രണ്ടര വര്‍ഷം മുന്‍പാണ് ജി.കെ. പിള്ള സാറിനെ പരിചയപ്പെടുന്നത്. സംഘത്തിന്റെ പാലക്കാട് വിഭാഗ് സംഘചാലകനായ സോമേട്ടനാണ് ഒരിക്കല്‍ സംസാരത്തിനിടയില്‍ പാലക്കാട് നഗരത്തിന്റെ സംഘചാലകനാക്കാന്‍ പറ്റുന്ന ഒരു വ്യക്തി വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചത്. പാലക്കാട് തന്നെ മുന്‍പ് സംഘചാലകനായിരുന്ന റിട്ട. എസ്.പി മാധവദാസിന്റെ മകളുടെ ഭര്‍ത്താവും സര്‍ക്കാരിന്റെയും മറ്റു ചില പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഒക്കെ എം.ഡിയും സി.ഇ.ഒ. ആയും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് അതെന്നും കര്‍മ്മമേഖലയിലെല്ലാം മികച്ച സേവനം കാഴ്ചവെക്കുകയും പ്രധാനമന്ത്രിയില്‍ നിന്ന് ഉള്‍പ്പെടെ ധാരാളം അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയിട്ടുള്ളയാളാണെന്നുമൊക്കെ വിശദീകരിച്ചുകൊണ്ട് സോമേട്ടന്‍ വാക്കുകളിലൂടെ അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി. സംഘചാലകനാക്കിയാലോ എന്ന ചോദ്യത്തിന് ആലോചിച്ചു തീരുമാനിച്ചോളൂ എന്ന് ഞാന്‍ മറുപടിയും നല്‍കി. പക്ഷേ ആ സമയത്തൊന്നും ജി.കെ.പിള്ള സാറിനെ നേരിട്ട് കാണാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല.
പിന്നീട് സംഘത്തിന്റെ നിശ്ചയമനുസരിച്ച് രണ്ടു മൂന്നു ഘട്ടങ്ങളിലായി പാലക്കാട് ജില്ലയില്‍ കൂടുതല്‍ സമയം യാത്ര ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ പല പ്രമുഖ വ്യക്തികളെയും കാണാനും പരിചയപ്പെടാനും സാധിച്ചു. അക്കൂട്ടത്തില്‍ ജി.കെ. പിള്ള സാറിന്റെ വീട്ടില്‍ പോകുകയും സംസാരിക്കുകയും ചെയ്തു. ഓരോ തവണ കാണുമ്പോഴും അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും ഹൃദയബന്ധവും വര്‍ദ്ധിച്ചു വരുന്നതായി അനുഭവപ്പെട്ടു. തുടക്കത്തില്‍ കണ്ട ഗുണങ്ങളൊക്കെ മഞ്ഞുമലയുടെ ഒരംശം മാത്രമാണെന്ന് സോമേട്ടന്‍ അന്ന് എന്നോട് പറഞ്ഞിരുന്നു. അത് സത്യമാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. അസാമാന്യമായ വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിലും സര്‍വ്വ സാധാരണക്കാരനെപ്പോലെ ലളിതമായി പെരുമാറാന്‍ ജി.കെ. പിള്ള സാറിന് കഴിഞ്ഞിരുന്നു. ഇ.ശ്രീധരന്‍ സാര്‍ സ്ഥാനാര്‍ത്ഥിയായി പാലക്കാട് മത്സരിച്ച നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ജി.കെ.പിള്ള സാറുമായി കൂടുതല്‍ ഇടപഴകാന്‍ അവസരം കിട്ടിയത്. സംഘപ്രവര്‍ത്തനത്തെക്കുറിച്ചും സമാജത്തിലെ മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന സമയത്ത് തന്നെ പാലക്കാടിന്റെ വികസനത്തെക്കുറിച്ചും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. ശ്രീധരന്‍ സാറിന്റെ പാലക്കാട്ടെ സാന്നിധ്യം സംഘപ്രസ്ഥാനങ്ങള്‍ക്ക് അനുഗുണമാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. സംഘവുമായി നേരിട്ട് ബന്ധമില്ലാത്ത ധാരാളം പ്രഗത്ഭ വ്യക്തികള്‍ ശ്രീധരന്‍ സാറിന്റെ പരിചയത്തില്‍ ഉണ്ടെന്നും അവരുമായി നമുക്ക് ബന്ധപ്പെടാന്‍ കഴിയണമെന്നും സൂചിപ്പിച്ചു. അത്തരത്തില്‍ മുപ്പത്തിയഞ്ചോളം മേഖലകളിലുള്ള മൂവായിരത്തോളം പ്രമുഖ വ്യക്തികളുടെ ലിസ്റ്റ് തയ്യാറാക്കി ചെറിയ ഗ്രൂപ്പുകളായി ശ്രീധരന്‍ സാറുമായി ഒരുമിച്ചിരിക്കാനും തുടര്‍ന്ന് ആ ബന്ധം നിലനിര്‍ത്താനും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാനും ജി.കെ.പിള്ള സാറിന്റെ പരിശ്രമത്തിലൂടെ സാധിച്ചു.
നഗര്‍ സംഘചാലക് എന്ന നിലയില്‍ പാലക്കാട് നഗരത്തിലെ മുതിര്‍ന്ന സ്വയംസേവകരോടും പുതിയ തലമുറയിലുള്ള സ്വയംസേവകരോടും സംഘകുടുംബങ്ങളിലെ അമ്മമാരോടും ഒക്കെ സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെ ഇടപെടാന്‍ അദ്ദേഹത്തിന് കുറഞ്ഞകാലംകൊണ്ടുതന്നെ കഴിഞ്ഞു. സഹപ്രവര്‍ത്തകരായ കാര്യകര്‍ത്താക്കള്‍ക്ക് തന്റെ സമ്പര്‍ക്കത്തിലുള്ള വലിയ വ്യക്തികളെ പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു. കാര്യകര്‍ത്താക്കളുമായി പുലര്‍ത്തിയിരുന്ന അടുപ്പവും എടുത്തു പറയേണ്ടതാണ്. ഒരിക്കല്‍ സാംഘിക് നടക്കുന്ന സമയത്ത് മഴ പെയ്തപ്പോള്‍ ഏതോ ഒരു സ്വയംസേവകന്‍ ഒരു കുടയുമായി അദ്ദേഹത്തിന്റെ അടുത്തു ചെന്നു. എന്നാല്‍ അകലെ മാറി നിന്ന് മഴ നനയുകയായിരുന്ന സുരേഷ് എന്ന വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങളുടെ ചുമതല നോക്കുന്ന പ്രചാരകനിലേക്കാണ് അദ്ദേഹത്തിന്റെ ശ്രദ്ധ നീണ്ടത്. അദ്ദേഹം ഉടനെ കുട നിവര്‍ത്തി ആ പ്രചാരകനെ മഴ നനയാതെ നോക്കി.
ജി.കെ.പിള്ള സാറിന്റെ കഴിവും സ്വാധീനവും പ്രവര്‍ത്തിച്ച മേഖലകളിലെ അനുഭവപരിചയവും ഒക്കെ പരിഗണിച്ച് അദ്ദേഹത്തെ സംഘടനയ്ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന ചിന്ത അപ്പോഴേക്കും വന്നു തുടങ്ങിയിരുന്നു. ജി.കെ.പിള്ള സാറുമായി അടുത്തപ്പോള്‍ അദ്ദേഹത്തിന്റെ കഴിവ് പാലക്കാട് നഗരത്തില്‍ മാത്രമായി ചുരുങ്ങേണ്ടതല്ല എന്ന് തോന്നി. ഈ ചിന്ത മുതിര്‍ന്ന സംഘ കാര്യകര്‍ത്താക്കളുമായി പങ്കുവച്ചു. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ജനം ടിവിയുടെ എം.ഡിയാക്കാം എന്ന് തീരുമാനമായി. ഇക്കാര്യം അദ്ദേഹത്തോട് സംസാരിക്കാന്‍ എന്നെയാണ് സംഘം നിയോഗിച്ചത്. പിറ്റേ ദിവസം വീട്ടില്‍ പോയി മുഖവുര കൂടാതെ കാര്യം അവതരിപ്പിച്ചു. ജനം ടിവിയുടെ എം.ഡി. ആക്കാന്‍ ആലോചിക്കുന്നു എന്ന് പറഞ്ഞയുടനെ അദ്ദേഹം പറഞ്ഞത് സംഘം ഏല്‍പ്പിക്കുന്ന ഏത് കാര്യവും സന്തോഷപൂര്‍വ്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ്. പക്ഷെ ഒരു നിബന്ധനയുണ്ട്. ജനം ടിവിയില്‍ ശമ്പളത്തിനുവേണ്ടി ജോലി ചെയ്യാന്‍ തയ്യാറല്ല. സേവനമായി ചെയ്തുകൊള്ളാം. ഒരാഴ്ചക്കുള്ളില്‍ തന്നെ ജനത്തിന്റെ ഡയറക്ടര്‍ ബോഡി പിള്ള സാറിനെ ജനം ടിവിയുടെ എം.ഡി. ആയി തിരഞ്ഞെടുത്തു. ഇതിനുശേഷം ചടുലവേഗത്തില്‍ അദ്ദേഹം കേരളം മുഴുവന്‍ ചാനലിനുവേണ്ടി യാത്ര ചെയ്യുകയും ജീവനക്കാരെ അടുത്തറിയുകയും ഓഫീസ് സംവിധാനത്തെ മനസ്സിലാക്കുകയും ചെയ്തു. പ്രശ്‌നങ്ങളും പരിഹാരങ്ങളും എല്ലാം കുറഞ്ഞ സമയം കൊണ്ടുതന്നെ തിരിച്ചറിഞ്ഞു. എല്ലാവരിലും വലിയ പ്രതീക്ഷ ഉണര്‍ത്തിക്കൊണ്ട് ജനം ടീമിനെ നയിക്കുകയായിരുന്നു ജി.കെ. പിള്ള സാര്‍. ഇതിനിടക്ക് മറ്റ് ചില ചുമതലകളും അദ്ദേഹത്തെ ഏല്‍പ്പിക്കുകയുണ്ടായി. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ പലതവണ അംഗമായിരുന്നതിനാല്‍ കണ്ണൂരില്‍ നടന്നുവരുന്ന സങ്കല്‍പ്പ് ഐഎഎസ് കോച്ചിങ് സെന്ററിന്റെ ചെയര്‍മാന്‍ എന്ന ചുമതല അദ്ദേഹത്തെ ഏല്പിച്ചു. അതുപോലെ പാലക്കാട് മുണ്ടൂരിലെ എന്‍ജിനീയറിംഗ് കോളേജ് ഭരദ്വാജ് ട്രസ്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം ട്രസ്റ്റിന്റെ ചെയര്‍മാനായി നിയോഗിക്കപ്പെട്ടു. സംഘം ഏല്പിച്ച സംഘപ്രവര്‍ത്തനമെന്ന ഭാവത്തോടെ അദ്ദേഹം അതെല്ലാം സര്‍വ്വാത്മനാ സ്വീകരിച്ചു. ആ സമയത്ത് തന്നെ സേവാഭാരതിയുടെ പ്രവര്‍ത്തനവും ജില്ലാ അദ്ധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം നിര്‍വഹിച്ചുപോന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മിക്ക ദിവസങ്ങളിലും പല തവണ അദ്ദേഹത്തെ വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തതിലൂടെ അദ്ദേഹവുമായും കുടുംബവുമായും വലിയ അടുപ്പം സ്ഥാപിക്കാന്‍ കഴിഞ്ഞു.
അസുഖത്തിന്റെ വിവരം നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അത് ഇത്രത്തോളം ഗുരുതരമായിരുന്നു എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. സേവാഭാരതിയുടെ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ രഞ്ജിത്ത് ഹരിയുമായി അസുഖകാര്യം സംസാരിച്ചുവെന്നും കോയമ്പത്തൂരിലെ ഒരു വിദഗ്ദ്ധ ഡോക്ടറെ കാണാന്‍ തീരുമാനിച്ചു എന്നും അറിയിച്ചിരുന്നു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം എന്നെ വിളിച്ചു. രാവിലെ ഓപ്പറേഷന്‍ ആണെന്നും പേടിക്കാനൊന്നുമില്ലെന്നും പത്തോ പതിനഞ്ചോ ദിവസത്തിന് ശേഷം പ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമാകാം എന്നും പ്രതീക്ഷയോടെ പറഞ്ഞു. നാളെ രാവിലെ വിളിക്കാം എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. രാത്രി വളരെ വൈകി വീണ്ടും വിളിച്ചു. ഡോക്ടര്‍മാരുമായും സംസാരിച്ചു. അവിടത്തെ സഹപ്രാന്ത പ്രചാരക് പ്രശോഭ്ജിയും ഡോക്ടര്‍മാരെ ബന്ധപ്പെട്ടു. അപ്പോഴും പേടിക്കാനൊന്നുമില്ലെന്നും പ്രാര്‍ത്ഥന മാത്രം മതി എന്നും പറഞ്ഞ് അദ്ദേഹം എന്നെ സമാശ്വസിപ്പിച്ചു. പക്ഷേ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണ് പിന്നീട് വന്നത്. ഏറ്റവും ഇഷ്ടപ്പെട്ടവരെ ജഗദീശ്വരന്‍ നേരത്തെ വിളിക്കും എന്ന് പറയാറുണ്ട്. അത് അന്വര്‍ത്ഥമാക്കുന്നതാണ് ജി.കെ.പിള്ള സാറിന്റെ വേര്‍പാട്. പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമായിരുന്നു ജി.കെ. പിള്ള സാര്‍. സ്‌നേഹത്തോടെയും, വിനയത്തോടെയും, മറ്റുള്ളവരെ ബഹുമാനിച്ചുകൊണ്ടും സഹപ്രവര്‍ത്തകരെ കൂടെ ചേര്‍ത്തുനിര്‍ത്തിയും താന്‍ ജന്മനാ സംഘ സ്വയംസേവകനാണെന്ന് തോന്നിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഏറ്റെടുത്ത എല്ലാ കാര്യങ്ങളും സമയബന്ധിതമായി ചെയ്തുതീര്‍ത്തും പ്രവര്‍ത്തനത്തിന്റെ തുടരന്വേഷണം നടത്തിയും എല്ലാവരുടെയും മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കൊണ്ടാണ് ജി.കെ.പിള്ള സാര്‍ നമ്മളില്‍ നിന്ന് അകന്നുപോയത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.
(ആര്‍എസ്എസ് സഹപ്രാന്തപ്രചാരകനാണ് ലേഖകന്‍)
Comments