മനുഷ്യ ജീവിതത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസൃതമായി സ്വന്തം ജീവിതം രൂപപ്പെടുത്തിയെടുത്ത ഇതിഹാസ തുല്യമായ വ്യക്തിത്വമാണ് രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ആദ്യ പ്രാന്തപ്രചാരകനായ ഭാസ്‌കര്‍റാവുജിയുടേത്. സ്വയം ഒരാല്‍മരം പോലെ വളര്‍ന്ന് പന്തലിച്ച് കഷ്ടപ്പെടുന്ന സഹജീവികള്‍ക്ക് ആശയും ആശ്രയവും നല്‍കി അവരെ ജീവിതായോധനത്തിന് പ്രാപ്തരാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ആശയും ശേഷിയും ചോര്‍ന്നുപോയ കേരള ഹൈന്ദവ സമൂഹത്തിലേക്ക് ഉദയസൂര്യനെപ്പോലെയാണ് ഭാസ്‌കര്‍റാവുജി കടന്നുവന്നത്. ടിപ്പുവിന്റെ പടയോട്ടവും കൊള്ളയും കൊള്ളിവെപ്പും മതപരിവര്‍ത്തനങ്ങളും താറുമാറാക്കിയ സാംസ്‌കാരിക കേരളത്തിന്റെ പ്രാണന്‍ അപഹരിക്കാന്‍ പോന്ന 1921ലെ മാപ്പിള കലാപവും കൂടി സൃഷ്ടിച്ച ഭീദിതമായ അരക്ഷിതാവസ്ഥ മലബാറില്‍! ബ്രിട്ടീഷാധിപത്യത്തിന്റെ തണല്‍പറ്റി തിരുകൊച്ചിയില്‍ നടന്ന ക്രൈസ്തവ മിഷനറിമാരുടെ അധിക്ഷേപങ്ങളും കൂട്ടായ മതപരിവര്‍ത്തനങ്ങളും ഒപ്പം!
ഇവയെല്ലാം കണ്ടിട്ടും സ്വസഹോദരങ്ങളെ വിളിപ്പാടകലെ നിറുത്തിയ ജാതീയ ഉച്ചനീചത്വങ്ങളും അനുഷ്ഠാനങ്ങളിലെ പിടിവാശിയും. ശ്രീനാരായണഗുരു സ്വാമികളും ചട്ടമ്പി സ്വാമികളും പണ്ഡിറ്റ് കറുപ്പനും അയ്യന്‍കാളിയും മറ്റും തെളിച്ച നവോത്ഥാന രഥങ്ങള്‍ അവരുടെ കാലത്തിനുശേഷം തല്പരകക്ഷികള്‍ വീണ്ടും ഇടുങ്ങിയ വഴികളിലൂടെ തെളിച്ച് സൗഹാര്‍ദ്ദങ്ങള്‍ക്ക് പകരം സ്പര്‍ധകളുണര്‍ത്തിവിട്ട സാഹചര്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ സൗകര്യപൂര്‍വ്വം മുതലെടുത്ത് മുന്നേറി. ഇതിനിടയില്‍ നിരീശ്വരവാദം ഉയര്‍ത്തിവിട്ട അരക്ഷിതാവസ്ഥയും യുക്തിവാദമുഖങ്ങള്‍ സൃഷ്ടിച്ച ആശയക്കുഴപ്പവും, ‘നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്ന മോഹനവാഗ്ദാനങ്ങളും കമ്മ്യൂണിസത്തിന്റെ ഏകലോക തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവാദങ്ങളുടെ ആകര്‍ഷകത്വവും തുടര്‍ന്നുണ്ടായ ശാക്തീകരണങ്ങളും സര്‍വ്വോപരി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കാന്തിക ആകര്‍ഷണങ്ങളും. എല്ലാം ചേര്‍ന്ന് കേരളീയ ‘സ്വത്വ’ബോധം പ്രതിസന്ധിയിലായി. ഇതിനെല്ലാറ്റിനുമിടയില്‍ കൂടി എങ്ങാനും കിട്ടിയേക്കാവുന്ന രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്കായി ഏതറ്റംവരെയും തരംതാഴാന്‍ മടിയില്ലാത്ത ജാതിസാമുദായിക നേതാക്കള്‍. കൂരിരുട്ട് ബാധിച്ച് ഹൈന്ദവകേരളം!
ചുരുക്കത്തില്‍ കേരളത്തിലുണ്ടായിരുന്നത് കയ്യൂക്ക് കൈമുതലാക്കിയ ഇസ്ലാമിക കൂട്ടായ്മകളും ചതിക്കുഴി ഒരുക്കിയ ക്രൈസ്തവ പള്ളിമേടകളും അവരുടെ താളത്തിനൊത്ത് തുള്ളിക്കൊണ്ടിരുന്ന ജാതിനേതാക്കന്മാരും. രാജ്യത്തെ തന്നെ ഒറ്റുകൊടുക്കാനും വിറ്റുപെറുക്കി ആളാകാനും തക്കംപാര്‍ത്ത കമ്മ്യൂണിസ്റ്റുകളുടെ മുഷ്‌ക്കിനു മിടക്ക് അതില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി മതേതരത്വവും സഹിഷ്ണുതയും സമാധാനവും ഒക്കെ പറഞ്ഞ് കിട്ടാവുന്നതൊക്കെ വാരിക്കൂട്ടുന്ന മുഖ്യധാരാരാഷ്ട്രീയവും, അവസരവാദികളായ കുറേ സോഷ്യലിസ്റ്റുകാരും! ഇല്ലാത്തത് ഒന്നുമാത്രം. ‘ഹിന്ദുത്വം’-ഹിന്ദുസമൂഹവും.
ബര്‍മ്മയില്‍ ജനിച്ച് ബോംബെയില്‍ വളര്‍ന്ന് ക്രിക്കറ്റിലും ബാന്റ്‌വാദനത്തിലും സംഘത്തിന്റെ ശാരീരിക പദ്ധതികളിലും നൈപുണ്യം നേടിയ ഭാസ്‌ക്കര്‍റാവു ശിവറാം കളംബി എന്ന 27കാരനായ എല്‍.എല്‍.ബിക്കാരനെ സ്വീകരിച്ചപ്പോഴത്തെ കേരളത്തിന്റെ സ്ഥിതിയാണ് മേലുദ്ധരിച്ചത്. 47-ല്‍ നടന്ന രാമസിംഹന്‍വധം സൃഷ്ടിച്ച ആഘാതം ഭയാനകമായിരുന്നു. ജഡശരീരം പോലും ഏറ്റുവാങ്ങാന്‍ ധൈര്യമില്ലാത്ത ഹിന്ദുസമാജം!! അധികം താമസിയാതെ ഗാന്ധിവധം തലയില്‍കെട്ടിവച്ച് സംഘനിരോധം! കേരളത്തിലാകമാനം നോക്കിയാല്‍ അന്ന് അഞ്ഞൂറ് സ്വയംസേവകര്‍ പോലും തികച്ചില്ല. കഷ്ടിച്ച് 20 ശാഖകള്‍.
മധ്യകേരളവും തെക്കന്‍ കേരളവുമായിരുന്നു അന്ന് ഭാസ്‌കര്‍റാവുവിന്റെ ചുമതലയില്‍. പക്ഷെ 48ലെ സത്യഗ്രഹത്തിന്റെ തയ്യാറെടുപ്പുകളില്‍ മുഴുവന്‍ കേരളത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചു. മലബാറില്‍ ദത്തോപന്ത് ഠേംഗഡിജിക്കുശേഷം വസന്തറാവു ഗോഖലെ, പിന്നീട് ശങ്കര്‍ ശാസ്ത്രി എന്നിവര്‍ പ്രവര്‍ത്തനത്തിലുണ്ടായി. കേരളത്തിന്റെ പ്രചാരകന്മാരായി പി. മാധവനും (മാധവ്ജി) രാ. വേണുഗോപാലും, സുകുമാരനും ഉണ്ടായിരുന്നതൊഴിച്ചാല്‍ സംഘടനാപരമായി ചിന്തിച്ചാല്‍ കേവലം മരുഭൂമിയായിരുന്നു കേരളം.
തന്നോടൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരെ യഥാകാലം യഥായോഗ്യം വിന്യസിച്ച് അദ്ദേഹം കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുത്തു. ‘ഞാനാണ് നിങ്ങള്‍ അന്വേഷിച്ച ആര്‍.എസ്.എസുകാരന്‍. എന്തുവേണ’മെന്ന് കമ്യൂണിസ്റ്റുകാരുടെ മടയില്‍ കയറിചെന്ന് ചോദിച്ച പുരുഷസിംഹങ്ങളെ വാര്‍ത്തെടുക്കാന്‍ ആ മൃദുഭാഷിക്ക് കഴിഞ്ഞു. മാധവ്ജിയും വേണുവേട്ടനും പുറമെ വി.പി. ജനാര്‍ദ്ദനന്‍, ടി.എന്‍. ഭരതന്‍, സി.പി. ജനാര്‍ദ്ദനന്‍, എസ്. സേതുമാധവന്‍, പി. പരമേശ്വരന്‍, എം.എ. കൃഷ്ണന്‍, ആര്‍. ഹരി, എ.വി. ഭാസ്‌ക്കരന്‍ എന്നിവര്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമായി പലപല ദൗത്യങ്ങളില്‍ വിന്യസിക്കപ്പെട്ടു. ആലപ്പുഴയിലെ ഡി. നാരായണപൈ, കോട്ടയത്ത് അഡ്വ. ഗോവിന്ദമേനോന്‍, എറണാകുളത്ത് വി. രാധാകൃഷ്ണഭട്ജി, അഡ്വ. ടി.വി. അനന്തന്‍ എന്നിങ്ങനെ ചുമതലകളിലുണ്ടായിരുന്ന പ്രവര്‍ത്തകരെപോലെ എണ്ണമറ്റ സ്വയംസേവകര്‍ ചുമതലയില്ലെങ്കിലും സംഘകാര്യത്തില്‍ ദൃഢചിത്തരായി ഉറച്ചുനിന്നു. തൃശൂരില്‍ പുത്തേഴത്ത് രാമന്‍മേനോന്‍, ടി.പി. വിനോദിനിയമ്മ, മലപ്പുറത്ത് എം. ദേവകിയമ്മ, പാലക്കാട് നിന്ന് ഓ. രാജഗോപാല്‍, കണ്ണൂരില്‍നിന്ന് കെ.ജി. മാരാര്‍, തൊടുപുഴയില്‍ നിന്ന് പി. നാരായണന്‍ എന്നിങ്ങനെ പ്രവര്‍ത്തകര്‍ അണിമുറിയാതെ രംഗത്തുവന്നു.
എ.ബി.വി.പി, വിശ്വഹിന്ദുപരിഷത്ത്, ബി.എം.എസ്, ജനസംഘം എന്നീ സംഘടനകള്‍ സമൂഹത്തില്‍ മെല്ലെ മെല്ലെ പ്രവര്‍ത്തിച്ച് അംഗീകാരം േനടി. പ്രചാരകന്മാരുടെ എണ്ണം വര്‍ദ്ധിച്ചുതുടങ്ങി. ശാഖകളും അതിലൂടെ സ്വയംസേവകരും നൂറില്‍നിന്ന് അഞ്ഞൂറും ആയിരവും അവിടുന്ന് പതിനായിരങ്ങളായും അണിചേര്‍ന്നു.
1964-ല്‍ ഔപചാരികമായി കേരളം പ്രത്യേക പ്രാന്തമായപ്പോള്‍ മുതല്‍ പ്രാന്തപ്രചാരകന്റെ ചുമതലയില്‍ ഭാസ്‌ക്കര്‍റാവു നിയമിതനായി. അതുവരെയും ഔദ്യോഗിക പ്രഖ്യാപനമില്ലായിരുന്നെങ്കിലും പ്രവര്‍ത്തനചുമതല അദ്ദേഹത്തില്‍ തന്നെയായിരുന്നു. 64 ഔപചാരികമായി പ്രാന്തപ്രചാരകനെന്ന ചുമതല ഏറ്റെടുത്തത് മുതല്‍ 1984 ഏപ്രില്‍ മാസം വരെ നിരന്തരമായ യാത്രയിലൂടെ, സമ്പര്‍ക്കത്തിലൂടെ, ഭാര്‍ഗ്ഗവക്ഷേത്രത്തെ അദ്ദേഹം എത്ര പ്രദക്ഷിണം വച്ചിട്ടുണ്ടാകുമെന്ന് പറയാന്‍ പറ്റില്ല, അത്രമാത്രം സംഘടനാപ്രവര്‍ത്തനങ്ങളില്‍ ആമഗ്നനായി യാത്ര ചെയ്തു.
ഒരുപക്ഷെ, സംഘസന്ദേശം പ്രചരിപ്പിക്കുന്ന കഠിനപരിശ്രമത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നവരുടെ സംഖ്യാബാഹുല്യം കേരളത്തിലേതുപോലെ മറ്റെവിടെയുമുണ്ടായിട്ടില്ല എന്ന് പറയണം. കമ്മ്യൂണിസ്റ്റ് കാപാലികരുടെ കഠാരത്തുമ്പില്‍ ജീവന്‍ പൊലിഞ്ഞ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചും, ബന്ധുജനങ്ങളെ സമാശ്വസിപ്പിച്ചും ആശ്രിതരെ സംരക്ഷിക്കാനുള്ള ചുമതല നിര്‍വ്വഹിക്കാന്‍ വ്യവസ്ഥകള്‍ ചെയ്തും ഭാസ്‌കര്‍ റാവുജി അവരുടെ ദുഃഖം അകറ്റി.
‘എന്നെ എന്തു പറഞ്ഞാശ്വസിപ്പിക്കാന്‍ പറ്റും, എങ്ങനെ സമാധാനിപ്പിക്കാന്‍ കഴിയും, എന്ന് ആകുലപ്പെട്ടിരിക്കുകയാണ് ഭാസ്‌കര്‍റാവുജി എന്നെനിക്കറിയാം’ സംഘകാര്യനിര്‍വ്വഹണ ക്ഷേത്രത്തില്‍ കമ്മ്യൂണിസ്റ്റ് കൊലയാളികളാല്‍ വേട്ടയ്ക്കിരയായ ദുര്‍ഗ്ഗാദാസിന്റെ അച്ഛന്‍ ടി.എന്‍. ഭരതന്‍ (ഭരതേട്ടന്‍) മകന്റെ മരണത്തിന് പിറ്റേന്ന് എറണാകുളത്ത് മാധവനിവാസില്‍ വന്നപ്പോള്‍ ദുഃഖിതനായിരിക്കുന്ന ഭാസ്‌ക്കര്‍റാവുജിയെ കണ്ടപ്പോള്‍ പറഞ്ഞ വാക്കുകളാണിത്.
മകന്‍ അരുംകൊല ചെയ്യപ്പെട്ടതിലുണ്ടായ വേദന സ്വയം അനുഭവിക്കുന്നതിനേക്കാള്‍ ഏറെ ഭാസ്‌കര്‍റാവുജി അനുഭവിക്കുന്നുണ്ടാകും, എന്ന് സ്വാനുഭവത്തിലൂടെ മനസ്സിലാക്കുന്ന എത്രയോ അച്ഛനമ്മമാര്‍. ആദര്‍ശസിംഹങ്ങള്‍ അവരാണ്. അവരെ വളര്‍ത്തിയെടുത്തത്, ആ കുടുംബങ്ങളെ എന്നും സംഘത്തോടൊപ്പം നിറുത്തിയത് അനുകമ്പാര്‍ദ്രമായ ആ തലോടലും സൗമ്യസാന്നിധ്യവുമായിരുന്നു. സംഘര്‍ഷ മേഖലകളില്‍ പരിക്കേറ്റവരെ കാണാനുള്ള അദ്ദേഹത്തിന്റെ തിടുക്കം, ആരെതിര്‍ത്താലും ആ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പെരുമാറ്റം, ഇവയിലൂടെയെല്ലാം കേരളത്തില്‍ ഒരു ഡോക്ടര്‍ജി സൃഷ്ടിക്കപ്പെടുകയായിരുന്നു.
കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഒറ്റമൂലി സംഘശാഖയായിരുന്നു. ദേവറസ്ജി അതിനെ പവര്‍ ഹൗസ് എന്നു വിളിച്ചു. ആ നിര്‍മ്മാണം അനുസ്യൂതം നടക്കണം. അതില്‍ വീഴ്ച വരാന്‍ അദ്ദേഹം സമ്മതിച്ചിരുന്നില്ല. ജാതീയതയുടെ വേലിക്കെട്ടുകള്‍ ഇല്ലാതാക്കാന്‍ സംഘശാഖക്കേ കഴിയൂ, സംഘശാഖയ്ക്ക് കഴിയും എന്ന് 1982-ലെ വിശാലഹിന്ദു സമ്മേളനം ഉദാഹരണമായി നിലനില്‍ക്കുന്നു. വര്‍ണവ്യത്യാസങ്ങളും ഉച്ചനീചത്വങ്ങളും മറന്ന് സൂര്യകാലടി ഭട്ടതിരിപ്പാട് കാല്‍നാട്ടുകര്‍മ്മത്തില്‍ പറവൂര്‍ ശ്രീധരന്‍തന്ത്രിക്ക് സഹായിയായി നിന്നത് സംഘചരിത്രത്തിലെ സുവര്‍ണ്ണലിപികളാല്‍ മുദ്രണം ചെയ്യപ്പെടേണ്ടതാണ്.
സാമുദായികവും ജാതീയവുമായ ബോധവല്‍ക്കരണത്തിലൂടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി പലരും നിലകൊണ്ടപ്പോള്‍ ജാത്യതീതമായി ഹിന്ദുക്കള്‍ക്ക് ഒരുമിച്ചുവരാന്‍ ഒരുപ്രസ്ഥാനമേ ഉള്ളൂ എന്ന് ഭിന്നശ്രേണികളിലുള്ള ഹിന്ദുക്കള്‍ ചിന്തിച്ചു തുടങ്ങി. ഡോക്ടര്‍ജിയുടെ പന്ഥാവ് തെന്നയാണതിന്റെ പോംവഴി എന്ന് കേരളവും തെളിയിച്ചു തുടങ്ങി. ഡോക്ടര്‍ജിയുടെ ദര്‍ശന ഭാഗ്യം ലഭിക്കാത്ത കേരളീയര്‍ക്ക് ഭാസ്‌ക്കര്‍റാവുജി തന്നെയായിരുന്നു ഡോക്ടര്‍ജി.
അതത് ദേശത്തെ ശീലമനുസരിച്ച്അവരിലൊരാളായി അവര്‍ക്ക് മാര്‍ഗ്ഗദര്‍ശകനായി ഭാസ്‌ക്കര്‍റാവുജി പ്രവര്‍ത്തിച്ചു. ആദ്യമായിക്കാണുന്ന കാര്യകര്‍ത്താവിന്റെ പേര് വര്‍ഷങ്ങള്‍ക്കു ശേഷവും ഓര്‍മ്മിച്ചെടുക്കുന്ന അമാനുഷിക കഴിവ് അനുഭവിച്ച എത്രയോ വ്യക്തികള്‍. ആ ഒരൊറ്റ അനുഭവത്തിലൂടെ ആജീവനാന്ത പ്രവര്‍ത്തകരായ എത്രയോ സ്വയംസേവകര്‍. ഒരു വാഗ്മിയോ ബുദ്ധിജീവിയോ ആയിരുന്നില്ല അദ്ദേഹം. ഇരുമ്പ് കാന്തത്തെ ആകര്‍ഷിക്കുന്നതുപോലെ അദ്ദേഹം പ്രവര്‍ത്തകരെ സ്വയംസേവകരെ ആകര്‍ഷിച്ചത് സ്‌നേഹാര്‍ദ്രമായ ഇടപഴകലിലൂടെ ആയിരുന്നു. സംഘസ്ഥാപകനാകുന്ന കാന്തസ്പര്‍ശം ഏറ്റപ്പോള്‍ ഭാസ്‌ക്കര്‍റാവുവും മറ്റൊരു ഡോക്ടര്‍ജിയായി. അതാണ് സംഘത്തിന്റെയും ഡോക്ടര്‍ജിയുടെയും മഹത്വം.
നാനാതുറകളിലുള്ള സംഘവികാസം കമ്മ്യൂണിസ്റ്റുകളെ കുറച്ചൊന്നുമല്ല വിറളി പിടിപ്പിച്ചത്. ഗാന്ധിവധം, സവര്‍ണ്ണമേധാവിത്തം, മതന്യൂനപക്ഷങ്ങള്‍ക്ക് എന്നും ശത്രുക്കള്‍, പിന്തിരിപ്പന്‍ ആശയക്കാര്‍, എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ രാപ്പകല്‍ ഭേദമില്ലാതെ ചര്‍വ്വണം ചെയ്തുകൊണ്ടിരുന്നിട്ടും ഇസ്ലാമിക ക്രൈസ്തവ വിഭാഗങ്ങള്‍ തുറന്ന യുദ്ധത്തിന് വരുന്നില്ലെന്നുകണ്ട്, മണത്തണപോലുള്ള ചിലയിടങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറാക്കിയ വര്‍ഗ്ഗീയ ലഹളകളും കുറവായിരുന്നില്ല.
മതന്യൂനപക്ഷങ്ങള്‍ക്കുണ്ടെന്നു കമ്മ്യൂണിസ്റ്റുകള്‍ പറയുന്ന ഭയാശങ്കകളേക്കാള്‍ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തങ്ങളുടെ തന്നെയാണെന്ന് മനസ്സിലാക്കിയ അവര്‍, സംഘപ്രവര്‍ത്തനത്തെ മുച്ചൂടും നശിപ്പിക്കാന്‍ ചെയ്ത പദ്ധതികളുടെ ഭാഗമായിരുന്നു സംഘപ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍. പക്ഷെ തളരാതെ, വീറുംവാശിയും ചോരാതെ സംഘടനാ പ്രവര്‍ത്തനം തുടര്‍ന്നു. ‘ഇലയൊന്നടരും നേരം വിടരും മറെറാന്നതിനെ പിന്‍തുടരാന്‍, അതിനാല്‍ വന്മരമെന്നും വളരും തളരും പാന്ഥന് തണലേകാന്‍’. ശാഖകളുടെ എണ്ണം നിരന്തരമായി വര്‍ധിച്ചുകൊണ്ടിരുന്നു. ക്ഷേത്രസംരക്ഷണ സമിതി, വനവാസി സംഘം, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം, തപസ്യ, കേസരി, ജന്മഭൂമി, വിദ്യാനികേതന്‍, ഭാരതീയവിചാരകേന്ദ്രം എന്നിങ്ങനെ നാനാ തുറകളില്‍ സംഘരഥം പ്രയാണം തുടര്‍ന്നു.
ഇതിന്റെയെല്ലാം ഫലമായി 1975-ല്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന മുഖ്യശിക്ഷക് ഉപരി കാര്യകര്‍ത്താ ശിബിരവും പഥസഞ്ചലനവും പൊതുസമ്മേളനവും സംഘചരിത്രത്തിലെ വഴിത്തിരിവായി. തേക്കിന്‍കാട് മൈതാനത്ത് നടക്കാനുള്ള പൊതുപരിപാടിയുടെ അനുവാദത്തിനായി അന്നത്തെ ആഭ്യന്തരമന്ത്രിയെ സമീപിച്ചപ്പോള്‍ ‘ആര്‍.എസ്.എസിന് പരിപാടി നടത്താനുള്ളതാണോ തേക്കിന്‍കാട് മൈതാനം’ എന്ന ചോദ്യത്തിന് ‘തേക്കിന്‍കാട് മൈതാനത്ത് ആര് പരിപാടി നടത്തണം എന്ന് തീരുമാനിക്കാന്‍ മൈതാനം ആരുടെയെങ്കിലും തറവാട്ടുസ്വത്തല്ലല്ലോ’ എന്ന മറുചോദ്യം ചോദിക്കാന്‍ അന്നത്തെ സംഘചാലക് അഡ്വ. എന്‍. ഗോവിന്ദമേനോന് സാധിച്ചെങ്കില്‍ പിന്‍ബലമായി ആര്‍.എസ്.എസും ഭാസ്‌ക്കര്‍ റാവുവുമുണ്ടായതായിരുന്നു ആത്മവിശ്വാസത്തിന്റെ ഹേതു.
അടിയന്തരാവസ്ഥയുടെ 1975 ജൂണ്‍ 26ന് പ്രഖ്യാപിക്കപ്പെടുമ്പോള്‍ അവശതകളെ അവസരങ്ങളാക്കി മാറ്റിയെടുക്കുന്ന മാന്ത്രികത ഉള്‍ക്കൊള്ളുന്ന സംഘം ഭാസ്‌ക്കര്‍റാവുജിയുടെ നേതൃത്വത്തില്‍ പുതിയ മേച്ചില്‍പുറങ്ങളിലൂടെ വികസിക്കുകയാണുണ്ടായത്.
അടിയന്തിരാവസ്ഥക്കെതിരെ പൊരുതുവാനുറച്ച് രൂപംകൊണ്ട ലോകസംഘര്‍ഷ സമിതിയുടെ അധ്യക്ഷനായി പ്രൊഫ. എം.പി. മന്മഥന്‍ ഉള്‍പ്പെടെ സമൂഹത്തിലെ തലയെടുപ്പള്ള വ്യക്തികള്‍ പലരും സംഘത്തോടൊപ്പം നിന്നു. രണ്ടുതവണ കേരളം ഭരിച്ച പാര്‍ട്ടിയുടെ ഒരുഭാഗം മാളത്തിലൊളിച്ചു. ഇന്ദിരാഗാന്ധിയുടെ പോലീസിനെ ഭയന്ന്! മറ്റൊരു വിഭാഗം അവരുടെ കൂടെ കൂടി. ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കുന്നതിന് മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിപക്ഷം സമരമാര്‍ഗ്ഗത്തിലൂടെ രംഗത്ത് വന്നപ്പോള്‍ കേരളത്തില്‍ ആ സ്ഥാനം ആര്‍.എസ്.എസിനും പരിവാര്‍ സംഘടനകള്‍ക്കും ഏറ്റെടുക്കാന്‍ ധൈര്യമുണ്ടായി. ഭാസ്‌ക്കര്‍റാവുജിയുടെ സംഘടനാ മികവ് പ്രകടീകൃതമായ രണ്ടുവര്‍ഷക്കാലമായിരുന്നു അത്. കേരളത്തിന്റെ പ്രതിഷേധം ജനകീയവല്‍ക്കരിച്ചതിലും പിഴവുകളില്ലാതെ ഒളിവിലെ സംഘടനാപ്രവര്‍ത്തനം സുഗമമാക്കിയതും, ഭാസ്‌ക്കര്‍റാവുജിയുടെ പ്ലാനിങ്ങുകളായിരുന്നു എന്നു നാം മനസ്സിലാക്കണം. ഇന്ദിരാവിരുദ്ധ വികാരത്തിന്റെ മുന്‍നിര കേരളത്തില്‍ ആര്‍.എസ്.എസ് ആയിത്തീര്‍ന്നു. ജനനേതൃത്വവും ഏതാണ്ട് ആര്‍.എസ്.എസിന്റെ കൈകളിലായി എന്ന തോന്നല്‍ പൊതുവെ ഉണ്ടായെങ്കിലും ശത്രുക്കളോടുള്ളതിനേക്കാള്‍ ഈര്‍ഷ്യയോടെ പെരുമാറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വഞ്ചനാമനോഭാവം വീണ്ടും കേരളത്തെ കോണ്‍ഗ്രസിന്റെ പറുദീസയാക്കുകയാണ് ചെയ്തത്. അടിയന്തിരാവസ്ഥ മുതല്‍ ഒരു ദശാബ്ദം കേരള മനസ്സ് സംഘത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറെടുക്കുകയായിരുന്നു. പി. കേരളവര്‍മ്മ രാജ, എ.ആര്‍. ശ്രീനിവാസന്‍, എം.കെ. കുഞ്ഞോല്‍, പറവൂര്‍ ശ്രീധരന്‍ തന്ത്രി, തറമേല്‍ കൃഷ്ണന്‍, വി.എം. കൊറാത്ത്, സി.കെ. മൂസത്, അക്കിത്തം, ഡോ. മാധവന്‍കുട്ടി, വി.ടി. ഭട്ടതിരിപ്പാട്, ഒ.എം. മാത്യു, കെ.ജി. മാരാര്‍, ഒ. രാജഗോപാല്‍, എം.കെ.കെ. നായര്‍, പി. മാധവന്‍, പി. പരമേശ്വരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളത്തിലെ ഹിന്ദുജനത നവോത്ഥാന ശിഖരങ്ങള്‍ കീഴടക്കിക്കൊണ്ടിരുന്നു എന്നു പറയുന്നത് അതിശയോക്തിയല്ല.
ഇതിനിടയിലാണ് 1982ലെ, തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തെ കൂട്ടമതപരിവര്‍ത്തനവും രാജ്യവ്യാപകമായ പ്രതികരണങ്ങളും 1921-ല്‍ ഹാലിളകിവരുന്നവര്‍ക്ക് മുന്നില്‍ ശിരസ്സ് കാണിച്ച് കൊടുത്ത (ഒന്നുകില്‍ സുന്നത്ത്, അല്ലെങ്കില്‍ മരണം-രണ്ടിനും തയ്യാര്‍) ജനത, 47-ല്‍, സ്വസമുദായത്തില്‍പ്പെട്ട രക്തസാക്ഷിയുടെ ജഢം ഭയപ്പാട് മൂലം സ്വീകരിക്കാതിരുന്ന ജനത, 1982-ല്‍ സ്വാഭിമാനത്തോടെ, ആത്മബലത്തോടെ, വിജിഗീഷുമനോഭാവത്തോടെ ഉണര്‍ന്നെണീറ്റു. ഇന്ത്യയില്‍ ഏത് സംസ്ഥാനത്ത് നടന്നതിനേക്കാളും ഉജ്ജ്വലമായ പ്രതിരോധശക്തിയാണ് വിശാലഹിന്ദു സമ്മേളനത്തിലൂടെ കേരള ഹിന്ദുക്കള്‍ പ്രദര്‍ശിപ്പിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് അണിയറയില്‍ പ്രവര്‍ത്തിച്ചത് പോലെ ഇവിടെയും വിജയശില്പി മറ്റാരുമായിരുന്നില്ലല്ലോ.
പക്ഷെ 1984 ആകുമ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യം സങ്കീര്‍ണ്ണമായി. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ 1984 ഏപ്രിലില്‍ ബോംബെയിലേക്ക് പോകുമ്പോള്‍ നിലവിലുള്ള എല്ലാ ചുമതലകളും ഒഴിഞ്ഞ് സമ്പൂര്‍ണ്ണ ചികിത്സാര്‍ത്ഥം തയ്യാറായി പുറപ്പെട്ടു. നാലഞ്ച് മാസക്കാലത്തെ ബോംബെയിലെ ചികിത്സാകാലവും ചരിത്രപാഠമാണ്. ഹൃദയശസ്ത്രക്രിയ നടന്ന കെ.ഇ.എം. ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. ഭട്ടാചാര്യ, ഡോ. മനോരഞ്ജന്‍ തുടങ്ങിയവര്‍ക്കു മുന്നില്‍ ഒരു മഹാത്ഭുതം. ആര്‍.എസ്.എസിന്റെ തനിസ്വരൂപം! ഹൃദയശസ്ത്രക്രിയയ്ക്കുശേഷം മാട്ടുംഗയില്‍ നഴ്‌സിംഗ് ഹോമില്‍ മൂത്രസംബന്ധമായ ചികിത്സ. ബാല്യകാലസുഹൃത്തായിരുന്ന പ്രശസ്ത പാട്ടുകാരന്‍ സുധീര്‍ ഫഡ്‌ക്കെ തുടങ്ങിയവരുടെ സന്ദര്‍ശനം, കുടുംബാംഗങ്ങളുടെ സന്ദര്‍ശനം, ബോംബെയിലുള്ള മലയാളി സ്വയംസേവകരുടെയും കാര്യകര്‍ത്താക്കളുടെയും ഇടതടവില്ലാത്ത സന്ദര്‍ശനം, എവിടെയും സംഘമന്ത്രധ്വനികള്‍. അതെ അതുകൊണ്ടുതന്നെയായിരിക്കാം ഹൃദയശസ്ത്രക്രിയ ചെയ്ത ഡോ. ഭട്ടാചാര്യ പറഞ്ഞത്, ശസ്ത്രക്രിയയ്ക്കു മുന്നേ ഈ മഹദ്‌വ്യക്തിത്വം ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍, ആ സമയം എന്റെ കൈകള്‍ വിറയ്ക്കുമായിരുന്നു. ഇനിയൊരു ശസ്ത്രക്രിയ ഭാസ്‌ക്കര്‍റാവുവിനു മേല്‍ ചെയ്യാന്‍ എനിക്കാകില്ല. അത്രത്തോളം ഞാനദ്ദേഹത്തെ അറിഞ്ഞിരിക്കുന്നു.”
മൂത്ത ജ്യേഷ്ഠന്‍ ഗണ്‍പത് ശിവറാം കെളമ്പിയും അദ്ദേഹത്തിന്റെ ഭാര്യയും പ്രതീക്ഷിച്ചു, ഇനി ഭാസ്‌ക്കരന് വിശ്രമജീവിതമായിരിക്കും എന്ന്! എന്നാല്‍ സംഘടനാമന്ത്രത്തിന്റെ അതിസൂക്ഷ്മസ്പന്ദനങ്ങളെപ്പോലും മനനം ചെയ്ത സര്‍സംഘചാലക് ദേവറസ്ജിയുടെ തീരുമാനം മറ്റൊന്നായിരുന്നു. വനവാസി കല്യാണ്‍ ആശ്രമിന്റെ അഖിലഭാരത സംഘടനാ കാര്യദര്‍ശിയായിട്ടാണദ്ദേഹത്തെ നിശ്ചയിച്ചത്. ഭാരതഖണ്ഡിലെ വനവാസി സമൂഹത്തെ, അവരുടെ ‘സ്വത്വം’ നിലനിര്‍ത്തിക്കൊണ്ടു തന്നെ സാംസ്‌കാരിക ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രയാണം. 15 വര്‍ഷം അതു നീണ്ടു.”From the peaks of Himalayas to the waves of the Ocean’ എന്ന് സ്വര്‍ഗ്ഗീയ യാദവറാവുജി പറയാറുള്ളതുപോലെ ഭാസ്‌ക്കര കരസ്പര്‍ശലാളന ഭാരതമാസകലം അനുഭവപ്പെട്ടു. വനവാസി പ്രവര്‍ത്തനത്തിനൊരു ദിശാബോധം കൈവന്നു. സേവന മേഖലകള്‍ രാജ്യത്താകമാനം തുറക്കപ്പെട്ടു. പൂര്‍ണ്ണസമയ പ്രവര്‍ത്തകര്‍ ധാരാളം വന്നു തുടങ്ങി.
മനുഷ്യജന്മത്തിന് പരിമിതിയുണ്ടല്ലൊ. പരിമിതമായ തന്റെ പഞ്ചഭൂതാത്മകമായ ശരീരം, തന്റെ സംഘകര്‍മ്മക്ഷേത്രത്തില്‍ ലയിച്ചുചേരണമെന്ന അന്തിമാഭിലാഷം സഫലമാക്കി മാധവനിവാസില്‍ അന്ത്യനാളുകള്‍. മരണദേവന്‍ ശരീരമാസകലം ആവാഹിതമായിരിക്കുമ്പോഴും അസഹനീയമായ വേദന ഇടതടവില്ലാതെ വരിഞ്ഞു മുറുക്കുേമ്പാഴും സന്ദര്‍ശകരോടുള്ള സൗഖ്യാന്വേഷണത്തിന് കുറവുണ്ടായില്ല. ആ അവസ്ഥയില്‍ ആലുവ മണപ്പുറം വരെ ആംബുലന്‍സില്‍ സഞ്ചരിച്ചുകൊണ്ട് സര്‍സംഘചാലക പ്രണാമം കൂടി അര്‍പ്പിച്ചിട്ട് സദാശിവമൂര്‍ത്തിയെ മനസാ പ്രണമിച്ച് കാര്യാലയത്തില്‍ തിരിച്ചെത്തിയ ചിത്രം സ്വയംസേവകര്‍ക്ക് ഒരു ജീവിതകാലം മുഴുവന്‍ ആദര്‍ശദീപം പകരാന്‍ പോന്നതാണ്. 2000-ജനുവരി 12. മകരസംക്രമത്തില്‍ ആ ഭൗതികശരീരത്തില്‍ ജീവസ്ഫുരണ ഇടിപ്പ് നിലച്ചു.
സാധാരണ ജനുവരി 14ന് സംക്രമണത്തിലെത്താറുള്ള സൂര്യന്‍ തന്റെ ആത്മാംശത്തിന്റെ യാതന കണ്ടു മനസ്സലിഞ്ഞിട്ടാകാം ആ വര്‍ഷം രണ്ടുദിവസം മുന്നേ സംക്രമോദ്ദേശവുമായി എത്തി. സപ്തവര്‍ണങ്ങളാകുന്ന കുതിരകളുടെ രഥത്തില്‍, ക്ഷീരപഥം ചുറ്റുന്നു. 27-ാമത് വയസ്സില്‍ (1946) തുടങ്ങിയ സഞ്ചാരം, പരിവര്‍ത്തനത്തിനുവേണ്ടിയുള്ള സഞ്ചാരം നിലനിര്‍ത്താന്‍ ഏറെ സൂക്ഷ്മമായ വിശ്വരഥത്തില്‍ തിരിയുന്നു. നമ്മെ തലോടാന്‍, തമാശപറയാന്‍! പൊട്ടിച്ചിരിക്കാന്‍! പേരുപറഞ്ഞ്, ശാഖയില്‍ പോണ്ടെ, സമയമായില്ലെ എന്ന് അന്വേഷിക്കാന്‍. മാധവനിവാസിലാണെങ്കില്‍ മോഹന്‍ജിയോട് ടിക്കറ്റ് ബുക്ക് ചെയ്തതന്വേഷിക്കാന്‍, സ്‌നേഹത്തിന്റെ ഓരോ കശുവണ്ടി പരിപ്പ് കൈനീട്ടുന്നവര്‍ക്ക് കൊടുക്കാന്‍, ഓര്‍മ്മകളുടെ മേലാപ്പ് നീക്കിനോക്കുന്നു. കേരളം മുന്നേറിയോ? ഇനിയും പോകണ്ടെ? സംഘം സമഗ്രമായി വളരണ്ടെ? എല്ലാവരെയും പങ്കാളികളാക്കണ്ടെ. സംഘത്തില്‍ നൂറാം വര്‍ഷമല്ലെ വരുന്നത്. ഉണരൂ’ എന്നൊക്കെ മന്ത്രണം ചെയ്യുന്നത് ഗ്രഹിക്കാന്‍ സ്വയം നാമൊന്ന് ഉള്ളിലേക്ക് തിരഞ്ഞെ മതിയാകൂ. സമയം അതിക്രമിച്ചിരിക്കുന്നു.