ജാലിയന്‍ വാലാബാഗിലെ
തീപ്പൊരികള്‍
മാത്യൂസ് അവന്തി
അവന്തി പബ്ലിക്കേഷന്‍സ്, കോട്ടയം
പേജ്: 79 വില: 80 രൂപ
നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ തിളങ്ങുന്ന, ആവേശദായകമായ ഏടായിരുന്നുവല്ലോ ജാലിയന്‍ വാലാബാഗ് സംഭവം. നാടിനുവേണ്ടി ജീവന്‍ ബലികഴിക്കാന്‍ തയ്യാറായ യുവജനങ്ങളുടെ ആത്മാര്‍പ്പണത്തെ ആര്‍ക്കാണ് തള്ളിപ്പറയാനാവുക. ചന്ദ്രശേഖര്‍ ആസാദ്, ഉദ്ധംസിങ്ങ്, മദന്‍ ലാല്‍ ധിംഗ്ര, ഖുദിറാം ബോസ് തുടങ്ങിയ വീരനായകരുടെ രക്തസാക്ഷിത്വം ഓര്‍മ്മിക്കാതെ സ്വാതന്ത്ര്യസമരചരിത്ര പഠനം പൂര്‍ണ്ണമാകില്ല. ‘ജാലിയന്‍ വാലാബാഗിലെ തീപ്പൊരികള്‍’ എന്ന മാത്യൂസ് അവന്തിയുടെ പുസ്തകം സ്വാതന്ത്ര്യസമരചരിത്രത്തിലെ ഇതിഹാസനായകന്മാരായി എക്കാലവും ജീവിക്കുന്നവരുടെ ജീവിതകഥയാണ്. മാതൃഭൂമിക്കു വേണ്ടി ജീവന്‍ ബലികഴിക്കുന്നതില്‍ എനിക്കഭിമാനമുണ്ട് എന്നുച്ചൈസ്തരം ഘോഷിച്ച വീരബലിദാനികളില്‍ ചിലരുടെ ത്യാഗത്തിന്റെ കഥകൂടിയാണിത്. ഭാരതമാതാവിന്റെ എക്കാലത്തെയും വീരപുത്രന്മാരായ ഇക്കൂട്ടര്‍ വരുംതലമുറയ്ക്ക് ആവേശം പകരുമെന്ന കാര്യത്തില്‍ സന്ദേഹമില്ല.
കുടജാദ്രിശൃംഗങ്ങളില്‍
രവീന്ദ്രന്‍ കൊളത്തൂര്‍
ഐ ബുക്‌സ് കേരള
കോഴിക്കോട്
പേജ്: 72 വില: 100 രൂപ
നൂറ്റിയെട്ട് ശക്തിപീഠങ്ങളില്‍ സവിശേഷസ്ഥാനമുള്ള തീര്‍ത്ഥ സ്ഥലമാണ് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രം. ദേവീ ചൈതന്യത്തോടൊപ്പം ശൈവശക്തി സാന്നിദ്ധ്യം കൂടിയുള്ളതായി വിശ്വസിക്കപ്പെടുന്ന അവിടം ഭക്തജനസഹസ്രങ്ങളുടെ ആത്മീയാഭയകേന്ദ്രമാണ്. ‘കുടജാദ്രി ശൃംഗങ്ങളില്‍’ എന്ന രവീന്ദ്രന്‍ കൊളത്തൂരിന്റെ യാത്രാവിവരണം, ഒരു വേള നമ്മെ ആ പുണ്യസങ്കേതത്തിലെത്തിച്ച അനുഭൂതിയുളവാക്കുന്ന ഒന്നാണ്. വിദ്യാരംഭവും കലാകാരന്മാരുടെ അരങ്ങേറ്റവും സാഹിത്യകാരന്മാരുടെ സാധനയുമൊക്കെ നിത്യസംഭവങ്ങളായ, സര്‍വ്വാഭീഷ്ടപ്രദായിനിയായ അമ്മയുടെ തിരുമുമ്പില്‍ എല്ലാവരും സമന്മാരാണ്. ഓരോ ദേവസന്നിധികളെപ്പറ്റി പരിചയപ്പെടുത്തുമ്പോഴും അതിന്റെ ഐതിഹ്യവും അനുബന്ധ ചരിത്രങ്ങളും കൃത്യമായി വിവരിക്കുന്നുണ്ട്. ഒപ്പം കുടജാദ്രിയിലെ സര്‍വ്വജ്ഞപീഠത്തിലെത്തുമ്പോഴുള്ള ആചാര്യ സ്മരണയും അവിടുത്തെ പ്രകൃതിഭംഗിയും തനിമയോടെ വിവരിച്ചിട്ടുണ്ട് പുസ്തകരചയിതാവ്. കുടജാദ്രിയുടെ മഹത്വം മുമ്പുതന്നെ നമ്മെ ഓര്‍മ്മിപ്പിച്ച പ്രശസ്ത സാഹിത്യകാരനായ പി.ആര്‍.നാഥന്റെ അവതാരികയും ഈ രചനയുടെ മാറ്റുകൂട്ടുന്നു. വിശ്വാസത്തോടൊപ്പം വിജ്ഞാനവും പ്രദാനം ചെയ്യുന്ന ഒരു പുസ്തകമാണിത്.
ശബരിമല – ഐതിഹ്യം
സങ്കല്പങ്ങള്‍ ആചാരങ്ങള്‍
സുദര്‍ശനകുമാര്‍ വടശ്ശേരിക്കര
വേദബുക്‌സ്, കോഴിക്കോട് – 2
പേജ്: 72 വില: 100 രൂപ
ഭാരതീയ സംസ്‌കാരത്തിന്റെ അന്തഃസത്ത പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതാണ് ശബരിമല ധര്‍മ്മശാസ്താവിന്റെ ആരാധനാപദ്ധതി. പുരാണങ്ങളില്‍ ആരംഭിച്ച് നാടോടിക്കഥകളിലൂടെ പുഷ്ടിപ്രാപിച്ച പ്രമേയം വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. ആ പ്രത്യേകതകളെല്ലാം ഉപാസനാരീതികളിലും കാണാം. ദേവമാനവതലങ്ങളെ സംയോജിപ്പിച്ച് സത്യസ്ഥിതി കണ്ടെത്തുക ശ്രമകരമാണ്. ആ വെല്ലുവിളികളെ സമര്‍ത്ഥമായി ഏറ്റെടുത്ത് യുക്തിയുക്തമായി എഴുതിയതാണ് സുദര്‍ശനകുമാര്‍ വടശ്ശേരിക്കരയുടെ ശബരിമല ഐതിഹ്യം സങ്കല്പങ്ങള്‍ ആചാരങ്ങള്‍ എന്ന പുസ്തകം. ഗ്രന്ഥകാരന്റെ ചരിത്രബോധം പ്രശംസനീയമാണ്. അത്യപൂര്‍വ്വങ്ങളായ ധാരാളം ചിത്രങ്ങള്‍ ആഖ്യാനത്തിനു കരുത്തുപകരുന്നു. മാളികപ്പുറത്തമ്മയെന്ന ലോകമാതാവിനെക്കുറിച്ച് ആരോ കെട്ടിച്ചമച്ചതും പലരും സത്യം പോലെ സ്വീകരിച്ചു പോരുന്നതുമായ അബദ്ധകഥ നിരാകരിക്കുന്നതില്‍ ഗ്രന്ഥകാരന്‍ പ്രകടമാക്കുന്ന വൈഭവം അഭിനന്ദനീയമാണ്. തീര്‍ത്ഥാടനത്തിന്റെ താത്ത്വികാടിത്തറയെക്കുറിച്ചും സാമാന്യമായി പ്രതിപാദിച്ചു കാണാം. ഭക്തജനാഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ പുതിയ പതിപ്പുകളിറങ്ങാന്‍ ഇടയാകട്ടെയെന്നാശംസിക്കുന്നു.
Comments