സ്‌പോര്‍ട്‌സിനെ ഇതിവൃത്തമാക്കി ധാരാളം ചലച്ചിത്രങ്ങള്‍ വന്നിട്ടുണ്ട്.ചക്ദേ ഇന്ത്യ, ലഗാന്‍, പങ്ക , ജേഴ്സി, ദങ്കല്‍ , ബാഗ് മില്‍ഖാ ഭാഗ് എല്ലാം വന്‍ ബോക്‌സോഫീസ് വിജയം നേടിയ സിനിമകളാണ്. അതുകൊണ്ടുതന്നെ കബീര്‍ ഖാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 83 നു ടിക്കറ്റെടുക്കുമ്പോള്‍ ചെറുതല്ലാത്ത മുന്‍വിധികള്‍ ഉണ്ടായിരുന്നു.
മേല്‍പ്പറഞ്ഞ പടങ്ങളിലെല്ലാം സ്‌പോര്‍ട്‌സിനു പുറത്തെ കാര്യങ്ങള്‍ കൂടി വലിയ പ്രാധാന്യത്തോടെ വരുന്നുണ്ട്. സിനിമയുടെ സാമ്പത്തികവിജയത്തിനാവശ്യമായ എല്ലാ ചേരുവകളും ചേര്‍ത്തുള്ള പടങ്ങള്‍ ആയിരുന്നു അത്. കോടികള്‍ മുതലിറക്കിയുള്ള കളിയാകുമ്പോള്‍ അതൊക്കെ വേണ്ടി വരും.
എന്നാല്‍, പൂര്‍ണ്ണമായും സ്‌പോര്‍ട്‌സില്‍ മാത്രം കേന്ദ്രീകരിച്ച്, മറ്റ് വ്യവസായികമസാലകളൊന്നും ചേര്‍ക്കാതെ ഇക്കാലത്ത് ഒരു ഫീച്ചര്‍ സിനിമ എടുക്കുക എന്നത് അസാമാന്യധൈര്യം തന്നയാണ് .അതാണ് 83 എന്ന സിനിമയില്‍ ഉള്ളത്.
1983 ലെ ,ഭാരതത്തിന്റെ മഹത്തായ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അതിനു മുന്‍പ് ഒരു ലോകകപ്പ് മത്സരം പോലും ജയിച്ചിട്ടില്ലാത്ത, ഈടുവെയ്പ്പില്‍ അധികമൊന്നും അവകാശപ്പെടാനില്ലാത്ത , വെറുതെ പങ്കെടുക്കുക എന്നതില്‍ കവിഞ്ഞു രാജ്യത്ത് വേറെ പ്രതീക്ഷയൊന്നും ഇല്ലാതിരുന്ന ഒരു ടീമിന്റെ ഐതിഹാസിക ജൈത്രയാത്ര ഓരോ നിമിഷവും ഉദ്വെഗവും ആവേശവും നിറച്ചുകൊണ്ടാണ് മുന്നേറുന്നത്.
ലോകകപ്പിനെ നിസ്സാരമായി മാത്രം സമീപിക്കുന്ന ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ഒരു കളിയെങ്കിലും ജയിച്ചാല്‍ അതൊരു വലിയ സംഭവമായിരിക്കും എന്ന് കരുതുന്ന ആരാധകരും ടീമംഗങ്ങളും, മാല്‍ക്കം മാര്‍ഷല്‍, വിവിയന്‍ റിച്ചാര്‍ഡ്സ് തുടങ്ങിയ ഇതിഹാസ താരങ്ങഅടങ്ങിയ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ മിന്നുന്ന ഗ്ലാമറിന് മുന്നില്‍ ആര്‍ത്തലക്കുന്ന ക്രിക്കറ്റ് ലോകം …പക്ഷേ ഇതൊന്നും കപില്‍ ദേവ് എന്ന ക്യാപ്റ്റനെ ഭയപ്പെടുത്തിയില്ല എന്ന് മാത്രമല്ല, എന്താണ് ഇന്ത്യയുടെ പദ്ധതി എന്ന് പരിഹാസത്തോടെ ചോദിച്ച പത്രക്കാരോട് ,ഞങ്ങളിവിടെ വന്നിരിക്കുന്നത് ജയിക്കാനാണ് എന്നാണു മറുപടി പറഞ്ഞത്…
അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും നേതൃപാടവവും എല്ലാം ഉള്ള ഒരു നായകന് മാത്രമേ ഇത്രയധികം പ്രതികൂലമായ അവസ്ഥയില്‍ തന്റെ ടീമിനെ പ്രചോദിപ്പിക്കാനും മുന്നോട്ട് നയിക്കാനും കഴിയുകയുള്ളു. ആദ്യ കളിയില്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചതോടെ ഇത് അറിയാതെ സംഭവിച്ചുപോയ വിജയമല്ല എന്ന് സ്വയവും, മറ്റുള്ളവരെയും ബോധ്യപ്പെടുത്താനുള്ള വലിയ ഭാരവും കൂടി കപിലിന് പേറേണ്ടി വന്നു.ഒന്നൊന്നായി രണ്ടു കളികളില്‍ പരാജയപ്പെടുകയും കൂടി ചെയ്തതോടെ സിംബാബ്വെക്കെതിരെയുള്ള അവസാന മത്സരം നിര്‍ണ്ണായകമായി. പതിനേഴ് റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ അഞ്ചു വിക്കറ്റ് കൊഴിഞ്ഞതോടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ കപില്‍ ദേവ് നടത്തിയ ഇടിമിന്നല്‍ പ്രകടനം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. അന്ന് ബിബിസി പണിമുടക്കായത് കാരണം ആ മത്സരം റെക്കോര്‍ഡ് ചെയ്യപ്പെടാത്തത് ക്രിക്കറ്റിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. ഈ പടത്തിലൂടെ ആ നഷ്ടം വലിയൊരളവു വരെ നികത്തുന്നു.
നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ കപില്‍ നല്‍കുന്ന പ്രചോദനം എക്കാലത്തെയും വലിയ ലീഡര്‍ഷിപ് പാഠങ്ങളാണ്..
ടൂര്‍ണമെന്റിന്റെ അവസാന പന്തുവരെ ഒരു ക്രൈം ത്രില്ലറില്‍ എന്നപോലെ ഉദ്വെഗം നിലനിര്‍ത്താന്‍ കഴിയുന്നു എന്നത് തന്നെയാണ് ഈ പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.എല്ലാവര്ക്കും അറിയാവുന്ന, ചരിത്രത്തില്‍ നന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു സംഭവത്തില്‍ ആദ്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തുക എന്നത് വളരെ വലിയ സിനിമാറ്റിക് ജീനിയസ് ആവശ്യമുള്ള കാര്യമാണ്. അതിവിടെ നല്ലതുപോലെയുണ്ട്. മൂന്നുമണിക്കൂറോളം ഉള്ള ക്രിക്കറ്റ് മാത്രം പ്രമേയമായ പടം എപ്പോള്‍ വേണമെങ്കില്‍ ഒരു ഡോക്കുമെന്ററി നിലവാരത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്. അത് സംഭവിക്കുന്നില്ല എന്നത് സംവിധായകന്റെ തൊപ്പിയിലെ പൊന്‍തൂവലാണ് .
കപില്‍ ആയി വേഷമിട്ട രണ്‍ധീര്‍ കപൂറിന് മുന്നില്‍ ബാക്കിയെല്ലാ താരങ്ങളും നിഷ്പ്രഭരായി പോകുന്നു എന്നൊരു ചെറിയ പരാതി വേണമെങ്കില്‍ പറയാം.