കഴിഞ്ഞ ദിവസം ഫോണ്‍ ചാറ്റുവഴി ഇടയ്ക്കിടെ, ഗൗരവമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഉന്നത ശാസ്ത്രീയ ബിരുദധാരിയായ ഒരു കന്യക വളരെ വേദനയോടെ അന്വേഷിച്ചു. ”ഹരിജീ, സ്ത്രീകള്‍ക്കു ഗായത്രീമന്ത്രം നിഷിദ്ധമാണത്രെ! അത് സത്യമാണോ?” അവരുടെ ഫോണ്‍ സ്വരത്തില്‍ തന്നെ വേദന തുടിക്കുന്നുണ്ടായിരുന്നു. അവരോടുള്ള സംഭാഷണമാണ് ഈ ലേഖനത്തിനടിസ്ഥാനം.
ചിന്തിക്കുമ്പോള്‍ ഇന്നും എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്ന സംഭവം പറഞ്ഞാണ് തുടങ്ങിയത്. (ഓരോരുത്തരുടേയും പേരും ഊരും നിലയും വിലയും നന്നായി ഓര്‍മ്മയുണ്ടെങ്കിലും ആരുടേയും പേരെഴുതാന്‍ ഉദ്ദേശിക്കുന്നില്ല). നമ്മുടെ ഭാരതത്തില്‍ സംസ്‌കൃതപഠനത്തിന് പേരുകേട്ട ഒരു സ്ഥലമുണ്ട്. അവിടുത്തെ തലയെടുപ്പുള്ള വേദപാരംഗതന് ഒരു മകള്‍ മാത്രമേ സന്താനമായുള്ളൂ. വേദജ്ഞനായ ഒരാള്‍ അടുത്ത തലമുറയ്ക്കു വേദപാഠം നല്‍കിയില്ലെങ്കില്‍ പാപകര്‍മ്മിയാകും എന്ന പരമ്പരാഗത വിശ്വാസത്തിലുറച്ച് അദ്ദേഹം മകളെ യജുര്‍വ്വേദം മുഴുവന്‍ പഠിപ്പിച്ചു. അതരുതായിരുന്നു എന്ന് ഗുണദോഷിച്ചവര്‍ സമുദായത്തില്‍ ഒട്ടേറെപ്പേരുണ്ടായിരുന്നു. മകള്‍ ഓത്തില്‍ മിടുക്കിയായി. അവള്‍ ആ പവിത്രജ്ഞാനം പതിനഞ്ചോളം കൂട്ടുകാരികള്‍ക്കും പകര്‍ന്നുകൊടുത്തു. ഒരിക്കല്‍ ആ വേദജ്ഞ തന്റെ ഔദ്യോഗികയാത്രകള്‍ക്കിടയില്‍ ചതുര്‍ധാമങ്ങളിലൊന്നിലെ സര്‍വ്വോന്നതാചാര്യരെ ദര്‍ശിക്കാനിടയായി. സംഭാഷണമദ്ധ്യേ, താന്‍ ഹൃദിസ്ഥമാക്കിയ വേദപംക്തികള്‍ ഓതാന്‍ മുതിര്‍ന്നപ്പോള്‍ സനാതനശാശ്വതഹിന്ദുധര്‍മ്മത്തിന്റെ പരമാചാര്യന്‍ ”നിഷിദ്ധകര്‍മ്മം നമുക്ക് കേള്‍ക്കേണ്ട, കാണേണ്ട” എന്ന് ദേവവാണിയില്‍ ഉച്ചരിച്ചു എഴുന്നേറ്റ് മഠത്തിനുള്ളില്‍ പോയി. ജഗദ്ഗുരുവിന്റെ പ്രോ ത്സാഹനം! ഈ സംഭവം അറിഞ്ഞുകഴിഞ്ഞ് മൂന്ന് നാല് പ്രാവശ്യമെങ്കിലും എന്റെ പ്രവര്‍ത്തനാര്‍ത്ഥം ഞാന്‍ ആ തീര്‍ത്ഥസ്ഥാനം സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ആ ധര്‍മ്മധ്വജിയെ കാണാതിരിക്കാനുള്ള ഭാഗ്യം എനിക്ക് എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ പോലും നഷ്ടപ്പെട്ടിട്ടില്ല.
ഈ ഇനത്തില്‍പ്പെട്ട ഒരു ഉറുമ്പുകാര്യമാണ് സ്ത്രീകള്‍ക്ക് ഗായത്രിമന്ത്രം നിഷിദ്ധമെന്നത്. ആ നിഷേധത്തിന് സംസ്‌കൃതശ്ലോകമുദ്ധരിച്ചതുകൊണ്ട് അത് ആധികാരികമാകണമെന്നില്ല. വേദങ്ങളും ഉപനിഷത്തുകളും (പൊതുവില്‍ ശ്രുതി) ആണ് സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനം. ബ്രാഹ്‌മണങ്ങള്‍ കര്‍മ്മനിര്‍ദ്ദേശഗ്രന്ഥങ്ങളാണെങ്കില്‍ പുരാണങ്ങള്‍ പതിനെട്ടും എ. ഡി. രണ്ടാം നൂറ്റാണ്ടിനുശേഷം എഴുതപ്പെട്ട സോദ്ദേശ്യ ആത്മീയ ആഖ്യായികകളാണ്. ശ്രുതികളില്‍ വരുന്ന ‘പുരാണ’പദം അവയെ വിവക്ഷിക്കുന്നതല്ല. വേദങ്ങളിലെ സൂക്തങ്ങളിലും മന്ത്രങ്ങളിലും ഒന്നില്‍പ്പോലും സ്ത്രീവിവേചനമില്ല. ഋഷിമാര്‍ക്കും ഋഷികകള്‍ക്കും കാലാകാലം വെളിപ്പെട്ട ഓരോ ദിവ്യമന്ത്രവും മനുഷ്യരാശിക്കു അവകാശപ്പെട്ടതാണ്. പാശ്ചാത്യം-പൗരസ്ത്യം, ഹൈന്ദവം-അഹൈന്ദവം, പുംസ്ത്വം-സ്ത്രീത്വം എന്നീ വ്യത്യാസങ്ങളൊന്നും അവയെ സംബന്ധിച്ചില്ല. ദിവ്യമന്ത്രങ്ങള്‍ വെളിപ്പെടുത്തുന്നത് ലിംഗവും ദേശവും കാലവും നോക്കിയല്ല.
വേദകാലങ്ങളില്‍ ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ക്കും ഉപനയനമുണ്ടായിരുന്നു. ഉപനയനം കഴിഞ്ഞുള്ള സന്ധ്യാവന്ദനത്തിലെ കേന്ദ്രബിന്ദു ഗായത്രീമന്ത്രാവര്‍ത്തനമാണ്. ബ്രഹ്‌മചാരിദീക്ഷ അര്‍ത്ഥവത്താകുന്നതുതന്നെ ബ്രഹ്‌മോപദേശത്തോടുകൂടിയാണ്. ഗായത്രീമന്ത്രോപദേശമാണ് ബ്രഹ്‌മോപദേശം. അപ്പോള്‍ സ്പഷ്ടമല്ലേ ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികളും ഗായത്രീജപത്തിന് അവകാശപ്പെട്ടവരാണെന്ന്? കാലം പോകെപ്പോകെ, കാരണങ്ങളെന്തൊക്കെ ആയാലും പെണ്‍കുട്ടികള്‍ക്കുള്ള ഉപനയനം നിലച്ചു. വാസ്തവത്തില്‍ അതൊരു അപചയമായിരുന്നു. അത് വീര്‍ത്തുവീര്‍ത്തു അവസാനം സംസ്‌കൃതം എന്ന ഭാഷതന്നെ സ്ത്രീകള്‍ക്കു നിഷിദ്ധമായി. വി. ടി. ഭട്ടതിരിപ്പാടിന്റേയും ലളിതാംബിക അന്തര്‍ജ്ജനത്തിന്റേയും കാലംവരെ കേരള ബ്രാഹ്‌മണസമൂഹത്തില്‍ ഈ സ്ഥിതി കടുകണിശത്തോടെ തുടര്‍ന്നു. അഖിലഭാരതീയതലത്തില്‍ ഭാസ മഹാകവിയുടെ കാലം തൊട്ട് സംസ്‌കൃതനാടകങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് സംസ്‌കൃതം പറച്ചില്‍ പാടില്ലെന്നായി. രാജാവിന്റെ വാല്യക്കാരന്‍ സംസ്‌കൃതം പറഞ്ഞാലും വലിയ രാജ്ഞിക്കു വയ്യെന്നായി.
ഏതാണ്ട് ആയിരത്തില്‍പ്പരം വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഈ ഇരുണ്ട കാലഘട്ടത്തിനറുതിവന്നു തുടങ്ങിയത് മഹാരാഷ്ട്രയില്‍ ജനിച്ച മഹര്‍ഷി എന്നറിയപ്പെട്ട ധോണ്ടു കേശവകര്‍വേ, ബംഗാളില്‍ ജനിച്ച ഈശ്വരചന്ദ്രവിദ്യാസാഗര്‍, ബങ്കിംചന്ദ്ര ചട്ടോപാദ്ധ്യായ, ഗുജറാത്തില്‍ ജനിച്ച ദയാനന്ദസരസ്വതി, കേരളത്തില്‍ ജനിച്ച ചട്ടമ്പി സ്വാമികള്‍ മുതലായവരുടെ രംഗപ്രവേശത്തോടെയാണ്.
ഇതിന് ഏറ്റവും വിപ്ലവകരമായ കാല്‍വെയ്പ് സ്വാമി വിവേകാനന്ദന്റേതാണ് എന്ന് നിസ്സംശയം പറയാം. മ്ലേച്ഛന്‍ തൊട്ടത് കഴിച്ചാല്‍ സനാതനമതം നശിക്കുമെന്ന നിലപാടായിരുന്നു അന്ന്. കടല്‍താണ്ടി മറുകരയെത്തിയാല്‍ നടുക്കടലില്‍ ഹിന്ദുമതം മുങ്ങിച്ചാകുമെന്നു വിശ്വസിച്ചിരുന്ന കാലമായിരുന്നു അന്ന്. അന്നാണ് സ്വാമി വിവേകാനന്ദന്‍ കടല്‍ കടന്നു പശ്ചിമനാടുകളില്‍ പോയത്. അവിടെയെത്തി മ്ലേച്ഛകന്യകയായ മാര്‍ഗരറ്റിനെ ഇവിടെക്കൊണ്ടുവന്ന് ഹൈന്ദവജീവിതത്തിലലിയിച്ചു ചേര്‍ത്തത്. ഘര്‍വാപസിയേക്കാള്‍ ഒരു കളമപ്പുറം ചാടിക്കടന്നുകൊണ്ടുള്ള സാഹസ കര്‍മ്മമായിരുന്നു അത്. അവസാനം സര്‍വ്വാത്മനാ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തില്‍ നിമഗ്നയായ നിവേദിത അന്നുവരെ ആരും ഉച്ചരിക്കാത്ത ഒരു പദമുച്ചരിച്ചു. – Aggressive Hinduism þ – ആക്രാമകഹിന്ദുമതം. ആ ആക്രാമകത്വത്തില്‍ ഹിംസ ഉണ്ടായിരുന്നില്ല, അസഹിഷ്ണുത ഉണ്ടായിരുന്നില്ല, അന്യവിദ്വേഷമുണ്ടായിരുന്നില്ല. തെറ്റായ ധാരണകള്‍ ഒഴിവാക്കാന്‍ നമുക്കതിനെ Assertive Hinduism – ഊറ്റമുള്ള ഹിന്ദുമതം – എന്ന് പറയാം. മനശ്ശാസ്ത്രമായ ഈ ദിശാന്തരം ചൂണ്ടിക്കാണിക്കാന്‍ ഒരു വിദേശകന്യക വേണ്ടിവന്നു എന്നത് കാലവിപര്യയമോ ഈശ്വരനിയോഗമോ?…… എന്തായാലും 44-ാം വയസ്സില്‍ അവര്‍ ഹിമാലയസാനുവില്‍വെച്ച് അന്തിമശ്വാസം വലിക്കുമ്പോള്‍ അധരങ്ങളില്‍ നിന്നുതിര്‍ന്നുകൊണ്ടിരുന്നത് ‘ഭാരത് – ഭാരത്’ എന്ന ത്ര്യക്ഷരിയായിരുന്നു.
‘അഗ്രസീവ് ഹിന്ദൂയിസം’ വാസ്തവത്തില്‍ ഉല്‍പതിഷ്ണു ഹിന്ദുത്വമായിരുന്നു. മാമൂലുകളുടെ നൂലാമാലകളില്‍ പിണഞ്ഞുകിടന്ന താളിയോല ഹിന്ദുത്വമായിരുന്നില്ല അത്. കാരാഗൃഹത്തില്‍ പെറ്റുവീണ ഉണ്ണിക്കണ്ണന്റെ രോദനസ്പന്ദനമായിരുന്നു അത്. ആ സ്പന്ദനത്തില്‍ ഒരു നവയുഗനിര്‍മ്മാണത്തിനുള്ള ഊര്‍ജ്ജമുണ്ടായിരുന്നു. നാടാകെ ഒരു നവചലനത്തിന് അത് ഹേതുവായി.
ഉത്തരഭാരതത്തില്‍ മഥുരയും ഹരിദ്വാറും കേന്ദ്രമായി ഗായത്രീപരിവാര്‍ എന്ന പേരില്‍ ഹിന്ദുമതങ്ങള്‍ക്കുള്ളിലെ ഉപവിഭാഗംപോലെ ലക്ഷങ്ങള്‍ അനുയായികളുള്ള ഒരു പ്രസ്ഥാനം ഉടലെടുത്തു. വേദമൂര്‍ത്തി പണ്ഡിറ്റ് ശ്രീരാം ശര്‍മ്മാ ആചാര്യനാണ് അതിന്റെ ഉറവിടം. ഗായത്രി മഹാമന്ത്രത്തെ അടിസ്ഥാനമാക്കിയിട്ടാണ് ആ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ്. ഓരോ കുടുംബത്തിന്റേയും ഉപാസന ഗായത്രീമന്ത്രത്തെ ചുറ്റിപ്പറ്റിയാണ്. അഖണ്ഡജ്യോതി എന്ന അവരുടെ മാസികയ്ക്ക് 10 ലക്ഷത്തിലേറെ സര്‍ക്കുലേഷനുണ്ട്. ഗോരഖ്പൂരിലെ ഗീതാപ്രസിന്റെ കല്യാണ്‍ മാസിക പോലെ പരസ്യമൊന്നുപോലുമില്ലാതെ പരസ്പരസഹകരണത്തിന്റെ താങ്ങില്‍ അത് 85 വര്‍ഷമായി നടക്കുന്നു. ഹരിദ്വാറിലെ ശാന്തികുഞ്ജില്‍ ലക്ഷോപലക്ഷം സ്ത്രീ-പുരുഷന്മാര്‍ സന്ധ്യാവേളയില്‍ ഉദാത്താനുദാത്തസ്വരിതങ്ങളില്‍ ഗായത്രീമഹാമന്ത്രം ഗാനം ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ സഹൃദയന്‍ കോള്‍മയിര്‍ക്കൊള്ളാതിരിക്കില്ല. മൂന്ന് ദിവസമവിടെ താമസിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്.
ഇനി നമുക്ക് കേരളത്തിലേയ്ക്ക് തിരിയാം. കോഴിക്കോട് ആചാര്യ രാജേഷിന്റെ ആചാര്യത്വത്തില്‍ നടക്കു ന്ന വേദഗുരുകുലമുണ്ട്. സ്ത്രീപുരുഷഭേദമെന്യേ സഹസ്രങ്ങളാണ് അവിടുത്തെ അഗ്നിഹോത്രത്തില്‍ പങ്കെടുക്കുന്നത്. ഗായത്രീമന്ത്രത്തിനു പുറമേയും ഒട്ടേറെ വേദസൂക്തങ്ങളവര്‍ക്കറിയാം. എന്റെ ശിഷ്യസമമിത്രത്തിനോടുപദേശിച്ച(ഫോണ്‍ ചെയ്ത കന്യകയോട്)വേദവാദരതന്‍ (മഠാധിപതി)സംശയിക്കുംപോലെ അവരില്‍ ആരുടേയും കാഴ്ച നശിച്ചതായറിയില്ല. ഉള്‍ക്കാഴ്ച്ച മെച്ചപ്പെട്ടതായുമറിയാം.
ഇനി ആ വേദവാദരതനോട് യോജിച്ചാല്‍ അവിടെയുമുണ്ട് ഒരേടാകൂടം. ഞാന്‍ ഗാര്‍ഗിയെ മറക്കേണ്ടി വരും, മൈത്രേയിയെ മനസ്സില്‍നിന്നു പുറത്താക്കേണ്ടി വരും. അദിതിയെ, ഇന്ദ്രാണിയെ, ലോപമുദ്രയെ, സൂര്യായെ, സരമയെ, യമിയെ, കാത്യായണിയെ, ഘോഷയെ തമസ്‌ക്കരിക്കേണ്ടിവരും. വൈദികബ്രഹ്‌മവാദിനികള്‍ക്ക് ഗായത്രിമന്ത്രം അറിയില്ലായിരുന്നു എന്ന് വിശ്വസിക്കേണ്ടിവരും. മാത്രമല്ല ഭാരതത്തിലാകമാനം വളരെയധികം ജനപ്രിയമായ ഗായത്രീനാമജപത്തിന്റെ കാസറ്റില്‍ ഗായനം ചെയ്ത സുപ്രസിദ്ധ ഭക്തഗായിക പത്മശ്രീ അനുരാധ പൗഡിവാല്‍ മഹതിയെ മഹാപാപിയെന്ന് വിളിക്കേണ്ടിയും വരും.
അവസാനമായി, ഈ ഗായത്രീമന്ത്രം എന്താണ്? ആദിശക്തി മനുഷ്യന് അനുഗ്രഹിച്ചുകൊടുത്ത ധിഷണ സമുദ്ദീപ്തമാക്കാനുള്ള പ്രചോദനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണത്. പ്രാര്‍ത്ഥിക്കുന്ന ‘നഃ’ ഞങ്ങള്‍ അല്ലെങ്കില്‍ നമ്മള്‍ ആണ്. അപ്പോള്‍ ഈ ധിഷണാ ഔല്‍കൃഷ്ട്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നാം എന്ന് പറയുന്ന സന്ന്യാസിവര്യനാകാം, ഭാര്യയും ഭര്‍ത്താവുമാകാം, സാധുജനക്കൂട്ടായ്മയുമാകാം. ‘നഃ’യില്‍ സ്ത്രീപുരുഷഭേദമില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ആ മന്ത്രം സ്ത്രീകള്‍ക്ക് നിഷിദ്ധമാണെന്നു പറയുമ്പോള്‍ സ്ഫുരിക്കുന്ന അര്‍ത്ഥം പെറ്റ അമ്മയുടെയും പ്രാണപ്രേയസിയായ ഭാര്യയുടേയും വാത്സല്യനിധിയായ ഓമനമകളുടേയും കുടുംബം ശ്രീകരമാക്കാന്‍ വന്നെത്തിയ മരുമകളുടേയും ധിഷണകള്‍ തെളിയേണ്ടതില്ല എന്നല്ലേ?