അമ്പലപ്പുഴ: വൈദേശിക ആക്രമണങ്ങളും അധിനിവേശവും കൊണ്ട് രാഷ്ട്രീയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകാമെങ്കിലും നമ്മുടെ സാംസ്കാരിക അടിത്തറയേയോ ജ്ഞാനപാരമ്പര്യത്തെയോ തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്. അന്താരാഷ്ട്ര പുസ്തകദിനത്തോടനുബന്ധിച്ച് വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പുസ്തകചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് അധിനിവേശം ഭാരതത്തിന്റെ സ്വത്വം തന്നെ അപകടപ്പെടുത്താന്‍ ശ്രമിച്ചപ്പോളും അഖണ്ഡഭാരത സങ്കല്പവും ആര്‍ഷ സംസ്കാരവും നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. ആദ്ധ്യാത്മിക സംസ്കൃതിയാണ് നമ്മുടെ മുഖ്യശക്തിയെന്ന് തിരിച്ചറിഞ്ഞാണ് പൂര്‍വ്വികര്‍ സനാതന ധര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധവെച്ചത്. ഇതിനുള്ള ഊര്‍ജ്ജം ലഭിച്ചത് നമ്മുടെ ജ്ഞാനപാരമ്പര്യത്തില്‍ നിന്നാണ്. വായനയിലൂടെ സ്വാദ്ധ്യായ ഉപാസനയെ രൂപപ്പെടുത്തിയെടുക്കലാണ് അന്താരാഷ്ട്ര പുസ്തക ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ.എസ്. ഉമാദേവി അധ്യക്ഷയായി. ഗ്രന്ഥകാരനെന്ന നിലയില്‍ അമ്പതു വര്‍ഷം പിന്നിടുന്ന ഡോ. അമ്പലപ്പുഴ ഗോപകുമാറിനെയും സാഹിത്യ രംഗത്ത് ഇരുപത്തഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ജി. മോഹനന് നായരേയും പരിപാടിയില്‍ ആദരിച്ചു. സംസ്ഥാന ഉപാധ്യക്ഷ ഡോ. ആര്. രാജക്ഷ്മി ഉപഹാരം സമര്‍പ്പിച്ചു. ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ ‘ഹരി മാധവം’, ജി.മോഹനന് നായരുടെ ‘ഭാരതീയം’ എന്നീ പുസ്തകങ്ങളുടെ അവലോകനം ജില്ലാ സെക്രട്ടറി പ്രമോദ് ടി. ഗോവിന്ദന് നടത്തി. ഉഷാ അനാമിക അവതരിപ്പിച്ച കാവ്യാലാപനവും നടന്നു. മേഖലാ സംഘടനാ സെക്രട്ടറി പി.എസ്.സുമേഷ്, വിനു കുമാര്‍, വിഷ്ണു അശോക്, ലേഖാഭാസ്കര്, ഗണേശ് നമ്പൂതിരി, ചന്ദ്രമോഹന് എന്നിവര്‍ പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്തു.