ജനുവരി 26 റിപ്പബ്ലിക് ദിനം
‘ഉറങ്ങി ജഡപ്രകൃതിയായ ഈ സത്വത്തെ ഉന്തിയും കുലുക്കിയും ഉണര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്.’ വിവേകാനന്ദ സ്വാമികള്‍ ഒരിക്കല്‍ പറഞ്ഞതാണിത്. അടിമഭാരതത്തെ ഉണര്‍ത്തിയെടുക്കുക. ആത്മബോധം നഷ്ടപ്പെട്ട ജനതയ്ക്ക് അതു വീണ്ടെടുത്തു നല്‍കുക. അങ്ങനെയായാല്‍ പിന്നെ അത് സ്വയം മുമ്പോട്ടു പൊയ്‌ക്കൊള്ളും. ഭാരതത്തില്‍ അനേകം പേര്‍ ഈ ഒരു പ്രക്രിയയില്‍ പങ്കാളികളായിട്ടുണ്ടെങ്കിലും സ്വാമി വിവേകാനന്ദനാണ് ഏറ്റവും തീവ്രമായും ശക്തമായും അതു നിര്‍വ്വഹിച്ചത്.
1947 ആഗസ്റ്റ് 15 വരെ നമ്മുടെ നേതാക്കന്മാരും നായകരുമെല്ലാം അതുതന്നെ ചെയ്‌തെങ്കിലും സ്വാതന്ത്ര്യാനന്തരം വീണ്ടും അടിമമനസ്സിലേക്കു തിരിച്ചുപോയി. അങ്ങനെ പോകുന്നതിനെ തടയുമായിരുന്ന രണ്ടു നേതാക്കള്‍ ഗാന്ധിജിയും പട്ടേലുമായിരുന്നു. അതില്‍ ഗാന്ധിജിയെ 1945ല്‍ത്തന്നെ ജവഹര്‍ലാല്‍ നെഹ്‌റു തളളിപ്പറഞ്ഞു. 1945 ഒക്ടോബറില്‍ അവര്‍ തമ്മില്‍ നടത്തിയ കത്തിടപാടില്‍ അതു വെളിവാക്കപ്പെട്ടു. ദേശീയമോ സാംസ്‌ക്കാരികമോ ആയതൊന്നും ആധുനിക ലോകത്തിന്റെ മുമ്പില്‍ മുന്നേറാന്‍ കൊള്ളുന്നതല്ലെന്ന് നെഹ്‌റു തുറന്നെഴുതി. പാശ്ചാത്യമായ പളപളപ്പും സോഷ്യലിസ്റ്റ് ആശയങ്ങളുടെ കപടമായ വാഗ്ദാനങ്ങളും മതി ‘ഇന്ത്യ’ക്കു മുന്നേറാന്‍ എന്നതായിരുന്നു നെഹ്‌റുവിന്റെ ധാരണ. അതാണ് ഗാന്ധിജിയുമായി പങ്കുവച്ചത്.
ഒരുപക്ഷെ ഭാരതത്തിന്റെ സ്വത്വത്തിലൂന്നിയ ഒരു ഭാരതത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുമായിരുന്നയാള്‍ പിന്നെ പട്ടേലായിരുന്നു. അതിന്റെ തുടക്കമായിരുന്നു നൂറ്റാണ്ടുകളുടെ അടിമച്ചിഹ്നമായിരുന്ന സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം. പ്രധാനമന്ത്രി നെഹ്‌റു തടഞ്ഞിട്ടും ആക്ഷേപിച്ചിട്ടും പട്ടേല്‍ അതു മുമ്പോട്ടു കൊണ്ടുപോയി. എന്നാല്‍ ആയുസ്സറ്റതുകൊണ്ട് സ്വത്വത്തിന്റെ പുന:സ്ഥാപനശ്രമങ്ങള്‍ അതോടെ അവസാനിച്ചു. തുടര്‍ന്ന് തന്റെ സ്വപ്‌നലോകത്തേക്കു കുതിക്കാന്‍ നെഹ്‌റുവിന് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആ പാച്ചിലിന്റെ ‘നേട്ടങ്ങള്‍’ കാശ്മീരിലും ചൈനീസ് അതിര്‍ത്തിയിലെ നാണക്കേടുകളിലും ഐക്യരാഷ്ട്രസഭയിലെ അപ്രസക്ത സ്ഥാനങ്ങളിലും വിദേശശക്തികളുടെ മുമ്പിലെ പരിഗണന ഇല്ലായ്മയിലും നമ്മള്‍ കണ്ടു. ലോകത്തിന്റെ മുമ്പില്‍ നാം ആരുമല്ലാതായി; ഒന്നുമല്ലാതായി നാണംകെട്ടു.
1960ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ക്ഷണപ്രകാരം മൗലാനാ അബ്ദുള്‍ കലാം ആസാദ് അനുസ്മരണ പ്രഭാഷണത്തിനു വന്ന ആര്‍നോള്‍ഡ് ടോയന്‍ബി ‘ഏകലോകവും ഭാരതവും’ എന്ന പ്രഭാഷണത്തില്‍ ഒരു കാര്യം ഊന്നിപ്പറഞ്ഞു: ‘പാശ്ചാത്യമായ മതങ്ങളും തത്വശാസ്ത്രങ്ങളുമെല്ലാം അസഹിഷ്ണുതയാണ് കൈമുതലായി കൊണ്ടുനടന്നിരുന്നത്. അതാണ് ലോകം മുഴുവന്‍ എപ്പോഴും സംഘര്‍ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അതിനെ അതിജീവിക്കാന്‍ ഭാരതത്തിന്റെ ധാര്‍മ്മിക – ആദ്ധ്യാത്മിക ദര്‍ശനത്തിനേ കഴിയൂ. അതാണ് ലോകത്തിനു ഭാരതം നല്‍കേണ്ട സംഭാവന. അതാണ് ഭാരതത്തിന്റെ സ്വത്വം. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഈ സ്വത്വത്തെ വില വയ്ക്കുന്നവരല്ലായിരുന്നു ‘ഇന്ത്യന്‍’ ഭരണാധികാരികളായി വന്നത്. അങ്ങനെ നാം വീണ്ടും മാനസിക അടിമകളായി തുടര്‍ന്നുപോന്നു.
സ്വാമി വിവേകാനന്ദന്‍ സ്വാതന്ത്ര്യത്തെ വിശദീകരിച്ചത് കായിക സ്വാതന്ത്ര്യം, മാനസിക സ്വാതന്ത്ര്യം, ബൗദ്ധിക സ്വാതന്ത്ര്യം എന്നിങ്ങനെയാണ്. എന്നാല്‍ ‘ഇന്ത്യന്‍’ ഭരണാധികാരികള്‍ മാനസിക- ബൗദ്ധിക സ്വാതന്ത്ര്യത്തെ അവഗണിച്ചു. മുക്കാല്‍ നൂറ്റാണ്ടിന്റെ അനുഭവം അതാണ്. ബാലഗംഗാധര തിലകന്‍ സ്വദേശിയും സ്വാശ്രയത്വവുമാണ് സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡമാക്കിയത്. സ്വദേശിയെന്നാല്‍ വിദേശി വിരോധമല്ല, സ്വന്തം നാടിന്റെ കാര്യത്തിലുള്ള അഭിമാനമാണ്. ഗാന്ധിജി പ്രഖ്യാപിച്ചത് ‘ഹിന്ദ്‌സ്വരാജ്’ ആണ്. ഗീതയും ഗോവും അടയാളമായി പറഞ്ഞു. സംസ്‌കൃതം അടിസ്ഥാന ഭാഷയായും. മഹര്‍ഷി അരവിന്ദന്‍, ‘സനാതന ധര്‍മ്മം തന്നെയാണ് ദേശീയത’ എന്നു പ്രഖ്യാപിച്ചു. ഇവരെല്ലാം പല വാക്കുകളിലൂടെ പറഞ്ഞെങ്കിലും അതിന്റെയെല്ലാം അടിസ്ഥാനം ഭാരത ആത്മാവിന്റെ ആവിഷ്‌ക്കരണത്തെയാണ് – സ്വത്വത്തിന്റെ വീണ്ടെടുപ്പായി സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡമായി – പറഞ്ഞത്.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍ നാം എവിടെയെത്തി? സ്വത്വബോധത്തിന്റെ ഉണര്‍വ്വ് ഇതാ ഇപ്പോഴേ ആരംഭിച്ചിട്ടുള്ളൂ എന്നു കാണാന്‍ കഴിയും. പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ സ്വാത്മബോധം ഉണര്‍ത്താനുള്ള ശ്രമം തുടങ്ങാന്‍ കഴിഞ്ഞു. ഭാരതസ്വാതന്ത്ര്യസമരത്തിന്റെ യഥാര്‍ത്ഥ ചരിത്രം അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളുടെയും ആത്മാഹുതികളുടെയും പരാക്രമങ്ങളുടെയും മറച്ചുവച്ച ചരിത്രം ഇപ്പോഴാണു പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. ബൗദ്ധികാടിമത്തം നിലനിര്‍ത്തിയിരിക്കുന്നവര്‍ക്ക് അതു സഹിക്കുന്നില്ല. അവര്‍ പ്രക്ഷോഭം കൂട്ടിക്കൊണ്ടിരിക്കുന്നു.
വ്യാവസായിക – സാമ്പത്തിക രംഗത്ത് ആദ്യം സോവിയറ്റു യൂണിയനും പിന്നീട് യൂറോപ്യന്മാരും വലിച്ചെറിഞ്ഞ മാതൃകകളും മറ്റും പെറുക്കിയെടുത്ത് കുട്ടികള്‍ കളിപ്പാട്ടം ഉണ്ടാക്കുന്നതുപോലെ ആറരപ്പതിറ്റാണ്ടു നമ്മള്‍ പാഴാക്കി. ഇത്രകാലവും നാം വെറും ‘പെറുക്കി’കളായി നടന്നു. സ്വന്തം ഇച്ഛാശക്തിയിലും ശാസ്ത്രജ്ഞന്മാരിലും വ്യവസായികളിലും വിശ്വാസമര്‍പ്പിച്ച്, ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്നൊരു സങ്കല്പം ഇപ്പോള്‍ മാത്രമാണ് നമുക്ക് ഉള്‍ക്കൊള്ളാനായത്. മാനസികമായി സോഷ്യലിസത്തിന് അടിമപ്പെട്ടുപോയ ജവഹര്‍ലാല്‍ നെഹ്‌റു വ്യവസായികളെയും സമ്പന്നരെയും ശത്രുക്കളായാണ് കണ്ടിരുന്നത്. പകരം വൈദേശിക ശക്തികളുടെ സാമ്പത്തികാടിമകളായി നാം വീണ്ടും വീഴ്ത്തപ്പെട്ടു. അത് ദശാബ്ദങ്ങളോളം നമ്മെ പിന്നോട്ടു വലിച്ചു. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നൊരു പുതിയ ആശയം മുന്നോട്ടുവയ്ക്കാന്‍ ഭാരതത്തിന്റെ ആത്മാവിനെക്കൂടി കണ്ടെത്താന്‍ കഴിയുന്നവര്‍ക്കേ സാധിക്കൂ. (ഇന്ത്യയെ കണ്ടെത്തുകയെന്നാല്‍ ഇന്ത്യയുടെ ആത്മാവിനെ തിരിച്ചറിയലായിരിക്കണം).
ഭാരതം ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധിജി പറഞ്ഞു. ഗ്രാമങ്ങള്‍ വെറും ചതുപ്പുനിലങ്ങളെന്ന് നെഹ്‌റു മറുപടിയെഴുതി. അതുകൊണ്ടുതന്നെ നഗരങ്ങളിലെ നാട്യങ്ങളില്‍ ഭ്രമിച്ച നെഹ്‌റു ഇന്ത്യയുടെ ആത്മാവിനെ കണ്ടറിഞ്ഞില്ല. അവിടെ എന്തെങ്കിലും നന്മയുണ്ടെന്നു മനസ്സിലാക്കാനും അദ്ദേഹം തയ്യാറായില്ല. ഭാരതത്തിലെ നാട്ടിന്‍പുറങ്ങളിലും ഗ്രാമങ്ങളിലും കുഗ്രാമങ്ങളിലും പോരാ, വനാന്തരങ്ങളില്‍ പോലും ലോകത്തെ പ്രചോദിപ്പിക്കുന്ന അത്ഭുത ജീവിതങ്ങളുണ്ടെന്ന് കണ്ടറിഞ്ഞതെപ്പോഴാണ്? അത്തരക്കാരെ കണ്ടെത്തുകയും അംഗീകരിക്കുകയും ആദരിക്കുകയും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തത് ഇപ്പോള്‍ മാത്രമാണ്. കഴിഞ്ഞ ആറേഴു വര്‍ഷക്കാലത്തെ പത്മ അവാര്‍ഡുകള്‍ മാത്രം നോക്കിയാല്‍ നമ്മുടെ ആത്മാഭിമാനം ആകാശത്തോളം ഉയരും. നഗരങ്ങളിലെ ശുചീകരണത്തൊഴിലാളികളുടെ കാല്‍ കഴുകി നമസ്‌ക്കരിച്ചാദരിക്കുന്ന ഒരു പ്രധാനമന്ത്രി മോചനത്തിന്റെ മന്ത്രമോതുന്ന പുതിയ ഗുരുവായി അവതരിച്ചിരിക്കുന്നു. ഭാരതത്തിന്റെ വിദൂരകോണുകളില്‍ ആരാലും അറിയപ്പെടാതെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകുന്ന അജ്ഞാതരെ കണ്ടെത്തി ആദരിക്കുകയും അവരോട് വ്യക്തിപരമായിത്തന്നെ സംവദിക്കുകയും അവരെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുകയും ചെയ്യാന്‍ നമുക്ക് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു.
കലാ-കായിക രംഗത്താകട്ടെ, വിദ്യാഭ്യാസ രംഗത്താകട്ടെ, ശാസ്ത്ര-ഭരണ നിര്‍വ്വഹണ രംഗത്താകട്ടെ എല്ലാവരിലും ആത്മാഭിമാനം ഉയര്‍ത്തി രാഷ്ട്രനന്മയ്ക്ക് തന്റെ കര്‍മ്മരംഗത്തെ പ്രയോഗിക്കുവാനുള്ള ‘യോഗ: കര്‍മ്മസു കൗശലം’ എന്ന ഭഗവദ്ഗീതാ മന്ത്രം ഇപ്പോഴല്ലേ പ്രയോഗത്തില്‍ വരുത്തിയുള്ളൂ. (ഈ മന്ത്രമാണ് ഭാരത സര്‍ക്കാരിന്റെ സിവില്‍ സര്‍വ്വീസ് വിഭാഗത്തിന്റെ മുദ്രാവാക്യമായി ഭരണഘടനയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്). അവരുടെ ഓരോരുത്തരുടെയും കഴിവുകള്‍ രാജ്യത്തിന് ആവശ്യമുണ്ട്; അത് ഏറ്റവും ഫലപ്രദമായി പ്രയോഗിക്കാന്‍ ഭരണത്തലവന്‍ തന്നെ നേരിട്ട് ആഹ്വാനം ചെയ്തത് വലിയൊരു വിഭാഗം ഉദ്യോഗസ്ഥരില്‍ ആവേശവും ആത്മവിശ്വാസവും വളര്‍ത്തി. ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഒരു ഭാഗം പരാജയപ്പെട്ടപ്പോഴും ഒളിമ്പിക്ലില്‍ നമ്മുടെ പെണ്‍മക്കള്‍ പരാജയം ഏറ്റുവാങ്ങിയപ്പോഴും അവരെ ചേര്‍ത്തു നിര്‍ത്തി നിരാശയുടെ പടുകുഴിയിലേക്കു വീണുപോകാതെ കൈപിടിച്ച് മുന്നോട്ടു നയിക്കുന്ന ഒരു ഭരണാധികാരിയെ കിട്ടാന്‍ മുക്കാല്‍ നൂറ്റാണ്ടു വേണ്ടി വന്നു. വിജയം എല്ലാവരും ആഘോഷിക്കും, പരാജയം ഏറ്റുവാങ്ങാന്‍ ആരുമുണ്ടാകില്ല. ആക്ഷേപവും ശാപവും മാത്രമായിരിക്കും മിച്ചം. ഇതുവരെയുള്ള അനുഭവവും അങ്ങനെതന്നെ. പരാജിതരുടെകൂടെ ചേര്‍ന്നുനിന്ന്, അതിന്റെ ഭാരം സ്വന്തം തോളിലേറ്റന്‍ പാലാഴിമഥനത്തില്‍ കാളകൂടം ഏറ്റുവാങ്ങിയ ഭഗവാന്‍ പരമേശ്വരന്റെ ആത്മവിശ്വാസമുള്ളവര്‍ക്കു മാത്രമേ കഴിയൂ. അതാണ് നാം ഒളിംമ്പിക്‌സിനു ശേഷവും ചന്ദ്രയാന്‍ ദൗത്യത്തിനു ശേഷവും കണ്ടത്.
മിടുക്കരായ യുവജനങ്ങള്‍ തൊഴിലും സംരംഭകത്വവും തേടി വിദേശ രാജ്യങ്ങളില്‍ ചേക്കേറുന്ന പ്രവണത വ്യാപകമായിരുന്നു സമീപകാലം വരെ. ഇന്ന് സര്‍വ്വ മേഖലകളിലും യുവജനങ്ങള്‍ അനേകതരം സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചിരിക്കുന്നു. അവരുടെ ഭാവനയ്ക്കനുസരിച്ച് എന്തും തുടങ്ങാനുള്ള സാമ്പത്തിക സഹായവും ലഭിക്കുന്നു.
തുടക്കത്തില്‍ വിഷാദയോഗം ബാധിച്ച നമ്മുടെ സൈനിക വിഭാഗങ്ങളെ ഉള്ളുണര്‍ത്തി, അവര്‍ക്കു വേണ്ട സജ്ജീകരണങ്ങളും സര്‍വ്വോപരി ആത്മാഭിമാനവും വിശ്വാസവും നല്‍കി കര്‍മ്മോന്മുഖരും ത്യാഗോന്മുഖരുമാക്കി മാറ്റി. വര്‍ത്തമാനകാലത്ത്, അവരോടൊപ്പം ജീവിക്കുന്ന, അവരുടെ വേദനകളെയും യാതനകളെയും വിലവെയ്ക്കുന്ന, അവരുടെ നിര്‍ദ്ദേശങ്ങളെയും നടപടികളെയും ആദരിക്കുന്ന ഒരു പ്രധാനമന്ത്രി ഇപ്പോഴുണ്ടായിരിക്കുന്നു.
സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുകയും അവരെ എന്നെന്നും അടിമകളും അപകര്‍ഷബോധമുള്ളവരുമാക്കി നിലനിര്‍ത്തുന്ന നയങ്ങളും പരിപാടികളുമാണ് സ്വാതന്ത്ര്യാനന്തരവും നാം ചെയ്തു പോന്നത്. അത് പാശ്ചാത്യ മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും കാഴ്ചപ്പാടനുസരിച്ച് ശരിയുമാണ്. എന്നാല്‍ പുതിയ കാലത്തിനും ലോകത്തിനും ചേരുന്നതല്ലതന്നെ. അതിനെ തിരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുത്തലാഖ് എടുത്തുകളഞ്ഞതും വിവാഹപ്രായം തുല്യമാക്കുന്നതും. പക്ഷെ സമത്വം വാക്കുകളില്‍ ഒതുക്കി അടിമത്തത്തെ സ്ഥിരപ്പെടുത്താനുള്ള കുറുക്കുവഴികള്‍ തേടുകയാണ് പ്രതിപക്ഷം. അവര്‍ക്കു വേണ്ടത് നാടിന്റെ നന്മയല്ല, മതവോട്ടുകള്‍ മാത്രമാണ്. എന്നാല്‍ മുസ്ലീം സ്ത്രീകളടക്കം പൊതു സമൂഹം പുതിയ പരിഷ്‌ക്കാരങ്ങളോടൊപ്പമാണ്.
ലോകത്തിലെ ഏറ്റവും വലിയ കക്കൂസ് ഇന്ത്യന്‍ റെയില്‍വേ ആണെന്ന ദുഷ്‌പ്പേര് ആറു പതിറ്റാണ്ടിലേറെക്കാലമായി നാം കേള്‍ക്കുന്നു. അതിന്റെ ദുര്‍ഗന്ധം രാജ്യം മുഴുവന്‍ നാം സഹിച്ചു കൊണ്ടുമിരുന്നു. ഇപ്പോള്‍ മാത്രമല്ലേ അതിനൊരു മാറ്റം വന്നിട്ടുള്ളൂ. അതത്ര നിസ്സാര കാര്യമല്ല. കാരണം ലോകത്തിലെതന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. ഏതായാലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആ രംഗത്തും സുഗന്ധപൂരിതമാകുമെന്നതില്‍ നമുക്ക് അഭിമാനിക്കാം.
നോട്ടു നിരോധനവും തുടര്‍ന്ന് പണത്തിന്റെ ഡിജിറ്റല്‍ വിനിമയവും നടപ്പാക്കിയപ്പോള്‍ മുന്‍ കേന്ദ്ര ധനമന്ത്രിയടക്കം കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സും എല്ലാം ആക്ഷേപിച്ചു, കളിയാക്കി. നിരക്ഷരരും ദരിദ്രരും വളരെയുള്ള ഭാരതത്തില്‍ ഇത് അപ്രായോഗികമെന്ന് ഭര്‍ത്സിച്ചു. ജനങ്ങള്‍ വലുതായ കെടുതിക്ക് ഇരയാകുമെന്നു ഭീഷണിപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ എല്ലാ ആരോപണങ്ങള്‍ക്കും വിപരീതം സംഭവിച്ചിരിക്കുന്നു. കോടികളുടെ വ്യാപാരം മുതല്‍ പെട്ടിക്കടകളില്‍ വരെ ഡിജിറ്റല്‍ വ്യവഹാരം നടക്കുന്നു. കട്ടുതിന്നു കോടികള്‍ ഉണ്ടാക്കിയ ചിദംബരന്മാര്‍ പാവങ്ങളുടെ പണം ചോര്‍ത്താന്‍ പറ്റാതെ വിഷമിക്കുന്നു. എല്ലാ ജനകീയ പെന്‍ഷന്‍- ഇന്‍ഷുറന്‍സ് പദ്ധതികളുടെയും മുഴുവന്‍ തുകയും പാവപ്പെട്ടവന്റെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുന്നു. സഖാക്കളും നേതാക്കളും കൈയിട്ടുവാരാന്‍ പറ്റാത്തതിലുള്ള ഈര്‍ഷ്യ ഇപ്പോഴും പ്രകടിപ്പിക്കുന്നു. കോടിക്കണക്കിനു കര്‍ഷകര്‍ക്കുള്ള സഹായവും രാജ്യത്തെ ഏതു കുഗ്രാമത്തിലേയ്ക്കും ഗുണഭോക്താവിനു നേരിട്ടു ലഭിക്കുന്നു. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവം ഇതായിരിക്കണം!
നാട്ടിന്‍ പുറങ്ങളിലെ വഴിയോരങ്ങളില്‍ ചായ കുടിച്ചിരിക്കുന്ന ദരിദ്ര കോടികളോട് പ്രധാനമന്ത്രി നേരിട്ട് സംവദിക്കുന്നു. അവരുടെ വികാരങ്ങള്‍ ഒപ്പിയെടുക്കുന്നു. ഹൃദയങ്ങള്‍ കവരുന്നു. മനസ്സിലുള്ള ആശയങ്ങള്‍ പങ്കു വയ്ക്കുന്നു. ‘മന്‍ കീ ബാത്’ എന്നത് സാധാരണക്കാരനും പ്രധാനമന്ത്രിയുമായുള്ള സ്വകാര്യ സംഭാഷണംപോലെ ഹൃദ്യമായിരിക്കുന്നു. കൂട്ടത്തില്‍ അജ്ഞാതകോണുകളില്‍ തിളങ്ങുന്ന മാതൃകകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു. അതോടെ അത്തരക്കാര്‍ക്ക് ആദരവും അംഗീകാരവും സംരക്ഷണവും ഞൊടിയിടകൊണ്ട് സമൂഹംതന്നെ നല്‍കുന്നു.
ഇതൊരു പുതിയ ഭാരതമാണ്. പലതും മുക്കാല്‍ നൂറ്റാണ്ടു മുന്നേ തുടങ്ങാമായിരുന്നത്. എങ്കിലും ഇപ്പോഴെങ്കിലും അതാരംഭിച്ചു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ, ‘ഏറ്റവും നീണ്ട രാത്രി തീരാറായെന്നു തോന്നുന്നു; ഏറ്റവും ദു:സഹമായ കഷ്ടപ്പാടുകള്‍ ഒടുവില്‍ ഇതാ അവസാനിക്കുന്ന മട്ടായി. മൃതശരീരമെന്ന് എണ്ണപ്പെട്ട വസ്തു ഇതാ ഉണരാന്‍ വട്ടംകൂട്ടുന്നു. ഒരു ശബ്ദം ഇപ്പോള്‍ നമ്മുടെ നേര്‍ക്കു വരുന്നുണ്ട് – ചരിത്രത്തിനും ഐതിഹ്യത്തിനുപോലും എത്തിനോക്കാനാവാത്തവണ്ണം ഇരുളടഞ്ഞ ആ ഭൂതകാലത്തില്‍ നിന്ന്, കര്‍മ്മത്തിന്റെയും പ്രേമത്തിന്റെയും ജ്ഞാനത്തിന്റെയുമായ ആ അപരിമിത ഹിമാലയത്തിന്റെ കൊടുമുടികളില്‍ തട്ടിത്തട്ടി മാറ്റൊലിക്കൊള്ളുംവിധത്തിലുള്ള ഒരു ശബ്ദം – നമ്മുടെ മാതൃഭൂമിയായ ഭാരതത്തിന്റെ ശബ്ദം – നമ്മുടെ നേര്‍ക്കു വരുന്നുണ്ട്. സൗമ്യവും ഗാഢവും എന്നാല്‍ അര്‍ത്ഥശങ്കയ്ക്ക് ഇടനല്‍കാത്തതുമാണ് ആ ശബ്ദം. ദിവസം ചെല്ലുന്തോറും അതിന്റെ മുഴക്കം ഏറുകയാണ്. നോക്കൂ! ഉറങ്ങിക്കിടക്കുന്നവന്‍ എഴുന്നേല്‍ക്കുന്നു. ഹിമാലയത്തില്‍നിന്നടിക്കുന്ന ഒരു കാറ്റുപോലെ അത് മൃതപ്രായമായ അസ്ഥികളിലും മാംസപേശികളിലും ജീവിതം പകരുന്നു; ആലസ്യം തിരോഭവിക്കുന്നു. നമ്മുടെ മാതൃഭൂമിയായ ഭാരതം, അഗാധവും ദീര്‍ഘവുമായ നിദ്രയില്‍ നിന്നെഴുന്നേല്‍ക്കുകയാണെന്ന് കുരുടനുമാത്രം കാണാന്‍ കഴിവില്ല; അഥവാ കുദൃഷ്ടി മാത്രം കാണാന്‍ കൂട്ടാക്കില്ല. ഇനി ആര്‍ക്കും ഭാരതത്തെ തടയാനാവില്ല; ഇനി ഒരിക്കലും ഭാരതം ഉറങ്ങാന്‍ ഭാവവുമില്ല. ഇനി ഒരു ബാഹ്യശക്തിക്കും ഭാരതത്തെ പിന്നോട്ടു പിടിച്ചുമാറ്റുക സാദ്ധ്യമല്ല. അനന്തശക്തിയുള്ള ആ മഹാസത്ത്വം തന്‍കാലില്‍ നില്ക്കാന്‍ വട്ടംകൂട്ടുകയാണ്’.
അതെ, സ്വരാജ്യപ്രാപ്തിക്കു ശേഷം ഭാരതം ‘സ്വതന്ത്രം’ തിരിച്ചറിയാന്‍ തുടങ്ങുകയാണ്. ആത്മവിസ്മൃതിയില്‍നിന്ന് ആത്മനിര്‍ഭരതയിലേക്ക് നാം ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഈ എഴുത്തഞ്ചാം വര്‍ഷം നമുക്ക് നമ്മുടെ ആത്മാവിനെ കണ്ടെത്താനുള്ള അവസരമാകട്ടെ. ഇന്നും ഇനിയുമുള്ള തലമുറകള്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ സുഗന്ധം അനുഭവിക്കാനും പ്രസരിപ്പിക്കാനും കഴിയട്ടെ.