കാത്തുസൂക്ഷിച്ച പ്രചാരക മനസ്സ്
-പി.ആര്‍. ശശിധരന്‍ (ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ്)
ജീവിതകാലം മുഴുവന്‍ പ്രചാരകമനസ്സ് കാത്തുസൂക്ഷിച്ച വ്യക്തിയാണ് കഴിഞ്ഞ ഫെബ്രുവരി 19 ന് അന്തരിച്ച പി.കെ. നാരായണന്‍ എന്ന നാരായണ്‍ജി. തൃശ്ശൂരില്‍ നിന്ന് സ്വയംസേവകനായ അദ്ദേഹം എറണാകുളത്തെ പ്രസിദ്ധ പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയില്‍ എഞ്ചിനീയറായിരിക്കെയാണ് സംഘപ്രചാരകനായിത്തീര്‍ന്നത്.
പ്രചാരകനെന്നത് ഒരു മാനസിക ഭാവമാണെന്നും അത് പ്രത്യക്ഷത്തില്‍ പ്രചാരകനായി പ്രവര്‍ത്തിക്കുന്നവരില്‍ മാത്രമല്ല സാധാരണ ജീവിതം നയിക്കുന്ന സ്വയംസേവകരിലും കാര്യകര്‍ത്താക്കളിലുമൊക്കെ ഏതെങ്കിലും ഘട്ടത്തില്‍ ഉണ്ടാകുമെന്നുമുള്ള സ്വര്‍ഗീയ ഭാസ്‌കര്‍റാവുജിയുടെ വാക്കുകളെ അനുസ്മരിപ്പിക്കും വിധമായിരുന്നു നാരായണ്‍ജിയുടെ ജീവിതം. 1970 കളുടെ ആരംഭം തൊട്ട് രണ്ടു പതിറ്റാണ്ടോളം നീണ്ട പ്രചാരകജീവിതത്തിന് ഇടയ്ക്ക് വിരാമമിട്ടുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതം എന്നും ഒരു പ്രചാരകനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. പ്രചാരക ജീവിതം അവസാനിപ്പിച്ച് സഹോദരങ്ങളും മറ്റു ബന്ധുക്കളും അടങ്ങുന്ന കുടുംബാംഗങ്ങളോടൊപ്പം താമസിച്ചപ്പോഴും അദ്ദേഹം സ്വയം ഒരു കുടുംബസ്ഥനായില്ല.
പ്രവര്‍ത്തിച്ച ഓരോ പ്രദേശത്തെയും പരിതസ്ഥിതികളെ നാരായണ്‍ജി കൃത്യമായി മനസ്സിലാക്കുകയും അതിനോട് വളരെവേഗം ഇണങ്ങിച്ചേരുകയും ചെയ്തു. സാധാരണക്കാരും കൃഷിക്കാരുമൊക്കെ ഉള്‍പ്പെട്ടിരുന്ന ഇടുക്കിയിലെ സ്വയംസേവകരുടെയും കാര്യകര്‍ത്താക്കളുടെയും കാര്യത്തില്‍ അദ്ദേഹം സവിശേഷമായ ശ്രദ്ധ പുലര്‍ത്തിയിരുന്നു. വ്യത്യസ്തമായ കാലാവസ്ഥയുമായി ഇണങ്ങിച്ചേരേണ്ടതിനാല്‍ താരമ്യേന ചെറുപ്പക്കാരെയായിരുന്നു അവിടേക്ക് പ്രചാരകന്മാരായി അയച്ചിരുന്നത്. അവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ വാങ്ങി നല്‍കുന്നതിലും മറ്റും നാരായണ്‍ജി വളരെയേറെ ശ്രദ്ധിച്ചു. പ്രേരണാദായകമായ ആ മഹദ് ജീവിതത്തിനുമുന്നില്‍ ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
നാരായണ്‍ജി എന്ന മാര്‍ഗ്ഗദീപം
– എ.എം. കൃഷ്ണന്‍ (ആര്‍എസ്എസ് പ്രാന്തീയ പ്രചാരക് പ്രമുഖ് )
സംഘവൃത്തങ്ങളില്‍ നാരായണ്‍ജി എന്നറിയപ്പെടുന്ന പി.കെ.നാരായണന്‍ അടിയന്തരാവസ്ഥാ കാലത്ത് കൊല്ലം ജില്ലയുടെ ചുമതലയായിരുന്നു വഹിച്ചിരുന്നത്. അക്കാലത്ത് ഞാന്‍ പത്തനംതിട്ട താലൂക്ക് പ്രചാരകനായിരുന്നു. കേരളത്തില്‍ നിന്നും മുള കയറ്റി മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കുന്ന ഒരു കമ്പനിയുടെ ഏജന്റ് എന്ന നിലയില്‍ കൊല്ലത്തെ ഒരു ലോഡ്ജ് കേന്ദ്രമാക്കിയാണ് അദ്ദേഹം അന്ന് സംഘപ്രവര്‍ത്തനം ചെയ്തിരുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് പോലീസിന് പിടി കൊടുക്കാതെ നിരന്തരം യാത്ര ചെയ്ത നാരായണ്‍ജി കാര്യകര്‍ത്താക്കന്മാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നും പ്രമുഖ വ്യക്തികളെ സമ്പര്‍ക്കം ചെയ്തും നിര്‍ഭയനായി കൊല്ലം ജില്ലയിലെ സംഘ പ്രവര്‍ത്തനങ്ങള്‍ക്ക് ഒളിവിലെ പ്രവര്‍ത്തനങ്ങളിലൂടെ മാര്‍ഗ്ഗദര്‍ശനം നല്‍കി. അക്കാലത്തും എല്ലാ മാസവും നടക്കുന്ന താലൂക്ക് ബൈഠക്കുകളില്‍ മുടങ്ങാതെ അദ്ദേഹം പങ്കെടുത്തിരുന്നു. കാര്യകര്‍ത്താക്കള്‍ക്ക് സംഘകാര്യത്തില്‍ ഉറച്ചു നില്‍ക്കാനും ആത്മവിശ്വാസം വളര്‍ത്താനും അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിച്ചു.
പ്രചാരകനെന്ന നിലയില്‍ ഓരോ താലൂക്കിലും മൂന്നു ദിവസം വീതം പ്രവാസം നിശ്ചയിച്ചാല്‍ അതില്‍ രണ്ട് ദിവസം പ്രവര്‍ത്തനമുള്ള സ്ഥലത്തും ഒരു ദിവസം പ്രവര്‍ത്തനം നിന്നുപോയ സ്ഥലത്തോ, പുതിയ സ്ഥലത്തോ യാത്ര നിശ്ചയിക്കണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. പ്രവര്‍ത്തന വികാസത്തിന് ഈ രീതി വളരെയേറെ സഹായകരമായി. അടിയന്തരാവസ്ഥയില്‍ തന്നെ പത്തനംതിട്ടയില്‍ പത്തൊന്‍പത് സ്ഥലത്തും അടൂരില്‍ പതിനെട്ടു സ്ഥലത്തും പ്രവര്‍ത്തനം എത്തിയിരുന്നു.
പ്രവര്‍ത്തകരെ കണ്ടെത്താനും അവരെ കാര്യകര്‍ത്താക്കളാക്കി വളര്‍ത്തിയെടുക്കാനുമുള്ള നാരായണ്‍ജിയുടെ കഴിവ് അന്യാദൃശമായിരുന്നു. അദ്ദേഹത്തിന്റെ ലളിതമായ ജീവിതം സ്വയംസേവകര്‍ക്ക് മുന്നില്‍ ഒരു മാതൃകയായിരുന്നു. വിവിധ വിഷയങ്ങളിലുള്ള വായനയിലൂടെയും വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായുള്ള സമ്പര്‍ക്കത്തിലൂടെയും നേടിയെടുത്ത അനുഭവ സമ്പത്ത് കാരണം ഏതൊരാള്‍ക്കും ഏത് വിഷയത്തെക്കുറിച്ചും ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് നിവൃത്തി വരുത്താന്‍ നാരായണ്‍ജിക്ക് കഴിഞ്ഞിരുന്നു.
ഒരിക്കല്‍ പരിചയപ്പെട്ട വ്യക്തിയെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഓര്‍ത്തിരിക്കുകയും ബന്ധപ്പെടുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ഏത് പ്രവര്‍ത്തകന്റെയും ഗുണങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. ചെങ്ങന്നൂര്‍ ജില്ലയുടെ മുന്‍ ജില്ലാ കാര്യവാഹും ഇപ്പോള്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സെക്രട്ടറിയുമായ എന്‍. രാധാകൃഷ്ണന്‍ ഒരു അനുഭവം പറഞ്ഞത് ഓര്‍മ്മവരുന്നു. സമിതിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ കാര്യാലയത്തില്‍ എത്തിയ സമയത്ത് ചെങ്ങന്നൂരിലെ പഴയകാല പ്രവര്‍ത്തകരുടെ ക്ഷേമങ്ങള്‍ പേരെടുത്തു പറഞ്ഞ് അദ്ദേഹം അന്വേഷിക്കുകയുണ്ടായി.
മനുഷ്യരോട് മാത്രമല്ല സര്‍വ്വജീവജാലങ്ങളോടും അദ്ദേഹം സഹാനുഭൂതിയോടെ പെരുമാറിയിരുന്നു. ഒരിക്കല്‍ തൃശ്ശൂര്‍ കാര്യാലയത്തിന്റെ മുറ്റത്ത് അവശനിലയില്‍ എത്തിയ ഒരു കീരിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുംവരെ സംരക്ഷിക്കാന്‍ അവിടെ ഉണ്ടായിരുന്ന സ്വയംസേവകരോട് നാരായണ്‍ജി നിര്‍ദ്ദേശിക്കുകയും, അവരോടൊപ്പം അതിനെ ശുശ്രൂഷിക്കാനും ഭക്ഷണം നല്‍കാനും ഒപ്പം കൂടുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്.
1979 ല്‍ ചെങ്ങന്നൂര്‍ സംഘജില്ല രൂപീകരിച്ചപ്പോള്‍ നാരായണ്‍ജി കോട്ടയം, ഇടുക്കി, ആലപ്പുഴ, ചെങ്ങന്നൂര്‍ ജില്ലകള്‍ അടങ്ങുന്ന കോട്ടയം വിഭാഗിന്റെ പ്രചാരകനായി. സംഘശാഖകളുടെ വികാസത്തോടൊപ്പം വിവിധ ക്ഷേത്രപ്രസ്ഥാനങ്ങളും ശക്തിപ്പെടണം എന്ന ആശയം അദ്ദേഹം മുന്നില്‍ വയ്ക്കുകയും എല്ലാ താലൂക്കുകളിലും ഇതിനായി ചുമതല ഏല്പിക്കാന്‍ പറ്റിയ പ്രവര്‍ത്തകരെ നിയോഗിക്കുകയും ചെയ്തു. ഇതുമൂലം അന്ന് ചെങ്ങന്നൂര്‍ ജില്ലയില്‍ ബി.എം.എസ്, എബിവിപി, സേവികാസമിതി തുടങ്ങിയ വിവിധ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായിത്തീര്‍ന്നു.
ഒരുമിച്ചു യാത്ര ചെയ്തിരുന്ന സമയത്ത് സംഘപ്രവര്‍ത്തന വികാസത്തിന് കൃത്യമായ മാര്‍ഗദര്‍ശനം അദ്ദേഹം നല്‍കിയിരുന്നു. ഖണ്ഡ്, മണ്ഡല കേന്ദ്രങ്ങളില്‍ ശാഖകള്‍ ആരംഭിക്കേണ്ടതിന്റെയും സ്വാധീനമുണ്ടാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറയുമായിരുന്നു. തന്റെ പ്രവാസവേളയില്‍ തന്നെ പ്രചാരകന്മാരായി തീരാന്‍ കഴിയുന്ന പ്രവര്‍ത്തകരെ അദ്ദേഹം കണ്ടെത്തുകയും അതു നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുമായിരുന്നു. നാരായണ്‍ജിയുടെ ഭൗതികശരീരം നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സ്വയംസേവകര്‍ക്ക് എന്നും മാര്‍ഗ്ഗദീപമായിരിക്കും.
ഹൃദയംകൊണ്ട് സംവദിച്ചയാള്‍
– വി.എന്‍.രാമചന്ദ്രന്‍ നെടുമുടി
അടിയന്തരാവസ്ഥ കാലഘട്ടത്തിലാണ് കോട്ടയം വിഭാഗിന്റെ ഭാഗമായ കുട്ടനാട്ടില്‍ നാരായണ്‍ജി വിഭാഗ് പ്രചാരകനായി എത്തുന്നത്. സാമ്പത്തികമായി ഭേദപ്പെട്ട കുടുംബങ്ങള്‍ വളരെ കുറഞ്ഞ പ്രദേശമായിരുന്നു അന്ന് കുട്ടനാട്. ഭൂരിഭാഗം പേരും സര്‍വ്വസാധാരണക്കാര്‍. വലിയ ഗതാഗത സൗകര്യങ്ങളോ താമസിക്കാനുള്ള ചുറ്റുപാടുകളോ ഇല്ലാതിരുന്ന കാലം. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഒഴിവാക്കിയാല്‍ ഒരു സൈക്കിള്‍ ഓടുന്ന വഴിപോലും ഉണ്ടായിരുന്നില്ല; പാടശേഖരങ്ങളുടെ പുറം ബണ്ടായിരുന്നു നടപ്പാത. യാതൊരു മടിയും കൂടാതെ ഈ സാഹചര്യങ്ങളോടൊക്കെ നാരായണ്‍ജി ഇണങ്ങിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മണിക്കൂറുകള്‍ നീണ്ട നടത്തവും ഭക്ഷണത്തിന്റെ ബുദ്ധിമുട്ടുകളും ഒന്നും അദ്ദേഹത്തിന് വൈഷമ്യം ഉണ്ടാക്കിയില്ല.
അദ്ദേഹത്തോടൊപ്പമുള്ള യാത്രകള്‍ വിജ്ഞാനപ്രദമായിരുന്നു. ധാരാളം വിഷയങ്ങളെ കുറിച്ച് വ്യക്തമായ അറിവും കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടായിരുന്നു. വിരലിലെണ്ണാവുന്ന ശാഖകള്‍ മാത്രമുണ്ടായിരുന്ന കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളുടേയും കൃഷിക്കാരുടേയും ഇടയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടുന്നതിനെക്കുറിച്ച് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു.
കുട്ടനാട്ടില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒരുപാട് നടന്നിരുന്ന സമയമായിരുന്നു അത്. പ്രവര്‍ത്തകര്‍ മാനസികമായി തകര്‍ന്നിരുന്ന അവസരങ്ങളില്‍ അദ്ദേഹത്തിന്റെ സമീപ്യവും ഉപദേശങ്ങളും അര്‍ജ്ജുനന് കിട്ടിയ ഗീതോപദേശം പോലെ ആയിരുന്നു.
സൂര്യനു താഴെ ഏത് വിഷയത്തിലുമുള്ള അദ്ദേഹത്തിന്റെ അറിവ് അദ്ഭുതാവഹമായിരുന്നു. ഒരിക്കല്‍ ബൈഠക്കില്‍ ഒരു സ്വയംസേവകന്‍ അക്കാലത്ത് അധികം ചര്‍ച്ചചെയ്യപ്പെടാത്ത പലസ്തീന്‍ വിഷയത്തെക്കുറിച്ച് ചോദ്യമുന്നയിച്ചു, ബൈഠക്കിന്റെ കാര്യപരിപാടിക്ക് ശേഷം ആ പ്രശ്‌നത്തിന്റെ തുടക്കം, വ്യാപ്തി, ഭാവി എല്ലാം ഒരു 45 മിനിറ്റില്‍ നാരായണ്‍ജി വിശദീകരിച്ചു. ബൈഠക്കില്‍ നിശ്ചിത വിഷയം പൂര്‍ത്തീകരിക്കുന്നതിനാണ് പ്രാധാന്യം എന്ന സന്ദേശവും ഒപ്പം ബഹുവിധ വിഷയങ്ങളില്‍ സ്വയംസേവകര്‍ക്ക് അറിവുണ്ടായിരിക്കണമെന്നും അദ്ദേഹം പറയാതെ തന്നെ വ്യക്തമാക്കി.
തൃശ്ശൂര്‍ കാര്യാലയത്തിലെ വിശ്രമകാലഘട്ടത്തില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ കുട്ടനാട്ടിലെ വിശേഷങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഒരാഴ്ച കുട്ടനാട്ടില്‍ താമസിച്ച് ചില വീടുകളില്‍ സമ്പര്‍ക്കം ചെയ്യണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. കോവിഡ് കഴിഞ്ഞശേഷമാകാം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അത് നിറവേറ്റാന്‍ കഴിഞ്ഞില്ല എന്നത് വലിയ ദുഃഖമായി ബാക്കി നില്‍ക്കുന്നു. പുറമേ കര്‍ക്കശക്കാരനും പരുക്കനും ആണെന്ന് തോന്നുമെങ്കിലും അടുക്കുമ്പോള്‍ നേര്‍ത്ത ഹൃദയത്തിന്റെ ഉടമയാണദ്ദേഹം എന്ന് നമുക്ക് മനസ്സിലാകും. വാക്കും പ്രവൃത്തിയും സമന്വയിപ്പിച്ച പ്രചാരകനായിരുന്നു നാരായണ്‍ജി. അദ്ദേഹത്തിന് ശതകോടി പ്രണാമം.
സ്‌നേഹനിധിയായ നാരായണ്‍ജി
– ബാലസുബ്രഹ്‌മണ്യന്‍ തേഞ്ഞിപ്പലം
എന്റെ ആറ് വര്‍ഷത്തെ പ്രചാരക ജീവിതത്തില്‍ അഞ്ച് വര്‍ഷവും നാരായണ്‍ജിയുടെ കൂടെയായിരുന്നു. രണ്ട് വര്‍ഷത്തേക്ക് പ്രചാരകനായി വന്ന എന്നെ ആറ് വര്‍ഷം പിടിച്ചുനിര്‍ത്തിയത് നാരായണ്‍ജിയുടെ വിഭാഗ് പ്രചാരക് എന്ന നിലയിലുള്ള നേതൃപാടവമായിരുന്നു. എല്ലാവരെയും ഒരുപോലെ കാണാനും സ്‌നേഹിക്കാനുമുള്ള നാരായണ്‍ജിയുടെ മനോഭാവം പ്രേരണാദായകമായിരുന്നു. ഒരു സംഘ അധികാരി എന്ന പ്രത്യേക പരിഗണന ഒരിക്കലും ഒരു കാര്യത്തിലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
വളരെ ലളിതമായ ജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. നാരായണ്‍ജിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പെട്ടിയും സ്യൂട്ട്‌കെയ്‌സുമൊന്നുമില്ലാതെ ഒരു ചെറിയ ബേഗ് തൂക്കിപ്പിടിച്ചുവരുന്ന രൂപമായിരിക്കും സ്വയംസേവകരുടെ മനസ്സില്‍.
നാരായണ്‍ജി വ്യക്തിപരമായി ഈശ്വരവിശ്വാസിയായിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പലപ്പോഴും അദ്ദേഹത്തിന്റെ സംസാരത്തില്‍ നീരിശ്വരവാദം പൊന്തിവരാറുണ്ട്. എന്നാല്‍ പലഭാഗത്തും ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടായ സമയത്ത് വളരെ ശക്തമായ നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ വിശ്വാസങ്ങള്‍ സമാജ കാര്യങ്ങളെ സ്വാധീനിക്കരുത് എന്ന തത്വം അദ്ദേഹം പാലിച്ചിരുന്നു. നാരായണ്‍ജി പ്രചാരക ജീവിതം അവസാനിപ്പിച്ചത് 1987ലാണ് എന്നാണ് ഓര്‍മ്മ. സംഘവര്‍ഷാരംഭത്തില്‍ പാലക്കാട് വിഭാഗിലെ തിരൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലാ പ്രചാരകന്മാരുടെ ബൈഠക്ക് പാലക്കാട് കാര്യാലയത്തില്‍ വെച്ച് നടക്കുകയായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം നാല് മണി വരെയുള്ള ബൈഠക്കില്‍ ഗുരുദക്ഷിണ മുതല്‍ വര്‍ഷാവസാനം വരെയുള്ള വികാസവും ലക്ഷ്യവും എല്ലാം തയ്യാറാക്കി. നാല് മണിക്ക് ചായ കുടിക്കുമ്പോള്‍ നാരായണ്‍ജി പറഞ്ഞു ‘ഇനി ഒരു പ്രത്യേക കാര്യം അറിയിക്കാനുണ്ട്! നാളെ മുതല്‍ ഞാന്‍ പ്രചാരകനല്ല. ഈ വിവരം അറിയിച്ചുകൊണ്ട് പ്രാന്തകാര്യാലയത്തിലേക്ക് എഴുതിയിട്ടുണ്ട്’. ആ സമയത്ത് പ്രാന്തീയ അധികാരികളെല്ലാം അഖിലഭാരതീയ ബൈഠക്കിന് പോയ സമയമായിരുന്നു. തിരിച്ച് പോവാന്‍ നിശ്ചയിച്ച സമയത്ത് പോലും അദ്ദേഹം സംഘടനാഭക്തി പ്രകടിപ്പിച്ചു.
പ്രചാരക ജീവിതത്തില്‍ നിന്ന് വിടപറഞ്ഞതിനു ശേഷവും വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം എന്റെ വീട്ടില്‍ വന്ന് താമസിക്കുമായിരുന്നു. ഒരു കാരണവര്‍ വന്ന പ്രതീതിയാണ് അപ്പോഴൊക്കെ അനുഭവപ്പെടാറുള്ളത്.
മരണം ഒരു അനിവാര്യതയാണ്. അതില്‍ ദുഃഖിച്ചിരിക്കാതെ നാരായണ്‍ജിയുടെ പാതകള്‍ പിന്‍തുടരുകയാണ് അദ്ദേഹത്തിന് അര്‍പ്പിക്കാവുന്ന ശ്രദ്ധാഞ്ജലി.