Monday, September 25, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

സപ്തചിരംജീവികള്‍

ആര്‍.ഹരി

Print Edition: 31 December 2021

ജനിച്ചാല്‍ മരിക്കുമെന്നുറപ്പാണ്. ജനിച്ചിട്ടുമരിക്കാത്തവന്‍ ഇന്നുവരെ ലോകത്തില്‍ ആരുമില്ല. ആസ്തികനും നാസ്തികനും യുക്തിവാദിയും അന്ധവിശ്വാസിയും സാമാന്യബുദ്ധിയുള്ളവനും അസാമാന്യ ബുദ്ധിയുള്ളവനും ഒരുപോലെ സമ്മതിക്കുന്ന സത്യമാണിത്. മരണം അല്ലെങ്കില്‍ മൃത്യു സുനിശ്ചിതമായതുകൊണ്ടാണ് മനുഷ്യനെ മര്‍ത്ത്യന്‍ എന്നു പറയുന്നത്.

മരിക്കും എന്നത് അനുഭവമാണ്. എക്കാലത്തെയും അനുഭവം. എല്ലാവരുടേയും അനുഭവം. മരിച്ചവന്‍ ജനിക്കും, വീണ്ടും ജനിക്കും എന്നത് വിശ്വാസമാണ്. എല്ലാവരുടേയുമല്ല, ചിലരുടെ വിശ്വാസം. അവനവന്റെ വിശ്വാസം പുലര്‍ത്തി തമ്മില്‍ തല്ലാതെ, തമ്മില്‍ കൊല്ലാതെ കൈകോര്‍ത്തു കഴിഞ്ഞുകൂടുക എന്നതാണ് മനുഷ്യത്വം, സാമാന്യ മര്യാദ. അതിനെ ചൊല്ലിയുള്ള വാദം ആരേയും ഒരിടത്തുമെത്തിക്കില്ല. ഇവിടെ ആര്‍ക്കും ജയവുമില്ല, പരാജയവുമില്ല. വാദിച്ചുവാദിച്ചു അന്തിമയങ്ങി ഒടുവില്‍ രണ്ടുപേരും വിശന്നുവലഞ്ഞു അത്താഴക്കഞ്ഞിയ്ക്കു കുമ്പിള്‍ കയ്യിലെടുത്തു എന്നതാണ് സ്ഥിതി!

ഇപ്പറഞ്ഞ സത്യത്തിനു ഒരുപ്രമാണവും വേണ്ട – എങ്കിലും നിര്‍ബന്ധബുദ്ധിയുള്ളവര്‍ക്കിതാ ഒന്ന്:-”ജാതസ്യഹിധ്രുവോ മൃത്യു: ധ്രുവം ജന്മമൃതസ്യച” – ജനിച്ചവന് മരണമുറപ്പ്, മരിച്ചവന് ജനനവുമുറപ്പ് – ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞതാണിത്.

ഇതിനു നേര്‍വിപരീതം പറയുന്ന പഴയ ശ്ലോകമാണ്: ”അശ്വത്ഥാമ ബലിര്‍ വ്യാസോ ഹനൂമാംശ്ച വിഭീഷണ:

കൃപ: പരശുരാമശ്ച സപ്‌തൈതേ ചിരജീവിന:” – ഏഴുപേരുണ്ട് ചിരംജീവികള്‍, മരണമില്ലാതെ എന്നെന്നും ജീവിക്കുന്നവര്‍: – അശ്വത്ഥാമാവ്, ബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപാചാര്യര്‍, പരശുരാമന്‍, അവതാരങ്ങളുടെ കണക്കില്‍ പറയുകയാണെങ്കില്‍ വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍ ശ്രീകൃഷ്ണന്‍ എന്ന നാലുപേരുടെ കാലവുമായി ബന്ധപ്പെട്ടവരാണിവര്‍. ബലി വാമനന്റെയും ഹനുമാനും വിഭീഷണനും ശ്രീരാമന്റേയും വ്യാസനും അശ്വത്ഥാമാവും കൃപാചാര്യരും ശ്രീകൃഷ്ണന്റേയും കാലത്താണെങ്കില്‍ പരശുരാമന്‍ സ്വയമവതാരമായും ഉള്ളവരാണ്. ചിരംജീവികളെന്നു പറയപ്പെടുന്നതുകൊണ്ട് അവരെ സംബന്ധിച്ച് ഈ കാലഗണന അപ്രസക്തമാണ്. അനന്തമായ കടലില്‍ പൊങ്ങിക്കിടക്കുന്ന പൊങ്ങുതടിയ്‌ക്കെന്തു കടവ്?

ഈ ശ്ലോകത്തിന്റെ ഉല്‍പത്തി കണ്ടെത്തിയവരാരുമില്ല. എന്നാല്‍ ഇതറിയാത്തവരായുമാരുമില്ല. സംസ്‌കൃതത്തിലായതുകൊണ്ട് ആധികാരികതയുടെ പ്രഭാവലയം ചുറ്റുമുണ്ടുതാനും. ഈ പശ്ചാത്തലത്തില്‍ എന്തുകൊണ്ടാണിവര്‍ ചിരംജീവികള്‍ എന്നതിന് പല വ്യാഖ്യാനങ്ങള്‍ ഉണ്ടായി. മനുഷ്യജീവികള്‍ക്കുള്ളില്‍ സഹജവും ഒപ്പം തന്നെ ചിരന്തനവുമായ ഗുണവിശേഷങ്ങളുടെ അനശ്വര, ചിരംജീവ, പ്രതീകങ്ങളാണ് അവര്‍ എന്നു ചില പണ്ഡിതന്മാര്‍ കണ്ടെത്തി. ഉദാഹരണത്തിന് അശ്വത്ഥാമാവ് തീരാപ്പകയുടെ ചിരംജീവമൂര്‍ത്തരൂപമാണ് എന്നുകുറിച്ചു. ആ വഴിയ്ക്കു ഭാരതത്തിലെ ഭാഷകളിലെല്ലാം തന്നെ ഏഴുപേരെയും കുറിച്ചു ഒട്ടുവളരെ വ്യാഖ്യാനങ്ങളുണ്ട്. ഇന്നും ആ മുതല്‍ക്കൂട്ടു വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇനിയും വളരാന്‍ സ്‌കോപ്പുണ്ടുതാനും.

ഇവിടെ രണ്ടു വസ്തുതകള്‍ നമ്മുടെ ശ്രദ്ധയില്‍ പെടുന്നു. രണ്ടിന്റെ പിന്നിലും യുക്തിയുണ്ട്. ഒന്ന് ചിരംജീവിത്വം, ഉദ്ദേശിച്ച മര്‍ത്ത്യന്റെ ശരീരത്തെ സംബന്ധിച്ചല്ല. ശരീരത്തെമറികടന്ന് ഓര്‍ത്തുവെക്കേണ്ടതായ വ്യക്തിത്വത്തെക്കുറിച്ചാണ്. ശീര്‍ണ്ണം (തകരുന്നത്) ചെയ്യുന്നതേതോ, അതാണ് ശരീരം എന്ന പദവ്യുല്‍പത്തി ഇവിടെ അംഗീകരിക്കപ്പെടുന്നു. രണ്ട്: ആ വ്യക്തിത്വം എടുത്തു കാണിക്കുന്നത് ആ ജീവിതത്തില്‍ മുഴച്ചുനില്‍ക്കുന്ന സല്‍ഗുണത്തെയോ ദുര്‍ഗുണത്തെയോ ആണ്. ഇവിടെ മഹാകവി കാളിദാസന്‍ പറഞ്ഞ വരി കൂടുതല്‍ അന്വര്‍ത്ഥമാകുന്നു – ‘കിമപ്യഹിംസ്യസ്തവചേന്മതോങ്കഹം, യശ: ശരീരോ ഭവമേ ദയാലു: (രഘുവംശം – 2-ാം സര്‍ഗ്ഗം) – ‘ഞാന്‍ അഹിംസ്യനാണ് എന്നു താങ്കള്‍ക്കു തോന്നുന്നെങ്കില്‍ എന്റെ യശ:ശരീരത്തിന്റെ നേര്‍ക്കു ദയവുകാണിച്ചാല്‍ മതി’ – മാംസശരീരം നശിക്കുമ്പോള്‍ യശ:ശരീരം നശിക്കുന്നില്ലെന്നര്‍ത്ഥം. ശരിയായ ചിരംജീവിതത്തിന്റെ പൊരുള്‍ ഇതാണ്.

എന്നാല്‍ ഇവിടെയും ഒരു കുരുക്കനുഭവപ്പെടുന്നു. മേല്‍പറഞ്ഞ ഏഴുപേരുടെ ഗുണങ്ങള്‍ക്കു മാത്രമാണോ ചിരംജീവിത്വമുള്ളത്. ശ്രീകൃഷ്ണന്‍ ശ്രീമദ് ഭഗവദ്ഗീതയില്‍ 26 സല്‍ഗുണങ്ങളേയും അതിലേറെ ദുര്‍ഗുണങ്ങളേയും കുറിച്ച് പറഞ്ഞിട്ടുണ്ട്. ”ദൈവാസുര സമ്പദ് വിഭാഗയോഗമെന്നപേരില്‍ ഒരദ്ധ്യായം തന്നെ നീക്കി വെച്ചിട്ടുണ്ട്. ദാനത്തിന്റെ പേരില്‍ ബലിയേയും ഈര്‍ഷ്യയുടെ പേരില്‍ അശ്വത്ഥാമാവിനേയും ചിരംജീവികളാക്കാമെങ്കില്‍ കൃഷ്‌ണോക്തഗുണങ്ങളുടെ പേരില്‍ ആ നാള്‍വഴിയില്‍ സ്ഥാനം പിടിക്കാന്‍ എത്രയോ പേരില്ലേ? ലിസ്റ്റ് ഏഴുപേരുടേതാക്കി ചുരുക്കുന്നതിലെന്തു യുക്തി? എന്തുകൊണ്ട് ശിബി, ഹരിശ്ചന്ദ്രന്‍, വസിഷ്ഠന്‍, നാരദന്‍, അഹല്യ, മന്ഥര മുതലായവര്‍ ചിരം ജീവികളല്ല? ഇവിടെയാണ് കുരുക്ക്.

ചിന്തിച്ചു നോക്കുമ്പോള്‍ എനിക്കൊരു ഉത്തരം തോന്നുന്നു. അതിന്റെ ശരിതെറ്റ് വായനക്കാര്‍ നിശ്ചയിക്കട്ടെ. ശ്ലോകത്തില്‍ പറയപ്പെട്ട ഏഴുപേരും അവരെ ചുറ്റിപ്പറ്റിയുള്ള കഥയിലെ പ്രധാനകഥാപാത്രങ്ങളാണ്. അതതുകഥയിലെ മറ്റു കഥാപാത്രങ്ങളുടെയെല്ലാം ജീവിതാന്ത്യം അതിലുള്ളപ്പോള്‍ ഇപ്പറഞ്ഞ പ്രധാനികളുടെ മാത്രമില്ല; ജീവിതാന്ത്യത്തെക്കുറിച്ചു അനിശ്ചിതത്വം തുടരുന്നു. വേദര്‍ഷികള്‍ പറഞ്ഞ പുരുഷായുസ്സ് അതിക്രമിച്ചെങ്കിലും മരിച്ചു എന്നു കൃത്യമായി പറയാന്‍ കഴിയുന്നില്ല. അപ്പോള്‍ തലമുറതലമുറയായി ഏറ്റുപോന്ന സല്‍സംസ്‌കാരത്തിന്റെ വെളിച്ചത്തില്‍ മരിച്ചു എന്നു പറയാന്‍ മടിച്ചു ചിരംജീവിയെന്നു പറഞ്ഞു. അത്രതന്നെ.

വിവരിക്കട്ടെ. ഏഴുപേരില്‍ ഏറ്റവും മുമ്പില്‍ ബലിയാണ്. ദാനമെന്ന ഗുണത്തിന്റെ പേരില്‍ അദ്ദേഹം ചിരംജീവിതന്നെ. സംശയമില്ല. എന്നാല്‍ വിഷ്ണുവിന്റെ അവതാരകഥകളില്‍ വാമനന്‍ ഒഴികെ മറ്റെല്ലാ അവതാരങ്ങളും ദുഷ്‌കൃതികളെ നശിപ്പിക്കുകയാണുണ്ടായത്. വാമനന്‍ മാത്രമാണ്. ബലിയെ കൊല്ലാതെ അന്യത്ര നാടുകടത്തിയത്. (കല്‍കിയുടെ കാര്യം പറയാറായിട്ടില്ല) പിന്നീടുപ്രവേശിക്കുന്നത് പരശുരാമനാണ്. അദ്ദേഹമോ സ്വയം അവതാരം തന്നെ. വാമനന്‍ രൂപം മാറിവന്ന് ദേവേന്ദ്രനെ സഹായിച്ചു തിരിച്ചു വിഷ്ണുലോകം പൂകിയെന്നു പറയുന്നു. ശ്രീരാമന്‍ സരയൂനദിയിലിറങ്ങി ജലസമാധി ചെയ്തതായറിയുന്നു. ശ്രീകൃഷ്ണന്‍ വ്യാധന്റെ അമ്പേറ്റ് പ്രാണന്‍ ത്യജിച്ചതായും പറയുന്നു. ശ്രീബുദ്ധന്റെ മഹാനിര്‍വാണം ചരിത്രസംഭവവുമത്രെ. ഇവരിലൊന്നിലും പെടാതെ പരശുരാമന്‍ നില്‍ക്കുന്നു. ഇരുപത്തൊന്നു തവണ ക്ഷത്രിയനാശം ചെയ്തും അദ്ദേഹം സ്വധാമത്തില്‍ തിരിച്ചെത്തുന്നില്ല. മഹേന്ദ്രഗിരിയില്‍ തപസ്സിലേര്‍പ്പെടുന്നു. മാത്രമല്ല, രാമായണത്തില്‍, സീതാസമേതനായി അയോദ്ധ്യയിലേക്ക് വരുന്ന രാമനെ തടയാന്‍ ക്രുദ്ധനായി പാഞ്ഞെത്തുന്നു, ശാന്തനായി തിരിച്ചുപോവുകയും ചെയ്യുന്നു. മഹാഭാരതത്തില്‍, ഭീഷ്മരുടേയും ദ്രോണരുടേയും ഗുരുവായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഘോരമഹായുദ്ധത്തില്‍ ശിഷ്യന്മാര്‍ രണ്ടുപേരും നിലംപതിച്ചെങ്കിലും ഗുരുകഥയ്ക്കപ്പുറം മറയുന്നു. കാലാന്തരത്തില്‍ നിര്യാതനായോ ഇല്ലയോ എന്നു അജ്ഞാതം. അദ്ദേഹവും ‘നീണാള്‍ വാഴട്ടെ’ നാള്‍ വഴിയില്‍! മൂന്നാം ഘട്ടത്തില്‍, രാമായണത്തില്‍ വന്നുപെടുന്നവരാണ് ഹനുമാനും വിഭീഷണനും. വിഭീഷണന്‍ ലങ്കാധിപതിയായെങ്കില്‍ ഹനുമാന്‍ ശ്രീരാമദാസനായി. ഈ രണ്ടുപേരൊഴികെയുള്ള മറ്റെല്ലാവരുടെയും കഥകഴിയുന്നതായി വാല്മീകി രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ രൂപം പൂണ്ട ദേവ ഗന്ധര്‍വാദികളും മൂലസ്ഥാനങ്ങളിലെത്തിയെന്നു പറയുന്നുണ്ട്. ജീവിതാന്ത്യം കാണാതെ ശേഷിച്ചവര്‍ ഹനുമാനും വിഭീഷണനും മാത്രം. അതുകൊണ്ട് ചിരംജീവികള്‍! തൊട്ടുപിന്നിലുണ്ട്. മഹാഭാരതത്തിലെ വ്യാസന്‍, കൃപര്‍, അശ്വത്ഥാമാവ്. മഹാഭാരതയുദ്ധത്തില്‍ മരിക്കാതെ ശേഷിച്ചവര്‍ പത്തുപേര്‍ മാത്രമാണ്; കൂടാതെ ശരശ്ശയ്യയില്‍ പതിതനായ ഭീഷ്മരും. പഞ്ചപാണ്ഡവന്മാര്‍, ശ്രീകൃഷ്ണന്‍, സാത്യകി എന്ന യുധിഷ്ഠിരപക്ഷക്കാരും കൃതവര്‍മ്മാവ്, കൃപാചാര്യര്‍, അശ്വത്ഥാമാവ് എന്ന ദുര്യോധനപക്ഷക്കാരും ഭീഷ്മരടക്കം പതിനൊന്നുപേര്‍. ഇവരില്‍ ഭീഷ്മര്‍ ഉത്തരായണത്തില്‍ സ്വദേഹം ത്യജിച്ചു. പാണ്ഡവന്മാര്‍ ഹിമാലയം താണ്ടി മഹാപ്രസ്ഥാനം ചെയ്തു. സാത്യകിയും കൃതവര്‍മ്മാവ് യാദവ സംഘര്‍ഷത്തില്‍ വധിക്കപ്പെട്ടു. കൃഷ്ണന്‍ വ്യാധശരത്താലും ചിരംശാന്തനായി. അവശേഷിച്ചതു രണ്ടുപേര്‍മാത്രം അശ്വത്ഥാമാവും കൃപാചാര്യരും – ഇവരില്‍ അശ്വത്ഥാമാവിന്റെ കാര്യം സ്പഷ്ടമാണ്, വ്യാസവിവരണത്തിന്റെ ഭാഗം തന്നെയാണ്. ശ്രീകൃഷ്ണന്റെ ശാപമേറ്റ് മാറാവ്യാധിയോടെ ഗതികിട്ടാപ്രേതം പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ടു. അദ്ദേഹമാണ് രോഗബീജങ്ങളുടെ അദൃശ്യരൂപത്തിലുള്ള ചിരംജീവി എന്നു വിശ്വസിക്കപ്പെടുന്നു. യുദ്ധസേനാനികളില്‍ ആകെ ശേഷിക്കുന്നതു കൃപാചാര്യര്‍ മാത്രം. വ്യാസദ്വൈപായനന്‍ അദ്ദേഹത്തെ പിടിവിട്ടു. ‘ഗച്ഛതാത യഥാസുഖം’ എന്നു പറയുംപോലെ വിരാമമിടാതെ വിട്ടു. ഇനിയാകെ ബാക്കി ഭഗവാന്‍ വ്യാസന്‍ മാത്രം. സുദീര്‍ഘായുഷ്മാനായ ആ മഹാതപസ്വി ഏഴുതലമുറകളുടെ ഉത്ഥാനപതനങ്ങള്‍ക്കു സാക്ഷിയായി – ശാന്തനു, ഭീഷ്മര്‍, ധൃതരാഷ്ട്രര്‍, ധര്‍മ്മപുത്രര്‍, അഭിമന്യു, പരീക്ഷിത്ത്, ജനമേജയന്‍. ഇത്രകാലം ജീവിക്കാനിടയായ വ്യാസന്റെ അന്ത്യത്തെക്കുറിച്ചു പിന്നീടാരും തന്നെ ഒന്നും പറഞ്ഞിട്ടില്ല. മാത്രമല്ല പോകപ്പോകെ അത് ഒരു പരമ്പരയുടെ പേരായി. പലപലനൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട പുരാണങ്ങളുടെ കര്‍തൃത്വം അദ്ദേഹത്തില്‍ നിവേദിക്കപ്പെട്ടു. അങ്ങനെ വ്യാസനും ചിരംജീവിയായി.

ചുരുക്കത്തില്‍, ആവര്‍ത്തിക്കട്ടെ, ജീവിതാവസാനം കുറിക്കപ്പെടാത്ത സുപ്രധാനകഥാപത്രങ്ങള്‍ ചിരംജീവികളായി. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ചിരംജീവികളായ അവരെ അമരന്മാരായി വിശേഷിപ്പിക്കാറില്ല – ”മരണം പ്രകൃതി: ശരീരിണാം (രഘു: 8-87) എന്നാണ് കാളിദാസന്‍ പറഞ്ഞിരിക്കുന്നത് – ആ പ്രകൃതിയെ ലംഘിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. സാക്ഷാല്‍ ഭഗവാന്‍ തന്നെ ഭൂമിയില്‍ ശരീരിയായവതരിച്ചാല്‍ ശരീരപ്രകൃതി പ്രകാരം മരിച്ചേ മതിയാകൂ. അതുകൊണ്ട് ശാരീരികമായി ചിരംജീവി, കാനല്‍വെള്ളത്തില്‍ കുളിച്ചു ആകാശകുസുമങ്ങള്‍ ശേഖരിച്ചു മുയല്‍ക്കൊമ്പുകൊണ്ടുണ്ടാക്കിയ വില്ലേന്തി നടക്കുന്ന, മച്ചിയുടെ മകനാണ്. പ്രായോഗിക ജീവിതത്തിലെ ഒരു ദൃഷ്ടാന്തം ഓര്‍മ്മവരുന്നു. നമ്മുടെ ഈ ആയുസ്സില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ പല മഹാന്മാര്‍ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ബാബുരാജേന്ദ്ര പ്രസാദ്, മദന്‍മോഹന്‍ മാളവ്യ, ഡോ.ഹെഡ്‌ഗേവാര്‍ മുതലായവര്‍ – ജീവിച്ചുപോന്നതും എല്ലാവരേയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് വിട പറഞ്ഞതും നമുക്കനുഭവമാണ്. എന്നാല്‍ ഇതേ ശ്രേണിയില്‍ പെട്ട നേതാജി സുഭാഷ് ചന്ദ്രബോസ് വിടപറഞ്ഞസ്തമിച്ച അനുഭവം ആര്‍ക്കുമില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ശ്രദ്ധാന്വിതയായ ജനത ചിരംജീവത്വം പ്രദാനം ചെയ്തു. അതിനെ ചൊല്ലി പലപല കഥകളും മെനഞ്ഞു. 1897ല്‍ ജനിച്ച അദ്ദേഹത്തിന് ഇപ്പോള്‍ 124 വയസ്സു തികയുമായിരുന്നു. എന്നാലിന്നും അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നു ചിന്തിക്കുന്നവരുണ്ട്. അവരെ സംബന്ധിച്ച് ആ വിശ്വാസം അടിയുറച്ചതാണ്. അവര്‍ക്ക് നേതാജി ചിരംജീവി തന്നെ.

Share37TweetSendShare

Related Posts

യുഗപുരുഷനായ ശ്രീനാരായണഗുരു

ഭാരതത്തെ ഭയക്കുന്നതാര്?

ഗണപതി എന്ന മഹാസത്യം

അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)

മുസഫര്‍നഗറിലെ യാഥാര്‍ത്ഥ്യം

മല്ലികാ സാരാഭായിയുടെ  വിഘടനവാദരാഷ്ട്രീയം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies