സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിന്റെ ഐശ്വര്യപൂര്‍ണ്ണമായ നൂറാം വര്‍ഷത്തേക്കുള്ള പ്രയാണത്തിന് സുസ്ഥിരമായ അസ്ഥിവാരമിടുന്ന വികസനോന്മുഖ ബജറ്റാണ് കേന്ദ്രധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ അവതരിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സബ്കാ സാഥ് സബ്കാ വികാസ് എന്ന വീക്ഷണത്തില്‍ സമഗ്രവും, സുസ്ഥിരവും സ്വാശ്രയത്തിലധിഷ്ഠിതവുമായതും 25 വര്‍ഷത്തെ വികസന പരിപ്രേക്ഷ്യമുള്‍ക്കൊള്ളുന്നതുമായ കേന്ദ്രബജറ്റാണ് ഇത്തവണ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കൊറോണയുടെ സാഹചര്യത്തില്‍ 2019-20 ല്‍ സമ്പദ്‌വ്യവസ്ഥ 7 ശതമാനം പിറകോട്ടു പോയെങ്കിലും 2021-22-ല്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ തിരിച്ചുവന്നിട്ടുണ്ട്. നടപ്പുവര്‍ഷം 9.2 ശതമാനം സാമ്പത്തിക വളര്‍ച്ചയും, 3.9 ശതമാനം കാര്‍ഷിക വളര്‍ച്ചയും 11.8 ശതമാനം വ്യാവസായിക വളര്‍ച്ചയും കൈവരിക്കുമെന്നാണ് സാമ്പത്തിക സര്‍വ്വെ കണക്കാക്കിയിട്ടുള്ളത്. ഒരു വര്‍ഷം തുടര്‍ച്ചയായി ഒരു വിഭാഗം കര്‍ഷകര്‍ കുത്തിയിരിപ്പ് സമരം ചെയ്തിട്ടും ഭക്ഷ്യധാന്യ ഉല്പാദനം 305 ദശലക്ഷത്തിലധികമായി ഉയര്‍ന്ന് സര്‍വ്വകാല റെക്കാര്‍ഡിലെത്തി. കാര്‍ഷിക കയറ്റുമതി 3 ലക്ഷം കോടിയിലധികമായി. തുടര്‍ച്ചയായ 7 മാസം ജി.എസ്.ടി വരുമാനം 1 ലക്ഷം കോടിയിലധികമായിരുന്നു. ഏറ്റവുമൊടുവില്‍ 2022 ജനുവരിയിലത് 1.41 ലക്ഷം കോടിരൂപയായി ഉയര്‍ന്ന്, കോറോണ പ്രതിസന്ധി നിലനിന്നിട്ടും ഐ.പി.ഒ. വഴി ശേഖരിച്ചത് 89066 കോടി രൂപയായിരുന്നു. വിദേശനാണ്യ ശേഖരം ആദ്യമായി 600 കോടി ബില്യണ്‍ കടന്ന് 634 ബില്യണ്‍ ഡോളറായി. കയറ്റുമതി 16.5 ശതമാനമായും ഉയര്‍ന്നു. ഈ സൂചികകളൊക്കെ കാണിക്കുന്നത് സമ്പദ് വ്യവസ്ഥ കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറി ത്വരിത വളര്‍ച്ചയുടെ പാതയില്‍ പ്രവേശിച്ചു കഴിഞ്ഞു എന്നു തന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് 25 വര്‍ഷത്തെ പരിപ്രേക്ഷ്യത്തിലുള്ള ബജറ്റ് നിര്‍ദ്ദേശങ്ങളെ കാണേണ്ടത്.
യുവാക്കള്‍, കര്‍ഷകര്‍, പിന്നാക്കവിഭാഗങ്ങള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയ എല്ലാവിഭാഗങ്ങളുടെയും ക്ഷേമവും ഉന്നമനവുമാണ് ബജറ്റിന്റെ മുഖ്യലക്ഷ്യം. അതിനായി നാല് അടിസ്ഥാനഘടകങ്ങളാണ് ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒന്നാമതായി സമഗ്രവും സര്‍വ്വസ്പര്‍ശിയുമായ വികസനം (Inclusive Development). രണ്ടാമത്തേത് ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കല്‍, മൂന്നാമത്തേത് പരിസ്ഥിതി സൗഹൃദമായ ഊര്‍ജ്ജസ്രോതസ്സുകളിലേക്ക് പടിപടിയായുള്ള മാറ്റം, നാലാമത് കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുകൂലമായ സമീപനം.
ഈ അടിസ്ഥാന ഘടകങ്ങള്‍ക്ക് അനുസൃതമായി നാല് മുന്‍ഗണനാ മേഖലകളാണ് ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. (1) സമഗ്രവും സര്‍വ്വസ്പര്‍ശിയുമായ വികസനം (Inclusive Development), (2) പൊതുമേഖലയില്‍ കൂടുതല്‍ നിക്ഷേപവും നിക്ഷേപസഹായവും, (3) ഈസ് ഓഫ് ബിസിനസ്സ് അഥവാ നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കല്‍, (4) ഊര്‍ജ്ജസ്രോതസ്സുകളുടെ പരിവര്‍ത്തനം. ബജറ്റില്‍ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരവും സമ്പന്നവുമായ ഭാവിയിലെ വളര്‍ച്ചയ്ക്കത്ത്യാവശ്യമായ വിധം മൂലധനനിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. സമ്പദ് വ്യവസ്ഥയുടെ ത്വരിതമായ വളര്‍ച്ചയ്ക്കും സ്വകാര്യ മൂലധന മുതല്‍മുടക്കിനെ കൂടുതല്‍ ഉത്തേജിപ്പിക്കാനും ആവശ്യമായ വിധത്തില്‍ പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം മറ്റ് മേഖലകളിലെ വികസനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്ന വികസനതന്ത്രമാണ് സ്വീകരിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി പി.എം. ഗതിശക്തി പദ്ധതിക്ക് വലിയ മുന്‍ഗണനയാണ് നല്‍കിയിട്ടുള്ളത്. നിലവിലുള്ള നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പൈപ്പ് ലൈന്‍ പദ്ധതിയിലെ റോഡ്, റെയില്‍, വിമാനത്താവളം, ബഹുയാത്രാ സംവിധാനം, ജലപാതകള്‍ ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ തുടങ്ങിയവയെ പി.എം. ഗതിശക്തിയില്‍ ലയിപ്പിച്ച് ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്‌സ് സംവിധാനവും വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് ഭാവി വികസനം കണക്കിലെടുത്താണ്. 2022-23 വര്‍ഷം അടിസ്ഥാന മേഖലാ വികസനത്തിനടക്കമുള്ള മൂലധന ചിലവായി 10.68 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇത് കഴിഞ്ഞ നാലുവര്‍ഷത്തേക്കാള്‍ 35.38 ശതമാനം കൂടുതലാണ്. ഇതിനുപുറമെ സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ പലിശരഹിത വായ്പകൂടി അനുവദിച്ചിട്ടുണ്ട്. ദേശീയപാതാ വികസനത്തിനുള്ള ബജറ്റ് വിഹിതം നടപ്പു വര്‍ഷത്തേതില്‍ നിന്നും ഇരട്ടിയാക്കി. 2022-23 ല്‍ 25000 കിലോമീറ്റര്‍ ദേശീയപാതയാണ് വികസിപ്പിക്കുക. അതിനായി 1,34,015 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ മറ്റ് റോഡുകള്‍ക്കായി 64568 കോടി കൂടി വകയിരുത്തിയിട്ടുണ്ട്. മൊത്തം 2 ലക്ഷം കോടിയോളം രൂപ റോഡ് വികസനത്തിനുമാത്രം ലഭ്യമാകും.
അടിസ്ഥാന സൗകര്യമേഖലയെ കേന്ദ്രീകരിച്ചുള്ള വികസനതന്ത്രത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ഒന്നാമതായി വ്യാവസായിക-കാര്‍ഷിക-സേവന മേഖലകളുടെ വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തി, ഈ മേഖലകളില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ്. രണ്ടാമതായി അടിസ്ഥാന മേഖലയില്‍ ധാരാളം വലിയ പ്രോജക്ടുകള്‍ നടപ്പാക്കുമ്പോള്‍ ലക്ഷക്കണക്കിന് തൊഴിലാളികളടക്കമുള്ള വിഭാഗങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് തൊഴില്‍ ലഭ്യമാകും. മൂന്നാമതായി ഇത്തരം പദ്ധതികള്‍ക്കുവേണ്ട സിമന്റ്, കമ്പി, ബില്‍ഡിങ്ങ് മെറ്റീരിയലുകള്‍, മെഷിനറികള്‍ മറ്റ് ഘടകവസ്തുക്കള്‍ എന്നിവ നല്‍കുന്ന വിവിധ മേഖലകളില്‍ അനുബന്ധമായ ഉല്പാദനവളര്‍ച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ചുരുക്കത്തില്‍ മറ്റ് മേഖലകളില്‍ വികസനത്തിന്റെ മള്‍ട്ടിപ്ലയര്‍ ഇഫക്ട് ഉണ്ടാക്കാനാകും.
അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തോടൊപ്പം മറ്റ് നിരവധി നിര്‍മ്മാണ പ്രവര്‍ത്തനത്തിനും ബജറ്റില്‍ നിര്‍ദ്ദേശങ്ങളുള്ളത് ഇവയോട് ചേര്‍ത്തു വായിക്കണം. 2022-2023 വര്‍ഷം 80 ലക്ഷം വീടുകളും 3.8 കോടി വീടുകളില്‍ പൈപ്പ് വെള്ളവും ഒരു കോടി ഭവനങ്ങളില്‍ പാചകവാതകവും എത്തിക്കും. 2 ലക്ഷം അങ്കണവാടികളുടെ നവീകരണം, വിദ്യാഭ്യാസ-നൈപുണ്യവികസന മേഖലകളിലെ സമഗ്രമായ ഡിജിറ്റലൈസേഷന്‍ തുടങ്ങി നിരവധി മേഖലകളിലെ മൂലധന മുതല്‍ മുടക്കും ഇതോടൊപ്പം പരിഗണിച്ചാല്‍ അവ മറ്റുമേഖലകളില്‍ സൃഷ്ടിക്കുന്ന ചലനാത്മകത വളരെ വലുതായിരിക്കും.
ചുരുക്കത്തില്‍, ഈ ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത് ഒരു ദ്വിമുഖ തന്ത്രമാണ്. ഒരു ഭാഗത്ത് പൊതുമേഖലയില്‍ മൂലധന ചിലവ് ഗണ്യമായി വര്‍ദ്ധിപ്പിച്ച് നിര്‍മ്മാണ മേഖലയില്‍ നിര്‍മ്മാണ സാമഗ്രികള്‍ക്ക് വലിയതോതില്‍ ഡിമാന്റ് വര്‍ദ്ധിപ്പിച്ച് അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുക. മറുവശത്ത് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വരുമാനം വര്‍ദ്ധിപ്പിച്ച് ഉപഭോഗ ഡിമാന്റ് വര്‍ദ്ധിപ്പിച്ച്, ഉപഭോഗവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന മേഖലകളുടെ ഉത്തേജനം സൃഷ്ടിക്കുക. ഒരേസമയം ഉപഭോഗവും ഉല്പാദനവും വര്‍ദ്ധിപ്പിക്കാനുതകുന്ന തന്ത്രമാണിത്. ഇതുവഴി അടിസ്ഥാനസൗകര്യമേഖലയില്‍ ചിലവഴിക്കുന്ന മൂലധനത്തിന്റെ നാല് ഇരട്ടിയിലധികം സമ്പദ് വ്യവസ്ഥയില്‍ നേട്ടമുണ്ടാകും.
സര്‍വ്വാശ്ലേഷിയായ വികസനം
ദുര്‍ബ്ബലവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എല്ലാപദ്ധതികളും തുടരുന്നതാണ്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി 80 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും. അതോടൊപ്പം 3.8 കോടി വീടുകളില്‍ പൈപ്പ് വെള്ളം ലഭ്യമാക്കും. ഒരു കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കും. ജന്‍ധന്‍ യോജന, കര്‍ഷകസമ്മാന്‍ യോജന, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് തുടങ്ങിയ എല്ലാ ജനോപകാരപദ്ധതികളും 2022-23ലും തുടരും. തൊഴിലുറപ്പ് പദ്ധതിയ്ക്കായി 73000 കോടിയാണ് വകയിരുത്തിയിട്ടുള്ളതെങ്കിലും കോവിഡ് ഭീഷണി തുടര്‍ന്നെങ്കില്‍ അത് ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കും. ഉദാഹരണത്തിന് 2020-21ല്‍ 61500 കോടിയാണ് തൊഴിലുറപ്പ് പദ്ധതിക്കുണ്ടായിരുന്ന ബജറ്റ് വിഹിതം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളെക്കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൊത്തം 1.11 ലക്ഷം കോടി ചിലവഴിച്ചു. 2021-22ല്‍ 73000 കോടി മാത്രമാണ് വകയിരുത്തിയതെങ്കിലും ഇതുവരെ 98000 കോടി ചിലവഴിച്ചു കഴിഞ്ഞു. 2022-23 വര്‍ഷവും കോവിഡ് മഹാമാരി തുടരുന്ന സാഹചര്യമുണ്ടായാല്‍ അധിക വിഹിതം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം താല്പര്യമെടുക്കുമെന്ന് മുന്‍വര്‍ഷങ്ങളിലെ അനുഭവം വ്യക്തമാക്കുന്നുണ്ട്.
കാര്‍ഷികവികസനം
ഒരു വര്‍ഷം നീണ്ടുനിന്ന ഒരു വിഭാഗം കര്‍ഷകരുടെ സമരത്തിന്റെ കാലത്തും കാര്‍ഷികമേഖല 3.9 ശതമാനം വളര്‍ച്ച നേടുകയും 305 ദശലക്ഷം മെട്രിക് ടണ്ണിലധികം ഭക്ഷ്യധാന്യങ്ങള്‍ ഉല്പാദിപ്പിക്കുകയും 3 ലക്ഷം കോടിയിലധികം കാര്‍ഷിക കയറ്റുമതി കൈവരിച്ചതും പ്രത്യേകം ശ്രദ്ധേയമാണ്. സമരരംഗത്തുണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന അരലക്ഷം കര്‍ഷകര്‍ യഥാര്‍ത്ഥ കര്‍ഷകരായിരുന്നില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. 2022-23-ല്‍ 163 ലക്ഷം കര്‍ഷകരില്‍ നിന്നായി 120.8 ദശലക്ഷം മെട്രിക് ടണ്‍ നെല്ലും ഗോതമ്പും സംഭരിച്ച് 2.37 ലക്ഷം കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടു നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമൂലം ഇടത്തട്ടുകാരെ ഒഴിവാക്കുക വഴി കര്‍ഷകര്‍ക്ക് 15 മുതല്‍ 20 ശതമാനംവരെ വരുമാന വര്‍ദ്ധനവുണ്ടാകും.
2023 അന്താരാഷ്ട്ര മില്ലറ്റ് (ചെറുധാന്യങ്ങള്‍) വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ ചോളം, തിന, ചാമ, രാഗി, ബജ്‌റ തുടങ്ങിയ ചെറുധാന്യങ്ങളുടെ ഉല്പാദനവര്‍ദ്ധനവിനും, മൂല്യവര്‍ദ്ധനയ്ക്കും, സംസ്‌കരണത്തിനും ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും, ഇവയെ ബ്രാന്റ് ചെയ്ത് നാട്ടിലും വിദേശത്തും വിപണനം ചെയ്തു കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കും. അതോടൊപ്പം ഇപ്പോള്‍ ക്ഷാമം നേരിടുന്ന എണ്ണക്കുരുക്കളുടെ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള പരിഷ്‌കരിച്ച പദ്ധതിയും നടപ്പാക്കും. ഇപ്പോള്‍ വര്‍ഷംതോറും 70,000 കോടി രൂപയാണ് ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്കായി ചിലവഴിക്കുന്നത്. 5 വര്‍ഷത്തിനകം ഇറക്കുമതി പകുതിയിലധികം കുറയ്ക്കാനായാല്‍ വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതി കുറയ്ക്കാനും, ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിയ്ക്കാനും കഴിയും.
നബാര്‍ഡിന്റെ സാമ്പത്തികസഹായം കാര്‍ഷിക മേഖലയില്‍ വാല്യുചെയിനുമായി ബന്ധപ്പെട്ട എല്ലാമേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ലഭ്യമാക്കും. കര്‍ഷക ഉല്പാദകസംഘങ്ങള്‍, കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്കു നല്‍കുന്ന സ്ഥാപനങ്ങള്‍, സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നബാര്‍ഡിന്റെ സഹായത്തിനര്‍ഹതയുണ്ടാകും. മണ്ണിന്റെ ആരോഗ്യവും കാര്‍ഷിക ഉല്പന്നങ്ങളിലെ രാസമാലിന്യവും കുറയ്ക്കാന്‍ രണ്ടു നടപടികള്‍ നിര്‍ദ്ദേശിച്ചത് ശ്രദ്ധേയമാണ്. ഒന്നാമത്തേത് ഗംഗാനദിയുടെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ രാസവിമുക്തമാക്കി ഗംഗാജലത്തിനെ രാസവിമുക്തമാക്കാനുള്ള തീരുമാനമാണ്. ഭാവിയില്‍ പടിപടിയായി കുടിവെള്ള സ്രോതസ്സുകളായ മറ്റ് പ്രധാന നദീതീരങ്ങളിലേക്കുമിത് വ്യാപിപ്പിച്ചേക്കും. രണ്ടാമത്തേത് കാര്‍ഷിക സര്‍വ്വകലാശാലകളിലെ പാഠ്യപദ്ധതിയില്‍ രാസവിള വിമുക്തമായ കൃഷിരീതികളായ ഓര്‍ഗാനിക് ഫാമിങ്, സീറോബജറ്റ് ഫാമിങ്ങ് കൂടി ഉള്‍പ്പെടുത്തി രാസവളത്തിന്റെയും കീടനാശിനികളുടേയും അമിതവും അശാസ്ത്രീയവുമായ ഉപഭോഗം കുറച്ച് കൊണ്ട് ആരോഗ്യസംരക്ഷണത്തിന് മുന്‍ഗണന നല്‍കണം.
കാര്‍ഷികമേഖലയ്ക്കും കുടിവെള്ളമേഖലയ്ക്കും ഏറെ പ്രയോജനകരമായ നദീജലസംയോജനപദ്ധതിയുടെ ഒന്നാം ഘട്ടം അടുത്ത സാമ്പത്തികവര്‍ഷം ആരംഭിക്കും. കെല്‍-ബെട്ട്‌വ ലിങ്ക് പ്രോജക്ട് എന്ന പേരിലുള്ള പദ്ധതിക്കായി 44605 കോടി അംഗീകരിച്ചിട്ടുണ്ട്. ഈ നദീജലസംയോജന പരിപാടി പൂര്‍ത്തിയായാല്‍ 9 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനവും 62 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെളളവും ലഭ്യമാകുന്നതോടൊപ്പം 103 മെഗാവാട്ട് വൈദ്യുതിയും 27 മെഗാവാട്ട് സൗരോര്‍ജ്ജവും ലഭ്യമാകും. മറ്റ് അഞ്ച് നദീജലസംയോജന പദ്ധതികളുടെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ അവസാനഘട്ടത്തിലാണ്. ഡമല്‍ഗംഗ-പിന്‍ജാല്‍, പര്‍താപി-നര്‍മ്മദ, ഗോദാവരി-കൃഷ്ണ, കൃഷ്ണ-ചെന്നാര്‍, ചെന്നാര്‍-കാവേരി എന്നിവയാണിവ. ഇവ കൂടി പൂര്‍ത്തിയാകുന്നതോടെ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ജലസേചനസൗകര്യവും കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളവും, ആയിരക്കണക്കിന് മെഗാവാട്ട് വൈദ്യുതിയും ലഭ്യമാകും. ഇതുവഴി ഈ പദ്ധതി പ്രദേശങ്ങളില്‍ കാര്‍ഷിക ഉല്പാദനം ഗണ്യമായി വര്‍ദ്ധിക്കാനും, കാര്‍ഷിക സംസ്‌കരണം, ചെറുകിട വ്യവസായങ്ങള്‍, ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍ എന്നിവ വഴി ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലും വരുമാനവും വര്‍ദ്ധിപ്പിയ്ക്കാനുള്ള സാഹചര്യവുമുണ്ടാകും.
വൈവിദ്ധ്യമാര്‍ന്ന പഴങ്ങളും പച്ചക്കറികളും ഉല്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് ഉചിതമായ ഉല്പാദനത്തിനും വിളവെടുപ്പിനും സ്റ്റോറേജിനുമുള്ള സംവിധാനമൊരുക്കാം. അഗ്രോ ഫോറസ്ട്രിയില്‍ താല്പര്യമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട കര്‍ഷകര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യസംസ്‌കരണത്തിനും മൂല്യവര്‍ദ്ധനവിനും മുന്തിയ പരിഗണനയാണ് ബജറ്റില്‍ നല്‍കിയിട്ടുള്ളത്. ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം 125 ശതമാനമാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.
വിദ്യാഭ്യാസവും നൈപുണ്യവികസനവും
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലും പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ വലിയതോതില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. ഇതിന്റെ ഭാഗമായി രണ്ട് ലക്ഷം അങ്കണവാടികളെ ‘സാക്ഷം’ അങ്കണവാടികളായി ഉയര്‍ത്തുകയും ദൃശ്യ-ശ്രവണ സംവിധാനങ്ങളും നൂതനസാങ്കേതിക വിദ്യയുമുപയോഗിച്ച് ബാല്യകാല വിദ്യാഭ്യാസം ആസ്വാദ്യകരവും ആകര്‍ഷകവുമാക്കുകയും ബാല്യകാലവികാസത്തിന് ഏറ്റവും മെച്ചപ്പെട്ട അനുകൂലസാഹചര്യം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. മാനസികരോഗങ്ങളില്‍ പകുതിയിലധികവും 14 വയസ്സിനുമുമ്പായി പ്രത്യക്ഷപ്പെടുന്നവയാണ് എന്നുള്ള പഠന റിപ്പോര്‍ട്ടുകളും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം മാനസികാരോഗ്യത്തിന് ടെലികൗണ്‍സിലിങ്ങ് സംവിധാനം ഏര്‍പ്പെടുത്താനായി ദേശീയ ടെലി മാനസികാരോഗ്യപദ്ധതി പ്രഖ്യാപിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതിനായി 23 ടെലി മെന്റല്‍ ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കും. ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സി ബാംഗളൂരിലെ നിംഹാന്‍സ് ആയിരിക്കും.
വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റലൈസേഷന്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഒരു ദേശീയ ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും. 1 മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി 200 ചാനലുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിയാണ്. അതോടൊപ്പം വൊക്കേഷനല്‍ കോഴ്‌സുകളിലെ കുട്ടികളുടെ മികവ് ഉയര്‍ത്തുന്നതിനായി ശാസ്ത്രവിഷയങ്ങളിലും കണക്കിലും 750 വെര്‍ച്വല്‍ ലാബുകളും നിരവധി ഇ-ലാബുകളും സ്ഥാപിക്കും. ഇന്റര്‍നെറ്റ്, ടി.വി., മൊബൈല്‍ ഫോണ്‍, റേഡിയോ തുടങ്ങിയ സംവിധാനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവയുടെ സേവനം ലഭ്യമാക്കും. കുട്ടികള്‍ക്ക് ഗുണമേന്മയുള്ള പഠനപദ്ധതികള്‍ തയ്യാറാക്കാന്‍ പ്രഗല്‍ഭരായ അദ്ധ്യാപകരെ തന്നെ നിയോഗിക്കും.
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനും കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും, ഡിജിറ്റല്‍ പരിശീലന പരിപാടികള്‍ക്കും വലിയ മുതല്‍ക്കൂട്ടാകുന്ന മറ്റൊരു പ്രഖ്യാപനം കൂടി ബജറ്റിലുണ്ട്. നൈപുണ്യ വികസനത്തിനും സ്വയം തൊഴില്‍ കണ്ടെത്താനും വലിയ സാദ്ധ്യതകളുള്ള മേഖലയാണിത്. ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്, ഗെയിമിങ് (അ.ഢ.ഏ) മേഖലയുടെ ഭാവിവികസനത്തിന് നേതൃത്വം കൊടുക്കാന്‍ ഒരു പ്രമോഷന്‍ കൗണ്‍സില്‍ രൂപീകരിക്കും. ഈ മേഖലയില്‍ ചുരുങ്ങിയത് 20 ലക്ഷം തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഈ മേഖലയിലുള്ള വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
നൈപുണ്യവികസനത്തിന് നിലവിലുള്ള പദ്ധതികളെ യുക്തിസഹമായി പരസ്പരം ബന്ധിപ്പിച്ച് അവയുടെ പ്രവര്‍ത്തനസാദ്ധ്യതകള്‍ വിപുലീകരിക്കുന്നതാണ്. ഉദയം, എന്‍.സി.എസ്, ഇ-ശ്രം എന്നീ പോര്‍ട്ടലുകള്‍ പരസ്പരം ബന്ധിപ്പിച്ച് വൈവിദ്ധ്യപൂര്‍ണ്ണമായ നൈപുണ്യവികസനപദ്ധതികള്‍ക്ക് സജ്ജമാക്കുന്നതോടൊപ്പം ഇവയെ ഒരു ഡേറ്റാബേസായി ഉപയുക്തമാക്കും. ഡ്രോണ്‍ശക്തി ഉപയോഗിക്കാനുള്ള നൈപുണ്യപരിശീലനം നല്‍കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മുന്‍ഗണനനല്‍കും. നൈപുണ്യവികസന പരിപാടികള്‍ വ്യവസായ മേഖലകളുടെ മാറിവരുന്ന നൈപുണ്യാവശ്യങ്ങളുമായി ബന്ധപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കുന്ന സമീപനം നടപ്പാക്കും. അതോടൊപ്പം വെര്‍ച്വല്‍ ലാബുകള്‍, ഇ-ലാബുകള്‍ എന്നിവ വഴി ഇ-ലേണിങ്ങ് നടത്തുകയും നൈപുണ്യ പരിശീലന പരിപാടികള്‍ നടപ്പാക്കുകയും ചെയ്യും. അതിനായി ഡിജിറ്റല്‍ ഇക്കോസിസ്റ്റം ഫോര്‍ സ്‌കില്ലിങ്ങ് ലൈവ്‌ലിഹുഡ് (ഡി.ഇ.എസ്.എച്ച്) എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.
പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജമാറ്റം
2070ല്‍ നെറ്റ് സീറോറമിഷന്‍ കൈവരിക്കുമെന്ന രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിയ്ക്കാനും അന്തരീക്ഷമലിനീകരണം കുറയ്ക്കാനുമുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിന്റെ പ്രത്യേകതയാണ്. ദീര്‍ഘവീക്ഷണത്തോടുകൂടിയ ദീര്‍ഘകാലപദ്ധതികള്‍ക്ക് ഈ ബജറ്റ് തുടക്കം കുറിക്കുകയാണ്. ഇതിന്റെ ഭാഗമായി പൊതുഗതാഗതത്തിന് ഇലക്ട്രിക് വാഹനങ്ങള്‍ പ്രത്യേക സോണുകളിലുപയോഗിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരത്തിനുള്ള ഏറ്റവും വലിയ പ്രതിബന്ധം ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവമാണ്. ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യസംരംഭകര്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പ്രോത്സാഹനം നല്‍കും. അതിനായി ബാറ്ററി സ്വാപ്പിങ്ങ് നയം രൂപീകരിയ്ക്കും. 2030 ഓടെ 280 ജിഗാവാട്ട് സൗരോര്‍ജം ഉല്പാദിപ്പിയ്ക്കുവാനുള്ള സ്ഥാപിതശേഷി നിര്‍മ്മിക്കും. ഇവയ്ക്കാവശ്യമായ ആധുനിക പാനലുകളും നിര്‍മ്മിക്കും. 2022-23ല്‍ സൗരോര്‍ജ്ജവികസനത്തിനായി 19500 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പഞ്ചാബ്-ഹരിയാന തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വിളവെടുപ്പിനുശേഷമുള്ള ധാന്യക്കമ്പുകളും വൈക്കോല്‍ കുറ്റികളും വ്യാപകമായി കത്തിക്കുന്നതു മൂലം വലിയ വായുമലിനീകരണമാണ് സൃഷ്ടിക്കുന്നത്. കര്‍ഷകരാണെങ്കില്‍ എല്ലാതരം നിയന്ത്രണങ്ങളെയും എതിര്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇവ ശേഖരിച്ച് തെര്‍മല്‍ പവര്‍ സ്റ്റേഷനിലെത്തിച്ച് ഉപയോഗിക്കാനുള്ള പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. ഇതുമൂലം രണ്ടു നേട്ടങ്ങളാണുണ്ടാകുക. ഇതിന്റെ ഉടമകളായ കര്‍ഷകര്‍ക്കിത് ഒരു വരുമാനമാര്‍ഗ്ഗമായി മാറും. അതോടൊപ്പം ഇവ ശേഖരിച്ച്, പാക്ക് ചെയ്ത്, വാഹനങ്ങളില്‍ പവര്‍ സ്റ്റേഷനിലെത്തിക്കുന്ന പ്രക്രിയയില്‍ നിരവധി പ്രദേശവാസികള്‍ക്ക് വരുമാന മാര്‍ഗ്ഗമായി മാറും. 5 മുതല്‍ 7 ശതമാനം ഇത്തരം വൈക്കോല്‍ വേസ്റ്റ് തെര്‍മല്‍ പവര്‍ സ്റ്റേഷനുകല്‍ വഴി സംസ്‌കാരിച്ചാല്‍ മാത്രം വര്‍ഷത്തില്‍ 38 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ വ്യാപനം കുറയ്ക്കാനാകുമെന്നാണ് സാങ്കേതികമായി കണക്കാക്കുന്നത്. ഈ പദ്ധതി വിജയിക്കുകയും കര്‍ഷകര്‍ ഇതൊരു വരുമാനമാര്‍ഗ്ഗമായി സ്വീകരിക്കപ്പെടുകയും ചെയ്താല്‍ അഞ്ചുവര്‍ഷത്തിനകം ഒരു മഹാവിപത്തില്‍ നിന്ന് രാജ്യത്തിന് മോചനം ലഭിക്കും. ജനജീവിതം അത്രത്തോളം മെച്ചപ്പെടുകയും ചെയ്യും.
മറ്റ് പരിഷ്‌കാര നടപടികള്‍
വിദേശയാത്ര സുരക്ഷിതവും സുഗമവും പ്രശ്‌നരഹിതവുമാക്കാന്‍ ഇ-പാസ്‌പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനം ദൂരവ്യാപകഫലങ്ങള്‍ ഉളവാക്കും. ചിപ്പ് ഘടിപ്പിച്ച്, ബയോമെട്രിക് വിവരങ്ങള്‍ അടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇ-പാസ്‌പോര്‍ട്ടുകള്‍ വിദേശയാത്ര സുഗമവും സുഖകരവുമാക്കുക മാത്രമല്ല, വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, മയക്കുമരുന്നുകടത്ത് തുടങ്ങിയവയെ നിയന്ത്രിക്കാനും ഏറെ ഫലപ്രദമാണ്.
മറ്റൊരു സുപ്രധാന നിര്‍ദ്ദേശമാണ് ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം- ഒരു രജിസ്‌ട്രേഷന്‍ എന്ന പദ്ധതി. ഇതിനായി നാഷണല്‍ ജനറിക് ഡോക്യുമെന്ററി രജിസ്‌ട്രേഷന്‍ സംവിധാനം ഒരു ഏകീകൃത രജിസ്‌ട്രേഷന്‍ സോഫ്ട്‌വെയര്‍ മുഖേന നടപ്പാക്കും. ഇതിനെ ആധാറുമായി ബന്ധിക്കുകയും ബജറ്റില്‍ നിര്‍ദ്ദേശിച്ചതുപോലെ സംസ്ഥാനങ്ങള്‍ ഭൂമിക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കുകയും ചെയ്താല്‍ ഭൂമാഫിയകളുടെ പ്രവര്‍ത്തനവും ഭൂമി കൈമാറ്റത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്ന പ്രവണതയും ഇല്ലാതാക്കാന്‍ കഴിയും. ‘മാത്രവുമല്ല അനാവശ്യമായ ഭൂമിയുടെ ഉടമസ്ഥാവകാശത്തര്‍ക്കങ്ങളും കേസുകളും ഇതോടെ ഒഴിവാകുകയും ചെയ്യും. എന്നാല്‍ ഈ വിപ്ലവകരമായ മാറ്റങ്ങളെ സംസ്ഥാന സര്‍ക്കാരുകള്‍ സംശയദൃഷ്ടിയോടെ സമീപിക്കാന്‍ സാധ്യതയുണ്ട്. രജിസ്‌ട്രേഷന്‍ ചാര്‍ജ്ജുകള്‍ ഏകീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ അവരതിനെ എതിര്‍ക്കുമെന്നുറപ്പാണ്.
ഈസ് ഓഫ് ബിസിനസ്സ് മെച്ചപ്പെടുത്തി കൂടുതല്‍ നിക്ഷേപസൗഹൃദമാക്കാനുള്ള നടപടികളും ബജറ്റില്‍ തുടരുന്നത് ആശാവഹമാണ്. കാലഹരണപ്പെട്ട 1486 നിയമങ്ങള്‍ നേരത്തെ തന്നെ പിന്‍വലിച്ചിട്ടുള്ളതാണ്. ഇതുപോലെ അനാവശ്യമായ നിയമങ്ങളും ചട്ടങ്ങളും ആവശ്യാനുസരണം കാലോചിതമായി മാറ്റുന്ന പ്രക്രിയ തുടരും. ഇറക്കുമതി തീരുവകള്‍, ആദായനികുതി എന്നിവയിലും നിയമവ്യവസ്ഥകള്‍ ലളിതമാക്കുകയും അനാവശ്യമായ ഇളവുകള്‍ റദ്ദ് ചെയ്യുകയും ചെയ്യും.
മറ്റൊരു പ്രധാന പരിഷ്‌കാരം രാജ്യത്തെ 1-5 ലക്ഷം വരുന്ന മുഴുവന്‍ പോസ്റ്റ് ഓഫീസുകളിലും കോര്‍ബാങ്കിങ്ങ് സംവിധാനം ഏര്‍പ്പെടുത്തി ഡിജിറ്റല്‍ പെയ്‌മെന്റിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാനുള്ള തീരുമാനമാണ്. നെറ്റ് ബാങ്കിങ്ങ്, മൊബൈല്‍ ബാങ്കിങ്ങ്, എ.ടി.എം എന്നീ സേവനങ്ങള്‍ക്കു പുറമെ, പോസ്റ്റോഫീസ് അക്കൗണ്ടുകളില്‍ നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കും, തിരിച്ചും പണം കൈമാറാന്‍ ഇതുവഴി സാധ്യമാകും. ബാങ്കുകള്‍ കുറവായ ഗ്രാമീണ മേഖലയില്‍ ഇത് വളരെ പ്രയോജനകരമാകും. അതോടൊപ്പം പോസ്റ്റാഫീസുകളുടെ പാഴ്‌സല്‍ സര്‍വ്വീസ് റെയില്‍വെയുമായി ബന്ധിപ്പിച്ച് പാഴ്‌സല്‍ സേവനം കാര്യക്ഷമമാക്കും. സ്വകാര്യ കൊറിയര്‍ സര്‍വ്വീസുകളുടെ കടന്നാക്രമണത്തില്‍ വീര്‍പ്പുമുട്ടുന്ന പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ഇത് ജീവവായു നല്‍കുമെന്നുറപ്പാണ്. പി.എം. ഗതിശക്തി പദ്ധതിയുടെ ഭാഗമായി 3 വര്‍ഷത്തിനകം 100 കാര്‍ഗോ ടെര്‍മിനലുകളും 400 വന്ദേഭാരത് ട്രെയിനുകളും റെയില്‍വെ ആരംഭിക്കും. ആധുനിക രീതിയിലുള്ള 2000 കിലോമീറ്റര്‍ പുതിയപാതകളും റെയില്‍വെ 2022-23ല്‍ പണിതീര്‍ക്കും. മാത്രവുമല്ല റെയില്‍വേസ്റ്റേഷനുകളുമായി മള്‍ട്ടിമോഡല്‍ കണക്ടിവിറ്റി സംവിധാനം പി.എം. ഗതിശക്തി പരിപാടിയുടെ ഭാഗമായി നടപ്പാക്കുകയും ചെയ്യുന്നതോടെ പൊതുഗതാഗതത്തിന് വേഗതയും സൗകര്യവും വര്‍ദ്ധിക്കുകയും ചെയ്യും.
ചെറുകിട വ്യവസായമേഖലയ്ക്ക് (എം.എസ്.എം.ഇകള്‍ക്ക്) നല്‍കിയിരുന്ന അടിയന്തര വായ്പാപദ്ധതി 2023 മാര്‍ച്ച് വരെ നല്‍കുകയും സഹായപരിധി 5 ലക്ഷം കോടി വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുള്ളത് ഈ മേഖലയ്ക്ക് വലിയ ആശ്വാസമായിരിക്കും. ജി.ഡി.പിയുടെ ഏതാണ്ട് 30 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും സംഭാവന ചെയ്യുന്ന ഈ മേഖലയില്‍ 6.3 കോടി സ്ഥാപനങ്ങളാണുള്ളത്. അവ 11.1കോടി പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അവയുടെ പ്രശ്‌നപരിഹാരത്തിന് ആത്മനിര്‍ഭര്‍ഭാരത് പദ്ധതിയില്‍ കൊണ്ടു വന്ന സഹായങ്ങള്‍ 2023 മാര്‍ച്ച് വരെ തുടരും.
മറ്റൊരു പ്രധാനപ്രഖ്യാപനം റിസര്‍വ്വ് ബാങ്ക് ഡിജിറ്റല്‍ റുപ്പി ഇറക്കുമെന്നതാണ്. ഇതു മുഖ്യമായും ഡിജിറ്റല്‍ പെയ്‌മെന്റുകളെ സഹായിക്കാനായിരിക്കും. അതോടൊപ്പം ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കുന്നതിന്റെ ആദ്യപടിയായി അവയില്‍ നിന്നുള്ള ആദായത്തിന്മേല്‍ 30 ശതമാനം നികുതിചുമത്തും. ഡിജിറ്റല്‍ ബാങ്കിങ്ങിന് പ്രചാരം നല്‍കാനും ശക്തമാക്കാനും 75 ജില്ലകളില്‍ ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വാശ്രയ വികസനത്തിന്റെ നെടുംതൂണായ മെയ്ക്ക് ഇന്‍ ഇന്ത്യപദ്ധതി കൂടുതല്‍ ശക്തമാക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. രാജ്യരക്ഷാവിഭാഗത്തിനാവശ്യമായ 209 തരം ഉപകരണങ്ങളും ആയുധങ്ങളും ഇനിമേല്‍ ഇറക്കുമതി ചെയ്യുകയില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി 2022-23ല്‍ രാജ്യരക്ഷാ ഉപകരണങ്ങളുടെ ആവശ്യത്തില്‍ 60 ശതമാനവും ആഭ്യന്തര ഉല്പാദകരില്‍ നിന്ന് വാങ്ങുന്നതാണ് എന്ന് ബജറ്റ് പ്രസംഗത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇത് ആഭ്യന്തര ഉല്പാദന മേഖലയ്ക്ക് വലിയ നേട്ടമാകും. ലക്ഷക്കണക്കിന് തൊഴില്‍ സൃഷ്ടിക്കുവാനുതകുന്നതോടൊപ്പം പടിപടിയായി സ്വാശ്രയത്തിലേയ്ക്കുയരുവാനും ഇതു മൂലം സാധിക്കും. അതോടൊപ്പം ഇറക്കുമതിയ്ക്കുവേണ്ട ഭാരിച്ച വിദേശ നാണ്യവും ലാഭിക്കാനാകും. വിദേശ ഇറക്കുമതികളില്‍ ഉണ്ടാകാവുന്ന അഴിമതിക്കുമത് അറുതിവരുത്തും.
ചുരുക്കത്തില്‍ 2022-23 ലെ ബജറ്റ് ദീര്‍ഘകാലവികസന പരിപ്രേക്ഷ്യത്തോടെ, വിവിധ വികസന മേഖലകളുടെ പരസ്പരാശ്രിതത്തിലൂടെയും സ്വാശ്രയത്തിലൂടെയും ദീര്‍ഘകാലവികസനത്തിന് അസ്ഥിവാരമിടാന്‍ പര്യാപ്തമാണ്. പൊതുമേഖലാ മൂലധനചിലവ് ഗണ്യമായി വര്‍ദ്ധിപ്പിച്ച് അടിസ്ഥാന മേഖലകളുടെ സംയോജിതമായ വികസനം ഉറപ്പുവരുത്തി സ്വകാര്യ നിക്ഷേപത്തെ ത്വരിതപ്പെടുത്താനുള്ള ആസൂത്രിതമായ സമീപനമാണ് ബജറ്റില്‍ കൈക്കൊണ്ടിട്ടുള്ളത്. അതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ബാങ്കിങ്ങ്, പോസ്റ്റോഫീസ്, നൈപുണ്യവികസനം, ഭൂ രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ എല്ലാമേഖലകളിലും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്താനും ശ്രമിച്ചിട്ടുണ്ട്. വികസന മേഖലകളുടെ പരസ്പരാശ്രിതത്വം ഉറപ്പുവരുത്തി മള്‍ട്ടിപ്പിള്‍ ബെനഫിറ്റ് ഉണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട്. വരുന്ന 25 വര്‍ഷത്തെ വികസനത്തിനുള്ള തുടക്കമെന്ന നിലയില്‍ ഈ ബജറ്റ് ശ്ലാഘനീയവും വികസനോന്മുഖവുമാണെന്നതിന് യാതൊരു സംശയവുമില്ല.