ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയ്ക്കടുത്തുള്ള സനോളി എന്ന ഗ്രാമത്തില്‍ ഈ അടുത്ത കാലത്ത് കേന്ദ്ര പുരാവസ്തുവകുപ്പ് നടത്തിയ കണ്ടെത്തലുകള്‍ ആരെയും അമ്പരപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമാണ്. കാരണം ഈ തെളിവുകള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെ തന്നെ പുരാവസ്തു പഠനത്തിന് പുതിയൊരു നാഴികക്കല്ലായി മാറുകയാണ്.
ദല്‍ഹിയില്‍ നിന്നും ഏകദേശം അറുപത് കിലോമീറ്റര്‍ മാറി പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഭഗ്പത് എന്ന ജില്ലയില്‍ ആണ് സനോളി സ്ഥിതി ചെയുന്നത്. ഈ പ്രദേശത്തെ ആദ്യമായി പുരാവസ്തുശേഷിപ്പുകളുടെ ഭൂപടത്തിലെത്തിച്ചത് പത്മശ്രീ പ്രൊഫ. ദിലീപ് കുമാര്‍ ചക്രബര്‍ത്തി 2004ല്‍ നടത്തിയ പരിവേഷണത്തിന്റെ ഫലമായാണ്. അന്നദ്ദേഹം കണ്ടെത്തിയത് ഹാരപ്പന്‍ സംസ്‌കാരത്തിലേതെന്ന് തോന്നിക്കുന്ന വിധത്തിലുള്ള വിവിധതരം മണ്‍പാത്രങ്ങളും മറ്റുവസ്തുക്കളുമാണ്. തുടര്‍ന്ന് ആര്‍ക്കിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) എവിടെ 2005ല്‍ ഉത്ഖനനം നടത്തുകയും 113 ഓളം ശവസംസ്‌കാര ശേഷിപ്പുകള്‍ കണ്ടെത്തുകയും ചെയ്തു. കൂടാതെ ഇതിന്റെ കാലപ്പഴക്കം ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അവസാന നാളുകളിലേതാകാം എന്ന് അനുമാനിക്കുകയുമുണ്ടായി (ബി.സി.1700-1500). യഥാര്‍ത്ഥത്തില്‍ ഈ അനുമാനത്തില്‍ എത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം ശവക്കല്ലറകളില്‍ നിന്നും കണ്ടെത്തിയ കുങ്കുമനിറത്തിലുള്ള ചുവപ്പുകലര്‍ന്ന മണ്‍പാത്രങ്ങളും അതുപോലെ തന്നെ ചെമ്പുകൊണ്ടുള്ള ധാരാളം ആയുധങ്ങളും അവയ്ക്കു ഹാരപ്പന്‍ മണ്‍പാത്ര നിര്‍മാണ രീതികളിലും ഭാവങ്ങളിലുമുള്ള സാമ്യങ്ങളുമായിരുന്നു. കൂടാതെ ബിസി 1700-1500 കാലയളവില്‍ ഹാരപ്പന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം സാംസ്‌കാരികവും സാമൂഹികവുമായ അധഃപതനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനാല്‍ ഗവേഷകര്‍ അതിനെ ലേറ്റ് ഹാരപ്പന്‍ കള്‍ച്ചര്‍ എന്ന് വിളിച്ചു. എന്നാല്‍ ചില ഗവേഷകര്‍ അനുമാനിച്ചത് ഈ കുങ്കുമനിറത്തിലുള്ള ചുവപ്പുകലര്‍ന്ന മണ്‍പാത്രങ്ങളും അതുപോലെ തന്നെ ചെമ്പുകൊണ്ടുള്ള ആയുധങ്ങളും ഒരു വ്യത്യസ്ത സംസ്‌കാരാവശേഷിപ്പുകളാകാമെന്നാണ്. ഇതിന് ഹാരപ്പന്‍ സംസ്‌കാരവുമായി അതിന്റെ അവസേനാളുകളോട് നേരിട്ടുബന്ധം നിലനിന്നു പോന്ന ഒരു ഗ്രാമാന്തരീക്ഷത്തോട് കൂടിയ ഒന്നോ അല്ലെങ്കില്‍ ഇതിന്റെ പിന്തുടര്‍ച്ചയോ ആകാമെന്നാണ്. ഈ അവശേഷിപ്പുകളെ അവര്‍ വിളിച്ചത് OCP- Copper Hoard culture എന്നാണ്.
ചുവപ്പില്‍ കുങ്കുമവര്‍ണത്തോടുകൂടിയ മണ്‍പാത്രങ്ങളും ചെമ്പുകൊണ്ട് നിര്‍മ്മിച്ച ആയുധങ്ങളും മനുഷ്യരൂപത്തിലുള്ള ചെമ്പുതകിടുകളും എല്ലാം ശേഖരങ്ങളായി കണ്ടെത്തിയതാണ് OCP കള്‍ച്ചറിന്റെ പ്രത്യേകത. യഥാര്‍ത്ഥത്തില്‍ OCP -Copper Hoard കള്‍ച്ചറിന്റെ വിപുലമായ തെളിവുകള്‍ കിട്ടാത്തതിനാല്‍ ഇതിനെ ഒരു വ്യത്യസ്ത കാലഘട്ടമായി ഗവേഷകര്‍ പരിഗണിച്ചെങ്കിലും ഈ കാലഘട്ടത്തിലെ ജീവിതരീതികളും അവരുടെ അക്കാലത്തെ മറ്റു സംസ്‌കാരങ്ങളുമായി ഉണ്ടായിരുന്ന ബന്ധങ്ങളും എല്ലാം പഠനവിഷയമായി കൊണ്ടിരിക്കുന്നതെയുള്ളു.
2018 കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയുടെ നേതൃത്വത്തില്‍ നടത്തിയ ഉത്ഖനനത്തിന്റെ ഭാഗമായാണ് സനോളിയിലെ അതിശയിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തിയത്. അവിടെ നടത്തിയ ഉത്ഖനനത്തിന്റെ ഫലമായി എട്ടു ശവമഞ്ചങ്ങളാണ് കണ്ടെത്തിയത്. പിന്നീട് ഇതിനെ അവര്‍ മൂന്നായി തരംതിരിച്ചു. ആദ്യത്തേത് മനുഷ്യന്റെ അസ്ഥിയോടു കൂടിയ കല്ലറ എന്നും (Extended burial or primary burial)- രണ്ടാമത്തേത് കുറച്ചുമാത്രം അസ്ഥികള്‍ അടക്കം ചെയ്തവ എന്നും (secondary burial) അവസാനത്തേത് ഒന്നും ലഭിക്കാത്ത അല്ലെങ്കില്‍ പ്രതികാത്മകമായ കല്ലറ എന്നും (symbolic burial). ഇതില്‍ ആശ്ചര്യജനകമായത് ചെമ്പുകൊണ്ടും മരംകൊണ്ടും നിര്‍മ്മിച്ച കല്ലറകളായിരുന്നു. ഈ കല്ലറകയില്‍ വളരെ പ്രധാനപ്പെട്ടതായി തോന്നിയ ഒന്നാണ് നാലുകാലുകളോടുകൂടിയ ഒരു ശവമഞ്ചം (legged Coffin). ഇത് ഒരു അടപ്പുകൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ അടപ്പിന് മുകളിലും വശങ്ങളിലുമായി ചെമ്പില്‍ തീര്‍ത്ത ധാരാളം ചിത്രപ്പണികള്‍ ചെയ്തിരിക്കുന്നു. അടപ്പിനു മുകള്‍ ഭാഗത്തായി എട്ടോളം ചെറിയ മനുഷ്യരൂപത്തിലുള്ള ചെമ്പുകൊണ്ടുതന്നെ തീര്‍ത്ത ശില്പങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു. ഇതിന്റെയടുത്തുതന്നെ മറ്റൊരു കല്ലറയില്‍ അസ്ഥികള്‍ വെച്ചടക്കം ചെയ്തിരിക്കുന്നു. പിന്നീടാണ് ഏറ്റവും അതിശയിപ്പിക്കുന്ന കണ്ടെത്തലായ ഒരു രാജകീയ രഥം ഈ രണ്ടുകല്ലറകള്‍ക്കും ഇടയിലായി കണ്ടെത്തിയത്. ഈ രഥം നിര്‍മ്മിച്ചിരിക്കുന്നത് ചെമ്പുകൊണ്ടും തടികൊണ്ടുമാണ്. ഏകദേശം രണ്ടുപേര്‍ക്കു നില്‍ക്കത്തക്കവണ്ണമുള്ള ചെമ്പുതകിടിനാല്‍ തീര്‍ത്ത പ്രതലം; അതാണതിന്റെ വാഹിനി (chaise) എന്ന് വിളിക്കാവുന്ന ഭാഗം. ഇതിന്റെ അടിയിലായി ചെമ്പുകൊണ്ടുതന്നെ തീര്‍ത്ത ദണ്ഡിനാല്‍ ഇരുവശങ്ങളിലുമായി രണ്ടു ചെമ്പു ചക്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ ഈ ചക്രങ്ങളില്‍ അലങ്കാരത്തിനായി ഘടിപ്പിച്ചിരിക്കുന്ന ചെറിയ ത്രികോണാകൃതിയിലുള്ള കട്ടകളും മറ്റു കൊത്തുപണികളും കാണാം. രഥത്തിന്റെ പ്രധാന ഭാഗമായ വാഹിനി (chaise) മറച്ചിരിക്കുന്നത് വലിയ ചെമ്പുപാളികള്‍ കൊണ്ടാണ്. തുറന്നതും മേല്‍ക്കൂരയില്ലാത്തതുമാണ് ഇതിന്റെ മുകള്‍ഭാഗം എന്ന് മനസ്സിലായി. രഥം വലിക്കാനുള്ള വലിയ ദണ്ഡ് കുറച്ചുമാറി കണ്ടെത്തി. ഇത് രണ്ടുവശങ്ങളിലും മൃഗങ്ങളെ കെട്ടാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നു. കൂടാതെ ഈ ശവക്കല്ലറകളിലും അതിന്റെ പരിസരപ്രദേശങ്ങളിലും കണ്ടെത്തിയ ധാരാളം മണ്‍പാത്രങ്ങളും ചെമ്പുകൊണ്ടു നിര്‍മ്മിച്ച ആയുധങ്ങളും എല്ലാം വളരെ വിപുലമായ സന്നാഹങ്ങളോട് കൂടിയ ഒരുകാലത്തെയാണ് വെളിച്ചത്തുകൊണ്ടുവന്നത്. മണ്‍പാത്രങ്ങളും മറ്റുവസ്തുക്കളും കല്ലറയില്‍ അടക്കം ചെയ്തിരിക്കുന്ന രീതി അന്ന് നിലനിന്നിരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സൂചിപ്പിക്കുന്നതാണ്. ക്രിസ്തുവിന്‌രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അവസാന ദശകങ്ങളില്‍ ഇത്രമാത്രം ബൃഹത്തായ ഒരു സംസ്‌കൃതിയുടെ തെളിവുകള്‍ പുരാവസ്തു ഗവേഷകരെ ശരിക്കും കുഴപ്പിക്കുന്ന ഒന്നായിരുന്നു. കാരണംOCP Culure എന്ന് വിളിക്കുന്ന ഈ കാലത്തിനെ ശരിക്കും ഹാരപ്പന്‍ സംസ്‌കൃതിയുടെ പിന്തുടര്‍ച്ചയായോ അതോ അതിനോട് സമാന്തരമായ ഒന്നായോ കണക്കാക്കാന്‍ വേണ്ടത്ര തെളിവുകള്‍ ലഭ്യമല്ലായിരുന്നു.
ഈ അവസരത്തിലാണ് കുറച്ചു ഗവേഷകരെങ്കിലും ഉത്തരത്തിനായി നമ്മുടെ പുരാണങ്ങളെയും ഇതിഹാസങ്ങളേയും അവലംബമാക്കിയത്. നമ്മുടെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവുമായി അഭേദ്യ ബന്ധം പുലര്‍ത്തുന്ന ഒട്ടനവധി സ്ഥലങ്ങള്‍ ഭാരതത്തിന്റെ പലഭാഗങ്ങളിലായി കാണാന്‍ കഴിയും.
ഇന്ത്യന്‍ പുരാവസ്തുഗവേഷണത്തിന്റെ ഭീഷ്മാചാര്യനായ പ്രൊഫ. ബി.ബി. ലാല്‍ 1972ല്‍ നടത്തിയ രാമായണ പ്രോജക്ടിന്റെ ഭാഗമായി ഭാരതത്തിലെ രാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പല സ്ഥലങ്ങളിലും അദ്ദേഹം ഉത്ഖനനം നടത്തുകയുണ്ടായി. ഇതില്‍ അയോദ്ധ്യ, ഹസ്തിനപുരി, അഹിച്ഛത്ര തുടങ്ങിയ ഒട്ടനവധി സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയ പുരാവസ്തുശേഷിപ്പുകള്‍ ക്രിസ്തുവിന് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലനിന്നിരുന്ന ഗ്രാമാന്തരീക്ഷത്തോടുകൂടിയ ജനവാസത്തിന്റെ തെളിവുകള്‍ കണ്ടെത്തി. അതുപോലെതന്നെ മഹാഭാരതത്തില്‍ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളായ ഇന്ദ്രപ്രസ്ഥ, കുരുക്ഷേത്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മേല്പറഞ്ഞപോലുള്ള തെളിവുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മഹാഭാരതം പ്രതിപാദിക്കുന്നതുപോലുള്ള യുദ്ധങ്ങളോ അതുമായി ബന്ധപ്പെടുത്താവുന്ന മറ്റേതെങ്കിലും തെളിവുകളോ ഉത്ഖനനത്തിലൂടെ ലഭിച്ചിരുന്നില്ല. ഈ അവസരത്തിലാണ് സനോളിയില്‍ കണ്ടെത്തിയ പുരാവസ്തുശേഷിപ്പുകള്‍ സംശയകരമായ രീതിയിലെങ്കിലും മഹാഭാരത വൃത്താന്തങ്ങളിലേക്കു നോക്കാന്‍ ഗവേഷകരെ പ്രേരിപ്പിക്കുന്നത്.
മുമ്പുപറഞ്ഞതുപോലെ മഹാഭാരതത്തില്‍ പ്രതിപാദിച്ചതുപോലെ വളരെ ബൃഹത്തായ ഒരു കാലത്തിന്റെ യാതൊരു തെളിവുകളും കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല. ഒരു പക്ഷെ ഇതിനു കാരണം ഇതുവരെ നടന്നിട്ടുള്ള ചെറിയ രീതിയിലുള്ള ഉത്ഖനകളായിരിക്കും അല്ലെങ്കില്‍ വാമൊഴിയായി കൈമാറിവന്ന ഇതിഹാസരേഖകള്‍ ചരിത്രത്തിന്റെ പില്‍ക്കാലങ്ങളില്‍ എഴുതപ്പെട്ടവയാകുമ്പോള്‍ മണ്‍മറഞ്ഞുപോയ കാലത്തിന്റെ പുരാവസ്തുശേഷിപ്പുകളില്‍ നിന്നും യാഥാര്‍ത്ഥ്യം വ്യതിചലിച്ചതുമാകാം. ഏതായാലും മഹാഭാരതത്തിലും രാമായണത്തിലും പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങള്‍ക്ക് ഉപോത്ബലകമായി സ്ഥലനാമചരിത്രത്തിലും ഇന്നും അതേ പ്രദേശങ്ങള്‍ നിലനിന്നുപോരുന്നുണ്ടെന്നതും അവിടങ്ങളിലെല്ലാം ആദിമ മനുഷ്യരുടെ അധിവാസം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
മഹാഭാരതത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ കുരുരാജവംശം വിഭജിക്കാനായി ചര്‍ച്ചയിലേര്‍പ്പെടുന്നതും പരാജയപ്പെട്ട ആ ചര്‍ച്ചയില്‍ അഞ്ചുഗ്രാമങ്ങള്‍ പാണ്ഡവര്‍ക്കായി നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു. ഉദ്യോഗപര്‍വ്വത്തില്‍ പ്രതിപാദിക്കുന്ന ഈ ഗ്രാമങ്ങള്‍ ആണ് പനപ്രസ്ഥ ഇന്നത്തെ പാനിപ്പത്ത്), സോനപ്രസ്ഥ (ഇന്നത്തെ സോനിപട്), ടൈല്‍പ്രസ്ഥ (ഇന്നത്തെ ടൈല്‍പാട്), വരാനാവാത്ത (ഇന്നത്തെ ബര്‍ണവ), വ്യാഗപ്രസ്ഥാ (ഇന്നത്തെ ഭഗ്പത്) എന്നിവ. ഇതില്‍ ബര്‍ണവയും സനോളിയും ഭഗ്പത് ജില്ലയില്‍പ്പെടുന്ന രണ്ടു സ്ഥലങ്ങളാണ്. അതുമാത്രമല്ല ബര്‍ണാവയില്‍ എഎസ്‌ഐ തന്നെ നടത്തിയ 2018 ലെ ഉത്ഖനനം ഒസിപി കള്‍ച്ചറിനോട് ചേര്‍ത്തുവെക്കാവുന്ന PGW Culture (painted grey ware culture) എന്ന് വിളിക്കുന്ന ഏകദേശം അതേ കാലഗണനയുള്ള ഒരുകൂട്ടം ജനതതി ആണ്.
പെയിന്റഡ് ഗ്രേ വെയര്‍ സംസ്്കാരം അല്ലെങ്കില്‍ ഘട്ടം (PGW Culture/phase) എന്ന് വിളിക്കുന്നത് ഒരു പ്രത്യേകതരം മണ്‍പാത്രനിര്‍മ്മാണരീതിയില്‍ വൈദഗ്ദ്ധ്യമുണ്ടായിരുന്ന ഒരുസംഘം ആളുകളെയും അവരുടെ അവസാന രീതികളെയുമാണ്. ഈ പെയിന്റഡ് ഗ്രേ വെയര്‍ ആളുകളും ഒകാര്‍ കളരെഡ് പോട്ടറി (OCP) നിര്‍മ്മിച്ചിരുന്നവരുമായി അവരുടെ ജീവിതരീതികളില്‍ വളരെ വ്യത്യാസമില്ല എന്നതു വസ്തുതയാണ്. യഥാര്‍ത്ഥത്തില്‍ രാമായണമഹാഭാരത സ്ഥലങ്ങളില്‍ നിന്നും ഏറ്റവുമധികം കണ്ടെത്തിയതും ഈ രണ്ടു സംസ്‌കാരവുമായി ബന്ധപ്പെട്ട തെളിവുകളാണ്. അതുപോലെ തന്നെ 2014ല്‍ ഹരിയാനയിലെ ചണ്‍ടായന്‍ (Chandayan) എന്ന സ്ഥലത്തു നടത്തിയ പര്യവേഷണത്തില്‍ നിന്നും ശവക്കല്ലറയില്‍ നിന്നും ലഭിച്ച ചെമ്പുകൊണ്ടുതീര്‍ത്ത കിരീടവും ഈയവസരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. എന്തുതന്നെയായിരുന്നാലും സനോളിയില്‍ നിന്ന് കണ്ടെത്തിയ ഈ പുരാവശേഷിപ്പുകളും മേല്പറഞ്ഞ തെളിവുകളും കൂട്ടിവായിക്കുമ്പോള്‍ വ്യക്തമാകുന്നത് നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ഒരു വലിയ സംസ്‌കാരത്തിന്റെ ബാക്കിപത്രമായിട്ടാണ്.
പുരാവസ്തുഗവേഷകര്‍ക്ക് ഇതുവരെ കിട്ടിയ തെളിവുകളൊന്നും നിര്‍വ്വചിക്കാന്‍ പറ്റാത്തൊരു കാലത്തിന്റെ തിരുശേഷിപ്പുകളാണ് സനോളി സമ്മാനിക്കുന്നത്. കൂടാതെ സനോളിയും ബര്‍ണവയും ചണ്‍ടായനുമെല്ലാം ഭാരത ചരിത്രരചനയില്‍ ഉണ്ടാക്കിയിരിക്കുന്ന മാറ്റങ്ങള്‍ വലുതാണ്. ഭാരതത്തിന്റെ പുരാചരിത്ര രചനയില്‍ ഇന്നും ഒരു കരടായി തുടച്ചുമാറ്റാന്‍ കഴിയാതെ നില്‍ക്കുന്ന ആര്യവത്കരണം എന്ന കെട്ടുകഥക്കുള്ള ഒരു പുതിയ മറുപടി കൂടിയാണ് ഈ സ്ഥലങ്ങള്‍. ഒട്ടുമിക്ക ഗവേഷകരും തള്ളിക്കളഞ്ഞ, എന്നാല്‍ ചിലരുടെയെങ്കിലും മനസ്സുകളില്‍ ഇന്നും നിലനില്‍ക്കുന്ന ആര്യവത്കരണം (Aryanisation) എന്ന കള്ളപ്രചാരണത്തെ കുറച്ചുകൂടെ തുറന്നു കാണിക്കാനുള്ള തെളിവുകളാണ് സനോളി നല്‍കുന്നത്.
പാശ്ചാത്യ ആര്യവല്‍ക്കരണ സിദ്ധാന്തമനുസരിച്ചു മധ്യ ഏഷ്യയില്‍ നിന്നും ഏകദേശം ബി.സി. 1500-1000 കാലഘട്ടത്തില്‍ കുതിരകളില്‍ എത്തി സിന്ധുനദീതീരത്തു വസിച്ചിരുന്ന ദ്രാവിഡരെ കീഴ്‌പ്പെടുത്തുകയും ശേഷിച്ചവര്‍ ഭാരതത്തിന്റെ ദക്ഷിണ ഭാഗത്തേക്ക് പലായനം ചെയ്യേണ്ടിവന്നു എന്നുമാണ്. എന്നാല്‍ ബിസി 2000 ത്തില്‍ ഹാരപ്പന്‍ സംസ്‌കാരം ശക്തമായി നിലനിന്നിരുന്ന ഒരുകാലത്ത് അതിന്റെ പ്രാന്തപ്രദേശങ്ങളില്‍ സുശക്തമായ ഒരു ജനത യോദ്ധാക്കളായി കുതിര വലിക്കുന്ന രഥവും യുദ്ധസന്നാഹങ്ങളായ വാളും പരിചയയും കവചങ്ങളും എല്ലാമായി അധിവസിച്ചു പോന്നു എന്നത് ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാണ്.
ഭാരത പുരാവസ്തു ഗവേഷണ ശാഖയ്ക്ക് സനോളി നല്‍കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതും ശ്രേഷ്ഠവുമായ തെളിവുകളാണ്. എന്നാല്‍ പുരാവസ്തുഗവേഷണത്തില്‍ എന്തും നിഷ്‌കൃഷ്ടമായി പറയുന്നതിനുമുമ്പ് കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമാണ്. സനോളിയിലെ കൂടുതല്‍ പഠനങ്ങള്‍ ഭാരതത്തിലെ പുരാവസ്തുഗവേഷണത്തെ പുതിയ വഴിത്താരയില്‍ എത്തിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.