ചരിത്രകാരനായ രാജന്‍ ഗുരുക്കള്‍ സാമൂഹ്യശാസ്ത്രജ്ഞനു വേണ്ട ഉള്‍ക്കാഴ്ചയോടെ കേരളം ഒരു നോളജ് എക്കണോമി ആയി അഥവാ ജ്ഞാനസമ്പദ് വ്യവസ്ഥയായി പരിണമിക്കാന്‍ പോകുന്നു എന്ന് മാതൃഭൂമിയില്‍ (ഫെബ്രു. 27- മാര്‍ച്ച് 5) എഴുതിയിരിക്കുന്നു. തനിക്കുസ്ഥാനമാനങ്ങള്‍ നല്‍കുന്ന ഗവണ്‍മെന്റിനെ പ്രീണിപ്പിക്കാനായി എഴുതുന്ന അക്കാദമിഷ്യന്‍മാര്‍ക്ക് കേരളത്തില്‍ ഒരു കുറവും ഇല്ല. അക്കൂട്ടത്തില്‍ ഒരാളാണ് രാജന്‍ ഗുരുക്കളും എന്നുതോന്നുന്നു. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ റാങ്കിങ്ങില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ സ്ഥാനം ഇരുപത്തി ഏഴും ഗാന്ധി യൂണിവേഴ്‌സിറ്റിയുടേത് 31-ഉം ആണ്. ലോകത്തിലെ പ്രധാന യൂണിവേഴ്‌സിറ്റികളുടെ കൂട്ടത്തില്‍ ആദ്യ 25 കാരില്‍ ഒരിന്ത്യന്‍ യൂണിവേഴ്‌സിറ്റിയും ഇല്ല. എന്നാല്‍ 21-ാം സ്ഥാനത്ത് സിംഗപ്പൂര്‍ എന്ന കൊച്ചു രാജ്യത്തിന്റെ യൂണിവേഴ്‌സിറ്റിയുണ്ട് എന്നത് നമ്മുടെ തലതാഴാന്‍ കാരണമാണ്.
ലോകത്തിലെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനങ്ങളിലൊക്കെ മലയാളികള്‍ ഉണ്ട്. എന്നാല്‍ ലോകോത്തരമായ ഒരു ഗവേഷണ സ്ഥാപനമോ യൂണിവേഴ്‌സിറ്റിയോ നമുക്കില്ല. കേരളത്തില്‍ (തിരുവിതാംകൂറില്‍) യൂണിവേഴ്‌സിറ്റി സ്ഥാപിച്ചപ്പോള്‍ അതിന്റെ വി.സിയായി സര്‍ സി.പി. രാമസ്വാമി അയ്യര്‍ ക്ഷണിച്ചത് ലോകത്തിലെ ഒന്നാമത്തെ ശാസ്ത്രജ്ഞനായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയായിരുന്നുവെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ആ കേരളത്തില്‍ ഗവേഷണസ്ഥാപനം എന്ന നിലയില്‍ നിലവാരമുള്ള ഒരു യൂണിവേഴ്‌സിറ്റിയും നമുക്കില്ല. ലോകം അതിവേഗം വളരുകയാണ്. നമ്മെ അതിശയിപ്പിക്കുന്ന രീതിയിലാണ് വിവരസങ്കേതിക രംഗത്തെ വളര്‍ച്ച. അതിനൊപ്പം നമുക്കും വളര്‍ന്നേ കഴിയൂ. അല്ലാത്തപക്ഷം നമ്മള്‍ പഴയപോലെ കോളനിയായിത്തീരും.
ശാസ്ത്രസാങ്കേതികരംഗത്ത് പ്രത്യേകിച്ചും ആയുധനിര്‍മ്മാണത്തിലും അവയുടെ നവീകരണത്തിലും നമ്മള്‍ കൂടുതല്‍ ശ്രദ്ധവച്ചേ പറ്റൂ. സമാധാനത്തിലൂന്നുന്ന ഒരു ലോകക്രമത്തിനു വേണ്ടി പരിശ്രമിക്കവേ തന്നെ ലോകത്തിലെ ഒന്നാമത്തെ സൈനിക ശക്തി എന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ കുതിച്ചേ തീരൂ. ശക്തന്‍ പറയുന്നതാണ് എല്ലാക്കാലത്തും ലോകത്തിന്റെ നീതി. ദുര്‍ബലനെ ആരും വകവയ്ക്കില്ല. റഷ്യ-ഉക്രൈയിന്‍ സംഘര്‍ഷം ആ പാഠം നമ്മളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ്.
പൗരാണിക കാലത്ത് ലോകത്തിനു മുഴുവന്‍ ജ്ഞാനവിതരണം നടത്തിയിരുന്നത് ഭാരതമായിരുന്നു. പക്ഷെ പുതിയകാലത്ത് നാം വളരെ പിറകിലായിപ്പോയിരിക്കുന്നു. ദില്ലിയില്‍ ഉണ്ടായ ഭരണമാറ്റം വലിയ പ്രതീക്ഷകള്‍ നമുക്കു നല്‍കുന്നുവെങ്കിലും ഉദ്യോഗസ്ഥന്മാരുടെയും സംസ്ഥാനത്തിലെ ഭരണാധികാരികളുടെയും കെടുകാര്യസ്ഥത മൂലം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആഗ്രഹിക്കുന്ന വേഗത കൈവരിക്കാനാവുന്നില്ല. വികസനത്തെക്കുറിച്ച് ലോകം വലിയ അന്വേഷണങ്ങള്‍ നടത്തുമ്പോള്‍ കേരളം ഇപ്പോഴും നോക്കുകൂലി വേണമോ വേണ്ടയോ എന്ന ചര്‍ച്ചയിലാണ്. ആ കേരളത്തെയാണ് രാജന്‍ഗുരുക്കള്‍ ജ്ഞാനസമ്പദ്‌വ്യവസ്ഥ എന്നൊക്കെ വിളിക്കുന്നത്.
പാശ്ചാത്യരാജ്യങ്ങള്‍ അമേരിക്കന്‍ സോഷ്യോളജിസ്റ്റ് ആയ ഡാനിയല്‍ ബെല്‍ (Daniel Bell) പേരിട്ടുവിളിച്ചതുപോലെ ഒരു വ്യവസായാനന്തര സമൂഹം (Post-Industrial Society) ആയി പരിണമിച്ചതും തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ സമൂഹവും നോളജ് സമൂഹവും ഒക്കെയായി പരിണമിച്ചതും ഘട്ടംഘട്ടമായ വികസനത്തിലൂടെയാണ്. ആവശ്യമായ വ്യാവസായിക വളര്‍ച്ച കൈവരിച്ചതിനുശേഷമാണ് വ്യാവസായികാനന്തര സമൂഹമായി മാറിയത്. അല്ലാതെ വ്യവസായങ്ങള്‍ക്കു മുന്‍പില്‍ കൊടികുത്തിയിട്ടല്ല. കേരളത്തില്‍ ഇപ്പോഴും കൊടികുത്തല്‍ മാത്രമാണു നടക്കുന്നത്. 1973ല്‍ ബെല്‍ അമേരിക്കന്‍ സമൂഹത്തെ അങ്ങനെ വിളിച്ചപ്പോള്‍ അവര്‍ അതിനു തക്ക സമൂഹ്യ വളര്‍ച്ച നേടിക്കഴിഞ്ഞിരുന്നു. എന്നാല്‍ കേരളത്തിന്റെ സ്ഥിതിയോ? കുറെ സ്തുതിപാഠകര്‍ അല്ലാതെ കേരളത്തിലെവിടെയാണ് ഗവേഷകര്‍? എവിടെയാണ് വ്യവസായം?
ആധുനികര്‍ എന്നവകാശപ്പെട്ട കാക്കനാടന്‍, ആനന്ദ്, മുകുന്ദന്‍, ഒ.വി.വിജയന്‍ തുടങ്ങിയ നോവലിസ്റ്റുകള്‍ നമുക്കു പരിചിതമല്ലാതിരുന്ന ഒരു സാമൂഹ്യ വിശകലനത്തിലേയ്ക്ക് മലയാളി മനസ്സിനെ പറിച്ച് നടാന്‍ ശ്രമിച്ചവരാണ്. വലിയ വ്യവസായ സമൂഹങ്ങളായി പരിവര്‍ത്തിച്ചു കഴിഞ്ഞ പാശ്ചാത്യരാജ്യങ്ങളില്‍ മഹാനഗരങ്ങള്‍ രൂപപ്പെട്ടു. അവിടെ വ്യക്തികള്‍ ഒറ്റപ്പെടലിന്റെ തീവ്ര ദുഃഖം അനുഭവിക്കുന്നവരായിരുന്നു. ഓരോരുത്തരും ഒരു തുരുത്തായി മാറിക്കഴിഞ്ഞിരുന്നു. അവരുടെ വ്യഥകളാണ് പാശ്ചാത്യര്‍ വിചിത്ര രീതിയില്‍ അവതരിപ്പിച്ചത്. അതിനെ അവര്‍ ആധുനിക സാഹിത്യം എന്നു വിശേഷിപ്പിച്ചു.
കേരളത്തിന്റെ സ്ഥിതി അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ഇവിടെ ഗ്രാമനഗരവ്യത്യാസമൊന്നും ഇപ്പോഴുമില്ല. ഗ്രാമീണരെക്കാള്‍ വലിയ അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണ് നമ്മുടെ നാഗരികര്‍. പാശ്ചാത്യ സമൂഹത്തിലെപ്പോലെ ഒറ്റപ്പെടലിന് വിധേയരായ വ്യക്തികളെ സൃഷ്ടിക്കുന്ന മഹാനഗരങ്ങള്‍ ഇന്നും കേരളത്തിലില്ല. സാമൂഹ്യ മാറ്റം സംഭവിക്കാത്ത കേരളത്തിലെ ആധുനികസാഹിത്യം ഒരുതരം ഏച്ചുകെട്ടലായിരുന്നു. അതു നമ്മുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിച്ചില്ല. അത്തരം സാഹിത്യത്തെ വാഴ്ത്താന്‍ മലയാളി തയ്യാറായതിനു പിന്നിലുള്ള വികാരം സഹജമായ പാശ്ചാത്യാഭിമുഖ്യവും അടിമബോധവുമാണ്. മലയാളികളുടെ ജീവിതാവസ്ഥയെ യഥാതഥമായി ആവിഷ്‌കരിച്ച പാറപ്പുറത്ത്, കെ.സുരേന്ദ്രന്‍, വിലാസിനി, മലയാറ്റൂര്‍, പി.ആര്‍. ശ്യാമള തുടങ്ങിയവര്‍ ആധുനികതയുടെ കാലത്തും സാഹിത്യത്തില്‍ സജീവമായിരുന്നെങ്കിലും വേണ്ടത്ര നിരൂപക ശ്രദ്ധ നേടിയില്ല. എന്നാല്‍ ഇപ്പോള്‍ ഈ എഴുത്തുകാര്‍ക്കുവേണ്ടി വാദിക്കുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്. വൈകാതെ മലയാളിയുടെ ആധുനികവായനയെ പുനര്‍നിര്‍ണയിക്കേണ്ടിവരും. അത് വിലാസിനിയിലേയ്ക്കും കെ.സുരേന്ദ്രനിലേയ്ക്കും മലയാറ്റൂരിലേയ്ക്കും ഒക്കെ മടങ്ങിപ്പോകാനിടയുണ്ടെന്ന സൂചന നേരത്തേ തന്നെ ഈ പംക്തിയിലൂടെ നല്‍കിയിരുന്നു. അക്കാര്യത്തെ സാധൂകരിക്കുന്നതാണ് മാതൃഭൂമിയില്‍ സി.പി. ബിജു എഴുതിയിരിക്കുന്ന കെ. സുരേന്ദ്രനെക്കുറിച്ചുള്ള ലേഖനം.
കെ.സുരേന്ദ്രന്‍ നമ്മുടെ നോവല്‍ വായനയെ സമ്പുഷ്ടമാക്കിയ എഴുത്തുകാരില്‍ ഒരാളാണ്. 60 കള്‍ മുതല്‍ 90 കള്‍ വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിലെ വായനശാലകളില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ പല കൃതികളും ചലച്ചിത്രഭാഷ്യത്തിനും വിധേയമായിട്ടുണ്ട്. നോവലിനെക്കുറിച്ച് മലയാളത്തിലുണ്ടായ പഠനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ‘നോവല്‍ സ്വരൂപം’ എന്ന നിരൂപണകൃതി. അതില്‍ സുരേന്ദ്രന്‍ അവതരിപ്പിക്കുന്ന നിരീക്ഷണങ്ങളില്‍ നിന്ന് നോവല്‍ രചന അദ്ദേഹത്തിന് വെറും വിനോദമായിരുന്നില്ല എന്നു മനസ്സിലാക്കാനാവും. ടോള്‍സ്റ്റോയിയേയും ദസ്തയോവ്‌സ്‌കിയേയും ആഴത്തില്‍ വായിച്ചറിഞ്ഞ് അദ്ദേഹം എഴുതിയ ജീവചരിത്രങ്ങള്‍ ഭാഷയ്ക്ക് മുതല്‍ക്കൂട്ടാണ്.
മൂന്നോ നാലോ എഴുത്തുകാര്‍ക്കുചുറ്റും വട്ടംകറങ്ങുന്ന നമ്മുടെ നിരൂപണസാഹിത്യം മഹത്വമേറിയ സംഭാവനകള്‍ ഭാഷയ്ക്കു നല്‍കിയ പലപ്രതിഭാശാലികളെയും മറന്നുകളയുന്നു. ഇത് ഭാഷയ്ക്കും സാഹിത്യത്തിനും ഒരു തരത്തിലും ഗുണകരമാകില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന, എന്നാല്‍ കാര്യമായ സംഭാവന നമ്മുടെ സാഹിത്യത്തിനു നല്‍കാത്ത ഒരുപിടി എഴുത്തുകാര്‍ക്കു സ്തുതിപാടുന്ന നിരൂപകവൃന്ദം ഭാഷയ്ക്ക് ഒരു പ്രോത്സാഹനവും നല്‍കുന്നില്ല. വി.കെ.എന്‍, വിലാസിനി, സുരേന്ദ്രന്‍, മലയാറ്റൂര്‍ ഇവരൊക്കെ ഇനിയും കൂടുതല്‍ നിരൂപകശ്രദ്ധ ലഭിക്കേണ്ട എഴുത്തുകാരാണ്. കെ.സുരേന്ദ്രന്റെ ജന്മശതാബ്ദി വര്‍ഷത്തിലെങ്കിലും (കെ.സുരേന്ദ്രന്റെ ജനനം 1922 ഫെബ്രുവരി 22ന് ആണ്) അദ്ദേഹത്തെ ഓര്‍മ്മിക്കാന്‍ മാതൃഭൂമി തയ്യാറായത് സന്തോഷം തന്നെ.
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ എഴുത്തിലെ മതബോധത്തെക്കുറിച്ച് പി.പവിത്രന്‍ മാതൃഭൂമിയിലെഴുതുന്നു. മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനവാര്‍ത്തയെ കൊണ്ടാടിയ മാധ്യമങ്ങള്‍ പക്ഷെ പുനത്തിലിന്റെ ഹിന്ദുമത സ്വീകരണത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അവസാനകാലങ്ങളില്‍ താന്‍ ഹിന്ദുമതവിശ്വാസി ആണെന്നും ഹൈന്ദവാചാരങ്ങളോടാണ് തനിക്കു പ്രിയമെന്നും അഭിമുഖങ്ങളില്‍ നോവലിസ്റ്റ് പറഞ്ഞെങ്കിലും ആരും അതുവാര്‍ത്ത ആക്കിയില്ല. കേരളത്തിലെ മാധ്യമങ്ങളുടെ പൊതു പ്രവണത തന്നെയാണ് ആ കാര്യത്തിലും പ്രകടമായത്. പുനത്തിലിന്റെ മതനിഷേധത്തെക്കുറിച്ച് ലേഖനത്തില്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഹൈന്ദവാഭിമുഖ്യത്തെക്കുറിച്ച് ലേഖകന്‍ മൗനം പാലിക്കുന്നത് ശ്രദ്ധേയമാണ്.
ഗദ്യത്തിലെഴുതുന്ന മലയാള കവികള്‍ സച്ചിദാനന്ദന്റെ എഴുത്തിനെ ശ്രദ്ധിച്ചു പഠിക്കുന്നത് നന്നായിരിക്കും. ഗദ്യത്തിലെഴുതുക എന്നത് പദ്യത്തിലെഴുതാന്‍ കഴിവില്ലാത്തവരുടെ അഭയകേന്ദ്രമല്ല. പദ്യത്തിനു താളം ഉള്ളതുപോലെ ഗദ്യത്തിനും ഒരു താളം ഉണ്ട്. ആ താളം ആര്‍ജ്ജിച്ചവര്‍ക്കു മാത്രമേ ഗദ്യത്തില്‍ നല്ല കവിത എഴുതാന്‍ കഴിയൂ. സച്ചിദാനന്ദന്‍ കൂടുതലും ഗദ്യത്തിലെഴുതുന്നു എന്നത് കൊണ്ട് അദ്ദേഹം പദ്യരൂപം പരിചയമില്ലാത്ത, കവിതയുടെ തച്ചുശാസ്ത്രം അറിയാത്ത ഒരു കവിയാണെന്ന ധാരണ ശരിയല്ല. ധാരാളം പദ്യകൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ഗദ്യകവികള്‍ ഒട്ടുമിക്കവാറും പദ്യത്തില്‍ ഒരുവരിപോലും എഴുതാന്‍ കഴിവില്ലാത്തവരാണ്. അതുകവികളുടെ പരാധീനതയാണ്. വ്യാകരണവും ഛന്ദസ്സുമൊന്നുമില്ലാതെയും കവിതയെഴുതാം. എന്നാല്‍ ഇതൊക്കെയുണ്ടെങ്കില്‍ കവിത കൂടുതല്‍ മെച്ചപ്പെടും. ഗദ്യത്തിലെഴുതുന്നവരും കവിതയുടെ എല്ലാരൂപങ്ങളിലും പരിചയം നേടിയിട്ടുള്ളവരായിരിക്കണം. അല്ലെങ്കില്‍ അത്തരക്കാരുടെ എഴുത്തിന് അടിത്തറയുണ്ടാകില്ല. ഈ ലക്കം മാതൃഭൂമിയില്‍ സച്ചിദാനന്ദനെഴുതിയിരിക്കുന്ന കവിത പദ്യരൂപത്തിലുള്ളതാണ്. കവിയുടെ പതിവു ബിംബങ്ങളൊക്കെത്തന്നെയാണ് ഇതിലും ഉള്ളതെങ്കിലും അവയെ താളാത്മകമായി അടുക്കിയപ്പോള്‍ കൂടുതല്‍ മനോഹാരിത അനുഭവപ്പെട്ടു.
”മരണനൃത്തം ചവിട്ടും മഹാമാരി
മധുരമീ സ്മൃതിക്കേകുന്നു വായ്ക്കരി”
ഒരു മഹാമാരി നമ്മുടെ ജീവിതത്തെ പിടിച്ചുലയ്ക്കുന്ന ഈ കാലത്ത് സ്മൃതികള്‍ മാത്രമാണു നമുക്കു കൂട്ടായുള്ളത്. സച്ചിദാനന്ദന്റെ ‘ഒടുവിലത്തെ വീട്’ നല്ലൊരു കവിതാസദ്യതന്നെ. തൊട്ടടുത്ത് എസ്.ജോസഫിന്റെ ഗദ്യകവിതയുമുണ്ട്. എസ്. ജോസഫ് എന്ന കവി സച്ചിദാനന്ദന്റെ എഴുത്തിനെ ശ്രദ്ധിച്ചു പഠിക്കുന്നതു നന്നായിരിക്കും.
കവിത പത്ര റിപ്പോര്‍ട്ടല്ല എന്ന കാര്യം എസ്. ജോസഫിന് ആരാണു പറഞ്ഞു കൊടുക്കുന്നത്. ‘അഞ്ചു കവിതകള്‍’ എന്ന പേരില്‍ അദ്ദേഹം രചിച്ചിരിക്കുന്നവയെ കവിത എന്നതിനെക്കാള്‍ നിരൂപണമെന്നോ ലേഖനമെന്നോ വിളിക്കുന്നതാണുത്തമം. വാക്കുകള്‍ മുറിച്ചു വച്ചതെല്ലാം കവിതയാകുമോ? അഞ്ചു കവിതകളില്‍ അവസാനത്തേതാണ് ‘സൂചിയില്‍ നൂലുകോര്‍ക്കുമ്പോള്‍’. തീര്‍ച്ചയായും മനോഹരമായ ഒരു കവിതയാക്കി വികസിപ്പിക്കാവുന്ന ഒരു കാവ്യസന്ദര്‍ഭമാണ് തലക്കെട്ടിലുള്ളത്. ഈ കവി വാക്കുകളുടെ അലക്ഷ്യമായ ചേര്‍ത്തു വയ്ക്കലിലൂടെ ആ സാധ്യതകളെ മുഴുവന്‍ ഇല്ലാതാക്കുന്നു. ‘സൂചിയില്‍ നൂലുകോര്‍ക്കുമ്പോള്‍ ഭൂകമ്പം’ എന്നെഴുതിയിട്ട് തുടര്‍ന്ന് സൂചിയില്‍ നൂലുകോര്‍ക്കുമ്പോള്‍ വഴക്ക്’ എന്നെഴുതിയാല്‍ അതില്‍ ഒരു വികാസവുമില്ല; കവിതയുമില്ല.