കുറച്ചുകാലമായി ഞാന്‍ മുറ്റത്തിന്റെ നടുവില്‍ ഒരിത്തിരി വട്ടത്തില്‍ മുത്തിള്‍ കൃഷി ചെയ്യുന്നു. അതിന് നനച്ചു കൊണ്ടിരിക്കുമ്പോഴാണ് കസിന്‍ ഉണ്ണി കേറി വരുന്നത്. ഉണ്ണി നഗരത്തില്‍ വക്കീലാണ്. ‘ഇതെന്തിനാ? ഇതുകൊണ്ടെന്താ ചെയ്യാ?എന്ന് ചോദ്യം.. ഞാന്‍ മുത്തിളിന്റെ ഗുണഗണങ്ങളെക്കുറിച്ച് വാചാലനായി. ഉത്തമ ഔഷധമായ, കൊടവന്‍ എന്ന് പലയിടത്തും പറയുന്ന അതിന്റെ സംസ്‌കൃതനാമം മണ്ഡൂകപര്‍ണ്ണി എന്നാണെന്നും ഉത്തരേന്ത്യക്കാര്‍ ഇതിനെയാണ് ബ്രഹ്‌മി എന്ന് വിളിക്കുന്നതെന്നും കേട്ടപ്പോള്‍ പുള്ളിയ്ക്ക് അതിശയമായി.
ഒരു ഇല പൊട്ടിച്ചെടുത്ത് ‘കേറി വാ..ഇരിക്ക്’..എന്ന് ക്ഷണിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു.’ഇലയുടെ ഈ ഷേപ്പ് കണ്ടോ..? തവളയുടെ പാദം പോലെയിരിക്കുന്നു അതിനാലായിരിക്കും അങ്ങനെ പറയുന്നത്. ജലാശയങ്ങള്‍ക്ക് അടുത്ത് കാണുന്നത് കൊണ്ട് ജലോല്‍ഭവ എന്നും പറയും.’
ജലാശയങ്ങളില്‍ നിന്ന് ഞങ്ങളുടെ സംഭാഷണം തവളയിലേയ്‌ക്കെത്തി.
ഉണ്ണി പറഞ്ഞു. ‘ഇക്കുറി ഇത്രയധികം മഴ പെയ്തിട്ടും തവളകളുടെ ശബ്ദം കേട്ടതേയില്ല’
‘അതെ. തവളകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, ചതുപ്പ് നിലങ്ങള്‍ എല്ലാം നികത്തപ്പെട്ടു.’
ഉണ്ണി പഴയ ഓര്‍മ്മകളിലേക്ക് ഊളിയിട്ടു.
‘പണ്ട് നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ വയലുകളില്‍ മഴക്കാലരാത്രികളില്‍ തവളകളെ പിടിക്കാന്‍ പെട്രോമാക്‌സുമായി ആളുകള്‍ ഇറങ്ങി നടന്നിരുന്നു. ആരായിരുന്നു അവര്‍? അവര്‍ പിടിച്ച തവളകളെ എവിടെക്കൊണ്ടുപോയി വിറ്റു? തവളക്കാലുകള്‍ കയറ്റുമതി ചെയ്തത് എവിടേയ്‌ക്കൊക്കെയായിരുന്നു? ആരൊക്കെയായിരുന്നു അതിന് പിറകില്‍?’
വക്കീല്‍ചോദ്യങ്ങളെ അവഗണിച്ച് ഞാന്‍ പറഞ്ഞു.
‘യഥാര്‍ത്ഥ തവളകളെ മുഴുവന്‍ നിഷ്‌കാസനം ചെയ്ത് സ്വയം കൂപമണ്ഡൂകങ്ങളായി
മലയാളി മാറിയിരിക്കയാണ്.’
‘ഒന്നാം നമ്പര്‍ എന്ന് പറഞ്ഞ് ഞെളിയുമെങ്കിലും ഈ അടുത്തകാലത്ത് മലയാളികള്‍ കാട്ടിക്കൂട്ടിയ അസംബന്ധകാര്യങ്ങള്‍ ഓരോന്നും എടുത്ത് നോക്കൂ. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ നഖശിഖാന്തം എതിര്‍ത്ത് പ്രകൃതിയെ മുച്ചൂടും നശിപ്പിച്ച് പ്രകൃതി ദുരന്തത്തില്‍ പരിതപിക്കുക, പ്രകൃതി വിഭവങ്ങള്‍ എടുത്ത് വന്‍ കെട്ടിടങ്ങളുണ്ടാക്കി അത് നശിപ്പിച്ചു കളയുക, ഉപയോഗശൂന്യമായ പാലം ഉണ്ടാക്കി അത് തകര്‍ക്കുക, ഇപ്പോള്‍ വാശിയില്‍ കെ.റെയില്‍ നിര്‍മ്മാണവും!
സത്യസന്ധരെയും അഴിമതിക്കറ തീണ്ടാത്തവരെയും വ്യക്തിപ്രഭാവവും കഴിവും ഉള്ളവരെയും ഈ മണ്ഡൂകങ്ങള്‍ക്ക് വേണ്ട.
മെട്രോമാന്‍ ഇ. ശ്രീധരന്‍, ജേക്കബ് തോമസ്, ഡോ.കെ.എസ്. രാധാകൃഷ്ണന്‍, സുരേഷ് ഗോപി എന്നിവരെ തിരസ്‌കരിച്ച് ഇവര്‍ തിരഞ്ഞെടുത്തവരെ നോക്കൂ..’
ഉണ്ണി ചിരിച്ചു. ഞാന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിച്ചു.
‘രാഷ്ട്രവിരുദ്ധതയും വര്‍ഗ്ഗീയതയും അന്തം കമ്മിത്തരമെന്ന മഹാമൂര്‍ഖതയും ഒന്നിച്ചാലുള്ള കൂപമണ്ഡൂകവിജയം അത്രേള്ളൂ.’
‘ഹ..ഹ.. യു ഗോട്ടിറ്റ്….
സര്‍വ്വ മേഖലയിലും ഈ മൂര്‍ഖത ദര്‍ശിക്കാം. ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന വാര്‍ത്ത ലോകത്ത് എല്ലാ ചാനലുകളിലും വന്നു. അത് മാത്രമോ? പറയാന്‍ കൊള്ളാത്ത എത്രയെത്ര മറ്റു കാര്യങ്ങള്‍. മലയാളിയെ ഓര്‍ത്ത് ലോകജനത മൂക്കത്ത് വിരല്‍ വെച്ചു. എന്നിട്ടും ഒന്നാം നമ്പറാണത്രെ. കൂപമണ്ഡൂകങ്ങള്‍ എന്നല്ലാതെ എന്ത് പറയാന്‍?’
ഉണ്ണി തലകുലുക്കിയപ്പോള്‍ ഞാന്‍ തുടര്‍ന്നു.
ഒരു ഈസോപ്പ് കഥ ഓര്‍മ്മവരികയാണ്.
ഒരിക്കല്‍ ഒരു തടാകത്തില്‍ അനേകം തവളകള്‍ പാര്‍ത്തു വന്നു. അതില്‍ ബുദ്ധിശൂന്യരായ തവളകള്‍ തമ്മില്‍ തല്ലി, കലഹിച്ചു. അരാജകത്വം കണ്ട് സഹികെട്ട് വയോധികരായ ചില മണ്ഡൂകങ്ങള്‍ അച്ചടക്കം പുന:സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് നല്ലൊരു രാജാവിനെ തരണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ദൈവം തടാകത്തിലേയ്ക്ക് ഒരു മരക്കഷണം എറിഞ്ഞുകൊടുത്തു. തവളകള്‍ അത് രാജാവെന്ന് കരുതി കുറച്ചു കാലം അടങ്ങിയൊതുങ്ങി കഴിഞ്ഞു. താമസിയാതെ മരക്കഷ്ണം രാജാവല്ലെന്നും വെറും ‘മരപ്പൊട്ട’നാണെന്നും അവര്‍ക്ക് മനസ്സിലായി. പിന്നെ മരക്കഷണത്തിന്റെ മേലിരിന്നു കളി തുടങ്ങി. അതോടെ കാര്യങ്ങള്‍ വീണ്ടും പഴയപോലെയായി. വീണ്ടും തലമൂത്തവര്‍ പ്രാര്‍ത്ഥിച്ചു. ഇത്തവണ ദൈവം വൈദേശികനായ, ഊശാന്‍താടിയുള്ള, വലിയൊരു കൊറ്റിയെയാണ് അയച്ചത്. കൊറ്റി ആ മരക്കഷണത്തില്‍ കയറിയിരുന്ന് ഭരണം തുടങ്ങി. ശേഷം ചിന്ത്യം.’
ഉണ്ണി ചിരിച്ചു. ‘ഹ.ഹ..നല്ല കഥ.. വസ്തുനിഷ്ഠം, യഥാതഥം.’
‘വര്‍ഷകാലത്ത് നമ്മുടെ പശ്ചിമഘട്ടമേഖലയില്‍ മാത്രം കണ്ടു വരുന്ന ഒരു തവളയുണ്ട്. അതിന് പാതാള തവള എന്ന് പറയും. നല്ല വയലറ്റ് നിറമാണ്. അതിനെ കണ്ടിട്ടുണ്ടോ?’
‘ഇല്ല’
‘ഇംഗ്ലീഷില്‍ അതിന്purple frog എന്ന് പറയും. വര്‍ഷം മുഴുവന്‍ ഭൂമിക്കടിയില്‍ താമസിച്ച് പ്രജനനത്തിനായി മാത്രം പൊന്തി വരുന്ന അതിന്റെ രൂപം സാധാരണ തവളകളില്‍നിന്ന് വ്യത്യസ്തമാണ്. പതിഞ്ഞ മൂക്കുള്ളതിനാല്‍ ചിലര്‍ അതിനെ പന്നിമൂക്കന്‍ എന്നും വിളിക്കും. സംഗതി എന്താണെന്ന് വെച്ചാല്‍ ഈ തവളയെ കൂപമണ്ഡൂകങ്ങളായ ചിലര്‍ കേരള രാജാവായി വാഴിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.’
‘എന്ന് വെച്ചാല്‍?’
‘കേരള വനംവകുപ്പ് ഈ തവളയെ മഹാബലി എന്ന് നാമകരണം ചെയ്യണം എന്ന് കേരള സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നു.’
‘റിയലി?’
‘മഹാബലിയെ സുതലത്തിലേയ്ക്കാണ് അയച്ചത് പാതളത്തിലേയ്ക്കല്ല എന്ന് എത്ര തവണ പറഞ്ഞാലാണ് മണ്ഡൂകങ്ങള്‍ക്ക് മനസ്സിലാവുക?’
‘മഹാധര്‍മ്മിഷ്ഠനും ദാനവീരനുമായ അസുരചക്രവര്‍ത്തിയെ അത്യധികം ബഹുമാനാദരങ്ങളോടെയാണ് ഓണമാഘോഷിക്കുന്ന ഓരോ മലയാളിയും ഓര്‍മ്മിക്കുന്നത്. അല്ലാതെ കാര്‍ട്ടൂണ്‍ ക്യാരക്ടറായ പാതാളത്തില്‍നിന്ന് കുടയും പിടിച്ച് വരുന്ന കുടവയറനായല്ല.
‘ഇതിപ്പോ… പാതാളത്തില്‍നിന്ന് വന്ന പന്നിമൂക്കന്‍ തവളയായി ചിത്രീകരിക്കുകയോ?..’
‘ശരിയാണ്.. പക്ഷെ ഈ നിര്‍ദ്ദേശം
കേരളഗവണ്‍മെന്റ് അംഗീകരിക്കുമോ എന്തോ?’
‘എങ്ങാനും അംഗീകരിച്ചാല്‍ ഭവാന്‍ ഒരു കാര്യം ചെയ്ക..ഒരു പൊതുതാല്പര്യ ഹരജി അങ്ങോട്ട് കൊടുക്ക.. ഇങ്ങനെ അപമാനിക്കേ..?’
‘തീര്‍ച്ചയായും….ന്നാ ശരി..’
എന്ന് പറഞ്ഞിട്ട് ഉണ്ണി വക്കീല്‍ എഴുന്നേറ്റു.
പോകുമ്പോള്‍ നാലഞ്ച് മണ്ഡൂകപര്‍ണ്ണിമാരേയും കൂടെ കൊണ്ടുപോയി.