Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കുണ്ടോറച്ചാമുണ്ഡി

ഡോ.ആര്‍.സി.കരിപ്പത്ത്

Print Edition: 25 March 2022

തെയ്യപ്രപഞ്ചത്തില്‍ അതിപ്രാചീനകാലം മുതല്‍ തന്നെ ആരാധിച്ചുപോരുന്ന ശക്തിസ്വരൂപിണിയാണ് കുണ്ടോറച്ചാമുണ്ഡി. വടക്ക് ചന്ദ്രഗിരിപ്പുഴ മുതല്‍ തെക്കു വളപട്ടണം പുഴ വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിലെ തെയ്യക്കാവുകളിലും സ്ഥാനങ്ങളിലും തറവാട്ടകങ്ങളിലും ഭക്ത്യാദരങ്ങള്‍ ഏറ്റുവാങ്ങി പരിലസിക്കുന്ന ദേവതയാണിത്. വടക്കന്‍ കേരളത്തിലെ തെയ്യാട്ടം തുടങ്ങുന്ന തുലാപ്പത്തിനു തൊട്ടുമുമ്പുതന്നെ ആദ്യമായി അരങ്ങിലിറങ്ങുന്ന തെയ്യവും കുണ്ടോറച്ചാമുണ്ഡി തന്നെ. പയ്യന്നൂരിനടുത്ത തെക്കടവന്‍ തറവാട്ടിലാണ് ഈ തെയ്യാരംഭം തുലാം എട്ടിന് കുറിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ തെയ്യാട്ടാരംഭം പ്രാചീനകാലത്തോളം നീളുന്ന വിശ്വാസധാരയാണ് വെളിവാക്കുന്നത്. കുണ്ടോറച്ചാമുണ്ഡിയെ അവതരിപ്പിച്ചുവരുന്ന വേലന്മാരാണ് ആദ്യകാലത്തെ തെയ്യക്കാരെന്നും ആദിപരാശക്തീദേവിയെ കോലം ധരിച്ചാടുവാന്‍ ആദ്യമായി രാജാനുവാദം നേടിയതിവരാണെന്നും കഥയുണ്ട്. ഈ സമുദായക്കാര്‍ കെട്ടിയാടിവരുന്ന കുറത്തി, പരവച്ചാമുണ്ഡി, തൊരക്കാര്‍, മോന്തിക്കോലം തുടങ്ങിയവയില്‍ ഇവര്‍ മുഖ്യോപാസന നടത്തുന്ന ദേവിയും ഇതുതന്നെയാണ്. തുളുപദ സമൃദ്ധമായ വരവിളിത്തോറ്റവും പ്രാചീനത വിളിച്ചോതുന്ന മുഖത്തെഴുത്തും പുറത്തട്ടുമുടിയും പറയും കിണ്ണവും ചെണ്ടയുമൊപ്പം കാട്ടിക്കൊമ്പ് എന്ന സുഷിരവാദ്യവും കുണ്ടോറച്ചാമുണ്ഡിയാട്ടത്തിന്റെ പ്രാചീനതയ്ക്കു തെളിവുകളാണ്. കലാശവിധങ്ങള്‍ക്കും കാണാം ഈ പ്രാക്തനത. കുണ്ടോറച്ചാമുണ്ഡി ഉറഞ്ഞാടാനെത്തുമ്പോള്‍ കാവ് ശ്രീകൈലാസ സങ്കല്പം കൊള്ളുകയും തെയ്യം ശിവസങ്കല്പത്തില്‍ നൃത്തമാടുകയും ചെയ്യും. പാഞ്ഞടുക്കുന്ന കാലാഗ്നിയെ സ്വയം വിഴുങ്ങി ആപത്തകറ്റിയ മഹാദേവ കഥ അനുസ്മരിക്കുന്നവിധം തെയ്യം കത്തുന്ന നെയ്ത്തിരി കടിക്കുന്ന രംഗം അനുഷ്ഠിക്കുന്നതും കാണാം. തുടര്‍ന്നാണ് ‘കറക്കണ്ടന്റെ പൊന്മകളായി പുറത്തട്ടുമുടിയണിഞ്ഞ് ആടിത്തിമര്‍ക്കുന്നത്. ശത്രുവിനാശവും രോഗശാന്തിയും സന്താനലാഭവും ധനധാന്യ സമൃദ്ധിയും വാരിക്കോരി വഴക്കം ചെയ്യുന്ന ദേവിയായാണ് ഭക്തന്മാര്‍ ഈ തെയ്യത്തെ ഉപാസിച്ചുവരുന്നത്.

ദാരികാസുരവിനാശം വരുത്തിയ സാക്ഷാല്‍ മഹാകാളി തന്നെയാണ് കുണ്ടോറച്ചാമുണ്ഡി. പാരേഴിനും പരിതാപം വളര്‍ത്തിയ ദാരികന്‍ വരബലം മൂലം പരാക്രമിയായി മാറിയപ്പോള്‍ ദേവാദികള്‍ ദുഃഖിതരായി. കരഞ്ഞു കണ്ണീരണിഞ്ഞു തൊഴുതു നില്‍ക്കുന്ന ദേവകളുടെ സങ്കടം കണ്ട് മനസ്സു കലങ്ങിയ മഹാദേവന്‍ പ്രപഞ്ചം കിടുങ്ങുമാറ് താണ്ഡവം തുടങ്ങി. നാലുദിക്കും വിറപൂണ്ടു. ഭൂദേവി പരിഭ്രാന്തയായി. സപ്തശൈലങ്ങളും സാഗരങ്ങളേഴും നടുങ്ങി നിന്നു. ഭഗവാന്റെ ആയിരത്തെട്ടു ജടയില്‍ നിന്നും വടിവൊത്ത നീലമേനിയില്‍ നിന്നും ആറൊഴുകും പോലെ വിയര്‍പ്പൊഴുകി. വെള്ളിവട്ടകയില്‍ നിറച്ച തിരുവിയര്‍പ്പ് എരിയുന്ന അഗ്നികുണ്ഡത്തിലേക്കെറിഞ്ഞപ്പോള്‍ അവിടെ ‘കനലെരികെ പൊടികിളരെ’ ആറു പൊന്മക്കള്‍ പിറന്നുയര്‍ന്നു. അവരില്‍ ബലവീര്യമുള്ള പൊന്മകള്‍ പ്രിയ പിതാവിന്റെ മുമ്പിലെത്തി ചോദിച്ചു. ”എന്തിനാലേ എന്നെ തോറ്റിച്ചമച്ചൂ നീ തിരുവടി തമ്മപ്പായേ?” പൂരം നോറ്റ് പുനല്‍ കുളിച്ചു വരാന്‍ ആവശ്യപ്പെട്ടതു കേട്ട് അവള്‍ കുളികഴിഞ്ഞോടിവന്ന് മാറ്റുമുണ്ടു ചോദിച്ചു. കോലവിരിയന്‍ പട്ടും കൊല്ലവരികന്‍ ചിറ്റാടയും അവള്‍ വലിച്ചെറിഞ്ഞു. ആദിയരശന്റെ കോയിക്കലില്‍ ഞാത്തിയ ചുകപ്പിലിട്ട കൂറ തന്നെ വേണമെന്ന മകളുടെ ശാഠ്യത്തില്‍ കീഴടങ്ങി പരമേശന്‍ തന്നെ അതു ചെന്നുവാങ്ങി പൊന്മകള്‍ക്കു നല്കി. ദൈവം പാടികളെ വരുത്തി മകള്‍ക്കു ദൈവം പാട്ടുപകര്‍ന്നു കൊടുത്തു.

അവതാരോദ്ദേശ്യം തിരിച്ചറിഞ്ഞ ദേവി കഠിനകോപത്തോടെ കൈലാസമിറങ്ങുമ്പോള്‍ പിതാവ് പതിനെട്ടു കരങ്ങളിലും തിരുവായുധങ്ങള്‍ നല്‍കി. ദാരികന്റെ കോട്ടയിലെത്താന്‍ ദേവി കൂട്ടു തേടിയത് വേതാളത്തെയായിരുന്നു. ഉദയകൂല പര്‍വ്വതത്തില്‍ തലവെച്ച് അസ്തകൂല പര്‍വ്വതത്തില്‍ കാലും വെച്ച് മന്ദരമഹാമേരുവില്‍ കിടക്കുന്ന വേതാളത്തെ ദേവി ചെന്നു വിളിച്ചു. വിളികേട്ടു കൊടുങ്കാറ്റായുണര്‍ന്ന വേതാളത്തോട് തന്നെ എടുക്കാന്‍ ബലം പോരുമോ എന്ന ചോദ്യവും പന്തീരാണ്ടായി വിശന്നു കിടക്കുന്ന നിനക്ക് വല്ലാസുരന്റെ ചങ്കും കരളും ചോരയും തരാമെന്ന് വാഗ്ദാനവും നല്‍കുന്നു. സന്തുഷ്ടനായ വേതാളം മുന്‍കാലു താഴ്ത്തി ദേവിയെയും ചുമലില്‍ കയറ്റി ദാരികന്റെ കോട്ടയിലേക്കു കുതിച്ചു. നാലുപാടും പടനിരത്തി കോട്ടനടുവില്‍ ദേവി പീഠമിട്ടിരുന്ന് ദാരികനോട് പടവിളിച്ചു. കേവലം പെണ്ണൊരുത്തി ആദ്യം ഭിക്ഷക്കാരി വേഷത്തിലും പിന്നെ യുദ്ധക്കാരിയായും വെല്ലുവിളിക്കുന്നതു കേട്ട് ദാരികന്‍ പൊട്ടിച്ചിരിച്ചു. കളിയായിട്ടെന്നപോലെ പോരുതുടങ്ങി. ഓരോ മണിമാടവും കീഴടക്കിയ ദേവി ഏഴാം മണിമാടം കഴിഞ്ഞപ്പോള്‍ വീര്യം ചോര്‍ന്നുപോയ ദാരികനെ കടന്നുപിടിച്ചു. വലംകൈകൊണ്ട് അവന്റെ മുടിയില്‍ പിടിച്ച് മൂന്നുലോകത്തേക്കും ചുറ്റി തൃപ്പടിയില്‍ ആഞ്ഞടിച്ചു. പാതി ജീവനും മറഞ്ഞ ദാരികന്‍ ‘കൊല്ലല്ലെ കാളീ’ എന്ന് ദീനദീനം അപേക്ഷിച്ചു. പക്ഷേ പരമദുഷ്ടനായ ദാരികനെ കൊല്ലാതെ വിടുന്നതെങ്ങനെ? ആകാശത്തു വെച്ച് അറുത്താല്‍ നക്ഷത്രാദികള്‍ക്കു ബലം കുറയും. ഭൂമിയിലായാല്‍ ചെറുമനുഷ്യര്‍ക്ക് അല്ലലുണ്ടാകും. ഒടുവില്‍ ദാരികനെ വേതാളത്തിന്റെ നാവില്‍ മലര്‍ത്തിക്കിടത്തി ദേവി തലയറുത്തു. ദേവകള്‍ ആകാശദേശത്തു നിരന്നുനിന്ന് പുഷ്പവൃഷ്ടി നടത്തി.

പിതാവിന്റെ നിയോഗമനുസരിച്ച് ദേവി നേരെ ഭൂമിയിലേക്കിറങ്ങി. കുതിച്ചു കുണുങ്ങിപ്പാഞ്ഞൊഴുകുന്ന പാപനാശിനിയായ കാവേരിപ്പുഴ ദേവിക്ക് കരളില്‍ ആനന്ദം നിറച്ചു. യുദ്ധപാരവശ്യവും മാലിന്യവും കഴുകി ശുദ്ധി നേടുവാന്‍ ദേവി കാവേരിയില്‍ ഇറങ്ങി. നീന്തിത്തുടിക്കുന്നതിനിടയിലാണ് മേലേപ്പടവില്‍ തീര്‍ത്ഥസ്‌നാനത്തിനിറങ്ങുന്ന കുണ്ടോറ തന്ത്രിയെയും എട്ടില്ലം തന്ത്രിയെയും കണ്ടത്. മന്ത്രതന്ത്രവിശാരദനെന്ന കീര്‍ത്തിപ്പേരു നേടിയ കുണ്ടോറ തന്ത്രിയെ വശംകെടുത്താന്‍ തീരുമാനിച്ച ദേവി തന്ത്രിയുടെ നീര്‍മന്ത്രവാദത്തില്‍ ”തപ്പും പിഴയും” വരുത്തി. യമനിയമാദികള്‍ ഇന്നോളം മുടങ്ങാത്ത തനിക്ക് വന്നുപെട്ട വിനയെന്തെന്നു തിരിച്ചറിഞ്ഞ കുണ്ടോറ തന്ത്രി ദിവ്യമന്ത്രാവാഹനത്താല്‍ ദേവിയെ ചെറിയ ഒരു ചെമ്പു കിടാരത്തില്‍ അടക്കി ഭദ്രമായി വായമൂടിക്കെട്ടി. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ തന്ത്രിയുടെ കയ്യിലെ കിടാരത്തില്‍ ദേവി വീര്‍പ്പുമുട്ടാന്‍ തുടങ്ങി. മൂന്നുനാളത്തെ പെരുവഴി മുക്കാതമായി ചുരുങ്ങി. പൊരിവെയിലില്‍ നടന്നു തളര്‍ന്ന തന്ത്രിയും ചങ്ങാതിയും വഴിവക്കിലെ വടവൃക്ഷത്തണലില്‍ ഒന്നു വിശ്രമിച്ചു. സാന്ത്വനമെന്നപോലെ ഒരു കുളിര്‍കാറ്റുവീശി. തന്ത്രിമാര്‍ വടവൃക്ഷം ചാരിയിരുന്ന് ഗാഢനിദ്രയിലാണ്ടു. ദിഗന്തം നടുങ്ങുമാറ് കിടാരം പൊട്ടിത്തെറിച്ച് ദേവി അട്ടഹസിച്ചു. പാറിപ്പറന്ന ദേവി കുമ്പഴക്കോവിലകത്തെ നൂറ്റൊന്ന് ആല കാലികളെ ഒറ്റരാത്രികൊണ്ട് കൊന്നൊടുക്കി. എങ്ങും എവിടെയും ദുര്‍ന്നിമിത്തങ്ങള്‍ നടമാടിയപ്പോള്‍ കുമ്പഴക്കോവിലകത്തേക്ക് ദൈവജ്ഞന്മാരോടിയെത്തി. ദാരികാന്തകി മഹാകാളിക്ക് പൂജയും വിളക്കും പീഠവും നല്‍കിയില്ലെങ്കില്‍ നാടുമുടിയുമെന്നവര്‍ മുന്നറിവു നല്‍കി. എന്നാല്‍ തന്റെ നൂറ്റൊന്ന് ആലയിലെ കാലികളെ മുന്‍പെന്നപോലെ മുന്നില്‍ കാട്ടിയാല്‍ കുണ്ടോറ ഭഗവാന്റെ വലഭാഗത്ത് കാവൊരുക്കി പീഠം നല്‍കാമെന്നായി നാടുവാഴി. പറഞ്ഞ വാക്ക് ഒടുങ്ങും മുമ്പേ ആലകളില്‍ കാലികള്‍ നിറഞ്ഞു. ഭക്ത്യാദരങ്ങളോടെ കുണ്ടോറ തന്ത്രിയും നാടുവാഴിയും നാട്ടുകൂട്ടവും കുണ്ടോറ നാട്ടില്‍ ചണ്ഡികാദേവിക്ക് പീഠം വഴക്കം ചെയ്തു. ചണ്ഡികാദേവി കുണ്ടോറച്ചാമുണ്ഡി എന്ന പേരുനേടി.

തട്ടൊത്ത മലനാടുദേശം നോക്കിക്കാണാന്‍ കൊതിച്ച ദേവി തെക്കോട്ടു വഴിതിരിഞ്ഞപ്പോള്‍ ആണ് കീഴൂര്‍ നാട്ടിലെത്തിയത്. പെരുവഴിക്കു നില്‍ക്കുന്ന കീഴൂര്‍ ശാസ്താവ് ആര്‍ക്കും തൃക്കാല്‍ തെറ്റി വഴക്കം കൊടുക്കുക പതിവില്ലായിരുന്നു. ശാഠ്യം തുടര്‍ന്ന ദേവി ”ഒരു വ്യാഴവട്ടം പന്തീരാണ്ട്” കാലം തൃപ്പടിയില്‍ ഒറ്റക്കാലൂന്നി തപസ്സു ചെയ്തു. അഹിതങ്ങള്‍ നാട്ടില്‍ നിറഞ്ഞു. ശാസ്താവിന്റെ പൂജാരി ദാരുണമായി വധിക്കപ്പെട്ടു. കണ്ണുതുറന്ന ശാസ്താവ് ചൈതന്യശേഷി കാട്ടുവാന്‍ ആവശ്യപ്പെട്ടു. ബലശക്തിശാലിനിയായ കുണ്ടോറച്ചാമുണ്ഡി ആ വെല്ലുവിളി സ്വീകരിച്ചു. കാഞ്ഞിരോട്ടു പെരുമ്പുഴക്കരയിലെ ആരിയമണല്‍ പാറ്റിത്തൂറ്റി പടുകൂറ്റന്‍ കമ്പക്കയര്‍ പിരിച്ചാണ് ദേവി ശാസ്താവിന് കാഴ്ചവെച്ചത്. മണലുകൊണ്ട് കമ്പക്കയര്‍ വിരിച്ച ദേവിയെ ശാസ്താവ് അംഗീകരിച്ചു. തൃക്കാല്‍ തെറ്റി വഴി ഒഴിഞ്ഞുകൊടുത്തു.

വീട്ടേക്കു വീട്ടു പരദേവതയായും നാട്ടേക്ക് നാട്ടുപരദേവതയായും സ്ഥാനം നേടിയ ദേവി തുളുനാടു മുതല്‍ കോലത്തുനാടുവരെ സഞ്ചരിച്ചു. തൃക്കണ്ണാട്, മന്ദന്‍പുറത്തുംകാവ്, കുമ്മണാര്‍ കളരി, ചെറുവത്തൂര്‍, കാലിക്കടവ്, ഉദിനൂര്‍, തൃക്കരിപ്പൂര്‍, കരിവെള്ളൂര്‍, പയ്യന്നൂര്‍, കുഞ്ഞിമംഗലം, പെരിഞ്ചെല്ലൂര്‍, അഴീക്കോട് തുടങ്ങിയ കാവുകളിലെല്ലാം ദേവി സാന്നിധ്യമറിയിച്ചതായി തോറ്റംപാട്ട് വിശദമാക്കുന്നു.

തോറ്റംപാട്ട്
ഗണപതി വലത്തുനിക്ക
സരസ്വതി വരികെന്‍ നാവിന്മേല്‍
ഗുരുവുടെയനുഗ്രഹത്താല്‍
ഗുണമൊടു സ്തുതിക്കുന്നേന്‍
വെറുക്കല്ലേ… കാളീ.
തിരുക്കണ്ണില്‍ പിറന്ന മൂര്‍ത്തീ
പടക്കുടന്‍ പുറപ്പെടുമ്പോള്‍
അറുവറുക്കിളയ ദേവി
ദുര്‍ഗ്ഗേ നീ തമ്പൂരാട്ടി
തന്നിലെ തകര്‍ത്തോരെട്ടും
ഭൂതവേതാളമലറിച്ചെന്നു
ആനകള്‍കാതിലിട്ടു
പുലിത്തോലരയില്‍പൂണ്ട
നിന്‍മദത്തെതളര്‍ത്തിവന്ന
ശരീരത്തെ രക്ഷിപ്പാന്‍
നമുക്കുനാരായണിയോം
ചരാചരമൂലനാഥേ …
ശ്രീമഹാദേവന്‍ തന്റെ
മൂന്നാം തൃക്കണ്ണുമ്മല്‍
കനലെരികപ്പൊടി കിളര
പൊടിച്ചുണ്ടായ കാളി
എന്തിനായിക്കൊണ്ടെന്നെ
തോറ്റിച്ചമച്ചിതു
ശ്രീമഹാദേവന്‍ തിരുവടി നല്ലച്ചാ
നിന്നെ തോറ്റിച്ചമര്‍ച്ചതു
ഇടയിലോകത്തുണ്ടു
ചെറുമനുഷ്യര്
അവരിക്കുവരുന്ന നട്ടകൂട്ടം
ബപ്പ് ബസൂരി, നട്ടപ്രാന്ത്
തടകിഴിച്ച് ഗുണപ്പാട് വരുത്തി
അഴകിതായ കളത്തില്‍വെച്ച്
പാലിക്കേണം നീ …
അപ്പോളുടനെ ചോദിക്കുന്നല്ലോ
കാളിയായ പൊന്മകള്
ഞാനേതൊരുപെരുവയിക്ക്
ശ്രീകൈലാസം വിട്ട്
ഇടവിലോകം തേരുതാകേണ്ടത്

തെയ്യച്ചമയം
ശിരോലങ്കാരങ്ങളും കഴുത്തില്‍കെട്ടും മൂലാറും അരയില്‍ വെളിമ്പനുമേലെ തിരിയാടയുമാണ് തെയ്യച്ചമയം. കുരുത്തോല കമനീയമായി മുറിച്ചെടുത്ത് അരികുകള്‍ തുന്നിച്ചേര്‍ത്ത വട്ടപുറത്തട്ടു മുടിയാണ് തിരുമുടി. മുഖത്തേപ്പില്‍ മനയോലയും ചായില്യവും കരിമഷിയുമുണ്ടാകും. നെറ്റിയില്‍ വെള്ളിചന്ദ്രക്കലയും മൂക്കിന്നിരുപുറവും കവിളിലും കുങ്കുമത്തേപ്പുമാണ് വിധി. പുറത്തട്ടില്‍ വ്യക്തമായി കാണുന്നവിധത്തില്‍ പത്ത് വെള്ളി ചന്ദ്രക്കലയുണ്ടാകും. ഇളങ്കോലമെന്ന വേഷം തെയ്യത്തിനില്ലെങ്കിലും കാവിന്മുറ്റത്ത് കോലക്കാരനും സംഘവും ‘കൊട്ടിപ്പാടിയുണര്‍ത്തുന്ന’ ചടങ്ങുണ്ട്.

തുളുവേലരുടെ പൂര്‍വ്വികന്മാര്‍ കര്‍ണ്ണാടകത്തിലെ കുന്ദാപുരത്തു നിന്നാണ് മലനാട്ടിലെത്തിയതെന്നും അവിടെ ഇവര്‍ ആരാധിച്ചുവന്ന കുന്ദാപുരച്ചാമുണ്ഡിയാണ് ഇന്നത്തെ കുണ്ടോറച്ചാമുണ്ഡി എന്നും അഭിപ്രായമുണ്ട്. കുന്ദാപുരം ഉച്ചാരണ ഭേദത്താല്‍ കുന്ദാവ്വറ എന്നും കുണ്ടോറ എന്നും മൊഴിമാറ്റം വന്നതാണെന്നും വാദങ്ങള്‍ ഉണ്ട്. തെയ്യാട്ടരംഗത്തെ ഏറ്റവും പ്രാചീനമായ കോലമാണ് കുണ്ടോറച്ചാമുണ്ഡി എന്നതില്‍ അഭിപ്രായഭേദമില്ല.
(തുടരും)

 

Tags: തെയ്യംതെയ്യം-അനുഷ്ഠാനകലയുടെ സൌന്ദര്യം
Share3TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies