ഉയിർച്ചൊല്ലുകൾ
നോക്കൂ കുഞ്ഞേ,
മയിൽപ്പച്ചയണിഞ്ഞ….
മരത്തൂവലുകൾക്കിടയിൽ
വെയിലിറങ്ങും പുൽമേടിറമ്പുകളിൽ
എത്ര മനോഹരമായാണ്
ഇരുട്ടിൽ വെള്ളത്താമര പോലെ
ദൂരത്തിൻ്റെ വെള്ളവടികൾ കാട്ടി
മൈൽക്കുറ്റികൾ ചിരിക്കുന്നത്….
കേട്ടോ ആരെങ്കിലും ….
വീണ്ടുമിത്തിരിക്കാടിൻ്റെ നെഞ്ചിൽ
വീർത്തു പൊട്ടുന്നൊരാക്രോശത്തിൽ
കൂർത്ത കുറ്റികൾ വേഗത്തിൽ
മിന്നൽപ്പിണർപ്പോൽ പതിക്കുന്നത്,
അതിര് പൊട്ടിയ മണ്ണപ്പോൾ
നോവിക്കല്ലെ എന്ന് പറഞ്ഞ്
കരഞ്ഞും ഇഴഞ്ഞും നീങ്ങുന്നത്..
കണ്ടോ ആരെങ്കിലും..
ഇപ്പം തരാമെന്ന് പറഞ്ഞവർ
പൊട്ടിച്ചെടുത്ത നെൽവയലുകളെ…?
ശുഷ്കമാം നൂൽ പോലൊഴുകുമാറുകളെ..
മഴ മറന്ന കുന്നിഞ്ചെരുവിലെ
ചലനം നിലച്ച മരക്കുറ്റികളെ…
ഈപ്പെരുഞ്ചൂടിലിത്തിരി കാറ്റിനേ
തായോ, തായോ ഉയിരേ..
എന്ന് നിലവിളിക്കുന്ന കിളിയൊച്ചകളെ ….
നാടറത്തും, കാടറത്തും പായുന്ന
ഉയിർച്ചൊല്ലുകളിനിയാര് കേൾക്കാൻ?
കണ്ടില്ലെന്ന് നടിച്ചിനിയെത്ര നാൾ
കേട്ടില്ലെന്ന് നടിച്ചിനിയെത്ര ദൂരം?
Comments