പി. ലീല അനുഗൃഹീത ഗായികയാണ്. ജ്ഞാനപ്പാന പലരും പാടിയിട്ടുണ്ടെങ്കിലും പി. ലീല പാടി അവതരിപ്പിച്ചിരിക്കുന്നതാണ് ഏറ്റവും മനോഹരം. നാരായണീയം ഏറ്റവും മനോഹരമായി പാടിയത് യേശുദാസാണ്. നാരായണീയവും പലരും പാടിയിട്ടുണ്ട്. എന്നാല്‍ ഒരു കവിതയ്ക്ക് അടിക്കുറിപ്പായി നാരായണീയത്തിലെ വരികള്‍ ചേര്‍ത്താല്‍ നാരായണീയം കെ.ജെ. യേശുദാസ് എന്നാരും എഴുതാറില്ല. ‘നാരായണീയം’ എന്നുമാത്രം കൊടുത്താല്‍ മതിയാകും. വേണമെങ്കില്‍ മേല്പത്തൂര്‍ എന്നുകൂടിചേര്‍ക്കാം. ജ്ഞാനപ്പാനയില്‍ നിന്നും ഒരു വരി ഉദ്ധരിച്ചാല്‍ ‘ജ്ഞാനപ്പാന’ എന്നുമാത്രം മതിയാകും. എല്ലാ മലയാളികള്‍ക്കും ആരുടേതാണ് ആ ഭക്തികാവ്യമെന്നറിയാം. കൂടുതല്‍ വ്യക്തത വരുത്തിയേ പറ്റൂ എന്നുണ്ടെങ്കില്‍ ജ്ഞാനപ്പാന പൂന്താനം എന്നാകാം. പക്ഷെ ജ്ഞാനപ്പാന പി. ലീല എന്നാരെങ്കിലും ചേര്‍ക്കുമോ? മങ്ങാട് രത്‌നാകരന്‍ (ഭാഷാപോഷിണി, ഫെബ്രുവരി) കവിയ്ക്കല്ല ഗാനം ചെയ്തയാളിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. പുതിയ തലമുറയ്ക്കു പൂന്താനവും എഴുത്തച്ഛനുമൊക്കെ അപരിചിതരാണല്ലോ. അവര്‍ പി. ലീല എന്നൊരു കവിയുണ്ടെന്ന് തെറ്റിദ്ധരിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. പി.ലീല എന്ന കവിയെ അനുസ്മരിച്ചാണ് ആശാന്‍ ലീല എഴുതിയത് എന്നു കൂടി ചിലര്‍ കഥയുണ്ടാക്കിക്കളയും.
കുറച്ചു പ്രസ്താവനകളല്ലാതെ മങ്ങാട് രത്‌നാകരന്റെ കവിതയില്‍ നിന്നും മറ്റൊന്നും വായിച്ചെടുക്കാനില്ല. ‘പരംപൊരുള്‍’ എന്ന വലിയ പേരൊക്കെയുണ്ടെങ്കിലും പൊരുളൊന്നും കാണാനില്ല. കക്കാടിനെയും പൂന്താനത്തേയും പി. ലീലയേയുമൊക്കെ ഓര്‍ക്കാനുതകുന്നു എന്നതല്ലാതെ കാവ്യപരമായ മെച്ചമൊന്നുമില്ല.
ബാവുള്‍ ഗായകരെക്കുറിച്ച് ധാരാളം പറയുകയും കവിത എഴുതുകയും ചെയ്തിട്ടുണ്ട് ഓഎന്‍വി. ബംഗാളിലെ നാടോടി ഗായകരായ ബാവുകളെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ പാര്‍വ്വതി ബാവുള്‍ കേരളത്തിന്റെ മരുമകള്‍ കൂടിയാണ്. നമുക്ക് ബാവുള്‍സംഗീതമെന്നാല്‍ പാര്‍വ്വതി ബാവുള്‍ ആണ്. ബാവുള്‍ സ്ഫടികത എന്ന കവിതയില്‍ ജെനി ആന്‍ഡ്രൂസ് പൂര്‍ണമായും ബാവുള്‍ സംഗീതത്തെയും പാര്‍വ്വതിയെയും കുറിച്ചാണ് എഴുതിയിരിക്കുന്നത്. പാര്‍വ്വതിയുടെ സംഗീതക്കച്ചേരി കേള്‍വിയ്ക്ക് എന്നതുപോലെ കാഴ്ചയ്ക്കും വിരുന്നാണ്. ‘ഏക് താര’ എന്ന സംഗീതോപകരണം മീട്ടിക്കൊണ്ട് അവര്‍ നടത്തുന്ന പ്രകടനം ഏവരേയും ആനന്ദിപ്പിക്കും. അവര്‍ പാടുന്നതു കൂടുതലും കൃഷ്ണകീര്‍ത്തനങ്ങളാണ് എന്നതും ഒരു പ്രത്യേകതയാണ്. വെറുംനാടന്‍ സംഗീതം എന്നതിനുപകരം ക്ലാസിക് പാരമ്പര്യവുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്ന ബാവുള്‍ രീതികളെ മലയാളത്തില്‍ ഓഎന്‍വിക്കുശേഷം കവിതയിലൂടെ പരിചയപ്പെടുത്തുന്നതില്‍ ജെനിയും ഉള്‍പ്പെടുന്നതു സന്തോഷകരം. ‘അപാരതയുടെ വധു’ എന്നു കവി പാര്‍വ്വതിയെ വിളിക്കുന്നു. നല്ല സംഗീതാസ്വാദകയായിരിക്കണം ഈ എഴുത്തുകാരി!
പാരമ്പര്യ രീതിയില്‍ കവിത എഴുതുന്നയാളാണ് ഇയ്യങ്കോട് ശ്രീധരന്‍. മിക്കവാറും എല്ലാ കവിതകളും ഏതെങ്കിലും വൃത്തത്തില്‍ തന്നെ എഴുതാന്‍ ഈ കവി ശ്രദ്ധിക്കാറുണ്ട്. ഭാഷാപോഷിണിയിലെ ഇപ്പോഴത്തെ കവിതയും വൃത്തത്തില്‍ത്തന്നെ. എല്ലാ വരിയിലും പത്തക്ഷരം കൃത്യമായി ദീക്ഷിക്കുന്ന ഇതിന്റെ വൃത്തം കൃത്യമായി ഏതാണെന്ന് പറയാനാവുന്നില്ല. ഉപ മഞ്ജരി എന്നൊക്കെ വൃത്തശാസ്ത്രജ്ഞന്മാര്‍ പേരിട്ടു വിളിക്കുന്ന ആറ്റും മണമ്മേലെ, മാവേലിനാടുവാണീടും കാലം തുടങ്ങിയ നാടന്‍ ശീലുകളുടെ രീതിയുമായി ഇണങ്ങുന്ന ഏതോ വൃത്തമാണെന്നു തോന്നുന്നു. കൃത്യമായി വൃത്തപണ്ഡിതന്മാര്‍ തീരുമാനിക്കട്ടെ.
‘ആസ്താം താവദീയം പ്രസൂതിസമയേ ദുര്‍വ്വാരശൂലവ്യഥ’ ….. എന്നു തുടങ്ങുന്ന ശങ്കരാചാര്യരുടെ മാതൃപഞ്ചകത്തെ അനുസ്മരിച്ചുകൊണ്ട് മാതൃത്വത്തിന്റെ മഹത്വമാണ് കവി ഇവിടെ ഉദ്‌ഘോഷിക്കുന്നത്.
‘വാനരനായ് വിളയാടുമെന്നെ
ഹാ! നരനായി മാറ്റിയതമ്മ’ എന്നിങ്ങനെ മാതാവിനോടു തനിക്കുള്ള കടപ്പാട് കവി വിവിധരൂപത്തില്‍ അവതരിപ്പിക്കുന്നു. കേരളത്തിന്റെ പോയകാല പ്രകൃതിയെ അതിന്റെ സൗന്ദര്യാതിരേകത്തോടെ തന്നെ അവതരിപ്പിക്കാന്‍ കവിയ്ക്കു കഴിഞ്ഞിരിക്കുന്നു.
ഇ.കെ. പ്രേംകുമാര്‍ എന്നയാളുടെ ഗവേഷണലേഖനം, തീരെ ചെറുതെങ്കിലും, ഈ മാസത്തെ ഭാഷാപോഷിണിയെ സമ്പന്നമാക്കുന്നു. നാലപ്പാട് നാരായണ മേനോന്റെ പാവങ്ങള്‍ തര്‍ജ്ജമ പുറത്തു വരുന്നതിനും ആറുവര്‍ഷം മുന്‍പ് ‘സരസ്വതി’ എന്ന പേരില്‍ വിക്ടര്‍ ഹ്യൂഗോയുടെ കൃതിയുടെ തര്‍ജ്ജമ മലയാള മനോരമയില്‍ പ്രസിദ്ധീകരിക്കപ്പെട്ടുവത്രേ! പരിഭാഷകന്റെ പേരില്ലാത്ത ആ കൃതി പുസ്തകരൂപത്തില്‍ പുറത്തുവന്നതിന്റെ ഒരു കോപ്പി സാഹിത്യ അക്കാദമിയിലും സൂക്ഷിച്ചിട്ടുണ്ടെന്ന് ലേഖകന്‍ പറയുന്നു.
മലയാളത്തിലെ ഗദ്യസാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കൃതിയാണ് നാലപ്പാടന്റെ തര്‍ജ്ജമ. അത് ഭാഷാഗദ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഒട്ടൊന്നുമല്ല സഹായിച്ചത്. കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റി തനി കേരളീയമായ രീതിയില്‍ തര്‍ജ്ജമ ചെയ്തതു കൊണ്ടാവാം അജ്ഞാതകര്‍തൃകമായ ‘സരസ്വതി’ ശ്രദ്ധിക്കപ്പെടാതെ പോയത്. നാലപ്പാടന്റെ ഗദ്യശൈലിയും പാവങ്ങള്‍ ശ്രദ്ധേയമാകാന്‍ കാരണമായിട്ടുണ്ടാവാം. ഏതായാലും ഇത്തരം ഗവേഷണ ലേഖനങ്ങള്‍ ഭാഷയ്ക്കു മുതല്‍ക്കൂട്ടാണ്. സരസ്വതിയുടെ ഒരു പുതിയ പതിപ്പ് പ്രസിദ്ധീകരിക്കാന്‍ സാഹിത്യ അക്കാദമി ശ്രമിച്ചാല്‍ നന്നായിരുന്നു. ആരാണ് ആ കൃതിയുടെ യഥാര്‍ത്ഥ കര്‍ത്താവ് എന്നതു കണ്ടെത്താനും ഗവേഷകര്‍ യത്‌നിക്കുന്നതു നന്നായിരിക്കും. ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്ക് അനിവാര്യമാണ്.
ലോകത്തിലെ ഏറ്റവും പ്രശസ്തരായ സഹോദരിമാര്‍ ഇംഗ്ലീഷ് എഴുത്തുകാരികളായ ബ്രോണ്ടി സഹോദരിമാരാണ്. ഷാര്‍ലറ്റ്, എമിലി, ആന്‍ എന്നീ മൂന്നുപേര്‍ ഇംഗ്ലീഷ് ഫിക്ഷന് അസാധാരണ സംഭാവനകള്‍ നല്‍കിയ പ്രതിഭാശാലികളാണ്. ഏറ്റവും മൂത്തവളായ ഷാര്‍ലറ്റ് ബ്രോണ്ടി (Charlotte Bronte))യുടെ ജയിനെയര്‍ (Jane Eyre) കേരളത്തിലും പരക്കെ വായിക്കപ്പെട്ടിട്ടുള്ള കൃതിയാണ്. എമിലി ബ്രോണ്ടിയുടെ വൂതറിങ് ഹൈറ്റ്‌സും (Wuthering Heights) കേരളത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട കൃതി തന്നെ. ആന്‍ബ്രോണ്ടിയുടെ ആഗ്നസ്‌ഗ്രേ(Agnes Grey) മലയാളി വായനക്കാരുടെ ഇടയില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നിരുന്നാലും ബ്രോണ്ടി സഹോദരിമാര്‍ നമുക്കും പരിചിതര്‍ തന്നെ.
1800 കളുടെ മധ്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട യൂറോപ്യന്‍ കൃതികളിലൊക്കെ കാണുന്ന ഇരുണ്ട അനാഥാലയങ്ങളും ദാരിദ്ര്യവും അതിക്രൂരന്മാരായ അനാഥാലയങ്ങളിലെ വാര്‍ഡന്മാരുമൊക്കെ ബ്രോണ്ടിമാരുടെ കൃതികളിലുമുണ്ട്. ഡിക്കന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റിലും മറ്റു പലകൃതികളിലും പ്രത്യക്ഷപ്പെടുന്ന അനാഥത്വത്തിന്റെ ദുരിതമുഖം വരച്ചു കാണിക്കുന്നതില്‍ ഏറ്റവും വിജയിച്ചകൃതിയാണ് ഷാര്‍ലറ്റ് ബ്രോണ്ടിയുടെ ജയിനെയര്‍. ലോകം മുഴുവന്‍ വായനക്കാരെ ആകര്‍ഷിച്ച ഈ കൃതി നമ്മുടെ നാട്ടിലും വളരെ പ്രചാരം നേടി. ഇംഗ്ലീഷ് സാഹിത്യം ഐച്ഛികമായെടുത്തു പഠിച്ചവരെല്ലാം ഈ കൃതി പാഠപുസ്തകമെന്ന നിലയില്‍ നെഞ്ചേറ്റിയിട്ടുണ്ടാവും. അക്കാലത്ത് പകര്‍ച്ചവ്യാധികള്‍ താണ്ഡവമാടിയിരുന്ന യൂറോപ്പില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടുപോയ കുട്ടികള്‍ കഥാപാത്രമാവാത്ത നോവലുകള്‍ പുറത്തിറങ്ങുന്നത് അപൂര്‍വ്വമായിരുന്നു. ഈ കൃതിയിലെ നായികയായ ജെയിനും മിസിസ് റീസെനെ എന്ന ക്രൂരയായ അമ്മായിയുടെ ദയാദാക്ഷിണ്യത്തിനു യാചിക്കേണ്ടിവരുന്ന അനാഥ തന്നെ.
1847 ലാണ് ജെയിനെയര്‍ പുറത്തുവരുന്നത്. അപ്പോഴേയ്ക്കും ഇംഗ്ലീഷില്‍ നോവലുകള്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ നോവലുണ്ടാകാന്‍ പിന്നെയും രണ്ടു ദശാബ്ദം വേണ്ടി വന്നു. 1865ലാണ് ആദ്യ ഇന്ത്യന്‍ നോവലായി കണക്കാക്കപ്പെടുന്ന ദുര്‍ഗ്ഗേശനന്ദിനി പുറത്തിറങ്ങുന്നത്. ലോകം ഇന്ന് ആദ്യനോവലായി കണക്കാക്കുന്നത് സി.ഇ. ആയിരത്തില്‍ പുറത്തിറങ്ങിയതായി കരുതുന്ന ജാപ്പനീസ് കൃതിയായ ‘ഗഞ്ചിയുടെ കഥ’ യാണ്. എന്നാല്‍ സി.ഇ. 7-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടത് എന്ന് കരുതുന്ന ബാണഭട്ടന്റെ കാദംബരിയാണ് ആദ്യനോവല്‍ എന്ന് ഭാരതീയരില്‍ ചിലര്‍ കരുതുന്നു. ഗഞ്ചിയുടെ കഥയെ നോവലായി കണക്കാക്കാമെങ്കില്‍ തീര്‍ച്ചയായും കാദംബരിയേയും അങ്ങനെ കരുതാവുന്നതേയുള്ളൂ. പക്ഷെ ലോകം അതിന്നുവരെയും വക വച്ചു തന്നിട്ടില്ല. അതിനുകാരണം നമ്മള്‍ ആ കൃതിയെ വേണ്ടവണ്ണം ലോകശ്രദ്ധയില്‍ കൊണ്ടു വന്നിട്ടില്ല എന്നതാണ്.
തീര്‍ച്ചയായും ഇംഗ്ലീഷ് നോവലുകളെ അനുസരിച്ചാണ് ബംഗാളിയിലും പിന്നീട് മലയാളത്തിലും നോവല്‍ ഉണ്ടാകുന്നത്. എന്നാല്‍ അക്കാലത്തെ ഇംഗ്ലീഷ് നോവലുകളില്‍ സാര്‍വത്രികമായി കാണുന്ന അനാഥ ജന്മങ്ങളുടെ ബാഹുല്യം ഒരിന്ത്യന്‍ നോവലിലുമില്ല. ഇതെന്തുകൊണ്ടാണെന്ന് തീര്‍ച്ചയായും പഠനവിധേയമാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ അന്നു സാഹിത്യാദി വിഷയങ്ങളില്‍ താല്പര്യം കാണിച്ചിരുന്ന സമൂഹത്തിലെ സമ്പന്നവിഭാഗത്തിനിടയില്‍ അത്തരം പകര്‍ച്ചവ്യാധി മരണങ്ങള്‍ യൂറോപ്പിലേതു പോലെ ഉണ്ടായിരുന്നില്ല എന്നതാവാം പ്രധാനകാരണമെന്നുതോന്നുന്നു. യൂറോപ്പില്‍ പകര്‍ച്ചവ്യാധികള്‍ താണ്ഡവമാടിയപ്പോള്‍ ഇന്ത്യയിലും സ്ഥിതിവ്യത്യസ്തമായിരുന്നില്ല. എന്നിരിക്കിലും ഇവിടെ സമ്പന്ന വിഭാഗങ്ങള്‍ യൂറോപ്പില്‍ നിന്നു വ്യത്യസ്തമായി കുറെയൊക്കെ പിടിച്ചുനിന്നു. അതിനുകാരണം നമ്മുടെ പരമ്പരാഗത വൈദ്യസമ്പ്രദായമായ ആയുര്‍വേദമാണ്. ആധുനികകാലത്ത് ആന്റിബയോട്ടിക്കുകള്‍ പുറത്തുവന്നു തുടങ്ങിയപ്പോഴുണ്ടായ നേട്ടമൊന്നും നമുക്ക് അക്കാലത്തു കൈവരിക്കാനായിരുന്നില്ലെങ്കിലും വ്യാപകമരണത്തില്‍ നിന്നും കുറച്ചൊക്കെ രക്ഷപ്പെടാന്‍ ഇവിടത്തെ സമ്പന്നവിഭാഗത്തിനു കഴിഞ്ഞിരുന്നു. അതിനാല്‍ അവരുടെയിടയില്‍ ജീവിതം കുറച്ചൊക്കെ ആനന്ദപ്രദമായിരുന്നു. ആ ആനന്ദം അവരുടെ എഴുത്തിലും പ്രതിഫലിച്ചു. അതു നമ്മുടെ എഴുത്തിനെ പ്രസാദാത്മകമാക്കി.
ഭാഷാപോഷിണിയില്‍ എന്‍.വാസുദേവ് ‘ദുരിതമഷിയിലെഴുതിയ ജീവിത പുസ്തകം’ എന്ന പേരില്‍ ഒരു യാത്രാനുഭവം എഴുതിയത് വായിച്ചപ്പോഴാണ് മുകളില്‍ സൂചിപ്പിച്ച വിഷയങ്ങള്‍ എഴുതാന്‍ തോന്നിയത്. ബ്രോണ്ടി സഹോദരിമാരുടെ ജന്മഗേഹം ഇപ്പോള്‍ ഒരു മ്യൂസിയമാണത്രേ! അത് സന്ദര്‍ശിക്കാനുള്ള സൗഭാഗ്യം വാസുദേവിനുകിട്ടി. അദ്ദേഹം ആ അനുഭവത്തെ അവരുടെ സാഹിത്യ കൃതികളിലൂടെയുള്ള സഞ്ചാരം കൂടി ആക്കി എഴുതിയിരിക്കുന്നു. ഷേക്‌സ്പിയറുടെ ജന്മഗൃഹം കഴിഞ്ഞാല്‍ ബ്രിട്ടനില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്ന സാഹിത്യതീര്‍ത്ഥാടനകേന്ദ്രമാണത്രേ ബ്രോണ്ടി പാര്‍സനേജ് മ്യൂസിയം. കേരളത്തില്‍ തകഴിയുടെയോ പൊെറ്റക്കാടിന്റെയോ എന്തിനു തുഞ്ചത്തെഴുത്തച്ഛന്റെ ജന്മഗേഹത്തിലേയ്‌ക്കോ ആരാധനാപൂര്‍വ്വം ആരെങ്കിലും പോകുന്നതായി അറിവില്ല. അവര്‍ സാംസ്‌കാരിക സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന രീതിയില്‍ ആകര്‍ഷകമായി നമ്മള്‍ സംരക്ഷിക്കുന്നില്ല എന്ന് തീര്‍ത്ത് പറയാനാവില്ല. ആ സൗഭാഗ്യങ്ങള്‍ ചിലര്‍ക്കു ലഭിക്കുന്നുണ്ട്. പ്രതിഭയെ അറിയാന്‍ വൈമുഖ്യമുള്ള നമ്മുടെ വായനക്കാരും സാഹിത്യകുതുകികളും ‘മുന്‍പേ ഗമിച്ചീടിന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹുഗോക്ക’ളാണ്. അവരുടെ സാഹിതീകൗതുകം അതിനുപരിയായ പല കാര്യങ്ങളിലും കെട്ടുപിണഞ്ഞതാണ്. വൈലോപ്പിള്ളിയും ഇടശ്ശേരിയും പൊറ്റെക്കാടും ഉറൂബുമൊക്കെ അവരുടെ പ്രതിഭയ്ക്കനുസരിച്ചുള്ള പരിഗണന എന്നു നേടിയെടുക്കുമോ എന്തോ?