പാതയില്‍ ആളും ആരവവുമില്ലാത്ത ഒരു അവധി ദിവസം നഗരത്തിരക്കിലേക്കിറങ്ങാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടനെ അമ്മ ഓടി വന്നു. ”നിക്ക് നിക്ക് ഇതിനുള്ളില്‍ എവിടെയോ ഇരുന്ന് പൂച്ച കരയുന്നുണ്ട്. തെല്ലൊരു ദേഷ്യത്തോടെ കാര്‍ ഓഫ് ചെയ്തു. ബോണറ്റ് തുറന്നപ്പോള്‍ എഞ്ചിന്‍ പ്ലാറ്റ്‌ഫോമില്‍ വെളുത്ത പഞ്ഞിക്കെട്ടുകള്‍ പോലെ സുന്ദരികളും സുന്ദരന്മാരുമായ നാല് പൂച്ചക്കുഞ്ഞുങ്ങള്‍.
കാറിന്റെ എഞ്ചിന്‍ പ്രസവവാര്‍ഡാക്കിയ അമ്മപൂച്ചയെ എന്റെ കണ്ണുകള്‍ സശ്രദ്ധം പരതിക്കൊണ്ടിരുന്നു. ”രണ്ട് ദിവസം മുമ്പ് ഇതിന്റെ വയറ് ഒഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു. ഇത് ഇവിടെയാണ് കിടന്നതെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല” മാറാല തൂക്കുന്ന മുളങ്കമ്പുമായി എത്തിയ അമ്മ പറഞ്ഞു. ”ഇന്ന ഈ പാവങ്ങളെ വേഗം എടുത്ത് പുറത്തേക്ക് മാറ്റ്. ഇതിനിടയില്‍ കുടുങ്ങി ചത്താല്‍ മഹാപാപമാവും” സമയം പാഴാവുന്നതിന്റെ അരിശം മുന്‍നിരയിലെ പല്ലുകള്‍ കടിച്ചമര്‍ത്തി തീര്‍ത്ത് കൊണ്ട് ആ നവാഗതരെ അവിടെ നിന്ന് മാറ്റാന്‍ ശ്രമം തുടങ്ങി ശ്രമം ഊര്‍ജ്ജിതമാവുമ്പോഴെല്ലാം ഒരു ട്രപ്പീസ് കലാകാരന്റെ വൈദഗ്ദ്ധ്യത്തോടെ പൂച്ചക്കുഞ്ഞുങ്ങള്‍ മറ്റൊരു ഭാഗത്തേക്ക് മാറിക്കൊണ്ടിരുന്നു. ഇടയ്‌ക്കെപ്പോഴോ തള്ളപ്പൂച്ചയുടെ കരച്ചില്‍ കേട്ടു.
മുറവിളിയായ് കുഞ്ഞുങ്ങള്‍ പല ഭാഗത്ത് നിന്ന് കരയാനും അതിനൊപ്പം പുറത്തേക്കോടാനും വെമ്പല്‍ കൊണ്ടു. പ്രണവ തുല്യമായ മാതൃത്വത്തിന്റെ മധുരധ്വനിയില്‍ കുഞ്ഞുങ്ങള്‍ ഒരോന്നായി തള്ളപ്പൂച്ചയുടെ അരികിലേക്ക് കുതിച്ചു. വിത്തിലൊളിച്ച ഊര്‍ജ്ജത്തെ വടവൃക്ഷമായി മാറ്റുന്ന ജഗന്നിയന്താവിന്റെ വൈഭവം ഏറെ പരിശ്രമിച്ചിട്ടും കുഞ്ഞുങ്ങളെ മാറ്റാന്‍ കഴിയാതെ തളര്‍ന്ന ഞാന്‍ ആദ്യമായി ആ മാര്‍ജ്ജാരിക്ക് മുന്നില്‍ നമ്രശിരസ്‌കനായി. ജന്മാന്തരങ്ങളിലെ കാണാച്ചരടുകളില്‍ ഈശ്വരന്‍ എഴുതിച്ചേര്‍ത്ത അപൂര്‍വ്വബന്ധം. അമ്മ ചൊരിയുന്ന സ്‌നേഹകിരണങ്ങള്‍ അതേ ആവൃത്തിയില്‍ സ്വീകരിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തമാക്കുന്നത് എന്താണ്? പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളിലും നിരാകാരവും നിരാമയവുമായി കുടികൊള്ളുന്ന ചൈതന്യം തന്നെയാണത്. സൂര്യകിരണത്താല്‍ ജലം നീരാവിയായ് ഉയര്‍ന്ന ഘനമേഘമായ് ഒടുവില്‍ വൃഷ്ടിയായും ഭൂമിയില്‍ പതിക്കുന്ന നൈരന്തര്യം അടിസ്ഥാനമായ ജലത്തിന് ഇവിടെ മാറ്റമില്ലാത്തത് പോലെ മാതൃത്വത്തിന്റെ അടിസ്ഥാനമായ സ്‌നേഹമാണ് ഓരോ തലമുറയിലേക്കും അമ്മ മാറ്റമില്ലാതെ കൈമാറ്റം ചെയ്യുന്നത്. ഏതൊരു ജന്മത്തിന്റെയും അനശ്വരമായ പ്രഥമ സമ്പാദ്യം. നല്‍കുന്തോറും വര്‍ദ്ധിക്കുന്ന മറ്റൊരു വസ്തു ഈ ഭൂമിയിലുണ്ടോ? ആലോചനയില്‍ മുഴുകവെ അമ്മ പറഞ്ഞു ‘അതിറ്റിങ്ങളേം കൊണ്ട് പൂച്ച പോയി’ ചിന്തയില്‍ നിന്നുണര്‍ന്ന ഞാന്‍ സമയത്തേക്കുറിച്ചോര്‍ത്ത് വേവലാതിപ്പെട്ടില്ല. അമ്മയ്‌ക്കൊപ്പം കുഞ്ഞുങ്ങളും ദൂരേക്ക് നടന്നകന്നു.
പതിവില്‍ കവിഞ്ഞ തിരക്കുള്ളതിനാല്‍ ഓഫീസില്‍ നിന്നിറങ്ങാന്‍ വൈകി. വീട്ടിലെത്തുമ്പോള്‍ അമ്മ ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു. ”വൈകുന്നെങ്കില്‍ അമ്മേനോട് കിടന്നോളാന്‍ ഞാന്‍ പറഞ്ഞതല്ലേ എത്ര പറഞ്ഞാലും കേക്കൂല അല്ലേ” മേല്‍ കഴുകാന്‍ പോകവെ ചോദിച്ചു.
അമ്മ അങ്ങനെയാണ്. അര്‍ദ്ധരാത്രി പിന്നിട്ടാലും ഉറങ്ങാതെ എന്നെയും കാത്തിരിക്കും. എനിക്കുള്ള അത്താഴം വിളമ്പി തന്നിട്ടെ ഉറങ്ങാന്‍ പോകാറുള്ളൂ. ”എങ്ങനെണ്ട് പൂച്ചക്കുട്ടികള്‍ അമ്മേ” ഭക്ഷണം വിളമ്പുന്നതിനിടയല്‍ ചോദിച്ചു. ”അയ്യോ! അത് പറയാന്‍ മറന്നു. പിന്നാമ്പുറത്തുള്ള ആ കൊട്ടയുടെ അടിയിലാണ് ഇതിറ്റിങ്ങളെ പൂച്ച കൊണ്ട് പോയി വെച്ചത്. ഇന്ന് നോക്കുമ്പൊ ഒന്നിനെയും കാണാനില്ല. ഇനി ഉടുമ്പോ കീരിയോ എന്തെങ്കിലും പിടിച്ചോ? ആര്‍ക്കറിയാം?”
ഉള്ളിലെവിടെയോ സങ്കടം ഉറപൊട്ടി. ജീവിതത്തില്‍ വലിയ ചില പാഠങ്ങള്‍ നിമിഷനേരം കൊണ്ട് പകര്‍ന്ന് തന്ന ആ നിസ്സാരനായ ജീവിക്കുണ്ടായ വേദന എന്റെയും വേദനയാവുന്നതെന്തുകൊണ്ടാണ്? രക്തബന്ധങ്ങള്‍ക്കപ്പുറം ദൃഷ്ടി പതിയാത്തതുകൊണ്ട് സഹജീവികളുടെ ദുഃഖം പലപ്പോഴും നമുക്കന്യമായി പോവുന്നു. സുമനസ്സ് കൊണ്ട് സമ്പന്നനായി മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞാല്‍ അപരന്റെ ദുഃഖങ്ങളില്‍ ഒരു മിഴിനീര്‍ കണം പൊഴിക്കാന്‍ സാധിച്ചേക്കും. ഉള്ളതിനെ വിശാലമാക്കുമ്പോ ഉള്ളതിലുള്ളം വിശാലമാകുമ്പോഴാണ് ഒരുവന്‍ സമ്പന്നനാകുന്നതെന്ന് പറയാറുണ്ട്.
ഈശ്വരന്റെ സൃഷ്ടികള്‍ ഒരേ സമയം വിചിത്രവും അതുല്യവുമാണ്. തന്നില്‍തന്നെ എല്ലാത്തിനും സാക്ഷിയായി മനസ്സാക്ഷിയും ബാഹ്യമായി കര്‍മ്മസാക്ഷിയായ സൂര്യനും. സൂര്യന്‍, മൗനിയും തേജോമയനുമായ മഹാതാപസന്‍. സൂര്യന്‍ കര്‍മ്മ സാക്ഷിയാകുമ്പോള്‍ മനസ്സാക്ഷി ഒരുവന്‍ തന്നെയാകുന്നു. ”സൂര്യസ്സോമോ യമഃ കാലോ മഹാഭൂതാനി പഞ്ചമ” സൂര്യന്‍, ചന്ദ്രന്‍, യമന്‍, കാലം, പഞ്ചമഹാഭൂതങ്ങള്‍ എന്നിങ്ങനെ ഒമ്പത് കര്‍മ്മസാക്ഷികള്‍ എന്ന് പുരാണം പറയുന്നു.
”കിടക്കുന്നില്ലേ. നേരം 11 കഴിഞ്ഞു. നാളെ പോവാനില്ലേ? അലക്കി ഉണങ്ങിയ വസ്ത്രങ്ങള്‍ അലമാരയിലേക്ക് മടക്കിവെക്കവേ അമ്മ ചോദിച്ചു ”എന്താ പറ്റ്യേ?” ”ഏയ് ഒന്നുല്ല” പെട്ടെന്ന് പോയി കിടന്നു. അലയിരമ്പും മനസ്സിനെ മൂടുപടമണിയിച്ച് മുഖത്തേക്ക് ആവാഹിക്കാന്‍ ശ്രമിച്ചാലും അടിത്തട്ടിലെ നീറ്റല്‍ അമ്മ കണ്ടെത്തും. ഇതെങ്ങനെ അറിയുന്നുവെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഉദരത്തിലൊരു ജീവകോശമായി രൂപപ്പെടുമ്പോള്‍ തുടങ്ങുന്ന ടെലിപ്പതി. മാതാവിന്റെ സഹനത്തിന്റെ, തപസ്സിന്റെ, സമര്‍പ്പണത്തിന്റെ ഫലമായ് ഈശ്വരന്‍ കനിഞ്ഞനുഗ്രഹിച്ച സിദ്ധി. കുഞ്ഞിന്റെ മനോഗതം അറിയാനും അളക്കാനുമുള്ള ‘സ്വീകരണി’ അമ്മമാര്‍ക്ക് ജന്മാര്‍ജ്ജിതമായ് ലഭിച്ചതാണ്.
ഉറങ്ങാന്‍ സാധിക്കുന്നില്ല. ലൈറ്റണച്ച് കണ്ണുകള്‍ അടച്ചു. ഹൃദയഭാരം വര്‍ദ്ധിച്ചിരിക്കുന്നു. അമ്മയുടെ കാല്‍പെരുമാറ്റം കേട്ടു. ശീതളമായ കരം നെറ്റിയില്‍ വന്ന് തൊട്ടു. ”പാവം കുട്ടി” ആത്മഗതമെന്നോണം അമ്മ പറഞ്ഞു. കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. നേര്യത് കൊണ്ട് കണ്ണ് തുടച്ച് അമ്മ പോയി. ജീവ രാഗത്തിന്‍ ഉച്ചസ്ഥായിയില്‍ ശ്രുതിയും താളവും തെറ്റിയതിനെക്കുറിച്ചോര്‍ത്താണോ അമ്മ വിഷിക്കുന്നത്. ഇമകള്‍ അടച്ചിട്ടും ഒരു കുഞ്ഞിന്റെ ഓമനമുഖം മറവിയുടെ കോട്ടവാതില്‍ ഭേദിക്കുന്നു. അവനിപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവുമോ?
കിടപ്പ് ഓര്‍മ്മകളുടെ ശരശയ്യയിലേക്ക് മാറിയിരിക്കുന്നു. വയ്യ ഇങ്ങനെ വയ്യ. യാമങ്ങള്‍ പലതും കടന്നു.
അലാറം പല തവണ ശബ്ദിച്ചിട്ടും അറിഞ്ഞില്ല. ”എണീക്കെടാ. രാവിലെ എണീക്കാന്‍ വയ്യെങ്കില്‍ എന്തിനാ പിന്നെ ഈ അലാറം വെക്കുന്നത്?” കാലും മുഖവും കഴുകി അമ്മ പൂജാ മുറിയില്‍ വിളക്ക് കൊളുത്തി വന്നു. പതിവ് കാര്യങ്ങള്‍ക്കായി അമ്മ അടുക്കളയിലേക്ക് കൂട് മാറി.
അമ്മ പകര്‍ന്നു തന്ന സംസ്‌കാരത്തിന്റെ ആദ്യപാഠങ്ങളുരുവിട്ട് കൊണ്ട് തുടങ്ങുന്ന ദിനാരംഭം. ഭൂമി വന്ദന മന്ത്രം ചൊല്ലി പാദസ്പര്‍ശനത്തിന് മുമ്പായ് ഭൂമിദേവിയെ വന്ദിച്ച് അനുവാദം വാങ്ങുന്ന ഉത്കൃഷ്ട ധര്‍മ്മം ഇന്നും പിന്തുടരുന്നു. ”സമുദ്രവസനേ ദേവി പര്‍വ്വതസ്തന മണ്ഡലേ വിഷ്ണുപത്‌നി നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വ മേ” തൊഴുത് എണീറ്റു.
പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അമ്മ ഭക്ഷണം തയ്യാറാക്കി. അടുത്തിരുന്ന് അമ്മ തന്നെ ഇഡ്ഢലി പാത്രത്തിലേക്ക് വെച്ച് തന്നു. കാന്താരി മുളക് ചേര്‍ത്തരച്ച തേങ്ങാച്ചട്ണിയും ഒപ്പം കാപ്പിയും കൂട്ടിന്. ശ്രദ്ധ മുഴുവന്‍ ഇടതുകൈയ്യില്‍ പിടിച്ച ‘ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡിലായിരുന്നു.’ ഓഫീസിലെത്തും മുമ്പ് പ്രധാന തലക്കെട്ടുകള്‍ ഓടിച്ച് വായിച്ചു. പാന്റ്, ഷര്‍ട്ട്, സോക്‌സ് എന്നിവയെല്ലാം ഇസ്തിരിയിട്ട് വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു. നിമിഷനേരം കൊണ്ട് അതിലേക്ക് ശരീരം കൂട് മാറി. മുറ്റത്ത് നിര്‍ത്തിയിരിക്കുന്ന കാറിനടുത്തേക്ക് നടന്നു.
ഡോര്‍ തുറക്കാന്‍ നേരം വീണ്ടും പരിചിതമായ ഒരു ശബ്ദം. പൂച്ച കരയുന്നു. ഇത്തവണ ദയനീയമായ ഒരു തേങ്ങലായിരുന്നു. ഉള്ളില്‍ അഗ്നികണങ്ങള്‍ പിറവികൊണ്ടു. മനോവികാരങ്ങള്‍ ഇത്ര സപ്ഷ്ടമായി ഇവയ്ക്കും പ്രകടിപ്പിക്കാന്‍ കഴിയുമോ? തന്റെ അരുമക്കിടാങ്ങളെ തേടിത്തളര്‍ന്ന ഒരമ്മ ദയനീയമായ് തേങ്ങുന്നു. മുലയൂട്ടാന്‍ കഴിയാതെ തടിച്ച് വീര്‍ത്ത സ്തനങ്ങള്‍. സസ്തനികളായ സര്‍വ്വജനനിയുടേയും ജന്മസാഫല്യമായ ജീവല്‍പ്രക്രിയ ഈ മിണ്ടാപ്രാണിക്ക് അന്യമായി. തേങ്ങലിനിടയിലുള്ള മൗനം പോലും വാചാലമാകുന്നു. അജ്ഞാതമായ ഭാഷയില്‍ അത് എന്തോ സംവദിക്കുന്നുണ്ട്. അല്ലെങ്കിലും വികാരങ്ങള്‍ക്ക് ഭാഷയില്ലല്ലോ?
വിരല്‍ ഞൊടിച്ച് വിളിക്കവേ തികച്ചും അപരിചിതനായ എന്റെ സമീപത്തേക്ക് പൂച്ച സാവധാനം നടന്നെത്തി. കുനിഞ്ഞിരുന്ന് നിലാവിനേക്കാള്‍ തരളമായ അതിന്റെ വെളുത്ത രോമങ്ങളില്‍ തലോടി. കണ്ണീര്‍കണങ്ങളാല്‍ മിഴികള്‍ കൂടുതല്‍ ആര്‍ദ്രമായി. പിന്നീട് മടിച്ച് മടിച്ച് എന്റെ കൈവിരലുകള്‍ നക്കി തുടക്കാന്‍ തുടങ്ങി. ഈ മാത്രയില്‍ ഞാന്‍ ക്ഷമിച്ചിരിക്കുന്നു എന്നാണോ നീ സംവേദിക്കുന്നത്. ഋതുഭേദങ്ങളേറെക്കഴിഞ്ഞ നിന്‍ ജീവിതയാത്രയില്‍ നമ്മള്‍ കണ്ടുമുട്ടിയത് അടുത്ത നാളുകളിലാണ്. എങ്കിലും ജന്മാന്തരങ്ങളില്‍ എവിടെയോ നമ്മള്‍ പരിചിതരായിരുന്നു. വിധിയേല്‍പ്പിച്ച വിരഹത്തിന്റെ ഏകാന്തത വരിച്ചെത്ര നാള്‍ ഇനി ഇങ്ങനെ? മനോവ്യഥയുടെ ആഴപ്പരപ്പില്‍ മുങ്ങിത്താഴ്ന്ന നിന്‍ ഹൃദയം തേടി പോയാല്‍ കാണുന്നത് ജീവസാഫല്യത്തിന്‍ മുത്തും പവിഴവുമല്ല പകരം വിരഹത്തിന്റെ ജഡശിലകളാണ്. പ്രതീക്ഷയുടെ ചിപ്പികള്‍ക്കുള്ളില്‍ വിധി പൂരണം ചെയ്തത് ദുഃഖത്തിന്റെ സാന്ദ്രത കൂടിയ ഈ കല്‍ച്ചീളകളാണ്.
അനശ്വരമായ ദേഹി രാവിന്‍ വിണ്ണിലൊരു വെണ്‍ താരകമായ് തിളങ്ങുമെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ പ്രഭാതത്തിലെ സൗരമയൂഖങ്ങള്‍ അവയെ ഇന്ദ്രിയ ഗോചരമാക്കുന്നില്ലെന്ന് മാത്രം. ഒരു രാവിന്റെ ദൈര്‍ഘ്യം മാത്രം ആയുസ്സുള്ള നിശാപുഷ്പത്തെ പോലെ പൊലിഞ്ഞു പോയവയെ തിരിച്ചു നല്‍കാന്‍ ഞങ്ങള്‍ അശക്തരാണ്.
ജീവികളെന്ന നിലയില്‍ ഈശ്വരന്‍ നമുക്കനുവദിച്ചിട്ടുള്ളത് കാലമെന്ന മഹാപ്രവാഹത്തിനൊപ്പം കുതിക്കാനോ ഇടയ്ക്കിടറി വീഴാനോ ഉള്ള നിയോഗം മാത്രമാണ്. അത് കൊണ്ട് തന്നെ നിയോഗമെന്ന കാറ്റില്‍ പാറുന്ന അപ്പൂപ്പന്‍ താടിയാണ് ജീവിതം അത് നമ്മെ എവിടെ കൊണ്ടെത്തിക്കുമെന്നത് പ്രവചനാതീതമാണ്.
ഒരു പ്രാര്‍ത്ഥന മാത്രം വര്‍ണ്ണങ്ങളില്ലാതെ പോയ നിന്‍ മാതൃത്വത്തില്‍ വെണ്‍മേഘ ഹംസങ്ങള്‍ക്ക് തുല്യം പ്രശോഭിതമായ കുരുന്ന് ജീവനുകള്‍ പുനര്‍ജനിക്കട്ടെ. തന്ത്രികള്‍ പൊട്ടി പാതിയില്‍ നിലച്ച നിന്‍ ജീവതംബുരുവില്‍ വീണ്ടും മധുരമായി മീട്ടുക മാതൃത്വത്തിന്റെ പ്രണവധ്വനി.
Comments