അഹമ്മദാബാദ്: ഭാരതത്തെ സ്വയംപര്യാപ്തമാക്കാന്‍ സമൂഹം സ്വദേശി സമ്പദ് മാതൃകകള്‍ സ്വീകരിക്കണമെന്ന് ആര്.എസ്.എസ്. സമൃദ്ധമായ പ്രകൃതിവിഭവങ്ങളും വിപുലമായ മനുഷ്യശക്തിയും സംരംഭകത്വശേഷിയുമുള്ള ഭാരതത്തിന് ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കര്‍ണാവതിയില്‍ സമാപിച്ച അഖില ഭാരതീയ പ്രതിനിധി സഭ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
തൊഴില്‍, ഉപജീവന മേഖലകളില്‍ കൊവിഡ് സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ സമൂഹം പുതിയ അവസരങ്ങള്‍ തുറന്നു. തൊഴില്‍ മേഖലയിലെ വെല്ലുവിളി ലഘൂകരിക്കുന്നതിന് ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ മുഴുവന്‍ സമൂഹവും സജീവമായ പങ്ക് വഹിക്കേണ്ടതുണ്ടെന്ന് പ്രതിനിധി സഭ അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സൗഹൃദവും മനുഷ്യകേന്ദ്രിതവുമായ തൊഴിലുകള്‍ക്ക് പ്രാധാന്യം നല്കുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തമാകണം. അത് വികേന്ദ്രീകരണത്തിനും ആനുകൂല്യങ്ങളുടെ തുല്യ വിതരണത്തിനും ഊന്നല്‍ നല്കുന്നതാകണം. മൈക്രോ സ്കെയില്‍, ചെറുകിട, കാര്‍ഷിക അധിഷ്ഠിത വ്യവസായങ്ങള്‍ വര്‍ധിക്കണം. ഭാരതീയ സാമ്പത്തിക മാതൃകയ്ക്ക് ഊന്നല്‍ നല്‍കണം, പ്രമേയം നിര്‍ദേശിച്ചു.
തൊഴില്‍ തേടുന്ന മാനസികാവസ്ഥയില്‍ നിന്ന് പുറത്തുവരാന്‍ യുവാക്കളെ ബോധവത്കരിക്കണം. അവരുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കണം, പ്രതിനിധി സഭ ആവശ്യപ്പെട്ടു.
സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരവും സമഗ്രവുമായ വികസനം കൈവരിക്കുന്നതിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഭാരത കേന്ദ്രീകൃത മാതൃകകളില്‍ പ്രവര്‍ത്തിക്കാന്‍ പ്രതിനിധി സഭ ആഹ്വാനം ചെയ്തു. വിവിധ തൊഴില്‍ അവസരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുഴുവന്‍ ശ്രമങ്ങളെയും ഉത്തേജിപ്പിക്കുന്ന, ആരോഗ്യകരമായ തൊഴില്‍ സംസ്കാരം സ്ഥാപിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും പ്രതിനിധിസഭ അഭ്യര്‍ത്ഥിച്ചു. അതുവഴി ലോക സാമ്പത്തിക രംഗത്ത് ഭാരതത്തിന് അതിന്റെ ശരിയായ സ്ഥാനം തിരികെ ലഭിക്കുമെന്നും പ്രതിനിധി സഭയുടെ പ്രമേയത്തില്‍ പറയുന്നു.