രാവിലെ തന്നെ കാക്കകളുടെ കരച്ചില്‍. തുറന്നിട്ട ജാലകത്തിലൂടെ ഒന്ന് നോക്കി.
നിറയെ കാക്കകള്‍. ഇലക്ട്രിക് പോസ്റ്റിലും കമ്പികളിലും മരച്ചില്ലകളിലും ഒക്കെ ഇരുന്നു ബഹളം.
താഴെ ഇറങ്ങി വന്നപ്പോള്‍ ‘എന്താണാവോ കാക്കേളടെ ബഹളം.. ഒന്ന് പോയി നോക്കൂ’ എന്ന് ശ്രീമതി.
‘വേണ്ട. അവരുടെ ബന്ധുമിത്രാദികളാരെങ്കിലും ഷോക്കേറ്റ് വീണുകാണും. അല്ലെങ്കില്‍ ഒരു തൂവല്‍ കണ്ടാലും അവരങ്ങനെയാണ്. അത്രയ്ക്ക് സമുദായസ്‌നേഹം ണ്ടേയ്. നമ്മളെപ്പോലെയല്ല. ഒരു അഞ്ച് മിനിറ്റ് ശോകപ്രകടനം അത്രേ ഉള്ളൂ’.
ശബ്ദം നിലച്ചപ്പോള്‍ ഞാന്‍ ഗേറ്റ് വരെ പോയി നോക്കി. ഇല്ല. ഒന്നും കണ്ടില്ല അങ്ങേലെ അമ്പലപ്പറമ്പിലോ മറ്റോ വല്ലതും കിടക്കുന്നുണ്ടാവും. അവറ്റകള്‍ അത് കണ്ടു കാണും.
അപ്പോഴാണ് രാമേട്ടന്‍ ആ വഴി വരുന്നത്. എന്റെ വീടിന്റെ പുറകിലാണ് രാമേട്ടന്റെ സഹോദരിയുടെ വീട്.
‘നമസ്‌കാരം.. രാവിലെ തന്നെ സിസ്റ്ററുടെ അടുത്തേക്കായിരിക്കും അല്ലെ?’
‘ങ്ങാ ..എന്താ.. കാക്കേളടെ ബഹളം? വല്ല്യേ കാക്കകളാണല്ലോ’
‘അതെ.. ബഹളം കഴിഞ്ഞു… വലിയ കാവതി കാക്കകള്‍…. ഇതിന് ബലിക്കാക്ക, കാട്ടുകാക്ക എന്നൊക്കെ പറയും’
‘അപ്പൊ ചെറുതിനോ?’
‘കഴുത്തില്‍ ചാര നിറമുള്ള ചെറുതിന് രേവതി കാക്ക, വീട്ടു കാക്ക അല്ലെങ്കില്‍ പേന കാക്ക എന്നും പറയും’.
‘പൊതുവെ നമുക്ക് എല്ലാം കാക്കകള്‍ തന്നെ’. പേന എന്ന് കേട്ടാവാം രാമേട്ടന്‍ ചിരിച്ചു.
‘ശരിയാണ്.. പക്ഷെ വല്ല്യേ കാക്കകള്‍ എണ്ണത്തില്‍ കുറവാണ് അല്ലെ?’
‘അതെ. അവയെ ഇംഗ്ലീഷില്‍ raven എന്ന് പറയും. അവയുടെ ഒരു കൂട്ടത്തിന്Conspiracy അഥവാ ഗൂഢാലോചനയെന്നും’
‘ഹ ഹ ..’ അത് രാമേട്ടന് രസിച്ചു.
‘ഇംഗ്ലീഷുകാര്‍ക്ക് കാക്കകള്‍ പൊതുവെ അപശകുനമാണ്. കാക്കക്കൂട്ടത്തിനെ അവര്‍ Unkindness, treachery നന്ദികേട്, വഞ്ചന എന്നൊക്കെയും പറയും’.
‘അതെ അതെ.. വിചിത്രം തന്നെ. ഒരു കൂട്ടം മീനുകള്‍ക്ക് ‘സ്‌കൂള്‍ ഓഫ് ഫിഷ്’ എന്നാണു പറയുക എന്ന് കേട്ടിട്ടുണ്ട്’.
‘അത് പോട്ടെ .. ‘ക്രോ’ എന്നു പറയുന്ന ചെറിയ കാക്കകളുടെ ഒരു കൂട്ടത്തിന് അവര്‍ Murder, കൊലപാതകം എന്നാണ് പറയുക’.
‘ഹ..ഹ.’ രണ്ടു പേരും ഒന്നിച്ച് ചിരിച്ചു.
‘ബലി ഇടുന്നവര്‍ക്ക് ബലിക്കാക്ക തന്നെ വേണമല്ലോ’ ഇടതുപക്ഷക്കാരനായ രാമേട്ടന്റെ ഒരു കുസൃതിച്ചോദ്യം.
‘അങ്ങനെ നിര്‍ബന്ധമൊന്നുമില്ല. ബലിച്ചോര്‍ ആര് തിന്നാലും അവരൊക്കെ പിതൃക്കള്‍ തന്നെ’
എന്ന് ഞാനും.
‘എന്നാലും ന്യൂനപക്ഷക്കാരായ ഈ കാക്കകളെ സംരക്ഷിക്കേണ്ടേ? വംശനാശം സംഭവിച്ചാലോ?’
രാമേട്ടന്‍ ദ്വയാര്‍ത്ഥം കാണുന്നുണ്ടോ? എങ്കില്‍ അങ്ങനെ എന്ന് ഞാനും.
‘വംശനാശം സംഭവിക്കുന്നുണ്ടോ എന്ന് നോക്കണം. എന്നിട്ട് സംരക്ഷിക്കണം. തുല്യ അവകാശം കൊടുക്കണം. അല്ലാതെ ഇപ്പോ ഇവിടെ നടക്കുന്ന പോലെ ന്യൂനപക്ഷമായതുകൊണ്ട് പ്രത്യേക അവകാശത്തിന്റെയൊന്നും ആവശ്യമില്ല’.
‘അതിപ്പോ ഭൂരിപക്ഷത്തിന്റെ തുല്യാവകാശം തന്നെയല്ലേ ന്യൂനപക്ഷത്തിനും?’
‘ആണോ? അല്ലേ അല്ല.. എത്രയോ ഉദാഹരണം കാണിച്ചു തരാം’
രാമേട്ടന്‍ അസ്വസ്ഥനാവുന്നുണ്ടോ? ഞാന്‍ തുടര്‍ന്നു.
‘ഈ ന്യൂനപക്ഷങ്ങള്‍ യഥാര്‍ത്ഥ ന്യൂനപക്ഷമായ പാഴ്‌സി, ബഹായ് മതക്കാരെപ്പോലെയല്ല. ചോദിക്കാനും പറയാനും ഇവര്‍ക്ക് ആളുണ്ട്. ഒരു വഴിപോക്കന്‍ മദ്യപാനി രാത്രിയില്‍ ഒരു കല്ലെടുത്ത് ഒരു ക്രിസ്ത്യന്‍ പള്ളിക്ക് നേരെ എറിഞ്ഞാല്‍ പിറ്റേന്ന് വത്തിക്കാന്‍ വരെ കണ്ണുരുട്ടും. അതുപോലെ നോക്കൂ.. ഇപ്പോള്‍ ഹിജാബ് വിഷയത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫെറെന്‍സ്’ എങ്ങനെയാണ് പ്രതികരിച്ചതെന്നും…. എന്തറിഞ്ഞിട്ടാ? ‘അത് ശരിയാ’ അപ്പോള്‍ രാമേട്ടന് അതറിയാം.
‘ആഗോളകുത്തകകളുടെ ഫ്രാഞ്ചൈസിയാണ് ഇവിടെയുള്ളവര്‍ എങ്കില്‍ എന്തിനാണ് പ്രത്യേക അവകാശം?.. തുല്യ അവകാശം പോരെ?. എത്രയോ രാജ്യങ്ങള്‍ അത് പോലും നല്‍കുന്നില്ല’.
‘അല്ല.. അത് ശരിയാണ്..’
രാമേട്ടന് കാര്യങ്ങള്‍ മനസ്സിലാവുകയാണോ?
‘രാമേട്ടന്‍ ഒന്നാലോചിച്ചു നോക്കൂ.. നമ്മുടെ അപ്പുണ്ണ്യേട്ടന്റെ ചായക്കടയുടെ മുന്നില്‍ മക്‌ഡൊണാള്‍ഡ്‌സും കെഎഫ്‌സിയുമൊക്കെ ഫാസ്റ്റ് ഫുഡ് ഔട് ലെറ്റ് തുടങ്ങിയാല്‍ അപ്പുണ്ണ്യേട്ടനില്ലാത്ത അവകാശം എന്തിനാണ് അവര്‍ക്ക് കൊടുക്കുന്നത് ?’
‘ശരിയാ ശരിയാ..’ രാമേട്ടന്‍ കാര്യം ഗ്രഹിച്ചു.
‘അതുകൊണ്ട് ന്യൂനപക്ഷത്തിന് യാതൊരുവിധ പ്രത്യേക അവകാശങ്ങളും നല്‍കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. നമുക്കെല്ലാവര്‍ക്കും ഒരു പോലെ. ഭൂരിപക്ഷത്തിനുള്ളത് മതി ന്യൂനപക്ഷത്തിനും. അത് അവര്‍ക്കും കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം എന്ന് മാത്രം.’
എന്നോട് തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയതിനാലോ എന്തോ ‘ശരി ഞാന്‍ വരട്ടെ’ എന്ന് പറഞ്ഞു രാമേട്ടന്‍ പോയി.
ഞാന്‍ മടങ്ങിയപ്പോള്‍ ശ്രീമതിയുടെ ചോദ്യം ‘എന്തായിരുന്നു വിവാദം? ചര്‍ച്ച?’.
‘ഒന്നൂല്യ ..കാക്കകളുടെ കാര്യം തന്നെ. നീ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കാക്കയെ കുറിച്ചുള്ള കവിത കേട്ടിട്ടുണ്ടോ’?
‘ഉണ്ടെന്നു തോന്നുന്നു.. ഇപ്പോള്‍ ഓര്‍മ്മല്ല്യ’
ഞാന്‍ ചൊല്ലാന്‍ തുടങ്ങി ..
‘കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍
സൂര്യപ്രകാശത്തിന്നുറ്റ തോഴി
ചീത്തകള്‍ കൊത്തി വലിക്കുകിലു –
മേറ്റവും വൃത്തി വെടിപ്പെഴുന്നോള്‍’
എന്റെ ഈണം ഇഷ്ടല്ല്യാഞ്ഞിട്ടാവാം വരികള്‍ മുറിച്ചുകൊണ്ട്
അവള്‍ പറഞ്ഞു.
‘കാക്കയെ നമ്മള്‍ ഇന്ത്യക്കാര്‍ എത്ര ബഹുമാനത്തെയോടെയാണ് ഓര്‍മ്മിക്കുന്നത് അല്ലെ?’
ഈയിടെയായി അവള്‍ കാക്കകളെ സ്‌നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. പതിവായി ഭക്ഷണവും കൊടുക്കുന്നുണ്ട്.
‘പാശ്ചാത്യരെപോലെയല്ല നമ്മള്‍.. പ്രാചീന കാലം മുതല്‍ കാക്കയെ നമ്മള്‍ സ്‌നേഹിച്ചിരുന്നു. പഠിച്ചിരുന്നു.
ഗുരു ചാണക്യന്‍ കാക്കയില്‍ നിന്ന് അഞ്ച് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നു പറഞ്ഞു:
‘ഗൂഢമൈഥുന ചാരിത്വം ച
കാലേ കാലേ ച സംഗ്രഹം
അപ്രമത്തമ വിശ്വാസം
പഞ്ചശിക്ഷേച്ച വായസാല്‍’
‘രഹസ്യ സംഭോഗം, ഭാവിക്കുവേണ്ടി സംഭരണം, സദാ ജാഗ്രത, സര്‍വ്വത്ര അവിശ്വാസം, ശുഭാപ്തി വിശ്വാസം എന്നിവയാണ് കാക്ക നമുക്ക് നല്‍കുന്ന അഞ്ച് ഉപദേശങ്ങള്‍’.
‘കേട്ടിട്ടുണ്ട്.. കാക്കയ്ക്ക് ആജീവനാന്തം ഒരൊറ്റ ഇണയേ ഉള്ളൂ എന്ന്.. അദ്ഭുതം തന്നെ. പാതിവ്രത്യ ബോധവും സദചാരബോധവും നല്ല പോലെ ഉണ്ട് അവയ്ക്ക് അല്ലെ?’
‘അതെ.. ആ.. ഭാവിക്കു വേണ്ടിയുള്ള കരുതല്‍ നോക്കൂ.. പണ്ടുള്ള കാരണവന്മാര്‍ കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പാദിച്ച സ്വത്താണ് ഇന്നത്തെ തലമുറയ്ക്ക് ധൂര്‍ത്തടിക്കാന്‍ കിട്ടുന്നത്. പാശ്ചാത്യ ജീവിത രീതികള്‍ അനുകരിക്കുന്ന ഇന്നത്തെ തലമുറ അടിച്ചു പൊളിച്ച് ജീവിക്കുകയാണ്. അടുത്ത തലമുറയ്ക്ക് വേണ്ടി ഒന്നും സമ്പാദിച്ചുവെക്കുന്നില്ല. പക്ഷെ കാക്ക അങ്ങനെയല്ല. സമ്പാദിക്കുന്ന ജന്തുക്കളില്‍ കാക്ക ഏറെ മുന്നിലാണ്’.
എന്നാലും പാശ്ചാത്യര്‍ക്ക് ഇതൊന്നും അറിയില്ല. അവര്‍ക്ക് കാക്ക അപശകുനവും പ്രേതകഥകളിലെ സ്ഥിര സാന്നിധ്യവുമാണ്’.
‘ശരിയാണ്.. ദേവേന്ദ്രന്‍ പണ്ട് കാക്കയുടെ രൂപത്തില്‍ വന്നു സീതയെ ഉപദ്രവിച്ചെന്ന് കരുതി നമ്മളാരും കാക്കയെ വെറുക്കുന്നില്ല. മറിച്ച് ബന്ധുവായി, ഉറ്റമിത്രമായി കാണുന്നുമുണ്ട്’.
‘യെസ്.. സോ.. ഫോര്‍ അസ് എ ഗ്രൂപ്പ് ഓഫ് ക്രോ ഈസ് നോട് എ കോണ്‍സ്പിറസി ഓര്‍ മര്‍ഡര്‍.. ആയതിനാല്‍ നമുക്ക് കാക്കക്കൂട്ടം ഒരു ഗൂഢാലോചനയോ കൊലപാതകമോ അല്ല’ എന്ന് പറഞ്ഞ് ഞാന്‍ കോണികയറി പോകുമ്പോള്‍ ഇങ്ങനെ ചൊല്ലി :
കാക: കൃഷ്ണ: പിക; കൃഷ്ണ; കോഭേദ: പിക കാകയോ:
വസന്തകാലേ സംപ്രാപ്‌തേ കാക: കാക: പിക: പിക:
(സാരാംശം: കാക്കയും കറുത്തിട്ട് കുയിലും കറുത്തിട്ട് .. ന്താ പ്പൊ.. ത്ര വ്യത്യാസം ?
ഉം .. വസന്തകാലം.. വന്നോട്ടെ.. അപ്പോഴറിയാം.. കാക്ക ആരാണെന്നും കുയിലാരാണെന്നും!)