ഇടത്തരം വലിപ്പമുള്ള ഒരു നിത്യഹരിത വൃക്ഷമാണ് ഇലഞ്ഞി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ടവാസ കേന്ദ്രങ്ങള്‍. ഇംഗ്ലീഷില്‍ ”ബുളറ്റ് വുഡ് ട്രീ” എന്നറിയപ്പെടുന്ന ഇലഞ്ഞി-എരിഞ്ഞി, മുകുര, ബകുളം, ഇലന്നി എന്നീ പേരുകളിലും അറിയപ്പെടുന്നു.
പത്ത് മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇലഞ്ഞിമരങ്ങള്‍ ഏപ്രില്‍ മാസത്തിലാണ് പുഷ്പിക്കുന്നത്. ജൂണ്‍മാസത്തോടെ കായ്കളുണ്ടാകുന്നു. തിന്നുവാന്‍ കൊള്ളാവുന്ന പഴുത്ത ഇലഞ്ഞിക്കായ്കള്ക്ക് ചവര്‍പ്പുകലര്‍ന്ന മധുരമാണ്.
ഇലഞ്ഞിപ്പൂക്കള്‍ കുലകളായാണ് കാണപ്പെടുന്നത്. ഇലകള്‍ക്ക് കടുംപച്ചനിറമാണ്. ചന്ദനനിറത്തോടുകൂടിയ രോമാവൃതമായ ചെറുപൂക്കള്‍ക്ക് നറുമണമാണ്. ഉത്തമഉദ്യാനപ്പൂമരമെന്ന പദവി ഇലഞ്ഞിമരത്തിനുണ്ട്.
ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണത്തില്‍ ഇലഞ്ഞിത്തൊലി, വേര്, പൂവ്, കായ് എന്നിവയെല്ലാം ഉപയോഗിക്കുന്നു.
കേരളീയ ആചാരങ്ങളില്‍ ഇലഞ്ഞിയ്ക്ക് എടുത്തു പറയത്തക്ക ബന്ധമുണ്ട്. കേരളത്തിലെ ഹൈന്ദവത്തറവാടുകളിലെ യക്ഷിത്തറകളില്‍ ‘പൂപ്പട’ എന്ന ചടങ്ങുണ്ടായിരുന്നു. അങ്ങനെ പൂപ്പട കൂട്ടുന്നതിന് പ്രധാനമായും ഉപയോഗിച്ചിരുന്നത് ഇലഞ്ഞിയുടെ ഇലകളാണ്. ഇന്നും പല ക്ഷേത്രങ്ങളിലും പൂപ്പടയ്ക്ക് ഇലഞ്ഞിയുടെ ഇലകള്‍ ഉപയോഗിക്കുന്നു. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് വടക്കുംനാഥക്ഷേത്രപരിസരത്തെ ഒരു പഴയ ഇലഞ്ഞിവൃക്ഷച്ചുവട്ടില് മേളകലാകാരന്മാര് അവതരിപ്പിക്കുന്ന ‘ഇലഞ്ഞിത്തറമേളം’ നമുക്കേവര്‍ക്കും സുപരിചിതമാണ്.