രാവിലെ നടത്തം കഴിഞ്ഞു മടങ്ങുമ്പോഴുണ്ട് കേശുവേട്ടന്‍ പുള്ളിയുടെ ഗേറ്റില്‍ പിടിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്നു.
‘ഹ! എന്താ കേശുവേട്ടാ ..രാവിലെതന്നെ ഒരു തമാശച്ചിരി.?’
‘ഒന്നൂല്ല്യ ..ബജറ്റിലെ വിശേഷം ഓര്‍ത്ത് ചിരിച്ചതാ ‘
‘ലോകസമാധാനത്തിന് രണ്ടു കോടി ?’ ഹ..ഹ.. രണ്ടാളും ഒന്നിച്ച് ചിരിച്ചു.
‘അതാരെ രസിപ്പിക്കില്ല? .. ബജറ്റ് പ്രസംഗത്തില്‍ ഒന്നുകില്‍ അടിപിടി ഉന്തും തള്ളും അല്ലെങ്കില്‍ കുഞ്ഞുണ്ണിക്കവിത..അത് രണ്ടും ഇല്ലെങ്കില്‍ ഇജ്ജാതി ഓരോ ഉഡായിപ്പുകള്‍..’ അത് കേശുവേട്ടനെ രസിപ്പിച്ചു.
‘എന്നാലും ദരിദ്ര സംസ്ഥാനത്തിന്റെ കാശെടുത്ത്.. ഓണ്‍ലൈന്‍ സെമിനാറുകള്‍ക്ക് ?’
‘നമ്മള്‍ ഉദാരത കാട്ടണ്ടെ..കേശുവേട്ടാ.. മുഷ്‌ക്കുള്ള കേരളീയരാണെങ്കിലും ഭാരതീയരല്ലേ..?
ഉദാരചരിതാനാം തു വസുധൈവകുടുംബകം, ലോകാ സമസ്താ സുഖിനോ ഭവന്തു,
സര്‍വ്വ ലോക മഹേശ്വരം, സുഹൃദം സര്‍വ്വ ഭൂതാനാം..അങ്ങനെ എത്രയെത്ര..
പിന്നെ ഇതൊന്നും വലിയ തുകയല്ല പാര്‍ട്ടി പത്രത്തില്‍ നാല് പരസ്യം.. . ഒരു സമാധാന പ്രാവിന്റെ ചിത്രം.. ‘
പ്രാവിന്റെ എന്ന് കേട്ടതും കേശുവേട്ടന്‍ ഉറക്കെ ഹ..ഹ..ഹ.. എന്ന് ചിരിച്ചു..
‘അതെന്താ?’ എന്ന് ഞാന്‍… ‘അന്ന് പറപ്പിച്ചപ്പോള്‍ ചത്ത് വീണ ആ പ്രാവിനെ ഓര്‍ത്തതാ’.. ചിരി സാംക്രമിക രോഗമായി.
‘ധനമന്ത്രി മാണി അവതരിപ്പിച്ച ആ ബജറ്റ് .. ഓര്‍ക്കുന്നുണ്ടോ?. ഇപ്പോഴത്തെ മന്ത്രി ശിവന്‍കുട്ടി..ബഹളത്തില്‍ മുണ്ടുമടക്കി കുത്തി.’
‘ഉവ്വ്.. ഉവ്വ്’
‘ആ സമയം മാണിസ്സാര്‍ ഉച്ചത്തിലുച്ചത്തില്‍ വായിക്കുന്നതെന്തായിരുന്നു അറിയോ?
പുതുതായി മതം മാറിയവര്‍ക്ക് അഞ്ചു കോടി..പുതുതായി… അഞ്ചു കോടി.. ആ ഉദാരത ആര് കേള്‍ക്കാന്‍?’
‘പട്ടിക ജാതിക്കാരെ മതം മാറ്റുന്നതിന്ന് ഒരു കോര്‍പ്പറേഷന്‍’..
‘അതെ..സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍’ ഗംഭീര കോര്‍പ്പറേഷനല്ലേ?
രണ്ടാളും ചിരിച്ചു.
ഇത് ‘ഖേ’രളമാണ്. വേറെ എവിടെയും കാണാത്തത് ഇവിടെ കാണും.
എന്നാല്‍.. അന്ന് ആ കോലാഹലം ഉണ്ടാക്കിയവര്‍ ആ അഞ്ചു കോടി പിന്നീട് വര്‍ദ്ധിപ്പിക്കുക മാത്രമല്ല മന്ത്രി മാണിയുടെ പ്രതിമക്കായ് അഞ്ച്‌കോടി വേറെ നീക്കി വെക്കുകയും ചെയ്തു. ഉദാരതയുടെ എത്ര നല്ല ഉദാഹരണം!’
‘ബജറ്റ് പൂര്‍ണ്ണമായും വായിക്കൂ.. ചിരിക്കാനുള്ള വക അതിലുണ്ട്..’
‘കോടി കോടി.. വാരിക്കോരി.. കമ്മി ബജറ്റെങ്കില്‍ എന്ത്? ആര്‍ക്ക് ചേതം?’
‘കമ്മി ബജറ്റ് .. കമ്മി ബജറ്റ് അല്ലാതെ പിന്നെ അത് മിച്ച ബജറ്റാവുമോ?’ ദ്വയാര്‍ത്ഥം രണ്ടു പേര്‍ക്കും ഇഷ്ടപ്പെട്ടു.
‘ആഘോഷങ്ങള്‍ക്കും പരസ്യത്തിനും ജാഡയ്ക്കുമാണ് പണം മുഴുവന്‍ ചിലവാക്കുന്നത്.’
‘അതിനാണ് പുട്ടടിച്ചു കളയുക എന്ന് പറയുന്നത്.’
‘നല്ല രീതിയില്‍ ഓഡിറ്റ് ചെയ്ത് വര്‍ഷാന്ത്യത്തില്‍ അത് പ്രസിദ്ധീകരിക്കാന്‍ കുറ്റാന്വേഷണ ജേണലിസ്റ്റുകള്‍ തയ്യാറായാല്‍ കുറെയൊക്കെ ഭേദമുണ്ടാകും.’ കേശുവേട്ടന്‍ പത്രധര്‍മ്മം പറഞ്ഞു.
‘അതാരും നടത്തുന്നില്ലല്ലോ? മാനവീയം, വനിതാമതില്‍, അങ്ങനെ സാമൂഹ്യ ബോധവല്‍ക്കരണത്തിന് എത്ര പരിപാടികളുണ്ടായി? അതിന്റെയൊക്കെ ഓഡിറ്റ് ആര് നടത്തി? ചോദ്യം വന്നപ്പോള്‍ സ്ത്രീശാക്തീകരണത്തിന് നീക്കി വെച്ച 150 കോടിയില്‍ പെട്ടതാണ് ആ അമ്പത് കോടി എന്ന് പറഞ്ഞു സര്‍ക്കാര്‍ തടി തപ്പി.
കേശുവേട്ടന് അറിയുമോ? സീനിയര്‍ സിറ്റിസണ് മാത്രമായി ഒമ്പതോ പത്തോ പദ്ധതികളുണ്ട്.
‘റിയലി ?’
‘യെസ് .. കേട്ടോളൂ ..വയോമിത്രം, വയോക്ഷേമം, വയോമധുരം, വയോ അമൃതം, സായംപ്രഭ, മന്ദഹാസം, വയോരക്ഷ, സെക്കന്റ് ഇന്നിംഗ്സ് , എല്‍ഡര്‍ ലൈന്‍, അങ്ങനെ കുറെ..’
‘ഇതൊക്കെ ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്.’
ഞങ്ങള്‍ രണ്ടു പേരും സീനിയര്‍ സിറ്റിസണ്‍സ് ആണ്.. എങ്കിലും ഞാന്‍ പറഞ്ഞു.
‘ഞാന്‍ അന്വേഷിച്ചപ്പോഴാണ് ഇതൊക്കെ മനസ്സിലായത്. ഇതിനൊക്കെ ബജറ്റ് അലൊക്കേഷന്‍ ഉണ്ട്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ കമ്മീഷനും ഉണ്ടാവുമല്ലോ?’
കേശുവേട്ടന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു ‘അല്ല, എന്താ ഈ വയോമധുരം?’
‘ഉം.. കൊതിക്കണ്ട.. അത് ഫ്രീ പായസമൊന്നുമല്ല.. വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ വക ഗ്ളൂക്കോമീറ്റര്‍ നല്‍കുന്ന പദ്ധതി.’
‘ഹ..അങ്ങനെയുമുണ്ടോ?’
കേശുവേട്ടന്‍ കുറച്ചു നേരം ചിന്താധീനനായി.. എന്നിട്ട് ചോദിച്ചു.
‘കുറെ ധൂര്‍ത്തുകള്‍ ഒഴിവാക്കിയാല്‍ നമ്മള്‍ ഇങ്ങനെ പിച്ചക്കാരെപ്പോലെ കടം വാങ്ങിക്കഴിയാതെ ഇരിക്കാം അല്ലെ?’
‘അല്ല. കടം വാങ്ങിക്കഴിയുന്നത് ചിലരുടെ ശീലമാണ്. പിച്ചയെടുക്കുന്നതും. ഗുരു ചാണക്യന്‍ അത്തരക്കാരെ കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. ഇങ്ങനെ പറഞ്ഞ്: ലോകത്ത് ഏറ്റവും കനം കുറഞ്ഞ സാധനം വൈക്കോലാണ്, അതിലും കുറഞ്ഞതാണ് പഞ്ഞി. അതിലും കനം കുറഞ്ഞതാണ് പിച്ചക്കാരന്‍. അയാളെ കണ്ടാല്‍ കടം ചോദിച്ചെങ്കിലോ എന്ന് കരുതി കാറ്റ് പോലും വഴി മാറി പോകുമത്രേ.’
‘കുറച്ചു കൂടിപ്പോയെങ്കിലും കുറെ ശരിയുണ്ട്’ കേശുവേട്ടന്‍ വിശകലനം ചെയ്തു പറഞ്ഞു.
‘പത്രത്തില്‍’ ലാഭത്തിനു മുന്നില്‍ – നഷ്ടത്തിന് മുന്നില്‍’എന്ന് അഞ്ചു വീതം സ്ഥാപനങ്ങളുടെ ലിസ്റ്റ് കൊടുത്തിരുന്നു അത് കണ്ടുവോ?’
‘ഉവ്വ്.’
‘അതില്‍ ലാഭത്തില്‍ ഒന്നാമത് കെ.എസ്.എഫ്.ഇ ആണ്. അഞ്ചാമത് കേരള സ്റ്റേറ്റ് ബാക് വേര്‍ഡ് ക്ലാസ്സസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആണ്. അത് സര്‍ക്കാരിന്റെ സ്വന്തം സ്വകാര്യ ഫിനാന്‍സ് കമ്പനിയാണ്. പിന്നാക്കക്കാര്‍ക്ക് കടം കൊടുക്കുന്ന കമ്പനി. കടമെടുപ്പും കടം കൊടുക്കുകയും ആണ് ലാഭകരമായ പ്രവൃത്തി.’
‘ഒഫീഷ്യല്‍ ബ്ലേഡ് അല്ലെ?’
‘നഷ്ടത്തില്‍ മൂന്നാമത് ശ്രദ്ധിച്ചുവോ ? കേരള സ്റ്റേറ്റ് ബിവറേജ്സ് കോര്‍പറേഷന്‍.. 1608 കോടി നഷ്ടം പോലും. അത് എന്നെ മാത്രമല്ല. കേരളത്തിലുള്ള എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കാണും.’ ‘ശരിയാണ്’..
‘കേരളത്തിന്റെ നികുത്യേതര വരുമാനത്തിന്റെ 70-80 ശതമാനവും ലോട്ടറി വില്‍പ്പനയില്‍ നിന്നാണ്. ലോട്ടറിയിലാകട്ടെ പല ക്രമക്കേടുകളും ഈയിടെ സി.എ.ജികണ്ടെത്തിയിട്ടുണ്ട്. അതൊന്നും ആളുകള്‍ കാര്യമാക്കിയിട്ടില്ല.’
‘തനിക്ക് വലിയ സമ്മാനം അടിച്ചാല്‍.. അപ്പൊ നോക്കിയാല്‍ പോരെ? ..അത് വരെ ഏത് വ്യാജ ടിക്കറ്റ് എടുത്താല്‍ എന്താ? എന്ന സിംപിള്‍ ലോജിക്ക്.! ഒരിക്കലും അടിക്കാത്ത ടിക്കറ്റ് 300 രൂപയ്ക്ക് മലയാളി വാങ്ങിക്കും.’
‘മലയാളിയുടെ പ്രബുദ്ധത.’
‘വ്യാജ ടിക്കറ്റ് വിറ്റ ആള്‍ക്ക് ഒരു ലക്ഷം രൂപയേ ഫൈന്‍ ഉള്ളൂ.. എന്നാണു അറിഞ്ഞത്’
‘ശിക്ഷയില്‍ സര്‍ക്കാര്‍ വക ഉദാരത’.
‘സര്‍ക്കാരിന് വരുമാനമുള്ളേടത്തോളം നിങ്ങള്‍ എന്ത് ചെയ്താലും സാരല്ല്യ.’
‘മദ്യവും, ലോട്ടറി എന്ന ചൂതാട്ടവും. കേരള ജനത ഭീകരമായ രീതിയില്‍ അഡിക്റ്റഡാണ് അല്ലെ?’
‘തീര്‍ച്ചയായും..! സമയമായി.. എന്നാല്‍ ശരി ഞാന്‍ വരട്ടെ’ എന്ന് പറഞ്ഞു ഞാന്‍ വീട്ടിലേയ്ക്ക് തിരിച്ചു.
മടക്കത്തില്‍ ഒരു കഥ ഓര്‍മ്മ വന്നു.
ഒരിക്കല്‍ ഒരു വയോധികന്‍ തന്റെ ഇളയ മകനെച്ചൊല്ലി ഏറെ ദുഃഖിതനായിരുന്നു. അവന്‍ മദ്യപാനിയും ചൂതു കളിക്കാരനുമായിരുന്നു. ആരുടേയും ഉപദേശം ചെവിക്കൊണ്ടില്ല.
ഒടുവില്‍ ആസന്ന മരണ ശയ്യയിലായിരുന്ന അച്ഛന്‍ മകനെ വിളിച്ചു ഇങ്ങനെ ഉപദേശിച്ചു. ‘മോനേ.. നീ ചൂതു കളിക്കുകയാണെങ്കില്‍ നഗരത്തിലെ ഏറ്റവും നല്ല ചൂതുകളിക്കാരനുമായി ചൂത് കളിക്ക്.. അതുപോലെ മദ്യപിക്കുകയാണെങ്കില്‍ ഏറ്റവും നല്ല മദ്യപാനിക്കൊപ്പം ഇരുന്ന് മദ്യപിക്ക്.’
ആ ഉപദേശം മകന് ഏറെ ഇഷ്ടപ്പെട്ടു. അച്ഛന്റെ മരണശേഷം അവന്‍ ഏറ്റവും നല്ല ചൂതുകളിക്കാരെ തേടി നടന്നു. അവസാനം അവരെ നഗരത്തിനു വെളിയില്‍ കണ്ടെത്തി. അവരാകട്ടെ പണത്തിനു പകരം ചരല്‍ കല്ല് വെച്ചാണ് കളിച്ചിരുന്നത്. കാരണം അന്വേഷിച്ചപ്പോള്‍ പണമെല്ലാം ചൂത് കളിച്ചു പോയി എന്നവര്‍ പറഞ്ഞു. അത് പോലെ ഏറ്റവും നല്ല മദ്യപാനിയെ തേടി നടന്നു അവസാനം ഒരു കുന്നിന്‍ ചെരുവില്‍ കണ്ടെത്തി. പക്ഷെ അവിടെ മദ്യവും മദ്യപാനവും കണ്ടില്ല . കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു ‘..മോനെ മദ്യത്തിനായി കയ്യിലുള്ളത് മുഴുവന്‍ വിറ്റു തുലച്ചു. ഇപ്പോള്‍ ഒരു പെഗ് വാങ്ങാന്‍ പോലും കാശില്ല. മദ്യമില്ലാതെ വല്ലാതെ വിഷമിക്കുമ്പോള്‍ ഇതാ ഈ സഞ്ചിയില്‍ വിഷപ്പാമ്പുകള്‍ ഉണ്ട്… ഒന്ന് കടിപ്പിക്കും. നിനക്ക് വേണമെങ്കില്‍.. ഒരു കടി..’
പയ്യന്‍ ഓടടാ ഓടി.
അല്ല..അത് പോലെ ഈ മലയാളി എവിടേയ്ക്ക് ഓടും?