ഇയ്യിടെ അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുമായി എനിക്ക് മുപ്പതുവര്‍ഷത്തെയെങ്കിലും അടുപ്പമുണ്ട്. 1986-ല്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ ഭാരവാഹികളുടെ യോഗത്തിനായി ദല്‍ഹിയില്‍ പോകുന്നവേളകളിലെല്ലാം അദ്ദേഹവുമായി അടുത്തു സംസാരിക്കാന്‍ അവസരം കിട്ടിയിരുന്നു. വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴം തിരിച്ചറിയാന്‍ ഈ സന്ദര്‍ഭങ്ങളിലെല്ലാം സാധിച്ചിരുന്നു. തനിയ്ക്കുള്ള ഈ അറിവും പരിജ്ഞാനവും ലളിതവും സുഗമവുമായ രീതിയില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ആരിലും മതിപ്പുണ്ടാക്കുന്നതായിരുന്നു.
സുപ്രീംകോടതിയിലും ദില്ലി ഹൈക്കോടതിയിലും വക്കീലായിരുന്ന അദ്ദേഹത്തിന് ഓരോ വിഷയത്തിലും സൂക്ഷ്മമായ പരിജ്ഞാനം നേടാനും അത് മറ്റുള്ളവരെ ബോധിപ്പിക്കാനും സാധിച്ചത് പ്രശസ്തനായ അഭിഭാഷകന്‍ എന്നതോടൊപ്പം സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും ജനപ്രിയനാകാന്‍ കാരണമായി. ദല്‍ഹിയിലെ രാഷ്ട്രീയ വൃത്തത്തിലുള്ള പ്രമുഖ വ്യക്തികളില്‍ ഒരാളായി അദ്ദേഹം എണ്ണപ്പെട്ടു. ഈ തലയെടുപ്പ് രാഷ്ട്രീയ – സാമ്പത്തിക രംഗങ്ങളിലെ ബുദ്ധിജീവികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിനു വില കിട്ടുന്നതിനു കാരണമായി. രാഷ്ട്രീയാതീതമായ ബന്ധങ്ങളിലൂടെ സമഗ്രമായ ചിന്തയും കാഴ്ചപ്പാടും വെച്ചുപുലര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞു.
ബി.ജെ.പി.യുടെ രാഷ്ട്രീയ പ്രമേയം തയ്യാറാക്കാനുള്ള ചുമതല അരുണ്‍ ജെയ്റ്റ്‌ലിക്കായിരുന്നു. ഓരോ രാഷ്ട്രീയ സംഭവത്തേയും സൂക്ഷ്മമായി വീക്ഷിക്കുകയും ബി.ജെ.പിയുടെ താത്വികനിലപാടിലുറച്ചുനിന്ന് വിശദീകരിക്കുകയും ചെയ്യാനുള്ള കഴിവ് പ്രമേയത്തിന്റെ കരട് തയ്യാറാക്കുന്നതില്‍ പ്രകടമായിരുന്നു. ഒപ്പം തന്നെ കൂടെയുള്ളവരുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും കേള്‍ക്കുകയും അവയ്ക്കും പ്രമേയത്തില്‍ സ്ഥാനം നല്‍കുകയും ചെയ്യാന്‍ അദ്ദേഹം കാണിച്ച എളിമ എടുത്തുപറയേണ്ടതാണ്. ഇത്തരത്തില്‍ രാഷ്ട്രീയ പ്രമേയങ്ങള്‍ തയ്യാറാക്കാന്‍ ജെയ്റ്റ്‌ലിയ്ക്കു മാത്രമേ കഴിയൂ എന്നതാണ് വസ്തുത.
കോളേജ് വിദ്യാഭ്യാസകാലത്തുതന്നെ തന്റെ സംഘടനാപാടവവും നേതൃത്വശേഷിയും അദ്ദേഹം പ്രകടമാക്കിയിരുന്നു. ദല്‍ഹി സര്‍വ്വകലാശാലയില്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാനായി ഏ.ബി.വി.പി. ബാനറില്‍ ജയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത് ഈ കഴിവുകള്‍ കൊണ്ടാണ്. ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന പ്രഭാഷകനായിരുന്നില്ല അദ്ദേഹം. എന്നാല്‍ വളരെ സരസമായി കാര്യങ്ങള്‍ വിശദീകരിക്കാനും സംശയങ്ങള്‍ക്കിട നല്‍കാതെ കേള്‍ക്കുന്നവനെ ബോധ്യപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് പാര്‍ലമെന്റേറിയന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിനു നല്ല പ്രീതി നേടിക്കൊടുത്തിട്ടുണ്ട്. വര്‍ഷങ്ങളോളം രാജ്യസഭയില്‍ പ്രതിപക്ഷ നേതാവും പിന്നീട് ഭരണകക്ഷി നേതാവും മന്ത്രിയുമൊക്കെയായിരിക്കെ തനിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ സഭാംഗങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഏതു സംശയങ്ങള്‍ക്കും ഉടന്‍തന്നെ വ്യക്തമായ മറുപടി നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നാണ് ദില്ലിയിലെ ബുദ്ധിജീവിലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ദില്ലിയിലെ രാഷ്ട്രീയ അന്തരീക്ഷവും ചലനങ്ങളും കൃത്യമായി തിരിച്ചറിയാന്‍ മോദിയെ സഹായിച്ചത് അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ബി.ജെ.പി. ഭരണം വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിന്നപ്പോള്‍ മോദിയ്ക്കു പൂര്‍ണ്ണപിന്തുണ നല്‍കാന്‍ അരുണ്‍ ജെയ്റ്റ്‌ലി ഉണ്ടായിരുന്നു. ബിജെപി നിര്‍വ്വാഹക സമിതി യോഗത്തിലും മറ്റുവേദികളിലും വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ജെയ്റ്റ്‌ലിയ്ക്കു സാധിച്ചു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായത് മോദിയുടെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തകര്‍ന്നുപോയ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചെടുക്കുക എന്ന ദൗത്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. നോട്ട് നിരോധനം പോലുള്ള കടുത്ത സാമ്പത്തിക നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. അതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിയും വന്നു.
രാഷ്ട്രത്തിന്റെ മൊത്തം വികസനമായിരുന്നു അദ്ദേഹത്തിന്റെ പരിഗണന. ബദല്‍ സമ്പദ്‌വ്യവസ്ഥയായ കള്ളപ്പണത്തെ മൂക്കുകയറിട്ടില്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥ തകരുമെന്നതാണ് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കാരണം. ജനങ്ങള്‍ക്ക് താല്‍ക്കാലിക വിഷമമുണ്ടായെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ ഇത് അത്യാവശ്യമായിരുന്നു. പ്രധാനമന്ത്രിയിലുള്ള സ്വാധീനത്തെ അദ്ദേഹം സ്വന്തം കാര്യങ്ങള്‍ക്കായി ഒരിക്കലും ഉപയോഗിച്ചില്ല. അതിനുമുമ്പുള്ള ഒരു ധനമന്ത്രി കോടികള്‍ സമ്പാദിച്ച് സി.ബി.ഐ. പിടിയിലായ കാര്യം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
ധനകാര്യത്തിനു പുറമെ പ്രതിരോധം, വാണിജ്യം തുടങ്ങിയ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. എല്ലാ രംഗങ്ങളിലും ആഴത്തിലുള്ള അറിവും തന്റെ സ്വതസിദ്ധമായ നയതന്ത്രമിടുക്കും അദ്ദേഹം കാണിച്ചിരുന്നു.
മോദിയുടെ ആദ്യ എന്‍.ഡി.എ മന്ത്രിസഭയിലെ രണ്ടു വന്‍മരങ്ങളാണ് ഇയ്യിടെയായി നമുക്കു നഷ്ടമായത് – സുഷമാസ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും. രണ്ടുപേരും രാഷ്ട്രീയ വ്യത്യാസമില്ലാതെ സകലരുടെയും വാഴ്ത്തലിനു വിധേയരായവരാണ്. മന്ത്രിമാരെന്ന നിലയ്ക്ക് അവരുടെ പ്രകടനം രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിച്ചതാണ്. ഒന്നാം മന്ത്രിസഭയ്ക്കുശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ മത്സരരംഗത്തുനിന്നും മന്ത്രിസ്ഥാനം വഹിക്കുന്നതില്‍ നിന്നും അവര്‍ രണ്ടുപേരും വിട്ടുനിന്നു. രാഷ്ട്രത്തിനു തങ്ങളാലാവുന്നതു ചെയ്തശേഷം മറ്റുള്ളവര്‍ക്കായി മാറിനില്‍ക്കാനുള്ള ഈ മാതൃക ഉദാത്തമായതാണ്. സുഷമയെപ്പോലെ ജെയ്റ്റ്‌ലിയുടെയും ദേഹവിയോഗം വലിയൊരു നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ ആത്മാവിനു വിഷ്ണുപദ പ്രാപ്തിയുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.