കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളില്‍ സാര്‍വ്വത്രികമായി ആരാധിച്ചുവരുന്ന ശക്തിചൈതന്യ സ്വരൂപിണിയായ ദേവതയാണ് കരിഞ്ചാമുണ്ഡി. വിളിച്ചാല്‍ വിളിപ്പുറത്തോടിയെത്തി ശത്രു സംഹാരം നടത്തി ഭക്തമാനസങ്ങള്‍ക്ക് ഉദ്ദിഷ്ടഫലങ്ങള്‍ ഉടനെ കാട്ടിക്കൊടുക്കുന്ന മഹാദേവിയാണിത്. രോഗശാന്തി, ദാരിദ്ര്യനാശം, സന്താനസൗഭാഗ്യം, ദാമ്പത്യസുഖം, സമൃദ്ധി തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം കരിഞ്ചാമുണ്ഡി കടാക്ഷിക്കുമെന്നാണ് വിശ്വാസം. ആടറുത്തു കരിങ്കലശമാടുന്ന കരിഞ്ചാമുണ്ഡി ആരിലും ഭീതി പടര്‍ത്തുന്ന രൂപഭാവങ്ങളോടെയാണ് കാവിന്മുറ്റത്ത് ഉറഞ്ഞാടുക. നെടുനീളന്‍ കുരുത്തോല ഉടയാടയും കരിതേച്ച മുഖത്ത് നാലു വെള്ളപ്പുള്ളി മുഖത്തെഴുത്തും തലമല്ലിക കിരീടവുമാണ് തെയ്യച്ചമയങ്ങള്‍. കൈകളില്‍ കണങ്കൈയിലും ഭുജങ്ങള്‍ക്കുതാഴെയും കുരുത്തോലപ്പൂക്കള്‍ അണിഞ്ഞിരിക്കും. രാവറുതിയില്‍ ചൂട്ടുകറ്റകളുടെ ചെന്തീപ്രഭയില്‍ ചെണ്ടവാദ്യത്തിന്റെ ഉദ്ധത താളത്തില്‍ ഉറഞ്ഞാടുന്ന കരിഞ്ചാമുണ്ഡിയെ കാണാന്‍ സ്ത്രീജനങ്ങള്‍ക്ക് വിലക്കുണ്ട്. കരിഞ്ചാമുണ്ഡിയുടെ ആട്ടക്കലാശങ്ങളും അട്ടഹാസവും അനുഷ്ഠാനവിധികളും കണ്ടു നില്‍ക്കാന്‍ സാധാരണയില്‍ കവിഞ്ഞ മനക്കരുത്ത് അനിവാര്യമാണ്. കലാശത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ദേവി കളിയാമ്പള്ളിക്കു മുന്നിലെ നിലത്ത് ഇരുന്ന് ഘോരനൃത്തച്ചുവട് ആരംഭിക്കും. വെള്ളപ്പുള്ളി തിളങ്ങുന്ന ആ തിരുമുഖത്തു നിന്നു പരന്നൊഴുകുന്ന നോട്ടം ഒരു കളിയാട്ടക്കാലം മുഴുവന്‍ മനസ്സില്‍ തങ്ങിനില്‍ക്കും. കഠിനമായ വ്രതനിഷ്ഠയോടെ ദേവിയെ ഉപാസിച്ചുവരുന്നവരാണ് തെയ്യക്കാര്‍. പെരുവണ്ണാന്‍ സമുദായത്തിലെ ‘തടിക്കടവന്‍’ തറവാട്ടുകാര്‍ക്കു മാത്രമേ ഈ തെയ്യം കെട്ടാന്‍ അവകാശമുള്ളൂ.
വണ്ണാന്‍, പുലയന്‍, ചെറോന്‍, വേലന്‍ എന്നീ വിഭാഗക്കാരും കരിഞ്ചാമുണ്ഡിയെ കെട്ടിയാടാറുണ്ട്. മുഖത്തെ വലിയ പുള്ളിയെ മുന്‍നിര്‍ത്തി തെയ്യത്തിന് പുള്ളിച്ചാമുണ്ഡി എന്ന പേരുകൂടിയുണ്ട്.
ദേവീഭാഗവതം പഞ്ചമസ്‌കന്ധത്തിലെ കഥയാണത്രെ കരിഞ്ചാമുണ്ഡി തെയ്യത്തിന്റേത്. വരബലം നിമിത്തം അഹങ്കാരിയായിത്തീര്‍ന്ന മഹിഷാസുരന്‍ ത്രിലോകങ്ങളും കീഴടക്കി ദുര്‍ഭരണം തുടങ്ങി. ആ ദുര്‍മ്മദത്തിനുമുന്നില്‍ ദേവകിന്നരയക്ഷാദികളും മുനിവൃന്ദവും ബ്രാഹ്‌മണരും ജഡതുല്യരായി. ആശ്രയമറ്റ ദേവന്മാര്‍ വിഷ്ണുദേവനേയും പരമേശ്വരനേയും കണ്ട് സങ്കടമുണര്‍ത്തിച്ചു. ഗംഭീരമായ ദേവസൈന്യങ്ങളുമായി ത്രിമൂര്‍ത്തികള്‍ മഹിഷനോടേറ്റുമുട്ടി. പക്ഷേ പരാജയമായിരുന്നു ഫലം. ശിരസ്സില്‍ പ്രഹരം ഏല്‍ക്കേണ്ടിവന്ന വിഷ്ണു ദേവന്‍ ഗരുഡന്റെ സഹായം കൊണ്ടാണ് വൈകുണ്ഠത്തിലെത്തിയത്. ശരമാത്രയില്‍ പരമേശന്‍ പോലും പരാജയമറിഞ്ഞു. ദുഃഖിതരായ ദേവകളോട് മഹാവിഷ്ണുവാണ് ആ രഹസ്യമറിയിച്ചത്. ”ബ്രഹ്‌മവരം നേടിയ മഹിഷനെ ഒരു സ്ത്രീക്കു മാത്രമേ വധിക്കാനാകൂ… അതിനാല്‍ മൂര്‍ത്തീ തേജസ്സുകളെല്ലാം ഒത്തുചേര്‍ന്ന് ഒരു മഹാദേവിയെ സൃഷ്ടിക്കാം” അതനുസരിച്ച് ബ്രഹ്‌മദേവന്റെ മുഖകമലത്തില്‍ നിന്ന് ആയിരം അര്‍ക്കപ്രഭയോടെ ഒരു തേജോഗോളം ചുഴന്നുവന്നു. വിഷ്ണുവില്‍ നിന്ന് കടുംനീല നിറത്തില്‍ ഒരു തേജോവിലാസം പൊടുന്നനെ ഉയര്‍ന്നു. അത് പരമേശ്വര വഹ്നീ തേജസ്സുമായി ചേര്‍ന്ന് ആദ്യ തേജസ്സില്‍ വിലയിച്ച് മഹാശക്തി സ്വരൂപിണിയായി. തുടര്‍ന്ന് ആദിത്യന്‍, അഗ്നി, വരുണന്‍, കുബേരന്‍, ഇന്ദ്രന്‍, ചന്ദ്രന്‍, അഷ്ടവസുക്കള്‍ എന്നിവര്‍ അവരവരുടെ ശക്തിക്കും അവസ്ഥയ്ക്കും തത്തുല്യമായ തേജോവലയങ്ങള്‍ ആ ദേവിയില്‍ സംലയിപ്പിച്ചു. കറുപ്പും വെളുപ്പും കലര്‍ന്ന കാര്‍ക്കശ്യഭാവമെങ്കിലും കണ്ണിലാര്‍ക്കും കൗതുകമിയറ്റുന്ന സര്‍വ്വാംഗഭൂഷണമണിഞ്ഞ ഒരു സുന്ദരീരൂപം ഭൂമിയുമാകാശവും നിറയുമാറ് പ്രത്യക്ഷയായി. ഹിമവാന്‍ നല്‍കിയ മഹാസിംഹത്തിന്റെ പുറത്തേറി അഷ്ടാദശ കരങ്ങളില്‍ ആയുധങ്ങളുമായി ദേവിദേവലോകപ്പടിയിലെത്തി മഹിഷനെ പോരിനുവിളിച്ചു.
മധുപാനമദംകൊണ്ട മഹിഷന്‍ സുന്ദരാംഗിയായ ദേവിയെ കണ്ടമാത്രയില്‍ത്തന്നെ കൊതിച്ചുപോയി. അവന്‍ തന്റെ പത്‌നീപദവിയാണ് വാഗ്ദാനം ചെയ്തത്. തന്നോട് പരാജയപ്പെട്ടാല്‍ ഇംഗിതം സാധിക്കാമെന്ന് സമ്മതിച്ച ദേവിയോട് യുദ്ധം തുടങ്ങി. ആ യുദ്ധത്തില്‍ മഹിഷന്റെ മന്ത്രിസത്തമന്മാരായ ബാഷ്‌ക്കളന്‍, താമ്രന്‍, ദുര്‍മുഖന്‍, ചിക്ഷുരന്‍ തുടങ്ങിയ വീരന്മാര്‍ വീണടിഞ്ഞു. ഒടുവില്‍ ഉഗ്രകോപിഷ്ഠനായ മഹിഷാസുരന്‍ തന്നെ മുന്നിലെത്തി. മാരിപോലെ ശരവര്‍ഷം നടത്തി. പാഞ്ഞെത്തിയ മഹിഷനെ ദേവി വിഷ്ണു നല്‍കിയ ചക്രമെറിഞ്ഞ് കഴുത്തറുത്തു. അസുരവിനാശം വരുത്തിയ മഹാദേവി ശത്രുസംഹാരരൂപിണിയായി ധര്‍മ്മസംസ്ഥാപനത്തിന്നായി ഭൂമണ്ഡലത്തിലേക്കിറങ്ങി.
ചണ്ഡമുണ്ഡാസുര വിനാശത്തിന് അവതരിച്ച ചണ്ഡികാ ദേവിയാണ് കരിഞ്ചാമുണ്ഡി എന്ന കഥയും പഴമക്കാര്‍ക്കിടയിലുണ്ട്. അസുരന്മാരുടെ കുടിലതകേട്ട് മനം കലങ്ങിയ പാര്‍വ്വതീദേവി കോപംകൊണ്ട് കാളമേഘനിറം പൂണ്ടു എന്നും ആ കറുപ്പിനെ മുന്‍നിര്‍ത്തിയാണ് ദേവിക്ക് കാളി (മ) എന്നു പേര്‍ വന്നതെന്നും കഥയുണ്ട്. അതുകൊണ്ടാണത്രെ ഈ കറുത്ത ദേവിയെ കരിഞ്ചാമുണ്ഡി എന്നു പേരിട്ടു വിളിക്കുന്നത്.
ജഗദാനന്ദമൂര്‍ത്തി സാക്ഷാല്‍ കാര്‍ത്യായനീദേവിയായ സോമേശ്വരിദേവിയുമായി കരിഞ്ചാമുണ്ഡിക്ക് അഭേദ്യമായ ബന്ധമുണ്ട്. സോമേശ്വരീദേവിയുടെ ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ള തിരുനട സ്ഥാനങ്ങളിലാണ് മിക്ക കരിഞ്ചാമുണ്ഡി അറകളും നിലകൊള്ളുന്നത്. കൂവേരി കൊട്ടക്കാനം പുല്ലായ്‌ക്കൊടി തറവാട്, പടപ്പേങ്ങാട്, പുഴാതി, ചേലോറ, കൊക്കാനിശ്ശേരി, തെക്കുമ്പാട് കൂലോം തുടങ്ങിയ സ്ഥലങ്ങള്‍ ഈ സത്യം വിളിച്ചോതുന്നു.
കരിഞ്ചാമുണ്ഡിയുടെ തോറ്റംപാട്ടുകളില്‍ കണ്ടെടുക്കാന്‍ കഴിയാത്ത പല ഐതിഹ്യങ്ങളും നാട്ടുപുരാവൃത്തങ്ങളായി പ്രചരിച്ചു വരുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ അത്തരം വിസ്മയകഥകള്‍ക്കാണ് ഗ്രാമീണര്‍ മുന്‍തൂക്കം നല്‍കിവരുന്നതും തന്നിമിത്തം ഭയഭക്തിയോടെ ആരാധിക്കുന്നതും. സവര്‍ണ്ണ സമുദായക്കാവുകളില്‍ കെട്ടിയാടുന്ന കരിഞ്ചാമുണ്ഡിക്ക് ഇല്ലാത്ത ഒരു നാട്ടുപുരാവൃത്തം പുലയ വിഭാഗം അവതരിപ്പിക്കുന്ന ഇതേ തെയ്യത്തിന് കാണാം. തന്റെ ഗര്‍ഭിണിയായ ഭാര്യയുടെ ഭ്രൂണം കടിച്ചുകീറി ചോരകുടിച്ച ഈ കാട്ടുമൂര്‍ത്തിയെ മൈത്താന്‍ എന്ന മാപ്പിള ചവിട്ടി നടുവൊടിക്കുന്ന കഥയാണത്. ഒരു പാതിരാത്രിയില്‍ പേറ്റുനോവ് വന്ന പ്രിയപത്‌നിക്കുവേണ്ടി മൈത്താന്‍ ചൂട്ടുകറ്റയുമായി വയറ്റാട്ടിയുടെ വീടുതേടി പാഞ്ഞുപോയത്രെ. കൊടുങ്കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ സങ്കടപ്പെട്ടു പായുന്ന ചൂട്ടുകാരനെ വഴിവക്കിലെ വള്ളിയൂഞ്ഞാലില്‍ ആടിരസിക്കുന്ന ഒരു സുന്ദരി മാടിവിളിച്ച് കാര്യം തിരക്കുന്നു. വെപ്രാളം വേണ്ടെന്നും പേറെടുക്കാന്‍ ഞാന്‍ കൂടെ വരാമെന്നും അവള്‍ പറഞ്ഞപ്പോള്‍ മൈത്താന്‍ സമ്മതിക്കുന്നു. നിലവിളിക്കുന്ന ഭാര്യയുടെ അരികിലെത്തി വാതിലടച്ച സുന്ദരി പിന്നെ പുറത്തിറങ്ങിയില്ല. നിലവിളിയോ ഞരക്കമോ കേള്‍ക്കാതായപ്പോള്‍ മൈത്താന്‍ പതുക്കെ വാതില്‍ തുറന്നു. അവിടെ കൊച്ചുവിളക്കിന്റെ അരികില്‍ കരു കടിച്ചുകീറി ചോര കോരിക്കുടിക്കുന്ന കറുത്ത രൂപം! കയ്യില്‍ക്കിട്ടിയ ഉലക്കയുമായി പാഞ്ഞുവീണ മൈത്താനെ ഭയന്ന് കറുത്തവള്‍ ഇരുട്ടിലൂടെ ഇറങ്ങിയോടി. തൊട്ടുമുമ്പിലെന്ന് സങ്കല്പിച്ച് മൈത്താന്‍ ഉലക്കകൊണ്ടാഞ്ഞടിച്ചു. കാടു മുഴുവന്‍ മുഴങ്ങുന്ന ഒരു ഭീകരമായ നിലവിളി അവിടെ ഉയര്‍ന്നു. നടുതല്ലി ഉടച്ചതുകൊണ്ടാണത്രെ കരിഞ്ചാമുണ്ഡിത്തെയ്യം തറയില്‍ ഇഴയുന്ന രംഗം അവതരിപ്പിക്കുന്നത്.
കരിഞ്ചാമുണ്ഡിയുടെ ഒന്നാം ആരൂഢസ്ഥാനമായി ആരാധിച്ചു വരുന്നത് പായം കോഴിത്താവളം സ്ഥാനമാണ്. കണ്ണൂര്‍ ജില്ലയില്‍ കാര്‍ത്തികപുരത്തിനും മണക്കടവിനും മധ്യേ കുടകുമലകളോട് ചേര്‍ന്നു നില്‍ക്കുന്ന വനസ്ഥലമാണ് പായം. തോറ്റംപാട്ടുകളില്‍ ‘പായത്തൊന്‍ പതാള്‍’ എന്ന പ്രയോഗം കാണാം. പായത്ത് കരിഞ്ചാമുണ്ഡി, മൂത്ത ചാമുണ്ഡി, ഇളയ ചാമുണ്ഡി, പുള്ളിപ്പോതി, കായങ്കുളത്തമ്മ, വടുവക്കുട്ടി, ചെങ്ങോലന്‍, വീരന്‍, പരവച്ചാമുണ്ഡി എന്നിവരാണത്രെ പായത്ത് പൊടിച്ചുണ്ടായ ഒമ്പതാള്.
വിശ്വാസികള്‍ക്ക് ഉള്‍പ്പുളകം വിതയ്ക്കുന്ന അനേകം അദ്ഭുതങ്ങള്‍ക്ക് വിളനിലമാണ് പായം. അതിലൊന്ന് ഇന്നും ഇവിടെ ആണ്ടുകളിയാട്ട വേളയില്‍ കുടകുവനത്തില്‍ നിന്നെത്തുന്ന തേനീച്ചകളാണ്. ആണ്ടുത്സവച്ചടങ്ങായ തെളിപന്തലിടല്‍ എന്ന ജോലി തുടങ്ങുമ്പോള്‍ കുടകു കാട്ടില്‍ നിന്ന് കൂട്ടംകൂട്ടമായി ഇവിടേക്ക് ചാമുണ്ഡി കടന്നല്‍ (തേനീച്ചകള്‍) വന്നുചേരും. തെയ്യാട്ട നേരത്ത് ഓലച്ചൂട്ടുകള്‍ ഉയര്‍ന്നു കത്തുമ്പോള്‍ ദേവിയുടെ തിരുമുടിപോലെ അഞ്ചും പത്തും തേനീച്ചക്കൂടുകള്‍ മരങ്ങളില്‍ തൂങ്ങിനില്‍ക്കും. ഇവയുടെ ഒരതിക്രമമോ ഉപദ്രവമോ ഇന്നുവരെ ഇവിടെ ഉണ്ടായിട്ടില്ല. തേനീച്ചകളുടെ തീര്‍ത്ഥാടനം കാണാന്‍ ഇക്കാലത്തും ഇവിടെ കരിഞ്ചാമുണ്ഡീ ഭക്തന്മാര്‍ എത്തുക പതിവാണ്.
ചണ്ഡമുണ്ഡാസുര വിനാശിനിയായും മഹിഷാസുര മര്‍ദ്ദിനിയായും സര്‍വ്വ ശത്രുവിനാശിനിയായും ആയിരങ്ങള്‍ ആരാധിച്ചുവരുന്ന ഈ ദേവി ത്രിഗുണാത്മികയാണ്. സാത്വികവും രാജസവും താമസവുമായ ഗുണങ്ങളെ ഉല്‍ഘോഷണം ചെയ്യുന്ന ഒട്ടനേകം അനുഷ്ഠാനങ്ങള്‍ തെയ്യം നിര്‍വ്വഹിക്കുന്നതു കാണാം. അസുരവധം നടത്തുന്ന രംഗം കറുത്തൊരു ആടിനെ കടിച്ചുകൊല്ലുന്നവിധം പഴയ കാലത്ത് അവതരിപ്പിക്കുക പതിവായിരുന്നു. കാലപ്രയാണത്തി നനുസരിച്ച് ഇന്നത് കോഴിയെ പുരസ്‌ക്കരിച്ചാണ് ചിലേടങ്ങളില്‍ നടത്തുന്നത്. കരിങ്കോഴിയുടെ കഴുത്ത് കടിച്ച് ചോരയൂറ്റിക്കുടിക്കുന്ന ഈ രൗദ്രകാളി തെല്ലൊരു ഭീതിദ ദൃശ്യമാണ് സമ്മാനിക്കുക.
കരിഞ്ചാമുണ്ഡിദേവിയെ ആരാധിച്ചുവരുന്ന ഗ്രാമങ്ങളില്‍ സത്യപരിപാലികാ പദവികൂടി ഈ ദേവതയ്ക്കുണ്ട്. പ്രമാദമായ മോഷണക്കുറ്റങ്ങള്‍ അനേകമെണ്ണം ഈ ദേവിയുടെ തിരുമുമ്പില്‍ തെളിയിച്ചിട്ടുണ്ടത്രെ. എല്ലാം കാണുന്ന ആ തിരുനയനങ്ങള്‍ക്കുമുമ്പില്‍ ‘തപ്പും പിഴയും’ പൊറുക്കുവാന്‍ പ്രാര്‍ത്ഥിച്ചു കരയുന്ന അപരാധികളെ ഇന്നും ഈ കാവുകളില്‍ കാണാം. ഭക്തന്മാരുടെ വിശ്വാസധാര ഇത്രയേറെ വാരിച്ചൂടിയ മറ്റൊരു ചാമുണ്ഡിയും ഇല്ലെന്നുതന്നെ പറയാം.
തോറ്റംപാട്ട്
സരസ്വതി വരികെന്‍ നാവില്‍
ഗണപതി വലത്തു നില്‍ക്കേ……
മുക്കറം പുറപ്പെടുമ്പോലെ
മൂക്കൃതനീക്കുലയുടെ മാലതൂക്കി
കോല്‍കള്‍ വന്ന് കൂട്ടമിട്ട്
കാല്‍കള്‍ വന്ന് വിശപ്പെട്ട്
കൂടമാതാളറച്ചെന്നിന പരദേവതേ
ഇരുള് കൊണ്ടൊരു പന്തലാക്കി
രാക്കൊണ്ടൊരു പടുത്തിരിക്ക
ആനന്ദപൂ പറിച്ചിട്ടടിയിന്ന് മുടിയോളം
ആനന്ദ പൂപറിച്ചി പൊന്‍ചൂടി-
ക്കൊണ്ടളമാന തമ്പുരാനേ
നാഗമരം ചന്നനം കാതലാക്കി
സ്ഥാനത്ത് പിടിച്ച പിടികൊണ്ടമൂര്‍ത്തി
കാക്ക് നല്ല പൊന്നും പാടകം
കിങ്ങിണി പൊന്‍ചരടും പൂണുനൂലും
നാഗമരം ചന്നനം കാതലാക്കി
സ്ഥാനത്ത് പിടിച്ച പിടികൊണ്ടമൂര്‍ത്തേ
നിങ്ങളോരാറ്റകം തോറ്റകം
ഞാനറിയാതെ ചൊല്ലി സുതിക്കുന്നേരം
നിങ്ങളറിഞ്ഞു കേള്‍ക്കവേണം
പായത്ത് കരിഞ്ചാമുണ്ഡ്യമ്മേ….
നിങ്ങളോ രാശി സ്വരൂപായതും നീ
ചന്ദ്രസ്വരൂപായതും നീയേ ദേവീ
ഇന്ദ്രസ്വരൂപായതും നീയേ ദേവി
ഭൂദേവിയരിക്കനായതും നീയേ ദേവീ
പാര്‍വ്വതിയായതും നീയേ ദേവീ
പരമേശ്വരിയായതും നീയേ ദേവീ
പൊന്നുരുവായതും നീയേ ദേവീ
വെള്ള്യുരുവായതും നീയേ ദേവീ
ആനയുരുവായതും നീയേ ദേവീ
(തുടരും)
Comments