‘അതേപ്പൊ നന്നായേ.. ഇദ്ദേഹം ശരിക്കും കുടുങ്ങി ..’
ഏതോ കെ-റെയില്‍ വാര്‍ത്ത കേട്ട് കയ്യടിച്ച് പ്രതികരിക്കുകയായിരുന്നു ശ്രീമതി.
‘എന്താത്?’ എന്ന് ചോദിച്ചുകൊണ്ട് ഞാന്‍ സിറ്റിംഗ് റൂമിലേക്കെത്തി. തിരഞ്ഞെടുപ്പ് കാലത്ത് ആകെ സ്വത്ത് 32 ലക്ഷം എന്നെഴുതി കൊടുത്ത മന്ത്രി എന്റെ 5 കോടി വില വരുന്ന.. എന്ന് പറഞ്ഞതിനെ കുറിച്ചാണ് വാര്‍ത്ത.
ഞാന്‍ പറഞ്ഞു ‘വാക്കിലെ പിഴ. കുടുങ്ങുകയൊന്നും ഇല്ല.. അതിനൊന്നും ആരും കേസ് കൂടാന്‍ പോകുന്നില്ല. അങ്ങനെ പച്ചക്കള്ളം പറഞ്ഞു ശീലിച്ചവര്‍ക്കേ കേരളത്തില്‍ മന്ത്രിയാകാന്‍ യോഗ്യതയുള്ളു. പിന്നെ ക്രിമിനലായാല്‍ ഏറെ മെച്ചം. അങ്ങനെയാണ് ഇപ്പൊ കണ്ടുവരുന്നത്.’
‘ഒരു വിധം എല്ലാ രാഷ്ട്രീയക്കാരും അസത്യപ്രസ്താവന നടത്തിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അല്ലെ?’
‘ഭൂരിപക്ഷവും.. അതിപ്പോ അസത്യപ്രസ്താവനകള്‍ നാട്ടു നടപ്പാവുമ്പോ അങ്ങനെയേ വരൂ..’
‘എന്തുകൊണ്ട് സത്യം പറഞ്ഞുകൂടാ? ‘അവള്‍ ടി.വി. ഓഫാക്കി ഒരു ചോദ്യമെറിഞ്ഞു.
‘ഒന്ന് നമ്മുടെ അധര്‍മ്മ ശീലം.. രണ്ടു നികുതി ഭീതി’
‘ഒരു നികുതിയും ഇല്ലാ എന്ന് വെച്ചാലും ആരെങ്കിലും ഉള്ള സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തുമോ?’
‘കയ്യിലുള്ള കാശും സ്വര്‍ണ്ണവും ഒഴിച്ച് ബാക്കി സ്വത്ത് വെളിപ്പെടുത്തുമായിരിക്കാം. പറയാന്‍ പറ്റില്ല.
ഒരു കാര്യം. സമ്പൂര്‍ണ്ണ ബ്‌ളോക് ചെയിന്‍ ടെക്നോളജി വന്നാല്‍ പിന്നെ ആര്‍ക്കും രക്ഷയുണ്ടാവില്ല.’
‘അതെന്താ?’ അവള്‍ ജിജ്ഞാസുവായി.
‘ഒരാളുടെ കൈവശമുള്ള പണം മറ്റു വസ്തുവഹകള്‍ എന്നിവ ആര്‍ക്കും പരിശോധിക്കാവുന്ന വിധത്തില്‍ ഒരു ഡിജിറ്റല്‍ ലെഡ്ജര്‍ ഉണ്ടാകുന്നത്, ഡാറ്റാ ട്രേസിങ്. ബിറ്റ് കോയന്‍ പോലെ. ചുരുക്കത്തില്‍ ആയിരം രൂപ ഒരാള്‍ എനിക്ക് തന്നാല്‍ അത് അയാള്‍ക്ക് എവിടെനിന്നാണ് കിട്ടിയത് അതിന് മുമ്പ് ആരുടെ കൈവശമായിരുന്നു എന്നൊക്കെ അങ്ങനെ പിന്നാക്കം പോയി പോയി പരിശോധിക്കാവുന്ന ഒരു സാങ്കേതിക വിദ്യ. ഇനിയിപ്പോ വസ്തുവും പണവും ഒക്കെ അങ്ങനെ സുതാര്യമാകും. അപ്പൊ പിന്നെ ഇത്തരം അസത്യപ്രസ്താവന ആരും നടത്തില്ല. നടത്തിയാല്‍ അപ്പോള്‍ തന്നെ പിടിക്കപ്പെടും.’
‘എന്നാല്‍ ഇന്ത്യയില്‍ അത് വേഗം വന്നോട്ടെ.’
‘തീര്‍ച്ചയായും മോദി ഗവണ്മെന്റ് അത് കൊണ്ട് വരും’
‘അപ്പോള്‍ നികുതി വെട്ടിപ്പ് തീരെ ഇല്ലാതാകും അല്ലെ ?’
‘പറയാന്‍ പറ്റില്ല.. കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാകും.. നികുതി വെട്ടിക്കുന്നവര്‍ പുതിയ വഴികള്‍ അപ്പോഴും തേടും.’
‘ഈ നികുതി എന്ന സംഗതി തുടങ്ങിയിട്ട് എത്ര കാലമായി?’
‘അയ്യോ. അത് അതിപുരാതനം. മനുസ്മൃതിയിലുണ്ട്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ വിസ്തരിച്ച് പ്രതിപാദിച്ചിട്ടുണ്ട്.. ഉദ്ദേശം 300 ബി.സി.ഇ.. മൗര്യകാലഘട്ടം’.
‘കാളിദാസന്റെ രഘുവംശത്തില്‍ നികുതി പരാമര്‍ശമുണ്ട്. എപ്രകാരമാണോ സൂര്യന്‍ ഭൂമിയില്‍ നിന്ന് ഈര്‍പ്പം ശേഖരിച്ച് ആയിരം മടങ്ങ് ഭൂമിക്ക് തിരികെ നല്‍കുന്നത് അപ്രകാരം ദിലീപ് രാജാവ് പ്രജകളില്‍നിന്ന് കരം പിരിച്ച് തിരികെ ഇരട്ടിയായി നല്‍കുന്നു… എന്ന്..’
ലോകത്ത് പല പ്രാചീന സംസ്‌കാരങ്ങളിലും കരം പിരിവ് ഉണ്ടായിരുന്നു.
ഗ്രീക്ക്, റോമന്‍ സാമ്രാജ്യങ്ങളുടെ നികുതി പിരിവ് ചരിത്രത്തിലുണ്ട്. പിന്നീട് വന്ന അറബ് ഇസ്ലാമിക്ക് ഭരണകൂടങ്ങള്‍ മതം മാറ്റത്തിനുള്ള ഒരു ഉപാധിയായും നികുതിയെ ഉപയോഗിച്ചു.’
‘ജസീയ എന്ന മത നികുതി.അല്ലെ?’
‘അതെ. നിനക്കറിയുമോ.. പാകിസ്ഥാനിലെ ഭൂട്ടോ കുടുംബം.. പണ്ട് രാജസ്ഥാനിലെ രജപുത്താനയിലെ വലിയ ജമീന്ദാര്‍മാരായ സേട്ടു കുടുംബമായിരുന്നു. ഔറംഗസെബിന്റെ’ജസീയ’ ഉപദ്രവം മൂലം മതം മാറി സിന്ധിലേയ്ക്ക് കുടിയേറിയവരാണ്’.
‘അങ്ങനെ അവിടെ ചെന്ന് ഒരു ഉളുപ്പുമില്ലാതെ ഇന്ത്യയെ ആയിരം കഷണമാക്കും എന്ന് പറഞ്ഞ ബേനസീര്‍ ഭുട്ടോ അടക്കം അല്ലെ?’.
‘ഹ..ഹ.. ശരിയാണ്. അപ്പൊ നിനക്ക് ചരിത്രബോധമുണ്ട്.’
‘എല്ലാവര്ക്കും എല്ലാവരുടെയും സ്വത്ത് വിവരം അറിയാവുന്ന ഏതെങ്കിലും രാജ്യം ഉണ്ടോ?’
‘ഉണ്ടല്ലോ. നോര്‍വേ. അവിടെ ഏതു പൗരനും ഏതൊരാളുടെയും സ്വത്ത് വിവരങ്ങള്‍, വരുമാനം, നികുതി ഇതൊക്കെ അറിയാനുള്ള മാര്‍ഗ്ഗമുണ്ട്, അവകാശമുണ്ട്. അതുകൊണ്ട് അവിടെ തട്ടിപ്പ് കുറവാണ്’.
‘ലോകത്ത് പല രാജ്യങ്ങളിലും വിചിത്രങ്ങളായ നികുതികളുണ്ടായിരുന്നു ഇപ്പോഴുമുണ്ട്.’
‘നമ്മുടെ മുലക്കരം പോലെ അല്ലെ?’ അവള്‍ ചിരിച്ചു.
‘അതെല്ലാം പച്ചക്കള്ളമാണ്. ‘തലക്കരം’ ‘മുലക്കരം’ എന്നത് ആണ്‍, പെണ്‍ വേര്‍തിരിയ്ക്കുന്ന കരത്തിന് ഉപയോഗിച്ച വാക്കുകളാണ്. നങ്ങേലിക്കഥ പോലെ ക്ഷുദ്ര ശക്തികള്‍ പ്രചരിപ്പിച്ച കുത്സിതകഥകയായി അത്. പണ്ട് എല്ലാ സമുദായങ്ങളിലുള്ളവരിലും മാറ് മറയ്ക്കാത്തവരുണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ബി.ബി.സിയില്‍ ഈയിടെ മുലക്കര വാര്‍ത്ത വന്നതില്‍ പിന്നെ വിക്കിപീഡിയയിലും അത് ഇടം പിടിച്ചു. അതിന്റെ പിന്നില്‍ ഗൂഢമായ ഉദ്ദേശങ്ങളുണ്ട്. വിക്കി പീഡിയയുടെ ചതി നോക്കൂ ‘ബ്രെസ്റ്റ് ടാക്‌സ്’ എന്ന് ഇംഗ്ലീഷില്‍ അവര്‍ കൊടുക്കും. എന്നാല്‍ പണ്ടത്തെ റോമാക്കാരുടെ ‘യൂറിന്‍ ടാക്‌സ്’ കൊടുക്കില്ല. അതിന് അതിന്റെ ലാറ്റിന്‍ നാമം ‘പെ കുണിയ നോണ്‍ ഒലെ’ Pecunia non olet എന്നേ കൊടുക്കൂ. മൂത്ര നികുതി – Urine tax തിരഞ്ഞാല്‍ വേഗത്തില്‍ കണ്ടെത്താതിരിക്കാന്‍.
‘മൂത്ര നികുതിയോ. അതെന്താ?
‘ഒരു കാലത്ത് മൂത്രം റോമാക്കാരുടെ ഇടയില്‍ വലിയ ഉപയോഗ വസ്തുവായിരുന്നു. തുകല്‍ പണിക്ക്, മരപ്പണിക്ക്, അലക്കാന്‍ എന്തിന് പല്ല് തേയ്ക്കാന്‍ വരെ മൂത്രം ഉപയോഗിച്ചിരുന്നു. അപ്പോള്‍ അതിന് നികുതിയും ഉണ്ടായി.’
‘ഹ ഹ.. അത് വിചിത്രം തന്നെ ..’
‘അങ്ങനെ കേട്ടാല്‍ ചിരി വരുന്ന അനേകം നികുതിയിനങ്ങള്‍ ഉണ്ട്..’
‘പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍’ ഭീരുത്വ നികുതി’ ഉണ്ടായിരുന്നു.Cowardice Tax എന്നറിയപ്പെട്ടിരുന്ന അത് നിര്‍ബന്ധിത പാട്ടാളസേവനത്തില്‍ നിന്ന് ഒഴിവാക്കി കിട്ടാനുള്ള നികുതിയായിരുന്നു.’
‘പേടിത്തൂറി ടാക്‌സ്!…..ഹ..ഹ..ഹ! ‘
‘യൂറോപ്പില്‍ ക്‌ളീന്‍ ഷേവന്‍ മുഖം പരിഷ്‌ക്കാരമായപ്പോള്‍ റഷ്യന്‍ എമ്പറര്‍ പീറ്റര്‍ ദ് ഗ്രെയിറ്റ് താടി വെക്കാന്‍ ടാക്‌സ് ഏര്‍പ്പെടുത്തി. ‘ബിയേര്‍ഡ് ടാക്‌സ്’ കൊണ്ടുവന്നു.
അത് പോലെ പതിനേഴാം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ ധനികര്‍ക്കെതിരെ ‘ജനവാതില്‍ ടാക്‌സ്’window tax ഉണ്ടായിരുന്നു. ധനികരുടെ വീടുകളില്‍ കൂടുതല്‍ ജനവാതില്‍ ഉള്ളതുകൊണ്ട് ആ പേര് വെച്ചു എന്ന് മാത്രം. ശരിക്കും നികുതിക്കെണി. പലരും ജനവാതില്‍ കല്ലിട്ടടച്ചു നികുതിയില്‍ നിന്ന് ഒഴിവായപ്പോഴാണ് ആ നികുതി നിര്‍ത്തലായത്. ക്‌ളോക്ക് ടാക്സും അതുപോലെ ധനികരെ പിടിക്കാനുള്ളൊരു കെണിയാണ്. സമയം അറിയുന്നതിന് നികുതി!.’
‘കാലത്തിനനുസരിച്ച് ഒരോ നിയമങ്ങളിലും മാറ്റം ഉണ്ടാവും. അപ്പോള്‍ നാം പഴയ നിയമങ്ങള്‍ വായിച്ച് അന്തം വിട്ടിരിക്കും. ബ്രിട്ടീഷുകാരുടെ കാലത്ത് മലബാറില്‍ തേങ്ങയ്ക്കും അടയ്ക്കക്കും ആയിരത്തിനു ഇത്ര എന്ന രീതിയില്‍ നികുതിയുണ്ടായിരുന്നതു പ്ലാവിന് ഒരു വൃക്ഷത്തിനായിരുന്നു നികുതി. 4 അണ മുതല്‍ 12 അണ വരെ പ്ലാവൊന്നിന് നികുതി!’
’60 കളില്‍ ട്രാന്‍സിസ്റ്റര്‍ റേഡിയോയ്ക്കുള്ള ലൈസന്‍സ് ഫീ ഞാന്‍ പോസ്റ്റോഫീസില്‍ ക്യൂ നിന്ന് അടച്ചിട്ടുണ്ട്. ഇപ്പോള്‍ കേട്ടാല്‍ ചിരി വരും.
നമ്മുടെ നാട്ടില്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉള്ളവര്‍ ആദായ നികുതി അടയ്ക്കണമായിരുന്നു. ഇപ്പോഴാണെങ്കില്‍ സര്‍ക്കാരിന്എത്ര വരുമാനം ഉണ്ടാക്കാം? ഈയിടെ അയര്‍ലാണ്ടിലും ഡെന്മാര്‍ക്കിലും ‘പശു നികുതി’ ചുമത്തി. മീഥെയിന്‍ ഗ്യാസ് അന്തരീക്ഷത്തിലേക്ക് വിട്ട് കാലാവ്യതിയാനത്തിനു പശുക്കള്‍ കാരണമാകുന്നു എന്ന് കാണിച്ചാണ് അത്..’ പ്ലേറ്റോ പറഞ്ഞു ‘ഒരേ വരുമാനത്തിന് ധാര്‍മ്മികന്‍ കൂടുതല്‍ നികുതി അടയ്ക്കുമ്പോള്‍ അധര്‍മ്മി കുറച്ചടയ്ക്കുന്നു’.
നമ്മുടെ കസ്റ്റംസില്‍ 100 ശതമാനം സത്യസന്ധനായാല്‍ 200 ശതമാനം ഡ്യൂട്ടി സാധാരണയാണ്.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പറഞ്ഞു ‘ലോകത്തിലെ ഏറ്റവും കഠിനമായ കാര്യം ആദായ നികുതി എന്താണെന്ന് മനസ്സിലാക്കുക എന്നതാണ്’ എന്ന്. എത്ര ശരി
‘യഥാര്‍ത്ഥത്തില്‍ നികുതി ഒടുക്കപ്പെടുകയല്ല.. എടുക്കപ്പെടുകയാണ് ‘ എന്ന് അമേരിക്കന്‍ കൊമേഡിയന്‍ ക്രിസ് റോക്ക്.
‘കുട്ടികളെ ചെറുപ്പത്തിലേ നികുതി എന്താണെന്ന് പഠിപ്പിക്കണം അല്ലേ?’
‘ഹ.. ഹ.. അതിനും പാശ്ചാത്യര്‍ ഒരു വഴി കണ്ടുപിടിച്ചിട്ടുണ്ട്.
ഓരോ തവണ കുട്ടികള്‍ ഐസ്‌ക്രീം കഴിക്കുമ്പോഴും അതിന്റെ 30 % നിങ്ങള്‍ നക്കി തിന്ന് അവരെ നികുതി എന്താണെന്ന് പഠിപ്പിക്കുക’
എന്ന്. എപ്പടി?