ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തിയപ്പോള്‍ അവിടേക്ക് ചരിത്രയാത്ര നടത്തിയ ആളാണ് ഈയിടെ അന്തരിച്ച എസ്. ജയശങ്കര്‍. അദ്ദേഹം കേരളത്തിലെ ക്ഷേത്രങ്ങളെ അടുത്തറിയുകയും ആ അറിവുകള്‍ ജനങ്ങള്‍ക്കായി രേഖപ്പെടുത്തുകയും ചെയ്തു. ഇതിനോടകം കേരളത്തിലെ 13 ജില്ലകളുടെ ക്ഷേത്രചരിത്രമാണ് അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പതിനാല് ജില്ലകളുടെയും ക്ഷേത്ര ചരിത്ര നിര്‍മ്മിതി എന്ന ജീവിത ദൗത്യം പൂര്‍ത്തിയാക്കാനാവാതെയാണ് എണ്‍പത്തിയേഴാമത്തെ വയസ്സില്‍ അദ്ദേഹം വിടവാങ്ങിയത്.
ശ്രീരാമകൃഷ്ണ പരമഹംസരുടെ അന്തരംഗ ശിഷ്യന്മാരിലൊരാളായ ശിവാനന്ദ സ്വാമിയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ഒറ്റപ്പാലം ശങ്കരന്‍ നായരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായാണ് 1935 ഏപ്രില്‍ 16ന് എസ്. ജയശങ്കര്‍ ജനിച്ചത്. പിതാവിന്റെ സ്വാധീനം ചെറുപ്രായത്തില്‍ തന്നെ ജയശങ്കറുടെ മനസ്സില്‍ ആദ്ധ്യാത്മികതയോട് ആഭിമുഖ്യമുണ്ടാക്കിയിരിക്കണം. ക്ഷേത്രങ്ങളിലേക്കുള്ള യാത്രകള്‍ അദ്ദേഹത്തിന് ഒരു തപസ്യയായിരുന്നു. ബൃഹത്തായ ക്ഷേത്രങ്ങള്‍ മുതല്‍ വളരെ ചെറിയ ക്ഷേത്രങ്ങളുടെ വരെ ഐതിഹ്യ പെരുമയും ആചാരാനുഷ്ഠാനങ്ങളും ആഴത്തില്‍ പഠിച്ചാണ് അദ്ദേഹം തന്റെ ക്ഷേത്ര ചരിത്രരചന നിര്‍വ്വഹിച്ചത്.
വിശ്വേശ്വരാനന്ദ സ്വാമികളില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ജയശങ്കര്‍ കള്ളിക്കാട് അധ്യാത്മചിന്താലയം സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചു. ‘ശ്രീമദ് ചിന്താലയേശ കഥാമൃതം’ അദ്ദേഹത്തിന്റെ ആദ്യ മലയാള കൃതിയാണ്. ഭാരത സര്‍ക്കാരിനുവേണ്ടി ഇംഗ്ലീഷില്‍ തയ്യാറാക്കിയ ‘ടെമ്പിള്‍സ് ഓഫ് കേരള’ ജയശങ്കറിനെ ക്ഷേത്ര ചരിത്രകാരന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തി. 1991 ല്‍ ഈ പരമ്പരയിലെ പ്രഥമ ഗ്രന്ഥം പ്രകാശനം ചെയ്തത് അന്നത്തെ രാഷ്ട്രപതി ആര്‍. വെങ്കട്ടരാമനാണ്. 1955 മുതല്‍ 61 വരെ സംസ്ഥാന സ്ഥിതിവിവരക്കണക്ക് വകുപ്പിലും തുടര്‍ന്ന് ഭാരത സര്‍ക്കാരിന്റെ സെന്‍സസ് വകുപ്പിലും ഔദ്യോഗിക സേവനം അനുഷ്ഠിച്ച ശേഷം 1993 ഏപ്രില്‍ 30 ന് ജയശങ്കര്‍ സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആയി വിരമിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ കേരളത്തിലെ ക്ഷേത്ര ചരിത്രങ്ങളുടെ ആധികാരിക ശബ്ദമാണ് നഷ്ടമാവുന്നത്.