മാന്യത തേടുന്നില്ലവര്‍, തനിയേ
അഭിമാനിതരാകുന്നൂ സ്ത്രീകള്‍
നാമവരെക്കണ്ടാദരവോടെ
നമിക്കുക കൂപ്പുക, പുരുഷന്മാരെ!
ഝാന്‍സിയില്‍ ആറ്റുമ്മണമേല്‍ എന്ന-
ല്ലിന്ത്യമുഴുക്കെ ക്കളരികള്‍ തോറും
ജ്ഞാനത്തിന്‍ പുകളെത്തിക്കാന്‍ കൊടി-
നാട്ടിയതാരെ ന്നറിയുക നമ്മള്‍.
പതിഞ്ഞ ശൃംഗാരത്തിനുപകരം
പൗരുഷ വീരം വന്നൂ-
പതുങ്ങി നിന്നൊരു ഭാവതലത്തില്‍
പട്ടാളത്തമണഞ്ഞൂ-
സുമസൗന്ദര്യം മാഞ്ഞൂ – പകരം
വീരത്തിന്‍ ഫലപുഷ്ടി
സുന്ദരിമാരുടെ സഞ്ചരണത്തി-
നിണങ്ങീ മോട്ടാര്‍ സൈക്കിള്‍!
ബൈക്കില്‍പോകും മൈക്കണ്ണിമണി
ദര്‍ശനമാത്രയിലേവം
പദ്യം തീര്‍ത്താന്‍ ആസ്ഥാനകവി-
പ്രമുഖന്‍ – അതേതാണ്ടിതുപോല്‍:-
”നതാംഗി എന്നുള്ളൊരു പേരുദോഷം
നവീന നാരിമണികള്‍ക്കു ചേരാ-
സ്ഫുടാംഗിയാം നാഗരികാംഗനയ്ക്കായ്
സല്യൂട്ട് ചെയ്യല്‍ പുരുഷന്റെ ധര്‍മ്മം”
* * *
വളര്‍മുടിയുടെ ചുരുള്‍ നിവരുവതിന്നായ്
കുളുര്‍ കാറ്റവളേ തലോടിടട്ടെ
ശൃംഗാരത്തിന്‍ നിര്‍വചനം വരെ
ഇങ്ങനെയൊന്നു തിരുത്തിക്കൊള്ളൂ
”മങ്കത്തയ്യുകള്‍ ഗാനംപോലെ
ബൈക്കില്‍ പാഞ്ഞു വരും സൗന്ദര്യം”
* * *
കുവലയ മിഴിയുടെ കുശലോക്തികണ-
ക്കതിരമണീയം പുരികക്കൊടിയില്‍
മുത്തുകണക്കെ വിയര്‍പ്പിന്‍ തുള്ളികള്‍
ഒപ്പിയെടുക്കാന്‍ വെമ്പീ തെന്നല്‍.
പെട്രോളെക്കാള്‍ പെരുകും വേഗത
ചലമിഴികള്‍ക്കു വരുത്തി, ച്ചിതമൊടു
സ്‌കൂട്ടറിലിവള്‍ യാത്ര തിരിച്ചതു
വഴിപോക്കര്‍ക്കൊരു വഴിപോക്കായി.
യാത്രാമധ്യേ നിര്‍ത്തിയ ബൈക്കില്‍-
പത്രാസ് കാട്ടും കമിതാവെ, സ്സുഖമായ്
ചീത്തപറഞ്ഞു തുരത്തീ ഭൈമി.
ബൈക്കില്‍ പോകും മൈക്കണ്ണിക്കൊരു
പദ്യാശംസ കൊടുക്കും കവിയെ
ചീത്തപറഞ്ഞവള്‍ ആട്ടിയകറ്റി.
മോട്ടാര്‍ സൈക്കിള്‍ യാത്രക്കാരികള്‍
നാട്ടിനു ചേര്‍ന്ന പുരോഗമനത്തിന്‍
ആക്‌സിലറേറ്റര്‍ ചവുട്ടുന്നതില്‍ നാം
അഭിമാനത്തൊടു കൈകൂപ്പിടുവിന്‍.