പതിവുപോലെ ഓഫീസില്‍ കാക്കൂര് ശ്രീധരന്‍മാഷുടെ തല. ഒരെത്തിനോട്ടം.
‘വരൂ വരൂ ..’ഞാന്‍ ക്ഷണിച്ചു. ‘കുറെ നാളായല്ലോ കണ്ടിട്ട് ..ബാങ്കില്‍ വന്നതായിരിക്കും അല്ലേ?’
കാലഭേദം ഇല്ലാതെ കുടയുമായി നടക്കുന്ന മാഷ് കുട ഒരു മൂലയ്ക്ക് വെച്ച് ഇരുന്നു. ‘അതെ… കുറെ നാളായി പുറത്തിറങ്ങിയിട്ട് .. എവിടെയും പോകാറില്ല.. ഒരു കല്ല്യാണത്തിന് കൂടി പോവാറില്ല’.
‘അയ്യോ.. എവിടെ പോയാലും..കല്യാണത്തിന് പോകരുതേ’ എന്ന് ഞാന്‍.. മാഷ് ചിരിച്ചു.
‘ഉത്തരകേരളം കല്യാണപ്പേടിയിലാണിപ്പോ.. എവിടെ നിന്നും ബോംബേറ് വരാം’
‘ശരിയാണ്.. അത്രയ്ക്ക് അധ:പതിച്ചു..കഷ്ടം!’
മാഷുടെ ദു:ഖം സത്യസന്ധമായിരുന്നു.
‘നമ്മുടെ പവിത്രമായ, മംഗളകരമായ കര്‍മ്മങ്ങളെ വികലമാക്കുന്നത് ആരാണ്? എന്താണ് മാഷുടെ അഭിപ്രായം?’.
‘അത് എല്ലാവര്‍ക്കും അറിയുന്നതല്ലേ?..കമ്മ്യൂണിസ്റ്റുകള്‍! അതല്ലാതെ ആര്‍ക്കാണ് അതൊക്കെ ഇത്രയും പുച്ഛമായി തോന്നുന്നത്… ഹൈന്ദവ ആചാരങ്ങളെയും ഗുരുക്കന്മാരെയും ഇങ്ങനെ അവഹേളിക്കുന്നതും മറ്റാരാണ് ? മുമ്പൊക്കെ മാലയായി രണ്ടു ചുകപ്പ് റിബ്ബണും അതിഥികള്‍ക്ക് ചായയും പരിപ്പുവടയുമായിരുന്നു. ഇപ്പൊ കോടീശ്വര മുതലാളിമാരായി.. കുടിയായി, കൂത്താടലായി…സംസ്‌ക്കാര ശൂന്യരായി’
മാഷുടെ വാക്കുകളില്‍ കമ്മ്യൂണിസ്റ്റ് വിരോധം കനക്കുന്നുണ്ടല്ലോ..
‘അങ്ങനെ ഒരു കൂട്ടരെ മാത്രം കുറ്റപ്പെടുത്താന്‍ പറ്റുമോ മാഷേ’? ഞാന്‍ ചോദിച്ചു.
‘അവരിപ്പോള്‍ അനുവര്‍ത്തിക്കുന്ന നയം തികച്ചും ഹിന്ദു വിരുദ്ധതയാണ്. സെക്കുലറിസമല്ല. വേണമെങ്കില്‍ എത്രയോ ഉദാഹരണം നിരത്താം’.
‘എങ്കില്‍ പിന്നെ തെക്കോട്ട് ഇത്തരം അമംഗള പരിപാടികള്‍ ഇല്ലാത്തതെന്താ? അവിടെയും കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടല്ലോ?’
‘ഇവിടത്തെപ്പോലെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടോ അവിടെ? ഏറു ബോംബുകള്‍ ഉണ്ടോ? കൊല്ലാക്കൊലയുണ്ടോ? ഏതെങ്കിലും ഒരു വീടിന്റെ പൂമുഖത്ത് കാറല്‍ മാര്‍ക്‌സ് ഈ വീടിന്റെ ഐശ്വര്യം എന്നെഴുതിയത് കാണിക്കാമോ?’
ഞാന്‍ മൗനിയായി. ചില പ്രദേശത്തെ പതിവുകള്‍ ആചാരമായി മാറി പിന്നെ എല്ലാവരും അത് അനുകരിക്കുന്നു എന്ന് വേണം കരുതാന്‍. മാഷ് കരുതുന്നത് പോലെയല്ല, എല്ലാ പാര്‍ട്ടിയിലുള്ളവരും ഇത്തരം ആഭാസപ്രവൃത്തികളില്‍ പങ്കാളികളാണ്.
എന്റെ ചിന്ത വേറെ വഴിയ്ക്കു തിരിഞ്ഞു.
മാഷ് തന്റെ പാര്‍ട്ടിയായ ആ ‘അപ്രസക്ത’ ജനതാദള്‍ വിട്ടുവോ എന്തോ?
ഞാന്‍ തുടര്‍ന്നു.
‘എന്തുകൊണ്ടാ മാഷേ…ഈ കമ്മ്യൂണിസ്റ്റുകള്‍ ഇങ്ങനെ ഹിന്ദുത്വത്തെ മാത്രം ആക്രമിക്കുന്നത്? മറ്റു മതസ്ഥരുടെ വിവാഹം അലങ്കോലപ്പെടുത്താന്‍ ആ മതങ്ങളിലെ കമ്മ്യൂണിസ്റ്റുകള്‍ ശ്രമിക്കാത്തതെന്താ?’
‘ങാ അപ്പൊ കാര്യമറിയും! മറ്റു മതങ്ങളിലെ കമ്മ്യൂണിസ്റ്റുകള്‍ കുഞ്ഞാടുകളും ദീനികളുമാണ്. ഹിന്ദുമതത്തിലെ കമ്മ്യൂണിസ്റ്റുകള്‍ തലപ്പ്രാന്തന്മാരും’
‘തലപ്പ്രാന്തന്മാര്‍?’ ആ പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു.
‘ബോംബെറിഞ്ഞു തല പൊട്ടിക്കുന്ന തലപ്പ്രാന്തന്മാര്‍? തലച്ചെല്ലന്‍ തെയ്യം ആയിരിക്കും ഇവരുടെ ആരാധനമൂര്‍ത്തി അല്ലെ?’
മാഷ് ചിരിച്ചു.
പക്ഷെ ചിരി പെട്ടെന്ന് മാഞ്ഞു. ഒരു നിമിഷം എന്തോ ആലോചിച്ചു. ഒരു ജീവന്റെ നഷ്ടത്തെക്കുറിച്ചു ഓര്‍ത്തതായിരിക്കാം.
എന്നിട്ട് ഒരു ചിന്തകനെപ്പോലെ പറഞ്ഞു. ‘വാസ്തവത്തില്‍ കമ്മ്യൂണിസം ഒരു പാശ്ചാത്യ ചിന്തയാണ്. അത് മറ്റു വിദേശ മത ദര്‍ശനങ്ങളെപ്പോലെ ഭാരതീയതയെ അംഗീകരിക്കില്ല. നമ്മുടെ ആചാരങ്ങളെയും സംസ്‌കൃതിയേയും എന്നും വില കുറച്ചു കാണും. കളിയാക്കും, അവഹേളിക്കും.’
‘മാഷേ.. കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ ഉത്തരേന്ത്യയിലെ പേര് ഭ.ക.പ എന്നാണ് ഭാരതീയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.’
‘ഹ ഹ. അവിടെ പാര്‍ട്ടിയ്ക്ക് നിലനില്‍പ്പ് ഇല്ലാത്തത് കൊണ്ടാ. ഭാരതീയ എന്നൊക്കെ.. വോട്ട് പിടിക്കാന്‍.
അത് അതേ രീതിയില്‍ എന്തുകൊണ്ട് ഇവിടെ ഉപയോഗിക്കുന്നില്ല? ദേശത്തോട് തീരെ കൂറ് പുലര്‍ത്താത്തവരുടെ പത്രത്തിന് ദേശാഭിമാനി എന്ന് പേരിടുന്ന പോലെയാണ് അവിടെ ആ പേര്.’
‘ശരിയാണ്’ . മാഷുടെ കോപം അടങ്ങി കുറച്ച് റിലാക്‌സ്ഡ് ആയപ്പോള്‍ ഞാന്‍ ചോദിച്ചു:
‘എന്നാലും വിവാഹത്തിനു ചെറിയ തമാശയൊക്കെ ആവാം മാഷേ. അത് എല്ലാ സ്ഥലത്തും ഉണ്ടല്ലോ. ഉത്തരേന്ത്യയില്‍ വരന്റെ ചെരുപ്പ് ഒളിപ്പിച്ചു വെക്കും. വധൂ സഹോദരിമാരുടെ കൊച്ചു കടും കൈ. വരന്‍ തിരഞ്ഞു നടന്നു കുഴങ്ങുമ്പോള്‍ അവര്‍ തന്നെ അത് ‘കണ്ടു പിടിച്ച്’ തിരികെ കൊടുക്കും. അപ്പോള്‍ പണം നല്‍കണം. തമിഴ്‌നാട്ടില്‍ വരനെയും വധുവിനെയും ഒക്കത്തിരുത്തി വോളിബോള്‍ കളിപ്പിക്കും. അങ്ങനെ ഇന്ത്യയില്‍ പലേടത്തും പല പല തമാശകള്‍’
ഇപ്പൊ മാഷ് ശാന്തനായിരിക്കുന്നു.
‘ഞാന്‍ കേട്ടിട്ടുണ്ട്. പിണങ്ങി കാശിക്ക് പോക്കും മറ്റും. അതൊക്കെ ആചാരത്തിന്റെ ഭാഗമാ.’
‘എന്നാല്‍ പല വിദേശ രാജ്യങ്ങളിലും വിചിത്ര ആചാരങ്ങള്‍ നിലവിലുണ്ട്. കമ്മ്യൂണിസ്റ്റ് ക്യൂബയില്‍ വരന്റെ കൂടെ പെണ്ണുങ്ങള്‍ക്കും വധുവിന്റെ കൂടെ ആണുങ്ങള്‍ക്കും ഡാന്‍സ് ചെയ്യാം. പക്ഷെ ഡാന്‍സ് കഴിഞ്ഞാല്‍ കറന്‍സി നോട്ടുകള്‍ ഡ്രസ്സില്‍ പിന്‍ ചെയ്ത് കൊടുക്കണം.
കൊറിയയില്‍ വരന്റെ ഉള്ളം കാലില്‍ മീനും മുളങ്കോലും (ബാംബൂ സ്റ്റിക്) ചേര്‍ത്ത് അടിക്കും.’
‘ഹ..ഹ.. അതെന്തിനാ?’ മാഷ്‌ക്ക് താല്‍പ്പര്യം കൂടി.
‘ആര്‍ക്കറിയാം?.. ഓരോ ആചാരങ്ങള്‍.. ചിലത് പറഞ്ഞാല്‍ മാഷ് മൂക്കത്ത് വിരല്‍ വെച്ചു പോകും.
‘അതെന്താ..?’
‘എന്നാല്‍ കേട്ടോളൂ:
ഫ്രാന്‍സില്‍ അയല്‍ക്കാര്‍ കൊട്ടിപ്പാടി ശബ്ദമുണ്ടാക്കി ആദ്യരാത്രി കൊളമാക്കും. അവര്‍ക്ക് നല്ല ട്രീറ്റ് കിട്ടുന്നത് വരെ ശബ്ദമുണ്ടാക്കും. ചൈനയിലെ തുജിയ ഗോത്രക്കാര്‍ക്ക് വിവാഹത്തിന് മുന്നേ തുടര്‍ച്ചയായി ഒരു മാസം കരയണം. ബോര്‍ണിയോയിലെ ടിഡോങ് ഗോത്രക്കാര്‍ വധൂവരന്മാരെ മൂന്ന് ദിവസം ഒരു മുറിയിലിട്ട് പൂട്ടും. മലമൂത്ര വിസര്‍ജ്ജനത്തിനു പോലും സമ്മതിക്കാതെ.
ഫിജിയില്‍ അമ്മായിയപ്പന് വരന്‍ ഒരു തിമിംഗലപ്പല്ല് സമ്മാനമായി നല്‍കണം. കെനിയയിലെ മസായി ഗോത്രക്കാരില്‍ വധുവിന്റെ അച്ഛന്‍ മകളെ യാത്രയയ്ക്കും മുമ്പേ മുഖത്ത് തുപ്പും. തുപ്പുന്നത് ചില ആഫ്രിക്കന്‍, അറബ് രാജ്യങ്ങളില്‍ നമ്മള്‍ കരുതുന്ന പോലെ അത്ര മ്ലേച്ഛ പ്രവൃത്തിയല്ല.’
‘ഹോ ..’ മാഷ് അറപ്പ് പ്രകടിപ്പിച്ച് പറഞ്ഞു.
‘ഹൊ..ഹോ മതി മതി.. വല്ലാത്ത ജാതി കല്യാണങ്ങള്‍ .. എന്നാലും അവിടെയൊന്നും കേരളത്തിലെപ്പോലെ ആഭാസപ്രവൃത്തികള്‍ ഇല്ലല്ലോ’
‘കേരളത്തില്‍ കോഴിക്കോട് തൊട്ട് കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ആഭാസകരമായ അത്തരം വികൃതികള്‍ നടക്കുന്നത്. ആദ്യമാദ്യം തമാശയായി. ഒരുത്തന്‍ സുഹൃത്തിന്റെ കല്യാണത്തിന് ചില വികൃതി കാണിക്കും. പിന്നെ അവന്‍ പകരം വീട്ടും. അങ്ങനെ അത് തുടരും. ചാക്രിക ഗതി പ്രാപിക്കും. അധികവും മംഗളകരമായ കാര്യങ്ങള്‍ ഒന്നും നടക്കാത്ത കുടുംബങ്ങളിലെ, നിലവിളക്ക് പോലും കൊളുത്താത്ത വീടുകളിലെ, മദ്യം വിളമ്പുന്ന വീടുകളിലെ കല്യാണങ്ങളിലാണ് വികൃതികള്‍ നടക്കുന്നത്. വരനെപ്പറ്റി ആഭാസങ്ങളായ കാര്യങ്ങള്‍ എഴുതി അച്ചടിച്ച നോട്ടീസ് മുഹൂര്‍ത്തസമയത്ത് വധുഗൃഹത്തില്‍ വിതരണം ചെയ്യുക, കെട്ട പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവ കൊണ്ടുള്ള മാലകള്‍ ചാര്‍ത്തിക്കുക, വരന്റെയും വധുവിന്റെയും മുഖത്ത് കരി വാരി തേയ്ക്കുക തുടങ്ങി വരനും വധുവും യാത്ര ചെയ്യുന്ന കാറിലേക്ക് പുളിയുറുമ്പിന്‍ (നീര്‍) കൂടുകള്‍ എറിയുക തുടങ്ങി അടി കിട്ടേണ്ട പല പ്രവൃത്തികളും ചെയ്യുന്നത് പതിവാണ്.’
‘അല്ല.. ഇതിലൊന്നും തന്നെ പാശ്ചാത്യരില്‍ നിന്ന് കടം കൊണ്ടതില്ലല്ലോ..’ മാഷ് സ്വന്തം സ്റ്റേറ്റ്മെന്റ് തിരുത്താന്‍ നോക്കുകയാണോ?
‘ങാ.. സ്‌കോട്ട്‌ലാന്‍ഡില്‍ മുഖത്ത് കരി വാരിത്തേയ്ക്കുന്ന, അല്ലെങ്കില്‍ കരി ഓയില്‍ ഒഴിക്കുന്ന എടപാട് ഉണ്ട് മാഷേ.’
‘ഉം .. അങ്ങനെ വരട്ടെ..’
‘പക്ഷെ അവിടെ ആചാരത്തിന്റെ ഭാഗമായി പിശാച് ബാധ വരാതിരിക്കാനാണ് അത് ചെയ്യുന്നത്.. ഇവിടെ പിശാചുക്കളാണ് അത് ചെയ്യുന്നത്. ആ വ്യത്യാസമേ ഉള്ളൂ.’
മാഷ്‌ക്ക് അത് രസിച്ചു.
‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, ഡെവിള്‍സ് ഓണ്‍ പീപ്പിള്‍ അല്ലേ? ‘
‘സത്യം..’
‘കര്‍മ്മ ദോഷത്തെപ്പറ്റി ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് നല്ല ക്ലാസ് വേണം.’ ‘ശരീരജൈ: കര്‍മ്മദോഷൈര്യാതി സ്ഥാവരതാം നര:
വാചികൈ: പക്ഷിമൃഗതാം മാനസൈരന്ത്യ ജാതിതാം’
എന്ന് ആപ്തവാക്യം.
ശാരീരിക കര്‍മ്മ ദോഷങ്ങളാല്‍ വൃക്ഷ ലതാദികളുമായി ജനിക്കും, വാചിക കര്‍മ്മ ദോഷങ്ങളാല്‍ പക്ഷി മൃഗാദികളും മാനസിക ദുഷ്‌ക്കര്‍മ്മങ്ങളാല്‍, നീച കുലത്തിലും ജനിക്കും.’
‘എന്നാല്‍.. അങ്ങനെയാണെങ്കില്‍, ശാരീരികമായ ദുഷ്‌ക്കര്‍മ്മങ്ങള്‍ അവര്‍ ധാരാളം ചെയ്‌തോട്ടെ അല്ലെ മാഷേ?’
‘അതെന്താ?’
‘എല്ലാം വേഗം ചത്തടിഞ്ഞു ധാരാളം വൃക്ഷലതാദികള്‍ ഭൂമിയിലുണ്ടായി നമ്മുടെ പരിസ്ഥിതി സംരക്ഷിക്കപ്പെടുമല്ലോ?’
‘ഓ… അതിനിടയില്‍ ഒരു പരിസ്ഥിതി സംരക്ഷണം. നിങ്ങളെയെല്ലാം സര്‍ക്കാര്‍ നോട്ടമിട്ട് വെച്ചിട്ടുണ്ട്.’ മാഷ് ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
പോകുമ്പോള്‍ സര്‍ക്കാര്‍ കെ-റെയില്‍ കുറ്റിയും പറിച്ചു പോകുന്ന അതേ ലാഘവത്തില്‍ കുടയുമെടുത്ത് പുറത്തിറങ്ങി.