അസാധാരണമാംവിധം ത്യാഗനിര്‍ഭരമായ ജീവിതമാണ് വൈക്കം ഗോപകുമാറിന്റെ നിര്യാണത്തോടെ അവസാനിച്ചത്. വായ്ക്കുള്ളിലെ കവിള്‍വാര്‍പ്പ് എന്ന് പറയപ്പെടുന്നതരം അര്‍ബുദ രോഗത്തിന്റെ ആക്രമണത്തില്‍ കഠിനമായ വേദനയും യാതനയും അനുഭവിച്ചപ്പോഴും അടിയന്തരാവസ്ഥ പീഡിതരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് അവര്‍ക്ക് സാന്ത്വനവും ആവേശവും നല്‍കുന്നതിന് അദ്ദേഹം സന്നദ്ധനായിരുന്നു. സ്വയംസേവകനായും പ്രചാരകനായും ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതാവായും കേരള ക്ഷേത്രസംരക്ഷണസമിതി നേതൃത്വത്തിലുമൊക്കെ ഗോപകുമാര്‍ സജീവമായിരുന്നു.
സഹപ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും ആവേശം പകര്‍ന്നിരുന്നു.
1960കളിലാണ് അദ്ദേഹം വിദ്യാര്‍ത്ഥിയായിരിക്കെ ആലപ്പുഴ ശാഖയില്‍ സ്വയംസേവകനായത്. സംഘത്തോട് തികച്ചും മമത പുലര്‍ത്തിയ കുടുംബത്തില്‍ പിറക്കാന്‍ ഭാഗ്യം സിദ്ധിച്ചതിനാല്‍ അതിവേഗംതന്നെ ആദര്‍ശം ഉള്‍ക്കൊണ്ട് വളര്‍ന്നു. വൈക്കത്ത് കിഴക്കേ നടയിലായിരുന്നു തറവാട്. 1726 ലെ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാര്‍ക്കെതിരെ യുദ്ധം ചെയ്ത് വീരചരമം പ്രാപിച്ച നാരായണന്‍ നായരുടെ കുടുംബത്തിന് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പണികഴിപ്പിച്ചുകൊടുത്തതാണ് കൊട്ടാരത്തില്‍ വീട് എന്നൊരു പുരാവൃത്തമുണ്ട്. 1924-ലെ പ്രസിദ്ധമായ വൈക്കം സത്യഗ്രഹം നടന്നത് ആ വീടിന് അടുത്ത് തന്നെയായിരുന്നു. അവരുടെ ഒരു വലിയമ്മാവന്‍ വൈക്കം എസ്.രാമന്‍പിള്ള സത്യഗ്രഹത്തിലെ പ്രധാനപങ്കാളികളില്‍പെട്ടിരുന്നു. ഹിന്ദുസമാജ നവോത്ഥാനത്തില്‍ കേരളത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നല്ലോ വൈക്കം സത്യഗ്രഹം. മുഴുവന്‍ ഭാരതത്തിന്റെയും ശ്രദ്ധയെ ആകര്‍ഷിച്ച ആ സത്യഗ്രഹത്തിന് അനുഗ്രഹാശ്ശിസ്സുകളേകാന്‍ മഹാത്മാഗാന്ധിയും ശ്രീനാരയണ ഗുരുദേവനും അകാലിദള്‍ നേതാവ് മാസ്റ്റര്‍ താരാസിങ്ങും എത്തിയിരുന്നു. മന്നത്തുപദ്മനാഭനും കേളപ്പജിയും ഇ.വി.രാമസ്വാമി നായ്ക്കരും അതിന്റെ നേതൃനിരയില്‍ വന്നു.
വലിയൊരു നവോത്ഥാനാന്തരീക്ഷം തുടിച്ചുനിന്ന സ്ഥാനത്ത് പിറന്ന ഗോപകുമാറില്‍ ആ ചൈതന്യം ജന്മസിദ്ധമായി എന്നേ കരുതാനുള്ളൂ. മുഴുവന്‍ ഭാരതത്തെയും സമഗ്രമായി വീക്ഷിച്ച് ഹിന്ദുസമാജത്തിന്റെ സര്‍വ്വതോമുഖമായ അഭിവൃദ്ധിക്കായി പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ച രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ ഗോപകുമാറിന്റെ പ്രവേശവും പ്രവര്‍ത്തനവും വളര്‍ച്ചയും തികച്ചും സഹജവും സ്വാഭാവികവുമായി. കേരളത്തിലെ സാംസ്‌കാരിക രംഗത്ത് മുഖവുര ആവശ്യമില്ലാത്ത മുതിര്‍ന്ന സംഘപ്രചാരകന്‍ എം.എ.കൃഷ്ണന്‍ ആലപ്പുഴയില്‍ പ്രചാരകനായ കാലത്താണ് ഗോപകുമാര്‍ ശ്രദ്ധയില്‍പെട്ടത്. കേവലം ബാലകരെ മാത്രമല്ല. സാമൂഹിക, സാംസ്‌കാരിക, സാഹിത്യ ചിന്തന രംഗങ്ങളിലും ഇരുത്തംവന്ന വന്‍ താപ്പാനകളെയും സ്വാധീനിക്കാന്‍ സഹജമായി സിദ്ധിയുള്ള എം.എ.സാറിന്റെ കയ്യില്‍ കിട്ടിയ എത്രയോപേര്‍ ജീവിതം സമാജത്തിന് സമര്‍പ്പിച്ച് പ്രചാരകരായിട്ടുണ്ട്. പ്രചാരകരല്ലാതെയായിട്ടും അവരെല്ലാവരും തന്നെ തുടര്‍ന്ന് സംഘപരിവാറിലെ ഏതെങ്കിലും രംഗത്ത് സജീവരാണ്.
തൊടുപുഴയിലാണ് ഗോപകുമാര്‍ പ്രചാരക ജീവിതം ആരംഭിച്ചത്.അവിടെ അദ്ദേഹത്തിന്റെ സ്മരണകള്‍ അയവിറക്കുന്ന നൂറുകണക്കിനാളുകള്‍ ഇന്നുമുണ്ട്. അടിയന്തരാവസ്ഥയ്ക്കുമുമ്പത്തെ ഏതാനും വര്‍ഷങ്ങളില്‍ ആ ഭാഗത്ത് അദ്ദേഹം സൃഷ്ടിച്ചെടുത്ത സമ്പര്‍ക്കം വിശാലമായിരുന്നു. ഓരോ വീട്ടിലും മുതിര്‍ന്നവരുടെ വാത്സല്യവും യുവാക്കളുടെ സൗഹൃദവും ബാലന്മാരുടെ സ്‌നേഹാദരങ്ങളും സമ്പാദിച്ച് മുപ്പതിലേറെ സ്ഥാനങ്ങളില്‍ നിന്ന് കാര്യകര്‍ത്താക്കളെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ന് വളരെ ഉന്നതനിലയില്‍ കഴിയുന്ന അവരൊക്കെ ഒരു വീട്ടിലെ മുതിര്‍ന്ന അംഗം അന്തരിച്ചതിന്റെ ശൂന്യത അനുഭവിക്കുകയാണ്.
അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ആലപ്പുഴ ജില്ലാപ്രചാരകനായി പ്രവര്‍ത്തിക്കവേയാണ് അറസ്റ്റിലായത്. അന്നത്തെ ആലപ്പുഴ ജില്ല അരൂര്‍ മുതല്‍ തെക്ക് കായംകുളം വരെയും കിഴക്ക് ചെങ്ങന്നൂര്‍വരെയും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കെതിരായ സംഘര്‍ഷത്തിന്റെ ആ ഭാഗങ്ങളിലെ ആസൂത്രണ ചുമതല ഗോപകുമാറിനായിരുന്നു. അതുകൊണ്ടുതന്നെ പോലീസിന്റെ നോട്ടപ്പുള്ളിയുമായി. യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പോലീസിനെ സഹായിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. സ്വയം തമ്പേറടിച്ച് നടക്കുന്ന സ്വഭാവം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടാനും പ്രയാസം നേരിട്ടു. 1976 ജൂണ്‍ 1-ാം തീയതി അവര്‍ അദ്ദേഹത്തെ ജില്ലാ കോടതി പാലത്തിനടുത്തുവെച്ച് തടഞ്ഞു. പക്ഷെ രക്ഷപ്പെട്ടെങ്കിലും വമ്പിച്ച പോലീസ് സേന പിടികൂടി സ്‌റ്റേഷന്‍ ലോക്കപ്പിലാക്കി. ദിവസങ്ങളോളം പോലീസ് ശൈലിയില്‍ അതുവരെ കണ്ടുപിടിക്കപ്പെട്ടിരുന്ന സകല മര്‍ദ്ദനമുറകളും പ്രയോഗിച്ചു. പക്ഷേ പോലീസുകാര്‍ ആവശ്യപ്പെട്ട ഒരുവിവരവും അവര്‍ക്ക് വെളിപ്പെടുത്തിയില്ല. ആള്‍ എവിടെയാണെന്നതിന് ഒരു വിവരവും ലഭിക്കാതിരുന്നതിനാല്‍ ഹേബിയസ് കോര്‍പ്പസ് ഹരജി അഡ്വക്കറ്റ് രാംകുമാര്‍ മുഖേന സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തെ മിസാ നിയമപ്രകാരം തിരുവനന്തപുരം ജയിലിലാക്കിയ വിവരം കോടതിയില്‍ അറിയിക്കുകയാണ് സര്‍ക്കാര്‍ ഭാഗം ചെയ്തത്.
ഒരു മനുഷ്യശരീരത്തിന് മേല്‍ ഏല്പ്പിക്കാവുന്ന എല്ലാ ഹേമദണ്ഡങ്ങളും സഹിച്ച് തന്റെ മനസ്സാന്നിധ്യം നഷ്ടപ്പെടുത്താത്ത സ്ഥൈര്യവാനായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ അവസാനിച്ച് ജനായത്തവും സ്വാതന്ത്ര്യവും വീണ്ടെടുത്ത ശേഷം സംഘകാര്യം തുടര്‍ന്നും ചെയ്തുകൊണ്ട് ആയുര്‍വ്വേദ വിധിപ്രകാരമുള്ള ചികിത്സകള്‍ക്ക് വിധേയനായും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപ്രവര്‍ത്തനം ചെയ്തു. ശാരീരികമായി മാത്രമേ അദ്ദേഹത്തിന് ക്ഷതി സംഭവിച്ചിരുന്നുള്ളൂ. മനോദാര്‍ഢ്യം അഗ്നിസ്ഫുടം ചെയ്യപ്പെട്ട ലോഹതുല്യം അധികരിച്ചു.
പിന്നീട് കുടുംബസ്ഥനായി. വൈക്കത്തു തന്നെ ഒരു അച്ചടിശാല ആരംഭിച്ചു. മനസ്സില്‍ വാണിജ്യത്തേക്കാള്‍ സമാജ സേവനത്തിന് പ്രാമുഖ്യം വന്നതിനാല്‍ അത് വിജയിച്ചില്ല. ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി കുറേനാള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കി. വൈക്കം സത്യഗ്രഹക്കാലത്ത് അതില്‍ പങ്കെടുത്തവര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഉപയോഗിച്ചിരുന്ന കിണര്‍ അനാഥമായി കാടുകയറി കിടന്നിരുന്നു. സത്യഗ്രഹസമിതി വാങ്ങിയ സ്ഥലത്ത് നിര്‍മ്മിച്ചതായിരുന്നു കിണര്‍. അവിടെ ഒരുസെന്റ് സ്ഥലം വാങ്ങി നിര്‍മ്മിച്ച കിണര്‍ സത്യഗ്രഹം ആരംഭിച്ച ശേഷം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജപ്തി ചെയ്തിരുന്നു. പിന്നീട് വിസ്മൃതമായ ഈ കിണര്‍ വീണ്ടും ഉപയോഗ്യയോഗ്യമാക്കാന്‍ വേണ്ടി ഗോപകുമാര്‍ മുന്‍കയ്യെടുത്ത് രേഖകള്‍ തേടിയെടുക്കുകയും കോടതിയെ സമീപിച്ച് അത് സംരക്ഷിക്കാന്‍ വിധി വാങ്ങുകയും ചെയ്തിരുന്നു.
അടിയന്തരാവസ്ഥയില്‍ പീഡനമനുഭവിച്ച നൂറുകണക്കിന് പ്രവര്‍ത്തകര്‍ ശാരീരികമായും സാമ്പത്തികമായും തകര്‍ച്ചയെ നേരിട്ടുകഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലം കടന്നുപോയി. അവരുടെ സേവനത്തിനായി പ്രവര്‍ത്തിക്കാന്‍ ആലുവയിലെ മോഹനന്‍, പത്രപ്രവര്‍ത്തകന്‍ രാജശേഖരപ്പണിക്കര്‍, മുന്‍ പ്രചാരകന്‍ പി.ടി.ജയകുമാര്‍, കാസര്‍കോട്ടെ രവീന്ദ്രന്‍ മുതലായവര്‍ ഉത്സാഹിച്ച് രൂപീകരിച്ച പീഡിത സഹായ സമിതിയുടെ രക്ഷാധികാരിയായി ഗോപകുമാര്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യംതന്നെ പ്രസ്തുത സമിതിയുടെ യോഗങ്ങളില്‍ ആവേശം പകരുന്നതായിരുന്നു. സമ്മേളനത്തിന് പലരെയും കൊണ്ടുവരാന്‍ വീല്‍ചെയറുകളും മറ്റും വേണ്ടിവന്നു. സമിതിയുടെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് വര്‍ത്തമാന തലമുറയ്ക്ക് ശരിയായ ബോധം ഉണ്ടാക്കുന്നതിന് ഓഡിയോ, വീഡിയോ, അച്ചടി പ്രബന്ധങ്ങള്‍ തയ്യാറാക്കിയത് ശ്രദ്ധേയമായി. അവയിലും ഗോപകുമാറിെന്റ ഉജ്ജ്വല സാന്നിദ്ധ്യം ആവേശം പകരുന്നതായി. സമിതി പ്രവര്‍ത്തകര്‍ ദല്‍ഹിയിലും ചെന്ന് ആവേശകരമായ പ്രസന്റേഷന്‍ നടത്തിയിരുന്നു. കോഴിക്കോട് നടത്തപ്പെട്ട ജനസംഘം അന്‍പതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൂര്‍വ്വപ്രവര്‍ത്തക സമാഗമത്തില്‍ അടിയന്തരാവസ്ഥ പീഡിതരുടെ പ്രതിനിധിയായി ഗോപകുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം സമര്‍പ്പിച്ചു.
ലൗജിഹാദ് പോലെ ഹിന്ദുസമാജത്തിനെതിരെ ആസൂത്രണം ചെയ്യപ്പെടുന്ന പ്രച്ഛന്ന സമരങ്ങളുടെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. അതിനിരയാകുന്നവരെ നേരില്‍ സമ്പര്‍ക്കം ചെയ്യാനും ആത്മവീര്യം പകര്‍ന്നുകൊടുക്കാനും ഹൈന്ദവ ജീവിതമൂല്യങ്ങളുടെ വൈശിഷ്ട്യത്തെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കാനും അദ്ദേഹം പരിശ്രമം നടത്തിയിരുന്നു. ലൗജിഹാദില്‍ നിന്ന് രക്ഷപ്പെട്ടുവന്ന പലരും ഗോപകുമാറില്‍ യഥാര്‍ത്ഥ രക്ഷകനെ കണ്ടെത്തിയതുപോലെയാണ് പ്രതികരിച്ചത്.
കൗമാരാവസ്ഥയിലും യുവാവസ്ഥയിലും സംഘപ്രചാരകനായും അല്ലാതെയും പ്രവര്‍ത്തിച്ച കാലത്ത് അദ്ദേഹം കാട്ടിയ സംഘടനാ കൗശലം അസാമാന്യമായിരുന്നു. പുതിയ ആളുകളെ ആകര്‍ഷിച്ച്, സൗഹൃദം സ്ഥാപിച്ച് ആത്മീയതാപൂര്‍വ്വം സംസാരിച്ചും, പെരുമാറിയും കൂടെ നിര്‍ത്താനുള്ള സവിശേഷ സാമര്‍ത്ഥ്യം അദ്ദേഹം കാട്ടിവന്നു. ഈ സൗമനസ്യവും സദാ സന്തുഷ്ടഭാവവും അദ്ദേഹത്തെ എല്ലാവര്‍ക്കും ആദരണീയനാക്കി. നല്ലവായനയും കാര്യഗ്രഹണപാടവവും ഏതു സംഗതിയുടെയും മര്‍മം ഗ്രഹിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവയൊക്കെ അദ്ദേഹത്തെ സാധാരണക്കാര്‍ക്ക് പ്രിയങ്കരനാക്കി.
സ്വന്തം ജീവിതംകൊണ്ടുതന്നെ അദ്ദേഹം ഒരു ഉത്തമ പ്രവര്‍ത്തകന്റെ മാതൃക സൃഷ്ടിച്ചു. ഏഴുപതിറ്റാണ്ടിന്റെ സഫലജീവിതം ഒട്ടേറെ വേദനിക്കുന്നതും മധുരമായ ഓര്‍മ്മകള്‍ ശേഷിപ്പിച്ച് അവസാനിച്ചു. ആ സ്മരണയ്ക്ക് നമസ്‌കാരം.