തിരുവനന്തപുരത്തെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന 107 വയസ്സുകാരനായ അഡ്വ. അയ്യപ്പന്‍പിള്ള നമ്മെ വിട്ടുപിരിഞ്ഞു. ത്യാഗനിര്‍ഭരമായ ജീവിതംകൊണ്ട് സമൂഹമനസ്സില്‍ ഇടം നേടിയ മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 1914 മേയ് 24-ാം തീയതി കാര്‍ത്തിക നക്ഷത്രത്തില്‍ തിരുവനന്തപുരം മുണ്ടനാട് തറവാട്ടില്‍ കുമാരപിള്ളയുടെയും ഭാരതി അമ്മയുടെയും സന്താനമായി ജനനം. അച്ഛന്‍ തിരുവിതാംകൂര്‍ സെക്രട്ടറിയേറ്റില്‍ സീനിയര്‍ സെക്രട്ടറിയായിരുന്നു. മകനെയും ഒരു വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. അതിനുവേണ്ടി നിയമബിരുദമെടുപ്പിച്ചു. അന്ന് രാജാവില്‍ സ്വാധീനമുണ്ടായിരുന്ന കുമാരപിള്ളയ്ക്ക് മകന് ജഡ്ജിയായോ ഗവണ്‍മെന്റ് സെക്രട്ടറിയായോ നിയമനം വാങ്ങിക്കൊടുക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ മഹാത്മാഗാന്ധി 1934-ല്‍ തിരുവനന്തപുരത്തുവന്നപ്പോള്‍ നേരില്‍കണ്ടു അനുഗ്രഹം വാങ്ങാന്‍ ചെന്നതാണ് ചരിത്രം തിരുത്തിക്കുറിച്ചത്. ‘എന്താണ് ഭാവിയിലെ ജീവിതോദ്ദേശം’ എന്ന ചോദ്യത്തിന്, എന്തെങ്കിലും ഉദ്യോഗം സ്വീകരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കാന്‍ അയ്യപ്പന്‍പിള്ള മടിച്ചില്ല. എന്നാല്‍ ഗാന്ധിജി അതിനെ നിരുത്സാഹപ്പെടുത്തി. സാമൂഹിക പരിവര്‍ത്തനത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും വേണ്ടി വളരെയധികം ചെയ്യാനുണ്ടെന്നും, നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ അതിലേക്കിറങ്ങണമെന്നും ഗാന്ധിജി പറഞ്ഞപ്പോള്‍ അതൊരു നിര്‍ദ്ദേശമായി സ്വീകരിച്ചുകൊണ്ട് അദ്ദേഹം പൊതുപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു.
1938-ല്‍ പട്ടംതാണുപിള്ള, ടി.എം. വര്‍ഗ്ഗീസ്, സി കേശവന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപീകരിക്കപ്പെട്ടു. അതിലെ ആദ്യത്തെ അംഗങ്ങളിലൊരാളായി അയ്യപ്പന്‍പിള്ള സാറും ചേര്‍ന്നു. പുളിമൂടില്‍ തുടങ്ങിയ കോണ്‍ഗ്രസ്സ് ഓഫീസിന്റെ ചുമതലയും അയ്യപ്പന്‍പിള്ള ഏറ്റെടുത്തു. 1949 വരെ കോണ്‍ഗ്രസ്സില്‍ തുടര്‍ന്നു. അതിനിടയിലുണ്ടായ സമരങ്ങളിലും സമ്മേളനങ്ങളിലും ആവേശപൂര്‍വ്വം പങ്കെടുക്കുകയും അറസ്റ്റും ജയില്‍വാസവും വരിക്കുകയും ചെയ്തു.
1949-ല്‍ പട്ടം താണുപിള്ളയും കൂട്ടരും കോണ്‍ഗ്രസ്സില്‍നിന്നും രാജിവച്ച് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. ഇതില്‍ അയ്യപ്പന്‍പിള്ള സാര്‍ അംഗമായി. ഈ പാര്‍ട്ടി പിന്നീട് പി.എസ്.പിയില്‍ ലയിച്ചു. പിഎസ്.പി. പിന്നെയും പിളര്‍ന്ന് പലതായെങ്കിലും 1975 വരെ പി.എസ്.പിയില്‍തന്നെ നിന്നു. തിരുവനന്തപുരത്തു ഭാരതീയ ജനസംഘം തുടങ്ങിയതുമുതല്‍ അതിനോടടുത്തുതുടങ്ങി.
1949-ല്‍തന്നെ മന്നത്തുപത്മനാഭന്റെയും ആര്‍. ശങ്കറിന്റെയും നേതൃത്വത്തില്‍ 12 എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സില്‍നിന്നും രാജിവച്ച് ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സ് എന്നൊരു പാര്‍ട്ടി രൂപീകരിച്ചിരുന്നു. അയ്യപ്പന്‍പിള്ളസാറിനു നേരത്തെ തന്നെ മന്നവുമായി അടുപ്പമുണ്ടായിരുന്നു. ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സ് പിന്നീട് കോണ്‍ഗ്രസ്സില്‍ ലയിച്ചു. മന്നത്തിനോടുള്ള അയ്യപ്പന്‍പിള്ളസാറിന്റെ ബന്ധം തുടര്‍ന്നു. എന്‍.എസ്സ്.എസ്സിന്റെ കോളേജ്-സ്‌കൂള്‍ എന്നിവ തിരുവനന്തപുരത്തു സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കു എല്ലാവിധ സഹായങ്ങളും നല്‍കി. എം.ജി കോളേജ്, പെരുന്താന്നി കോളേജ് എന്നിവ സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനും മറ്റും മധ്യവര്‍ത്തിയായി നിന്നത് അയ്യപ്പന്‍പിള്ള സാറാണ്.
രാഷ്ട്രീയ സ്വയംസേവകസംഘം
ആര്‍.എസ്സ്.എസ്സ്. എന്ന സംഘടനയെപ്പറ്റി അയ്യപ്പന്‍പിള്ള ആദ്യം കേള്‍ക്കുന്നത് തൈക്കാടു സംഭവത്തോടെയാണ്. 1948 ജനുവരി 28-ാം തീയതി തന്റെ വീട്ടിനടുത്തുള്ള തൈക്കാട്ടു മൈതാനത്ത് ആര്‍.എസ്സ്.എസ്സിന്റെ ഒരു സമ്മേളനം ഉണ്ടെന്നും അതില്‍ എം,എസ്. ഗോള്‍വല്‍ക്കര്‍ എന്ന അതിന്റെ നേതാവ് പങ്കെടുക്കുന്നുണ്ടെന്നും കേട്ടിരുന്നുവെങ്കിലും കൂടുതലൊന്നും അന്വേഷിച്ചില്ല. ഈ സമ്മേളനം അലങ്കോലപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റുകാരും അവരോട് ആഭിമുഖ്യമുള്ള യുവാക്കളും മൈതാനത്തേക്ക് ഇരച്ചുകയറി ആക്രമിക്കാന്‍ ശ്രമിച്ചുവെങ്കിലും ആര്‍.എസ്സ്.എസ്സുകാര്‍ അതിനെ ഫലപ്രദമായി ചെറുത്തുവെന്നും പിന്നീടറിഞ്ഞു. മൈതാനത്തിനടുത്തു താമസിച്ചിരുന്ന തൈക്കാട് സുബ്രഹ്‌മണ്യ അയ്യര്‍ (തിരുവിതാംകൂര്‍ അഡ്വക്കേറ്റ് ജനറല്‍) സംഭവത്തിന്റെ സചിത്രരൂപം സുഹൃത്തായ അയ്യപ്പന്‍പിള്ള സാറിനെ ധരിപ്പിച്ചു. അപ്പോഴാണ് ആ സംഘടനയെപ്പറ്റി അറിയാനും അതിലെ പ്രവര്‍ത്തകരെ പരിചയപ്പെടാനും താല്പര്യമുണ്ടായത്. ജഡ്ജി ശങ്കരസുബ്ബയ്യരുടെ ബന്ധുക്കളും ആര്‍.എസ്സ്.എസ്സിലുണ്ടെന്ന് സുബ്രഹ്‌മണ്യയ്യര്‍ പറഞ്ഞിരുന്നു. താന്‍ എല്ലാദിവസവും തൈക്കാടു ശാസ്താക്ഷേത്രത്തില്‍ തൊഴാന്‍ നടന്നുപോയിരുന്നു. ക്ഷേത്രത്തിനടുത്തു ‘ഹൈന്ദവമന്ദിരം’ എന്നൊരു ഹോസ്റ്റല്‍ നടന്നിരുന്നു. അവിടെ ചില ആര്‍.എസ്സ്.എസ്സുകാര്‍ താമസിക്കുന്നുണ്ടെന്നും സുബ്രഹ്‌മണ്യയ്യര്‍ സൂചിപ്പിച്ചിരുന്നു. ഒരുദിവസം അവിടെ കയറി യുവാക്കളെ പരിചയപ്പെടാന്‍ തീരുമാനിച്ചു. അവിടെ ചെന്നപ്പോള്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരനായ ശാസ്ത്രി ദാമോദരന്‍ എന്ന ഒരു നമ്പൂതിരി യുവാവിനെ പരിചയപ്പെട്ടു. ജാതിഭേദമെന്യേ എല്ലാ ഹിന്ദുവിദ്യാര്‍ത്ഥികളും അവിടെ താമസിച്ചു പഠിക്കുന്നുണ്ടെന്നും മനസ്സിലായി. ആര്‍.എസ്സ്.എസ്സ് ബന്ധമുള്ള ഒരു കൃഷ്ണന്‍കുട്ടി (അമ്പലപ്പുഴ)യെയും പരിചയപ്പെട്ടു. തങ്ങളുടെ നേതാവ് പരമേശ്വരന്‍ ഇളയത് എന്ന യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയാണെന്നും അദ്ദേഹം താമസിക്കുന്നത് പുത്തന്‍ചന്തയിലെ ഗോമതീനായകം ലോഡ്ജിലാണെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. പിന്നീടൊരു ദിവസം കൃഷ്ണന്‍കുട്ടി പരമേശ്വരന്‍ ഇളയത് എന്ന പരമേശ്വര്‍ജിയെ വീട്ടില്‍കൊണ്ടുവന്നു പരിചയപ്പെടുത്തി. ആ പരിചയം പരമേശ്വര്‍ജി അവസാനംവരെ തുടര്‍ന്നു.
ജനസംഘം
ദീനദയാല്‍ ഉപാദ്ധ്യായ കേരളത്തില്‍ വന്ന് ജനസംഘം പ്രവര്‍ത്തനം ആരംഭിച്ചത് 1953 ഡിസംബറിലാണ്. അദ്ദേഹത്തെ കാണാന്‍ അഭിഭാഷകനായ മാന്നാര്‍ ഗോപാലന്‍ നായര്‍ ക്ഷണിച്ചിരുന്നുവെങ്കിലും ഒഴിവാക്കാനാവാത്ത ചില അസൗകര്യങ്ങള്‍കൊണ്ട് അയ്യപ്പന്‍പിള്ളയ്ക്ക് അതില്‍ പങ്കെുടുക്കാന്‍ കഴിഞ്ഞില്ല, എന്നാല്‍ 1967 മുതല്‍ ചില പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങി. അപ്പോഴും പി.എസ്.പിയില്‍നിന്നു വിട്ടിരുന്നില്ല. 1974-ല്‍ പി.എസ്പി.യെയും എന്‍.ഡി.പിയെയും ജനസംഘത്തില്‍ ലയിപ്പിക്കാന്‍ ഒരു ശ്രമം കളത്തില്‍ വേലായുധന്‍ നടത്തിയിരുന്നു. എന്‍.ഡി.പിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. ആദ്യത്തെ സംയുക്തയോഗം വിളിച്ചുകൂട്ടിയത് കളത്തിലിന്റെ എറണാകുളത്തെ വസതിയിലാണ്. പിന്നീട് രണ്ടുതവണകൂടി മീറ്റിംഗ് നടന്നു. 1975 ആഗസ്റ്റോടുകൂടി ലയനം നടക്കണമെന്നായിരുന്നു കളത്തിലിന്റെ ഉറച്ച നിര്‍ദ്ദേശം. ചരിത്രം പലതിനെയും കടത്തിവെട്ടും. 1975 ജൂണ്‍ 26-ാം തീയതി അര്‍ദ്ധരാത്രി അങ്ങിനെയൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു. അടിയന്തരാവസ്ഥാപ്രഖ്യാപനം. അതിനടുത്തദിവസം കൊല്ലത്തുകൂടിയ എന്‍.ഡി.പി. സംസ്ഥാന സമ്മേളനത്തില്‍ കളത്തില്‍ചെയ്ത അദ്ധ്യക്ഷപ്രസംഗത്തില്‍ അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിക്കയും എല്ലാ പ്രതിപക്ഷങ്ങളും ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.
ഏതാനും ദിവസങ്ങള്‍ക്കകം കളത്തില്‍ വേലായുധന്‍നായര്‍ ദിവംഗതനായി. കിടങ്ങൂര്‍ നേതൃത്വമേറ്റെടുത്തു. എന്‍.ഡി.പി. വലിയ ചര്‍ച്ചകളൊന്നുംകൂടാതെ യു.ഡി.എഫിലേക്കു പോയി. അയ്യപ്പന്‍പിള്ളസാര്‍ ജനസംഘത്തോടു കൂടുതലടുത്തു. തുടര്‍ന്നദ്ദേഹം ജനതാപാര്‍ട്ടിയില്‍ ചുമതലയൊന്നുമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. 1980 ഏപ്രില്‍ 16-ാം തീയതി ജനതാപാര്‍ട്ടിയില്‍നിന്നു പുറത്തുവന്നവരുടെ യോഗം എറണാകുളത്തു ചേര്‍ന്നപ്പോള്‍ അയ്യപ്പന്‍പിള്ളസാറും പങ്കെടുത്തു. അവിടെ കേന്ദ്രനേതൃത്വം നിയോഗിച്ച ലാല്‍കൃഷ്ണ അദ്വാനി പങ്കെടുത്തിരുന്നു. അദ്ദേഹം ബിജെപിയുടെ കേരളഘടകം രൂപീകരിച്ചതായി പ്രഖ്യാപിക്കുകയും, അതിന്റെ സംസ്ഥാന അദ്ധ്യക്ഷനായി രാജഗോപാലിനെയും ഉപാദ്ധ്യക്ഷന്മാരിലൊരാളായി അയ്യപ്പന്‍പിള്ളസാറിനെയും നിയമിക്കുകയും ചെയ്തു.
അയ്യപ്പന്‍പിള്ള ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷപദവിയില്‍ 7 വര്‍ഷം തുടര്‍ന്നു. പിന്നീട് ട്രഷററായി ആറുവര്‍ഷവും. ബി.ജെ.പി തിരഞ്ഞെടുപ്പു കമ്മിറ്റി അദ്ധ്യക്ഷനായി 4 വര്‍ഷവും അച്ചടക്കനടപടി കമ്മിറ്റി അദ്ധ്യക്ഷനായി 8 വര്‍ഷവും സേവനമനുഷ്ഠിച്ചു. ദേശീയ സമിതി അംഗമായി 15 വര്‍ഷത്തിലധികംകാലം തുടര്‍ന്നു. ഇതിനുപുറമേ സംസ്ഥാന സമിതിയുടെ പ്രത്യേകം അന്വേഷണ സംഘങ്ങളിലും കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. യഥാസമയം നിഷ്പക്ഷമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ലോ അക്കാദമി ലോ കോളേജ്
സി.പി.ഐക്കാരനായ എന്‍.നാരായണന്‍നായര്‍ മുന്‍കയ്യെടുത്ത് തിരുവനന്തപുരത്ത് സ്വകാര്യമേഖലയില്‍ ഒരു ലോ കോളേജ് തുടങ്ങിയപ്പോള്‍ അതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി പ്രവര്‍ത്തിച്ചു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് അയ്യപ്പന്‍പിള്ളസാറാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2017-ല്‍ എ.ബി.വി.പി നടത്തിയ ഒരു സമരത്തോട് മാനേജ്‌മെന്റ് സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നടപടിയില്‍ പ്രതിഷേധിച്ച് അയ്യപ്പന്‍പിള്ളസാര്‍ രാജിവച്ചു പുറത്തുവന്നു.
തച്ചുടയകൈമള്‍
അധികാരമോഹം അശേഷമില്ലാത്ത വ്യക്തിയായിരുന്നു അയ്യപ്പന്‍പിള്ളസാര്‍. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഭരണാധികാരി സ്ഥാനമായ തച്ചുടയകൈമള്‍ സ്ഥാനം കൈവന്നപ്പോള്‍ ആദരവോടുകൂടി അത് നിരസിച്ച വ്യക്തിയാണ് അദ്ദേഹം. എന്‍എസ്സ്എസ്സിന്റെ സ്ഥാപനങ്ങളായിരുന്ന കേരള സര്‍വ്വീസ് ബാങ്കിന്റെയും കേരളസര്‍വ്വീസ് കമ്പനിയുടെയും ഭാരവാഹിയായിരുന്നു. ദേശീയതാല്പര്യങ്ങളോടു പ്രതിബദ്ധതയുള്ള ഒരു പത്രം വേണമെന്ന ചിന്തയാണ് കേരളപത്രിക ദിനപത്രം തുടങ്ങാന്‍ പ്രേരകമായത്. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം ഭാരിച്ച സാമ്പത്തിക ബാദ്ധ്യത കാരണം പത്രം നിര്‍ത്തേണ്ടിവന്നു.
നിരവധി സമരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അതിലൊന്ന് ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്തു സ്ഥാപിക്കുന്നതിനുവേണ്ടിയുള്ളതാണ്. എന്നാല്‍ സമരത്തേക്കാള്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത് ഭാവാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കാണ്. ഇന്നു യാഥാര്‍ത്ഥ്യമായിട്ടുള്ള വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി നിവേദനം നല്‍കാന്‍ തുടങ്ങിയത് 50 വര്‍ഷംമുമ്പാണ്. അതുപോലെ റെയില്‍വേ വികസനത്തിനുവേണ്ടിയും നഗരപരിഷ്‌കരണത്തിനുവേണ്ടിയും നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്.
കുടുംബം
ഭാര്യ രാജമ്മ ഒരു മാതൃകാ കുടുംബിനിയായിരുന്നു. ഏതാനുംവര്‍ഷംമുമ്പ് മരിച്ചുപോയി. മകള്‍ ഗീതയെ വിവാഹം ചെയ്തത് അനന്തിരവന്‍ രാജകുമാര്‍. മകന്‍ അനൂപ്കുമാര്‍ സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജരായിരുന്നു. ഇപ്പോള്‍ എറണാകുളത്ത് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഹേമലത, മുന്‍ എംഎല്‍എ നാരായണന്‍ തമ്പിയുടെ മകളാണ്.