തിരുനാവായ മണപ്പുറമാണ് രംഗം. പടവുകളില്‍ പിതൃക്കള്‍ക്ക് ബലിയിടുകയാണ് യുവതിയായ വിധവയും മകനും. ”ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി, നര്‍മ്മേദ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം കുരു” എന്ന് കര്‍മ്മി ഓതിക്കൊടുക്കുന്ന മന്ത്രം ഏറ്റുചൊല്ലി അവര്‍ പിണ്ഡം സമര്‍പ്പിക്കുന്നു. മകനെ നഷ്ടമായ ഒരമ്മ സമീപത്ത് പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നു. നാരായണി എന്നാണ് അവരുടെ പേര്. അന്ധമായ രാഷ്ട്രീയവൈരം കൊണ്ട് അരുംകൊല ചെയ്യപ്പെട്ട മകന്റെ പിണ്ഡം പടികളില്‍ വെയ്ക്കുമ്പോള്‍ നവാമുകുന്ദന്റെ മുന്നില്‍ നിന്ന് നിളയിലേക്ക് നോക്കിനില്‍ക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ഫ്രെയിമില്‍ വരുന്നു. കണ്ണിന് കണ്ണും പല്ലിന് പല്ലും ഉയിരിന് ഉയിരുമെടുക്കുന്ന പകയും കൊണ്ട് വന്ന പ്രതികാരവാഹകസംഘമാണത്. അവരെ നോക്കി നാരായണി നില്‍ക്കുന്ന രംഗം. പ്രസവിച്ചുവളര്‍ത്തിയ മകന്റെ തലയും ഉടലും പൂക്കുല പോലെ ചിതറുന്നത് കണ്ട് മരവിച്ചുപോയ ഒരമ്മയുടെ ദൈന്യം ആ നോട്ടത്തിലുണ്ട്. ഇനിയൊന്നും നഷ്ടപ്പെടാനില്ല എന്നുറപ്പിച്ചപോലെ അനുഭവങ്ങളില്‍നിന്ന് വീണുകിട്ടിയ സ്ഥൈര്യവും ധൈര്യവും അവരുടെ മുഖത്ത് തിരയടങ്ങിയ കടല്‍പോലെ വന്നുനിറയുന്നുമുണ്ട്. മറ്റൊരു നാരായണിക്ക് ശബ്ദം മാത്രമേയുള്ളൂ. ബഷീറിന്റെ മതിലുകള്‍ക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ മനോഹരമായ ചലച്ചിത്രാവിഷ്‌കാരം. ചെറിയ ജയിലില്‍ നിന്ന് പുറം ലോകമാകുന്ന വലിയ ജയിലിലേക്ക് എന്നെ തുറന്നുവിടുന്നത് എന്തിനാണെന്ന് കഥാനായകനെക്കൊണ്ട് ചോദിപ്പിക്കാന്‍ നാരായണിക്ക് അവളുടെ ശബ്ദം മാത്രം ധാരാളമായിരുന്നു. പ്രണയത്തിന്റെയും അകന്നുപോകലിന്റേയും കടലാഴം കാണിക്കാന്‍ പോന്ന ശക്തമായ ശബ്ദസാന്നിധ്യം. ഈ നാരായണിമാര്‍ക്കെല്ലാം മുമ്പേയും ശേഷവും അതിനിടയിലും തിരശ്ചീനമായും ലംബമായും പല നിലകളിലേക്ക് വളര്‍ന്നു പന്തലിച്ച അനേകം കഥാപാത്രങ്ങള്‍ കൊണ്ട് സമ്പന്നമായ അഭിനയജീവിതമായിരുന്നു കെ.പി.എ.സി ലളിതയുടേത്. ശബ്ദംകൊണ്ട് അനേക തലങ്ങളിലേക്ക് അവര്‍ കഥാപാത്രങ്ങളെ പുനഃപ്രതിഷ്ഠിച്ചിട്ടുണ്ട്. ടി.കെ.രാജീവ് കുമാറിന്റെ പവിത്രം എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ വലിഞ്ഞുമുറുകിയ ഒരു ത്രന്തിപോലെ നില്‍ക്കുന്ന രംഗമുണ്ട്. ലാളിച്ചുവളര്‍ത്തിയ അനിയത്തിക്കുട്ടിയെ പലതരത്തില്‍ നഷ്ടപ്പെട്ടുപോയപ്പോള്‍ ഭ്രാന്തനായി മാറിയ ഏട്ടനായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ നിറയുകയാണ്. ഒരുകമ്പ് ഒടിച്ചെടുത്ത് വഴിയിലൂടെ നടന്നുപോകുന്ന രണ്ട് കുട്ടികളെ തടഞ്ഞുനിര്‍ത്തി ലാല്‍ മീനാക്ഷീ എന്നുവിളിക്കുമ്പോള്‍ ”എനിക്കിത് കാണാന്‍മേലേ” എന്ന ഒറ്റനിലവിളിയില്‍ പ്രേക്ഷകരുടെ ഹൃദയത്തെ അണപൊട്ടിച്ച് വിടുന്നുണ്ട് ലളിതയുടെ ‘പുഞ്ചിരി’ എന്ന കഥാപാത്രം. മോഹന്‍ലാലെന്ന അഭിനയപ്രതിഭ നിറഞ്ഞാടുന്ന ഒരു രംഗത്തില്‍നിന്ന് ഒരു നിമിഷം പ്രേക്ഷകന്റെ മനസ്സിനെ പുഞ്ചിരി എന്ന കഥാപാത്രത്തിലേക്ക് വഴിതിരിക്കാന്‍ ആ ശബ്ദത്തിലെ മഹാസങ്കടം ചെറുതായൊന്നുമല്ല ഇടപെടുന്നത്.മണിച്ചിത്രത്താഴിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ സണ്ണി ആളുമാറി ടര്‍ക്കിയെടുത്തുടുക്കുന്ന രംഗം. ഇത് എടി അല്ല എടായാണെന്ന് ലാലിന്റെ കഥാപാത്രം പറയുമ്പോള്‍ ”എടായോ” എന്ന് ഒരു നാട്ടിന്‍പുറത്തുകാരിക്ക് മാത്രം സാധ്യമാകുന്ന നിഷ്‌കളങ്കതയോടെ ആവര്‍ത്തിക്കുന്ന ലളിതയ്ക്ക് ആ ശബ്ദം മാത്രം മതിയായിരുന്നു പ്രേക്ഷകരുടെ ചിരി പൊട്ടിക്കാന്‍. സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരേയില്‍ കൂട്ടുകാരിക്ക് കൊണ്ടുവന്ന കുമ്പിളപ്പം പരിഷ്‌കാരിയായ മരുമകള്‍ വലിച്ചെറിയുമ്പോള്‍ ”രണ്ടുദിവസം ഉറക്കളച്ചിരുന്ന് ഉണ്ടാക്കിയതാ” എന്ന ഡയലോഗില്‍ നമ്മെ കരയിക്കുന്നത് ആ ശബ്ദത്തിന്റെ വൈകാരിക ഭാവം തന്നെയാണ്.മതിലുകളില്‍ രൂപമില്ലാതെ ശബ്ദമായി ജീവിച്ച നാരായണിയില്‍നിന്ന് ശബ്ദമുണ്ടായിട്ടും അത് ഉയര്‍ത്തിയിട്ടും, ഭയത്തിന്റെയും ദൈന്യത്തിന്റെയും കെട്ടുപാടില്‍നിന്ന് മോക്ഷം ലഭിക്കാത്ത ശാന്തത്തിലെ നാരായണിയിലേക്കുള്ള അവരുടെ മധ്യകാല വളര്‍ച്ചയിലെ ചിലമുഹൂര്‍ത്തങ്ങള്‍ മാത്രമാണിവ. തൊണ്ടയില്‍നിന്ന് പുറപ്പെടാതെ പോയ അനേകം ശബ്ങ്ങളുടെ നിസ്സഹായരൂപമായ ശാന്തത്തിലെ നാരായണിയിലേക്കും അതിന്റെ സൂക്ഷ്മതലങ്ങളിലേക്കും ലളിത എന്ന മഹാ അഭിനേത്രി വളരുന്നതിന് മുന്‍പും പിന്‍പും മലയാളസിനിമയില്‍ അവര്‍ക്ക് സുഭദ്രമായ ഒരിടമുണ്ട്.
മഹാനടനായ സത്യന്റെ തലമുറ മുതല്‍ ഉണ്ണിമുകുന്ദന്റെ പുതിയ തലമുറ വരെ മലയാളസിനിമയില്‍ വേരാഴ്ത്തിയ അപൂര്‍വ്വ പ്രതിഭയായിരുന്നു അവര്‍. എഴുപതുകളിലെ വാഴ്‌വേമായമായാലും രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ഭീഷ്മയായാലും ഓരോ ശ്വാസത്തിലും ശുദ്ധമായ കലമാത്രം. ആശാരിയായും, മൂശാരിയായും(വെങ്കലം), മുക്കുവസ്ത്രീയായും (അമരം), ക്രിസ്ത്യന്‍ തറവാട്ടമ്മയായും (സ്ഫടികം,വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കോട്ടയം കുഞ്ഞച്ചന്‍), മീന്‍കാരിയായും,വേശ്യാ സ്ത്രീയായും (സദയം), കല്യാണ ബ്രോക്കറായും (പല സിനിമകളില്‍) സമൂഹത്തില്‍ നിലനിന്നിരുന്ന പലതരം ജാതി ഉപജാതി മനുഷ്യരുടേയും തൊഴിലിടങ്ങളുടേയും പ്രതിനിധിയായി ലളിത മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി.അസൂയക്കാരിയായ പെങ്ങളായും, സാമര്‍ത്ഥ്യക്കാരിയായ ഏട്ടത്തിയമ്മയായും (വരവേല്‍പ്പ്), പൊങ്ങച്ചക്കാരിയായ നാട്ടിന്‍പുറത്തുകാരിയായും (ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം) അവര്‍ സ്‌ക്രീനില്‍ വൈവിധ്യം തീര്‍ത്തു. ഓരോ കഥാപാത്രത്തിനും ചേരുന്ന നാടന്‍ വഴക്കങ്ങള്‍ ക്യാമറയുടെ മുന്നില്‍ അനായാസമായി അവരില്‍നിന്ന് ഇറങ്ങിവന്നു. അഭിനയത്തില്‍ രാജാപ്പാര്‍ട്ട് വേഷങ്ങളുടെ അച്ചടിഭാഷയും ചതുരവടിവുകളും നിറഞ്ഞുനിന്നിരുന്ന എഴുപതുകളില്‍ത്തന്നെ അത്തരം കൃത്രിമത്വങ്ങളെ ഗൗനിക്കാതെ സിനിമയില്‍ മുന്നേറിത്തുടങ്ങി അവര്‍. മലയാളത്തില്‍ തലയെടുപ്പോടെ നിന്ന സംവിധായകന്‍ കെ.എസ്.സേതുമാധവന്റെ കൂട്ടുകുടുംബം എന്ന ഹിറ്റ് സിനിമയിലൂടെ അരങ്ങേറ്റം. നാടകാചാര്യന്‍ തോപ്പില്‍ ഭാസി തന്ന പേരുമായി സിനിമയില്‍ യാത്ര ചെയ്യാന്‍ ലഭിച്ച സൗഭാഗ്യം. ഈ ലെഗസികള്‍ ഒന്നും ലളിത പാഴാക്കിയില്ല. ഒന്നിനോടൊന്ന് മിഴിവാര്‍ന്ന കഥാപാത്രങ്ങളിലൂടെ സിനിമയില്‍ അവര്‍ ആരൂഢം ഉറപ്പിച്ചു.
കെ.പി.എ.സി എന്ന ബ്രാന്‍ഡ്
ഒരു കാലത്ത് സിനിമാരംഗത്തേക്കാള്‍ പ്രശസ്തമായ ബ്രാന്‍ഡ് ആയിരുന്നു കെ.പി.എ.സി. സിനിമയേക്കാള്‍ കാല്പനികമായി സ്‌നേഹവും,വിപ്ലവവും, പറഞ്ഞിരുന്ന നാടകസംഘം.ആദ്യകാലത്ത് ലളിതയ്ക്ക് കെ.പി.എ.സി ഒരു വിലാസമായിരുന്നു. പിന്നെ കെ.പി.എസി.യോടൊപ്പം ലളിതയും വളര്‍ന്നു. കാലക്രമത്തില്‍ കെ.പി.എസി.യുടെ വിലാസമായി അവര്‍ ലോകം നിറഞ്ഞു.കെ.പി.എ.സി ലളിത എന്ന സാമാന്യേന ദീര്‍ഘമായ അഭിസംബോധന ആയിരുന്നിട്ടും ഒരു മലയാളി പ്രേക്ഷകനും അവരെ ലളിത എന്ന് മാത്രമായി അഭിസംബോധന ചെയ്തില്ല.അത് പ്രേക്ഷകലോകം അവര്‍ക്കും കെ.പി.എ.സിക്കും കൊടുത്ത ആദരവായിരുന്നു. ആദ്യകാലത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമയില്‍ തിളങ്ങിയ സുകുമാരിയമ്മ, കവിയൂര്‍ പൊന്നമ്മ തുടങ്ങി അനേകം അഭിനേത്രിമാര്‍ ചില പ്രത്യേക ടൈപ്പുകളിലേക്ക് ഒതുങ്ങിയപ്പോഴും വ്യത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ കെ.പി.എ.സി ലളിത കളംനിറഞ്ഞു. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനായ ഭരതനെ ജീവിതപങ്കാളിയാക്കി, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്ന പ്രതിഭയിലൂടെ തന്റെ സിനിമാ പരമ്പര തുടര്‍ന്നു. സര്‍ഗ്ഗാത്മക ജീവിതത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവസാന്നിധ്യമാകുന്ന ഇടപെടലുകള്‍ക്കായി ശ്രമിച്ചു.
നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ഉയിരടയാളങ്ങള്‍
1997 ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവിലെ നായികയുടെ അമ്മയായി കെ.പി.എ.സി ലളിത വരുന്നു. ഒന്നാം നിര അഭിനേത്രിയായ ശ്രീവിദ്യ,അനശ്വര നടന്‍ തിലകന്‍ ഇവരൊക്കെയാണ് ക്ലൈമാക്‌സ് രംഗത്തില്‍ ഒപ്പം.സുധിയും മിനിയും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ്. നായകന്റെ അമ്മയായി വേഷമിട്ട ശ്രീവിദ്യ നായികയുടെ അമ്മയായി അഭിനയിക്കുന്ന കെ.പി.എസി.ലളിതയോട് പറയുകയാണ്.”എന്റെ മോളല്ലേ? ഇങ്ങ് തന്നേര്. ഞാന്‍ നോക്കിക്കോളാം പൊന്നുപോലെ”. ഇതിന്റെ കൗണ്ടര്‍ ഡയലോഗ് ഒന്നുകൊണ്ട് മാത്രം ആ ക്ലൈമാക്‌സിനെ തന്റേതാക്കി മാറ്റുകയാണ് ലളിത. ”എടുത്തോണ്ട് പൊയ്‌ക്കോ. എന്നിട്ട് അവടെ ചെക്കനെ അവള്‍ക്കങ്ങ് കൊടുത്തേരെ” എന്ന് പറയുന്ന രംഗത്ത് ഡയലോഗ് പറഞ്ഞുകൊണ്ടുതന്നെ തോള്‍മുണ്ടെടുത്ത് ലളിത മുഖത്തമര്‍ത്തി ആ കഥാപാത്രത്തിന്റെ വൈകാരികവിക്ഷോഭത്തെ അടക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കും അവരോടൊപ്പം കരച്ചില്‍ അടക്കാന്‍ ആവുന്നില്ല. ‘എടാ രാമഭദ്രാ അവനെ വിളിച്ചുനിര്‍ത്തി ചോദിക്ക്’ എന്ന് തുടങ്ങുന്ന ഡയലോഗോടുകൂടി തന്റെ മക്കളുടെ പിതൃത്വം തെളിയിക്കാന്‍ ശ്രമിക്കുന്ന ഗോഡ്ഫാദറിലെ കൊച്ചമ്മിണിയുടെ കഥാപാത്രം ആ രംഗത്തില്‍ നിറഞ്ഞാടുമ്പോള്‍ നാടകാചാര്യന്‍ എന്‍.എന്‍.പിള്ള അടക്കം ഒപ്പമുള്ളവരെല്ലാം ഫ്രെയിമില്‍ നിഷ്പ്രഭരാകുന്ന പ്രതീതി ഉണ്ടാകുന്നു.ഒടുവില്‍ തന്റെ കുഞ്ഞുങ്ങളെ കിണറ്റിലെറിയാനായിപ്പോകുന്ന കൊച്ചമ്മിണിയുടെ പിന്നാലെ ചെന്ന് അവരെ തടയാന്‍ തോന്നത്തക്കവിധത്തിലുള്ള നിഷ്‌കളങ്കതയുടെ പകര്‍ന്നാട്ടം അവരുടെ അഭിനയത്തിലും സംഭാഷണത്തിലും കണ്ടെടുക്കാനാവും. അഭിനയത്തിന്റെ സാങ്കേതികമായ ഒരു സ്‌കൂളിലും ചെന്ന് അവസാനിക്കുന്നതല്ല അവരുടെ തനത് നടനശേഷി.ഒരു മുറുക്കിത്തുപ്പലിലും,മുഖം തുടയ്ക്കലിലും,കൈവീശിയുള്ള നടത്തത്തിലും,മുഖം വെട്ടിച്ചുള്ള നോട്ടത്തിലും, പ്രേക്ഷകന്റെ നാട്ടുകാരിയോ വീട്ടുകാരിയോ ആയിത്തീരുന്ന പ്രകൃതമാണ് അവരെ അഭിനേത്രിക്കും മുകളിലേക്ക് ഉയര്‍ത്തുന്നത്. ക്യാമറയെ നോക്കി വെറുതേ ബിഹേവ് ചെയ്യൂ എന്ന് സംവിധായകര്‍ പറയുന്ന കാലത്തിനും പതിറ്റാണ്ടുകള്‍ക്ക്മുന്‍പ് അത് ചെയ്തുകാണിച്ച പാരമ്പര്യം അവര്‍ക്കുണ്ട്. ”ഇനി നീ പൊന്നുകൂട്ടി എന്നെ പൊന്നമ്മേ എന്ന് വിളിക്കരുത്” എന്ന് ഗുണ്ടയായ മകന്‍ ആടുതോമയോട് പറയുമ്പോള്‍ ഏത് അമ്മയുടെ നെഞ്ചിലാണ് അല്‍പ്പം നീറ്റല്‍ ഉണ്ടാവാത്തത്?
ഉപമിക്കാന്‍ മറ്റാരുമില്ല
മലയാളസിനിമയിലെ നഷ്ടങ്ങളില്‍ പകരം വെയ്ക്കാനില്ലാത്ത നിരവധി പേരുണ്ട്. ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയ നാട്ടുമനുഷ്യരുടെ വലിയൊരു പരമ്പര. ആ പട്ടികയിലേക്കാണ് കെ.പി.എ.സി ലളിത എന്ന പേരും എരിഞ്ഞ് ചേരുന്നത്. അരനൂറ്റാണ്ടുകാലം സിനിമയുടെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുകയും സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിതത്തെ സിനിമയില്‍ അടയാളപ്പെടുത്തുകയും ചെയ്ത ഒരു ചലച്ചിത്രതാരം എങ്ങിനെയാണ് സാമ്പത്തിക ഞെരുക്കങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നത് എന്നാലോചിച്ചാല്‍ ചെന്നുനില്‍ക്കുന്ന ഒരിടമുണ്ട്. കല ഒരു രാഷ്ട്രീയ,സാമൂഹിക ഉത്തരവാദിത്തം ആണെന്ന് ഒരു ശരാശരി പൗരന് പോലും വിശാലമായി അറിയുന്ന ഒരു കാലത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലും കുന്നില്‍ ചെരുവുകളിലും ആളൊഴിഞ്ഞ മൈതാനങ്ങളിലും സ്‌റ്റേജ് കെട്ടി ജനഹൃദയങ്ങളിലേക്കിറങ്ങിയ സമൃദ്ധമായ ഒരു നാടകക്കാലം അവരുടെ പാരമ്പര്യത്തില്‍ ഉണ്ട്. തനതായ നാടകപ്രസ്ഥാനങ്ങളൊന്നും ലാഭേച്ഛയോടെ പ്രവര്‍ത്തിച്ച സാമൂഹികസ്ഥാപനങ്ങള്‍ ആയിരുന്നില്ല.അവ സൃഷ്ടിച്ച പ്രതിഭകളും അങ്ങിനെതന്നെ. അവരോടൊപ്പം വളര്‍ന്നുവന്ന കലാകാരന്‍മാരെല്ലാം ആ പാഥേയത്തിലൂടെ നടന്നവരും നടക്കാന്‍ ആഗ്രഹിച്ചവരുംആണ്. നാരായണിമാര്‍ക്കും പൊന്നമ്മമാര്‍ക്കും കുഞ്ഞിപ്പെണ്ണിനും മേരിപ്പെണ്ണിനും ഭാര്‍ഗവിക്കുമെല്ലാം ഹൃദയത്തില്‍ ഇടം കൊടുത്ത മലയാളി പ്രേക്ഷകസമൂഹം സമീപകാലത്തൊന്നും കെ.പി.എ. സി ലളിതയെന്ന മഹാപ്രതിഭയെ മറക്കുകയില്ല. കാരണം അവര്‍ എഴുതിയ ചിത്രങ്ങളുടെ മഷി സാധാരണമനുഷ്യന്റെ ചോരയിലും കണ്ണീരിലും മുക്കിയെടുത്തതാണ്. അനശ്വരമായ ജീവിതത്തിന്റെ സ്‌നേഹനിര്‍ഭരമായ കടല്‍ ജീവിതമായ ആ ശംഖിനുള്ളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്.