എന്റെ കൃഷ്ണ കവിതകള്‍
കെ. ജയലക്ഷ്മി
കൈരളി ബുക്‌സ്, കണ്ണൂര്‍
പേജ്: 76 വില: 130 രൂപ
ആത്മജ്ഞാനികളുടെയും വാസനാകവികളുടെയും പാരമ്പര്യമുള്ള കെ.ജയലക്ഷ്മി മലയാളത്തിലും സംസ്‌കൃതത്തിലും കവിതകളെഴുതിക്കൊണ്ടിരിക്കുന്നു. മലയാളത്തിലും സംസ്‌കൃതത്തിലും എഡ്യുക്കേഷനിലും ബിരുദാനന്തരബിരുദവും സംസ്‌കൃത കോളേജ് പ്രിന്‍സിപ്പല്‍ പദവി വരെയെത്തുന്ന അദ്ധ്യാപനപരിചയവും ഈ കവയിത്രിയുടെ രചനകളെ ധന്യദീപ്തങ്ങളാക്കുന്നു. ഭക്തിയാണ് ഈ കവിതകളുടെ സ്ഥായിയായ ഭാവം. അതില്‍ത്തന്നെ കൃഷ്ണഭക്തിക്കാണ് മുഖ്യസ്ഥാനം. നൂറിലധികം കവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത നാല്പത്താറ് കവിതകളുടെ സമാഹാരമാണ് എന്റെ കൃഷ്ണകവിതകള്‍. രാധയുടെ മാധുരീഭക്തി, അജ്ഞാതഗോപികയുടെ വിനീതഭക്തി, അമ്മയുടെ വാത്സല്യഭക്തി, അശരണയുടെ ദൈന്യഭക്തി, കൂട്ടുകാരിയുടെ സഖ്യഭക്തി, ആത്മബോധത്തിന്റെ ജ്ഞാനഭക്തി എന്നിങ്ങനെ ഈശ്വരപ്രേമത്തിന്റെയും ശരണാഗതിയുടെയും വിവിധ ഭാവങ്ങള്‍ ഈ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. എല്ലാമെല്ലാം, ഇനിയൊന്നുമില്ല, ഉറക്കുപാട്ട്, ഉണര്‍ത്തുപാട്ട്, കള്ളനാണ് നീ തുടങ്ങിയ ശീര്‍ഷകങ്ങള്‍ തന്നെ ആ കവിതകളുടെ ആത്മാവിനെ വെളിപ്പെടുത്തുന്നു.
ശ്രീകൃഷ്ണന്‍ എന്നാല്‍ പരബ്രഹ്‌മം തന്നെയാണെന്നും ത്രിമൂര്‍ത്തികളും അവരുടെ അനേകം മൂര്‍ത്തിഭേദങ്ങളും കൃഷ്ണസ്വരൂപങ്ങള്‍ മാത്രമാണെന്നുമുള്ള വൈഷ്ണവചിന്ത ചില കവിതകളില്‍ കാണാം. നരസിംഹം, ഹരശങ്കര എന്നീ കവിതകളില്‍ ഈ ഭാവമാണുള്ളത്. ഭഗവാന്‍ ഭക്തദാസാനുദാസനാകയാല്‍ കുറൂരമ്മ, പൂന്താനം, മേല്പത്തൂര്‍ എന്നിവരെക്കുറിച്ചുള്ള രചനകളും കൃഷ്ണകവിതകളായി മാറുന്നു. കെ. ജയലക്ഷ്മിയുടെ പദസ്വാധീനവും താളബോധവും പ്രശംസനീയമാണ്. പരമ്പരാഗത കവിസങ്കേതങ്ങളില്‍ ആത്മബോധം നിറയ്ക്കുന്നതിലും വിജയിച്ചിരിക്കുന്നു.
ഗുരു: ഉവാച
ശ്രീധരനുണ്ണി
സാഹിത്യ പുസ്തകപ്രസാധനം
കോഴിക്കോട്
പേജ്: 72 വില: 110 രൂപ
മധുരവും സൗമ്യവുമായ രചനാശൈലികൊണ്ട് ശ്രീധരനുണ്ണിയുടെ കവിതകള്‍ ശ്രദ്ധേയങ്ങളാണ്. തീവ്രവികാരങ്ങളെ ആവുന്നത്ര അകറ്റിനിര്‍ത്തി ശാന്തരസത്തിനു പ്രാധാന്യം കൊടുക്കുന്നതാണ് ഈ കവിയുടെ രീതി. എന്നാല്‍ വര്‍ത്തമാനകാലത്തിന്റെ തിന്മകളില്‍ ആ കവി മനസ്സ് പ്രക്ഷുബ്ധമാകുന്നുണ്ട്. ആ അസ്വസ്ഥതയുടെ ആവിഷ്‌ക്കാരങ്ങളാണ് ഗുരുഃ ഉവാച എന്ന സമാഹാരത്തിലെ അന്‍പത്തൊന്നു കവിതകളും. സാമയിക സാഹിത്യത്തിന് ശാശ്വത സാഹിത്യമായി വളരാന്‍ കഴിയുമെന്നു കാട്ടിത്തന്ന സഞ്ജയനാണ് ഈ കവിയുടെ മാതൃക. ഭഗവദ്ഗീതക്കുപോലും ഹാസ്യാനുകരണമുണ്ടാക്കിയ അദ്ദേഹത്തിന്റെ സ്വാധീനം ഗുരുഃ ഉവാച എന്ന ശീര്‍ഷകത്തില്‍ത്തന്നെ തെളിയുന്നു. ശിഷ്യന്റെ ചോദ്യങ്ങള്‍ക്ക് ഗുരു മറുപടി പറയുന്ന രൂപത്തിലാണ് ബോധവത്ക്കരണം, ഓന്തു മാഹാത്മ്യം, സാരോപദേശ സംഹിത എന്നീ രചനകള്‍. ഗുരുവിന്റെ ചോദ്യത്തിന് ശിഷ്യന്‍ വിശദമായി മറുപടി പറയുന്ന വിധത്തിലാണ് മലയാളദുര്യോഗവും നട്ടപ്പിരാന്തും. ഇവയുടെ രചന അനുഷ്ടുപ്പ് വൃത്തത്തിലാണ്; മറ്റെല്ലാം സഞ്ജയനു പ്രിയപ്പെട്ട ഭാഷാ വൃത്തങ്ങളിലും ഗാനരീതികളിലും. രാഷ്ട്രീയ കക്ഷികളുടെ പരസ്യങ്ങള്‍ ഉത്പന്നങ്ങളുടെ പരസ്യങ്ങളെ കവിഞ്ഞുനില്‍ക്കുന്നുവെന്ന് വ്യംഗ്യ ഭംഗിയോടെ കാട്ടിത്തരുന്നുണ്ട്. നമ്മുടെ സാംസ്‌കാരിക ചിഹ്നങ്ങളുടെ വിപണന സാദ്ധ്യതയെ അക്ഷയതൃതീയ കാട്ടിത്തരുന്നു. മണ്ണുവില്‍ക്കുന്ന കവല മനസ്സിലേല്‍പ്പിക്കുന്ന ആഘാതം കനത്തതാണ്. വിശപ്പുമാറ്റാന്‍ പറ്റിയ പലതരം മണ്ണുകള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ഐ.എസ്.ഐ. മുദ്ര പതിച്ച്, കവലകളില്‍ വില്‍പ്പന നടത്തുന്നതിന്റെ ദൃശ്യം നാം കാണാനിരിക്കുന്നതേയുള്ളൂവെന്നാണ് പ്രവചനം. ഒരു വാര്‍ത്തയും ചിത്രങ്ങളും ഈ ഭീകരാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ച് വര്‍ഷമായിട്ടും രാഷ്ട്രീയ കക്ഷികളുടെ പ്രകടനപത്രികകള്‍ പാവങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കുമെന്ന് പ്രഖ്യാപിക്കുന്നതിലെ പരിഹാസ്യതയാണ് ഇതിലെ ലക്ഷ്യം. പക്ഷേ ഈ കവിതക്കുപോലും ഒരു സൗമ്യഭാവമുണ്ട്. മലയാളത്തിന്റെ ഹാസ്യകവിതാ പാരമ്പര്യം സജീവമാണെന്ന് ശ്രീധരനുണ്ണിയിലൂടെ നാം മനസ്സിലാക്കുന്നു. സാഹിത്യചരിത്രത്തില്‍ ഈ കവി അടയാളപ്പെടുത്തപ്പെടുന്നത് ഗുരു: ഉവാചയില്‍ കൂടിയായിരിക്കുമെന്നു തോന്നിപ്പോകുന്നു.