കുമാരനാശന്‍ പദപൂരണത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന ‘നിരര്‍ത്ഥകപദങ്ങളെ’ ഒട്ടെല്ലാ നിരൂപകരും വിമര്‍ശിച്ചിട്ടുണ്ട്. ‘ആശാന്റെ ശൈലീവൈകൃതം’ എന്നാണ്, ഇടനിലനികത്താന്‍ ആശാന്‍ ഉപയോഗിച്ചിട്ടുള്ള ഈ പൂരണപദങ്ങളെപ്പറ്റി ഡോ.കെ.അയ്യപ്പപണിക്കര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ പൂരണപദങ്ങള്‍ ഋഗ്വിലക്ഷണങ്ങളായ സ്‌തോഭങ്ങളാണ്. ഒരു ഉദാഹരണം കൊണ്ട് ഇതു വ്യക്തമാക്കാം.
”ഹാ! പുഷ്പമേ, അധിക തുംഗപദത്തിലെത്ര
ശോഭിച്ചിരുന്നതൊരു രാജ്ഞികണക്കയേ നീ.”
ഇതിലെ ‘ഹാ’ എന്ന അക്ഷരം ഹാദിവിദ്യയിലെ ഹകാരമാണ്. ആശാന്‍ ഉപാസിച്ചിരുന്ന ശ്രീവിദ്യയുമായി അതിഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു, വീണ പൂവ്. ഇത് വ്യക്തമാക്കുന്നതിന് മുമ്പ് ശ്രീവിദ്യയിലെ ഹാദിവിദ്യ എന്താണെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. അതിന് മുമ്പ് ആശാന്‍ 23-ാമത്തെവയസ്സില്‍ തര്‍ജ്ജമ ചെയ്ത സൗന്ദര്യലഹരിയിലെ 32-ാമത്തെ ശ്ലോകം പഠിക്കേണ്ടിയിരിക്കുന്നു.
പാരില്‍ക്‌നുപ്തം ശിവന്‍ശക്തിയുമലര്‍ശരനും
ഭൂമിയും പിന്നെയര്‍ക്കന്‍
താരാധീശന്‍ സ്മരന്‍ ഹംസവുമഥഹരിയും
പിന്‍പരാകാമനിന്ദ്രന്‍
ഓരോഹ്രീങ്കാരമീ മൂന്നിനുമൊടുവിലുദി-
ക്കുമ്പോഴീവര്‍ണ്ണജാലം
നേരേ നിന്‍ നാമധേയത്തിനു ജനനി! പെടു-
ന്നംഗമായ് ഭംഗമന്യേ.
ആശാന്‍ ഉപാസിച്ചിരുന്ന ശ്രീവിദ്യാമന്ത്രമാണിത്. ഇതിലെ ഒരു ശാഖയാണ് ഹാദിവിദ്യ. ഹാദിവിദ്യയുടെ ദ്രഷ്ടാവ് അഗസ്ത്യനാണ്. ഈ ഹാദിവിദ്യ ആദ്യം അദ്ദേഹം ഉപദേശിച്ചത് തന്റെ ഭാര്യയായ ലോപാമുദ്രയ്ക്കാണ്. അതുകൊണ്ട് ഈ മന്ത്രസാധന അഗസ്ത്യവിദ്യയെന്നും ലോപാമുദ്രവിദ്യയെന്നും അറിയപ്പെടുന്നു. ഇത് അഗസ്ത്യ പരമ്പരയില്‍പ്പെട്ട സിദ്ധന്മാരാണ് ഉപാസിച്ചിരുന്നത്. ഇതിന്റെ പിന്‍തുടര്‍ച്ചയാണ് തൈക്കാട്ട് അയ്യാസ്വാമി. അയ്യാസ്വാമിയില്‍ നിന്ന് ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും പകര്‍ന്നു കിട്ടി. അങ്ങനെ കുമാരനാശാനിലേയ്ക്കും പകര്‍ന്നു. അതുകൊണ്ടാണ് 23-ാം വയസ്സില്‍ ആശാന്‍ സൗന്ദര്യലഹരി തര്‍ജ്ജമ ചെയ്തത്. ‘ശ്രീചക്രം’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ പി. മാധവന്‍, ശ്രീനാരായണപരമ്പര ശ്രീവിദ്യോപാസന നടത്തിയിരുന്നുവെന്ന് ആധികാരികമായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലേഖകനും ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
ആശാനെ ശ്രീവിദ്യ എത്രമാത്രം ഗാഢമായി സ്വാധീനിച്ചിട്ടുണ്ട് എന്നറിയണമെങ്കില്‍ ആശാന്റെ കാവ്യകല അഥവാ ഏഴാമിന്ദ്രിയം എന്ന കവിത മാത്രം പഠനത്തിന് വിധേയമാക്കിയാല്‍ മതി. ദേവിവസിക്കുന്ന അരമന തേടിവാടിയ കവി, ആ രസമായ രാജ്യസീമ കാണാന്‍ ഏഴാം ഇന്ദ്രിയം നല്‍കി അനുഗ്രഹിക്കണമെന്ന് അംബയോടു പ്രാര്‍ത്ഥിക്കുന്നു. മാത്രമല്ല, ലളിതാസഹസ്രനാമത്തിലെ മഹാരാജ്ഞിയെത്തന്നെയാണ് വീണപൂവിലെ ആദ്യശ്ലോകത്തിലെ രാജ്ഞിയായി കവി ആവിഷ്‌ക്കരിക്കുന്നത്. ഇനി നമുക്ക് ശ്രീവിദ്യയിലെ ഹാദിവിദ്യയിലേക്ക് കടക്കാം. സൗന്ദര്യലഹരിയിലെ 32-ാം ശ്ലോകം വ്യാഖ്യാനിച്ചാല്‍ മാത്രമേ വീണപൂവിലെ ആദ്യാക്ഷരമായ ഹാകാരത്തിന്റെ പ്രസക്തി മനസ്സിലാകുകയുള്ളൂ. അതിനായി ശ്രീനാരായണഗുരു പരമ്പരയില്‍പ്പെട്ട നടരാജഗുരുവിന്റെ സൗന്ദര്യലഹരീവ്യാഖ്യാനത്തെ നമുക്ക് പിന്‍തുടരാം. അദ്ദേഹം സൗന്ദര്യലഹരിയിലെ 32-ാം ശ്ലോകത്തിന് ഇങ്ങനെ അര്‍ത്ഥം കൊടുക്കുന്നു. ‘അല്ലയോ അമ്മേ, ശിവന്‍, ശക്തി, കാമന്‍, ക്ഷിതി എന്നിവയും രവി, ശീതകരണന്‍, സ്മരന്‍, ഹംസന്‍, ശക്രന്‍ എന്നിവയും പരാ, മാരന്‍, ഹരന്‍ എന്നീ ദേവതാസമൂഹങ്ങള്‍, നിന്റെ ഈ ബീജാക്ഷരങ്ങളുടെ രൂപത്തില്‍, ഹൃല്ലേഖയെ (ഹ്രീങ്കാരത്തെ) ഓരോ സമൂഹത്തിന്റേയും അവസാനത്തില്‍ ചേര്‍ത്തിട്ടുള്ള ഭാവത്തില്‍ നാമരൂപത്തിന്റെ അവയവങ്ങളായിരിക്കുന്ന അവസ്ഥയെ ഭജിക്കുന്നുവല്ലോ”.
ഈ അര്‍ത്ഥത്തെ വിശകലനം ചെയ്തുകൊണ്ടു സൂക്ഷ്മദൃക്കായ നടരാജഗുരു തുടര്‍ന്നെഴുതുന്നു:
”തെക്കേ ഇന്ത്യയിലെ, വിശേഷിച്ചും കേരളത്തിലെ തന്ത്രസമ്പ്രദായത്തില്‍ ദേവതകളുടെ പ്രതീകങ്ങളായി ചില വര്‍ണ്ണങ്ങളെ സ്വീകരിക്കുന്ന രീതിയുണ്ട്. ഈ വര്‍ണ്ണങ്ങളെ ബീജാക്ഷരങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഹ, സ, ക, ല, ഹ്രീം, ശ്രീം, ഐം, ക്ലീം എന്നിങ്ങനെ പോകുന്നു ഈ ബീജാക്ഷരങ്ങള്‍. ഇതില്‍ ഓരോ അക്ഷരവും ഓരോ ദേവതയെയാണ് സൂചിപ്പിക്കുന്നത്. തന്ത്രം, യന്ത്രം, മന്ത്രം എന്നിവ ചേര്‍ന്നുള്ള ആകെ വ്യവസ്ഥയില്‍ ഈ ഓരോ ദേവതയ്ക്കും ഓരോ ധര്‍മ്മമാണ് ഉള്ളത്. കൗളന്മാര്‍ പൂജാസമയത്ത് ഈ ബീജാക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ അവരുടെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കേണ്ടതായി സങ്കല്‍പിച്ചിട്ടുള്ള ദേവതാരൂപങ്ങള്‍ മൂന്നുഗണത്തില്‍ പെടുന്നവയാണ്. ഈ മൂന്നു ഗണങ്ങളെ ദൈവിക സ്വഭാവമുള്ളത്, ലൗകിക സ്വഭാവമുള്ളത്, മാനസിക സ്വഭാവമുള്ളത് എന്ന് വക തിരിക്കുന്നതില്‍ തെറ്റുണ്ടാവുകയില്ല”.
ശ്രീവിദ്യാമന്ത്രത്തെ ശ്രീനടരാജഗുരു മൂന്നു ഗണങ്ങളായി തിരിക്കുന്നുണ്ടല്ലോ. അതില്‍ രണ്ടാമത്തെ – അതായത് ലൗകിക സ്വഭാവമുള്ള – ഗണത്തില്‍പ്പെടുന്നതാണ് ഹാദിവിദ്യ. ഇത് ശൈവസിദ്ധാന്തികള്‍ മാത്രമേ പിന്‍തുടരാറുള്ളൂ. അക്കൂട്ടത്തിലെ നടുനായകമണിയായ തൈക്കാട്ടു അയ്യാവിന്റെ പരമ്പരയില്‍ പെട്ട ചുരുക്കം പേരെ അതായത് ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു – തുടങ്ങിയവര്‍ മാത്രമേ ഇത് ഉപാസിച്ചിരുന്നുള്ളൂ. ഇനി നമുക്ക് ഹാദിവിദ്യയിലെ കേന്ദ്രബിന്ദുവിലേയ്ക്ക് കടക്കാം. നടരാജഗുരുപറയുന്ന ശ്രീവിദ്യാ മന്ത്രത്തിലെ രണ്ടാമത്തെ – ലൗകിക സ്വഭാവമുള്ള – മന്ത്രം ഇതാണ്. ഇതില്‍ അഞ്ച് ബീജാക്ഷരങ്ങളാണുള്ളത്. ”ഹ, സ, ക, ല, ഹ്രീം”. ഇതിലെ ഹകാരം ശിവരൂപിയായ സൂക്ഷ്മാകാശമത്രേ. ആ ഹകാരത്തെയാണ് വീണപൂവിലെ ആദ്യബീജാക്ഷരമായി രാജ്ഞിയ്ക്കു മുമ്പേ കുമാരനാശന്‍ നിബന്ധിച്ചിട്ടുള്ളത്.
ഞാന്‍ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുത്താനായി കുമാരനാശന്‍ 1095-ല്‍ പ്രസിദ്ധീകരിച്ച ‘പ്രതിഭ’ എന്ന മാസികയില്‍ കൊടുത്തിരിക്കുന്ന ആശാന്റെ തന്നെ ഈ വചനം വായിക്കുക.
”സാധാരണ വഴിപോക്കര്‍ വകവയ്ക്കാതെ ചവിട്ടിക്കടന്നുപോകുന്ന കാട്ടുപൂവ് അനുഗൃഹീത കവികളുടെ അധ്യാത്മദൃഷ്ടിയില്‍ അപ്രത്യക്ഷ ലോകത്തിലെ സന്ദേശം വഹിക്കുന്ന ദേവതയായി ശോഭിക്കുന്നു”.