ്യേന ചെറിയ ഒരു പ്രാദേശികഭാഷാ സിനിമാവ്യവസായത്തിന് മാന്യമായ ഒരു ഇരിപ്പിടം കിട്ടുക കൂടെയായിരുന്നു.
പിന്നീടങ്ങോട്ട് ഇന്ത്യന്‍ ഭാഷകളിലെ ഫിലിംമേക്കര്‍മാര്‍ നിര്‍ലോഭം പ്രശംസാവചനങ്ങള്‍ ചൊരിയുന്ന തരം ഗുണനിലവാരമുള്ള മലയാള സിനിമകളുടെ ഒഴുക്കായിരുന്നു. ജോജി, സീ യൂ സൂണ്‍, കള തുടങ്ങിയ സിനിമകള്‍ സിനിമയെന്നാല്‍ നാല് പാട്ട്, മൂന്ന് ഫൈറ്റ്, പുട്ടിന് പീര പോലെ കുറച്ച് സെന്റിമെന്റ് സീനുകളും, കോമഡി സീനുകളും എന്ന ഇന്ത്യന്‍ സിനിമാ നടപ്പുരീതികളെ തട്ടിയെറിയുക മാത്രമല്ല, നായകന്‍ ‘അതിപ്രതാപഗുണവാന്‍’ ആവേണ്ടതില്ല എന്ന് കൂടി പറഞ്ഞു വെച്ചു.
ഇതില്‍ ജോജി, കള, തിങ്കളാഴ്ച നിശ്ചയം എന്നീ സിനിമകള്‍ ശ്രദ്ധിയ്ക്കപ്പെട്ടത് കഥ പറഞ്ഞ രീതി കൊണ്ട് കൂടിയാണ്. എന്നാല്‍ അതെ സമയം പണം വാരിയെറിഞ്ഞ് വന്ന പല വമ്പന്‍ചിത്രങ്ങളും പ്രേക്ഷകര്‍ നിഷ്‌കരുണം ചവറ്റുകുട്ടയിലെറിഞ്ഞു. പ്രഭുദേവ സംവിധാനം ചെയ്ത് സല്‍മാന്‍ഖാന്‍ അഭിനയിച്ച രാധേ, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹംഗാമ-2, ജോണ്‍ എബ്രഹാമിന്റെ സത്യമേവ ജയതേ-2 മുതലായവയൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്.
അതേസമയം രണ്ട് കോടിയില്‍ താഴെ മുതല്‍മുടക്കില്‍ ആമസോണ്‍ പ്രൈമില്‍ റിലീസായ ഒരു ചെറിയ സിനിമ-ഹോം-നേടിയത് അതിന്റെ ബഡ്ജറ്റിന്റെ നാലിരട്ടിയാണ്. ഹൈവോള്‍ട്ടേജ് ആക്ഷന്‍സിനിമകളും, ഡാര്‍ക്ക്ത്രില്ലറുകളും കണ്ട് മനസ് മടുത്തിരുന്ന പ്രേക്ഷകന് ഒരു തണുത്ത നാരങ്ങാവെള്ളം കുടിച്ച പ്രതീതിയായിരുന്നു അത്. ഇതേ സമയത്ത് തന്നെ നല്ല സിനിമകള്‍ തമിഴിലും ഇറങ്ങി. സൂരറൈ പോട്‌റ്, കര്‍ണ്ണന്‍, മണ്ടേല, പുത്തം പുതുകാലൈ എന്നീ സിനിമകള്‍ ഉദാഹരണങ്ങളാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നെറ്റ്ഫ്‌ലിക്‌സും, ആമസോണ്‍പ്രൈമും പോലുള്ള വമ്പന്‍ കളിക്കാര്‍ മാത്രമല്ല ഈ കളിയ്ക്കിറങ്ങുന്നത്. നീസ്ട്രീം, കൂടെ, കേവ്, റൂട്ട്‌സ്, സൈന പ്ലേ തുടങ്ങിയ ലോക്കല്‍ കളിക്കാരുമുണ്ട്. അവര്‍ക്ക് കിട്ടുന്ന ഇടം ഇപ്പോള്‍ താരതമ്യേന കുറവാണെങ്കിലും, പതിയെപ്പതിയെ ഈ പ്രാദേശിക ഓടിടി പ്ലാറ്റ്‌ഫോമുകളും കളം പിടിയ്ക്കുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സും, പ്രൈമും തഴഞ്ഞ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നീസ്ട്രീമില്‍ പ്രീമിയര്‍ ചെയ്ത അന്ന്, അവരുടെ സെര്‍വറുകള്‍ ട്രാഫിക്കിന്റെ ആധിക്യം മൂലം ഹാങ്ങ് ആയിരുന്നു.
വമ്പന്‍ കളിക്കാര്‍ വമ്പന്‍ താരങ്ങളെയും, വമ്പന്‍സിനിമകളെയും തിരഞ്ഞ് പോവുമ്പോള്‍, ചെറുകിട/ഇടത്തരം സിനിമകളുടെ ആശ്രയം ഇത്തരം പ്രാദേശിക പ്ലാറ്റ്‌ഫോമുകളാണ്. പ്രേക്ഷകന്‍ സിനിമയുടെ ഉള്ളടക്കത്തിന് പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് തന്നെ, മികച്ച കണ്ടന്റുള്ള സിനിമകള്‍-അത് താരങ്ങളുടെ സിനിമകളാണെങ്കിലും, ചെറിയ സിനിമകളാണെങ്കിലും- ഉണ്ടാക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ നിര്‍ബന്ധിതമാവുന്നു. ആത്യന്തികമായി ഇത് കൊണ്ടുള്ള ഗുണം സിനിമയ്ക്ക് തന്നെയാണ്. മികച്ച സിനിമകള്‍ വരുമ്പോഴാണ് അവിടുത്തെ സിനിമാ വ്യവസായത്തിന്റെ പേര് ഉയരുന്നത്. ബോളിവുഡ് സിനിമകള്‍ക്ക് സമീപകാലത്തുള്ള ദുര്യോഗവും നല്ല കണ്ടന്റുള്ള സിനിമകള്‍ ഉണ്ടാവുന്നില്ല എന്നതാണ്. ആ ഇടത്താണ് ഡബ്ബ് ചെയ്യാതെ തന്നെ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിന്റെ ഇംഗ്ലീഷിതര ചിത്രങ്ങളുടെ ഗ്ലോബല്‍ ടോപ്‌ടെന്‍ ലിസ്റ്റില്‍ സ്ഥാനം പിടിയ്ക്കുന്നതും, ട്വിറ്റര്‍ മിന്നല്‍ മുരളിയൂടെ ഇമോജി റിലീസ് ചെയ്യുന്നതും. ഹിന്ദിയില്‍ ഡബ്ബ് ചെയ്തിറക്കിയ പുഷ്പയാവട്ടെ, ബാഹുബലി 2: ദ കണ്‍ക്ലൂഷനെയും, ത്രീ ഇഡിയറ്റ്‌സിനെയും, താനാജി: ദ അണ്‍സങ്ങ് വാരിയറെയും കടത്തിവെട്ടി, റിലീസ് വാരം തന്നെ 4.41 കോടി രൂപ കളക്ഷന്‍ നേടി ഉറിയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു.
കൂടി യെടമൈതെയും, ഇന്‍ ദ് നെയിം ഓഫ് ഗോഡും, ഇലവന്‍ത് അവറുമൊക്കെയായി തെലുങ്കിലും, നവംബര്‍ സ്റ്റോറിയും, ട്രിപ്പിള്‍സും, വെള്ളൈരാജയും, നവരസയുമൊക്കെയായി തമിഴും വെബ്‌സീരീസുകള്‍ അരങ്ങു നിറയുന്നിടത്ത് മലയാളം വെബ് സീരീസുകളുടെ അസാന്നിദ്ധ്യം പ്രകടമാണ്. മനോരമാ മാക്‌സില്‍ മേനക പോലുള്ള ഒരു വെബ് സീരീസ് മാത്രമാണ് എടുത്ത് പറയാനുള്ളത്. കരിക്കും, ഇന്‍സോംനിയ നൈറ്റ്‌സും, കണിമംഗലം കോവിലകവും, ഇന്‍സ്റ്റാഗ്രമവുമെല്ലാം പ്രാദേശികചാനലുകളിലും, യൂട്യൂബിലും ലഭ്യമാണെങ്കിലും, ആമസോണ്‍ പ്രൈമിലും, നെറ്റ്ഫ്‌ലിക്‌സിലും ഒരു നല്ല മലയാളം വെബ്‌സീരീസിന് ഇപ്പോഴും ഇരിപ്പിടം ഒഴിഞ്ഞു കിടപ്പാണ്. ആ ഒഴിവ് ഉടന്‍ തന്നെ ആരെങ്കിലും നികത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.