1985-ല്‍ സി.പി.എം. സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടന്നു. ഇക്കൊല്ലവും അതേ കൊച്ചിയില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടന്നു. രണ്ടിലും ബദല്‍ രേഖ അവതരിപ്പിക്കപ്പെട്ടു. രണ്ടിലും പ്രതികാര നടപടിയും ഉണ്ടായി. ഒന്നില്‍ ബദല്‍ രേഖക്കാരനായിരുന്നു പ്രതികാരത്തിന്റെ ഇര. അത് എം. വി.രാഘവനായിരുന്നു. രണ്ടാമത്തേതില്‍ ബദല്‍ രേഖക്കാരന്‍ ഒരാള്‍; പ്രതികാരത്തിന് ഇരയായത് വേറെ ചിലര്‍. രണ്ടാമത്തേതിലെ ബദല്‍ രേഖക്കാരന്‍ മുഖ്യന്‍ വിജയന്‍ സഖാവാണ്. പകക്ക് ഇരയായത് ജി.സുധാകരന്‍, പി.ജയരാജന്‍ തുടങ്ങിയവരും. എം.വി. ആറിന്റെ ബദല്‍ രേഖയില്‍ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവല്‍ക്കരണവും ലീഗു ബന്ധവുമായിരുന്നു വിഷയം. അല്ലറ ചില്ലറ മാറ്റത്തോടെ അതൊക്കെ തന്നെയായിരുന്നു വിജയന്‍ സഖാവിന്റെ ബദല്‍ രേഖയിലുമുണ്ടായിരുന്നത്. അതിന്റെ പേര് ‘നവകേരള വികസന രേഖ’ എന്നാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്വകാര്യവല്‍ക്കരണം മുതല്‍ സി.ഐ. ടി.യുവിനെ മൂക്കുകയറിടല്‍ വരെ മുഖ്യന്‍ സഖാവിന്റെ ബദല്‍ രേഖയിലുണ്ട്. ബദല്‍ രേഖ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ പരിധിക്ക് പുറത്തായതിനാല്‍ രാഘവന്‍ സഖാവ് പാര്‍ട്ടിക്ക് പുറത്തായി. എന്നാല്‍ പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ വെട്ടി നിരത്തിയ വിജയന്‍ സഖാവ് മുന്‍കൂട്ടി പ്രതിരോധം തീര്‍ത്തിരുന്നു. അതിനാല്‍ ബദല്‍ രേഖക്ക് എതിരു പറയാന്‍ പാര്‍ട്ടി സമ്മേളനത്തില്‍ ആരുമുണ്ടായിരുന്നില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മറ്റിയിലും സ്തുതിപാഠകരെ നിറച്ചതിനാല്‍ ബദല്‍ രേഖ പാര്‍ട്ടി റിപ്പോര്‍ട്ടിനേക്കാള്‍ കേമമായി ആഘോഷിക്കപ്പെടുകയും ചെയ്തു. ഇവിടെയാണ് എം. വി.രാഘവന് അക്കിടി പറ്റിയത്. കൂടെ നില്‍ക്കുമെന്നു ഉറപ്പിച്ചു പറഞ്ഞ നായനാരുള്‍പ്പെടെയുള്ളവര്‍ കാലുവാരി. ഇതോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇ. എം.എസ്സിന്റെ പ്രതികാര നടപടിക്ക് ഇരയായി.
കോഴിക്കോട്ട് നടന്ന ഒരു റാലിയില്‍ ഇ.എം.എസ്. പ്രസംഗിച്ചു കൊണ്ടിരുന്നപ്പോഴാണ് എം.വി. രാഘവന്‍ സ്റ്റേജില്‍ കയറി വന്നത്. അണികള്‍ എം.വി. ആറിന് സിന്ദാബാദ് വിളിച്ചു. തന്റെ കസേരക്കരികില്‍ വന്നിരുന്ന രാഘവനോട് കേളുവേട്ടന്‍ പറഞ്ഞത് ‘സൂക്ഷിച്ചോ രാഘവാ നിന്നെ ഇ.എം.എസ്. നോട്ടമിട്ടിട്ടുണ്ട്’ എന്നാണ്. പാര്‍ട്ടിക്ക് പുറത്തായപ്പോള്‍ രാഘവന്‍ ഓര്‍ത്തത് ഈ രംഗമാണ്. പി.ജയരാജന് പി.ജെ. ആര്‍മി സിന്ദാബാദ് വിളിക്കാന്‍ തുടങ്ങിയപ്പോഴേ ഉറപ്പിച്ചതാണ് ജയരാജനെ വിജയന്‍ സ ഖാവ് നോട്ടമിട്ടിട്ടുണ്ടെന്ന്. വല്ലാതെ ഷൈന്‍ ചെയ്യാന്‍ തുടങ്ങിയ ജി. സുധാ കരനും അതേഗതി ഉണ്ടായി. പി.ജെ.ആര്‍ മിയെ വെട്ടി നിരത്തി. ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നല്‍കിയില്ല. വയസ്സിന്റെ കണക്ക് പറഞ്ഞ് സുധാ കരനെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. രാഘവന്റെ ബദല്‍ രേഖ ഒരു കയ്യിലും ഇഎം.എസ്സിന്റെ പകയുടെ വാള്‍ മറുകയ്യിലുമായി സംസ്ഥാന സെക്രട്ടറിക്കും യച്ചൂരിക്കും മീതെ കസേര വലിച്ചിട്ടിരിക്കയാണ് വിജയന്‍ സഖാവ്.