അകാലത്തില്‍ ഭാര്യ മരിച്ചു പോയ ഒരാളുടെ ഏകാന്തതയും ദുഃഖവും ആവിഷ്‌കരിച്ചിരിക്കുന്ന എത്രയോ കഥകളും സിനിമകളും നമ്മള്‍ ആസ്വദിച്ചിരിക്കുന്നു. എന്നാല്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ ‘മൂന്നാമതൊരാള്‍’ എന്ന കഥ നമ്മളിലുണ്ടാക്കുന്ന ശ്വാസം മുട്ടലും ഗദ്ഗദവും വിവരിക്കാന്‍ തന്നെ പ്രയാസം. ഒരേ ഇതിവൃത്തങ്ങള്‍ തന്നെ പലര്‍ കൈകാര്യം ചെയ്യുമ്പോള്‍ പല മാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഖസാക്കിന്റെ ഇതിഹാസത്തില്‍ വിജയന്‍ പറഞ്ഞ സംഗതികള്‍ ആയിരത്തിതൊള്ളായിരത്തി ഇരുപതുകളില്‍ യൂറോപ്യന്‍ എഴുത്തുകാര്‍ പറഞ്ഞ സംഗതികള്‍ തന്നെയാണ്. ഇതിവൃത്തത്തിന് പുതുമയൊന്നുമില്ല. എന്നാല്‍ ആവിഷ്‌ക്കാരത്തില്‍ വിജയന്‍ ഉപയോഗിച്ച ഭാഷയും പാലക്കാടന്‍ രീതികളും പുരാവൃത്തങ്ങളും ഒക്കെ പുതുമയുണ്ടാക്കുന്നതായി വായനക്കാര്‍ക്കു തോന്നി. സര്‍വോപരി മനുഷ്യ ലൈംഗികതയുടെ അപൂര്‍വ്വഭാവങ്ങളും വായനക്കാരെ ഹരം കൊള്ളിച്ചു. അതൊക്കെ ചെറിയ സൂചനകളിലൊതുക്കി ‘വള്‍ഗര്‍’ ആക്കാതെ ആവിഷ്‌കരിക്കാന്‍ വിജയനു കഴിഞ്ഞു.
ആവിഷ്‌കാരവും ഇതിവൃത്തവും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്. രണ്ടും വ്യവച്ഛേദിച്ചു പറയാന്‍ ആകാത്തവിധം പരസ്പരം ചേര്‍ന്നു നില്‍ക്കുന്നവയുമാണ്. പലപ്പോഴും ആവിഷ്‌കാരത്തെ നിര്‍ണയിക്കുന്നത് ഇതിവൃത്തം തന്നെയാണ്. രണ്ടാമൂഴത്തില്‍ എം.ടി ഉപയോഗിച്ച ഭാഷാ രീതിയല്ല കാലം, മഞ്ഞ്, നാലുകെട്ട് എന്നിവയിലൊക്കെ ഉപയോഗിച്ചത്. രണ്ടാമൂഴത്തിന്റെ പൗരാണികമായ ഇതിവൃത്തമാണ് അവിടെ ആവിഷ്‌കാരത്തെ നിര്‍ണയിച്ചത്.
ആവിഷ്‌കാരം എന്നത് ഭാഷയുടെ മാത്രം പ്രശ്‌നമല്ല. സങ്കീര്‍ണ്ണമായ അനേകം ഘടകങ്ങള്‍ ചേര്‍ന്നതാണ് ആവിഷ്‌കാരം. ഏതു പുരുഷനില്‍ (person) കഥപറയണം, ഫ്‌ളാഷ് ബാക്ക് തുടങ്ങിയ സങ്കേതങ്ങള്‍ അങ്ങനെയങ്ങനെ ഒട്ടനവധി ടെക്‌നിക്കുകള്‍ ആവിഷ്‌കാരത്തിന്റെ ഘടകങ്ങളാണ്. സുകുമാരക്കുറുപ്പിന്റെ കഥ അടൂര്‍ഗോപാലകൃഷ്ണനും (പിന്നെയും) ശ്രീനാഥ് രാജേന്ദ്രനും പറഞ്ഞു. ശ്രീനാഥ് രാജേന്ദ്രന്റെ ചലച്ചിത്രം (കുറുപ്പ്) ഒരു മൂന്നാംകിട കച്ചവട സിനിമയായി തരംതാണപ്പോള്‍ അടൂരിന്റെ ചിത്രം നമ്മളെ ആഹ്ലാദിപ്പിക്കുന്നു. (എന്നാല്‍ അതില്‍ അദ്ദേഹം ഉപയോഗിച്ച സര്‍റിയലിസ്റ്റ് ക്ലൈമാക്‌സ് നമ്മളില്‍ മടുപ്പും ഉണ്ടാക്കി). ജീവിതത്തിന്റെ ക്ഷണികതയും മരണവും ഇതിവൃത്തമാക്കി ആയിരക്കണക്കിനു കൃതികള്‍ ലോകഭാഷകളിലുണ്ടായി. എന്നാല്‍ ടോള്‍സ്റ്റോയിയുടെ ‘ഇവാന്‍ ഇലിച്ചിന്റെ മരണം’ ഏണസ്റ്റ് ഹെമിങ്‌വേയുടെ ‘സ്‌നോസ് ഓഫ് കിളിമഞ്ജരോ’ (snows of kilimanjaro),-, ജാപ്പനീസ് എഴുത്തുകാരനായ യൂക്കിയോ മിഷിമയുടെ ഡെത്ത് ഇന്‍ മിഡ് സമ്മര്‍ ((Death in Mid summer) എന്നിവയൊക്കെ അവയുടെ ആവിഷ്‌കാര മഹിമകൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്നു. മലയാളത്തില്‍ കെ.സി. കേശവപിള്ളയുടെ ആസന്നമരണ ചിന്താശതകം പോലുള്ള കൃതികള്‍ മരണത്തെത്തന്നെയാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ആവിഷ്‌കാരത്തില്‍ പുതിയ സങ്കേതങ്ങളൊന്നും പ്രയോഗിക്കാത്തതിനാല്‍ മേല്‍പ്പറഞ്ഞവയുടെ ഔന്നത്യം ഈ കൃതിയ്ക്കില്ല.
ആവിഷ്‌കാരം, ഉള്ളടക്കം എന്നിവയുടെ വിചാരത്തിലേയ്ക്കു കടക്കാന്‍ കാരണം കെ.സി. അജയകുമാര്‍ എന്ന മഹാനായ എഴുത്തുകാരന്റെ രവീന്ദ്രനാഥം എന്ന ബൃഹദ് നോവലാണ്. വലിയ ഹിന്ദി പണ്ഡിതന്‍ കൂടിയായ അജയകുമാര്‍ രണ്ടു ഡസനോളം പരിഭാഷകള്‍ ഹിന്ദിയില്‍ നിന്നു മലയാളത്തിലേയ്ക്കും മലയാളത്തില്‍ നിന്നു ഹിന്ദിയിലേയ്ക്കുമായി നടത്തിക്കഴിഞ്ഞിരിക്കുന്നു. പ്രശസ്തനായ എഴുത്തുകാരനാണ് എങ്കിലും കേരളത്തിലെ പുകാസ എഴുത്തുകാരുടെ കൂട്ടത്തില്‍ പെടാത്തതിനാല്‍ അംഗീകാരങ്ങള്‍ വേണ്ടത്ര ലഭിച്ചിട്ടില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്.
കെ.സി. അജയകുമാറിന്റെ രണ്ടു കൃതികളാണ് ഞാന്‍ വായിച്ചിട്ടുള്ളത്. ഒന്ന് കാളിദാസന്‍ എന്ന നോവലാണ്. കാളിദാസന്റെ ജീവിതകഥ പരാമര്‍ശിച്ചു മലയാളത്തില്‍ രണ്ടുകൃതികളെ ഞാന്‍ കണ്ടിട്ടുള്ളു. ഒന്ന് ഉജ്ജയിനി എന്ന കാവ്യവും പിന്നെ കെ.സി. അജയകുമാറിന്റെ നോവലും. ധാരാളം കൃതികളില്‍ കാളിദാസന്റെ ജീവിതം പരാമര്‍ശിച്ചു കണ്ടിട്ടുണ്ടെങ്കിലും നോവലോ ഖണ്ഡകാവ്യമോ വേറെ കണ്ടിട്ടുള്ളതായി ഓര്‍മ വരുന്നില്ല.
‘ഉജ്ജയിനി’ ധാരാളം ചര്‍ച്ച ചെയ്യപ്പെട്ടതാകയാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. കെ.സി. അജയകുമാറിന്റെ കാളിദാസന്‍ വലിയ ചര്‍ച്ചകള്‍ ഉണ്ടാകേണ്ടിയിരുന്ന കൃതിയാണ്. ക്രൂരവും ബോധപൂര്‍വ്വവുമായ തമസ്‌കരണം ആ കൃതിയ്ക്കുണ്ടായി. ഉള്ളടക്കത്തില്‍തന്നെ വിവാദം ഉണ്ടാകേണ്ടിയിരുന്ന ആ കൃതിയെ ആരും ശ്രദ്ധിച്ചില്ല. അത്തരത്തില്‍ മെച്ചപ്പെട്ട എത്രയോ കൃതികള്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു. മലയാളത്തില്‍ ആശാന്‍ പറഞ്ഞതുപോലെ ‘എത്ര പെരുമാക്കള്‍ ശങ്കരാചാര്യന്മാരെത്ര തുഞ്ചന്‍ കുഞ്ചന്മാരും…’ പുതുകാലത്തില്‍ സാഹിത്യ കോക്കസുകളും രാഷ്ട്രീയവും മതപ്രീണനവും കൊണ്ട് പൊതുധാരയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. അത്തരത്തില്‍ ആട്ടിപ്പുറത്താക്കപ്പെട്ടതാണ് കെ.സിയുടെ കാളിദാസനും. നോവലില്‍ ഒടുവില്‍ കാളിദാസന്‍ പൊതുജനങ്ങളാല്‍ ആക്രമിക്കപ്പെടുകയാണ്. അദ്ദേഹത്തിന്റെ ഭവനം ഉപജാപകര്‍ തീയിട്ടു നശിപ്പിക്കുകയും കൂട്ടത്തില്‍ കവി വെന്തു മരിക്കുകയും ചെയ്യുന്നു. ഈ പര്യവസാനത്തിന് ചരിത്രപരമായി തെളിവുകള്‍ നിരത്താന്‍ നോവലിസ്റ്റിനോട് ആവശ്യപ്പെടുന്ന രീതിയിലുള്ള ഖണ്ഡന വിമര്‍ശനമെങ്കിലും ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ഒന്നുമുണ്ടായില്ല. അവഗണിക്കുകയായിരുന്നു ഏറ്റവും വലിയ തന്ത്രം. ഈ ലേഖകനും അങ്ങനെയൊരു സംശയമുണ്ടായി. തീര്‍ച്ചയായും ഉത്തരേന്ത്യന്‍ സാഹിത്യത്തില്‍ വലിയ അവഗാഹമുള്ള നോവലിസ്റ്റിന് നോവലിന്റെ അവസാനഭാഗത്തെ സാധൂകരിക്കാന്‍ പോന്ന വസ്തുതകള്‍ കൈവശമുണ്ടാകും. അതു സഹൃദയ സമക്ഷം അവതരിപ്പിക്കാന്‍ ഈ പരാമര്‍ശം സഹായകമാകുമെങ്കില്‍ അദ്ദേഹം തുടര്‍ലക്കങ്ങളില്‍ ആ തെളിവുകള്‍ നിരത്തട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.
ടാഗൂറിന്റെ പ്രതിഭയെക്കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്നു തോന്നുന്നില്ല. നോബേല്‍ സമ്മാനം ലഭിച്ചു എന്നതു കൊണ്ടു മാത്രമല്ല എത്രയോ മഹത്തായ ചെറുകഥകളും നോവലുകളുമൊക്കെ ആ മഹത്തായ തൂലികയില്‍ നിന്നും ഉതിര്‍ന്നു വീണിരിക്കുന്നു. ഇന്ത്യന്‍ എഴുത്തുകാരെ പൊതുവെ അവഗണിക്കുന്ന മലയാളികള്‍ ബംഗാളിസാഹിത്യത്തെ വലിയ ആദരവോടെ കാണാറുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണം മൂലം ഇന്ത്യയിലെ ഏറ്റവും ദരിദ്രസംസ്ഥാനമായി മാറിപ്പോയെങ്കിലും അവരുടെ സാഹിത്യം ലോകോത്തരം തന്നെ, പ്രത്യേകിച്ചും ഗദ്യസാഹിത്യം. താരാശങ്കര്‍ ബാനര്‍ജിയ്ക്കും ബിമല്‍മിത്രയ്ക്കും ബങ്കിംചന്ദ്ര ചാറ്റര്‍ജിക്കുമൊക്കെ ഒപ്പം നില്‍ക്കാവുന്ന എഴുത്തുകാര്‍ മലയാളത്തിലുണ്ടോ എന്ന കാര്യം സംശയംതന്നെ.
ബംഗാളി സാഹിത്യത്തെക്കുറിച്ച് നമുക്ക് വലിയ മതിപ്പായിരുന്നെങ്കിലും ടാഗൂറിന്റെ ആന്തരികവും ബാഹ്യവുമായ ജീവിതത്തെക്കുറിച്ച് സര്‍ഗാത്മകതലത്തില്‍ മലയാളികള്‍ അന്വേഷിച്ചിട്ടുള്ളതായി തോന്നുന്നില്ല. ചില പരുക്കന്‍ ജീവചരിത്രങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ അതൊന്നും ടാഗൂര്‍ എന്ന മഹാപ്രതിഭയെ അടുത്തറിയാന്‍ സഹായിച്ചിട്ടുള്ളവയല്ല. പി. കുഞ്ഞിരാമന്‍ നായര്‍ ഉള്ളൂരിന്റെ ജീവിതത്തെ അവതരിപ്പിച്ചപോലെ (അക്ഷയദീപം) പെരുമ്പടവം ദസ്തയോവ്‌സ്‌കിയെ അവതരിപ്പിച്ച പോലെ (ഒരു സങ്കീര്‍ത്തനം പോലെ), സി.രാധാകൃഷ്ണന്‍ (തീക്കടല്‍ കടഞ്ഞ് തിരുമധുരം) തുഞ്ചത്താചാര്യന്റെ ജീവിതകഥ പകര്‍ന്നു തന്നതുപോലെ സര്‍ഗ്ഗാത്മകമായി ടാഗൂറിന്റെ ജീവിതത്തെ നോക്കിക്കാണാന്‍ ഇതിനു മുന്‍പ് മലയാളികളാരും ശ്രമിച്ചിട്ടില്ല.
634 പേജൂള്ള ഒരു ബൃഹദ് കൃതിയിലൂടെ ടാഗൂറെന്ന മഹാശയനെ തന്നാലാവും വിധം കാവ്യാത്മകമായിത്തന്നെ പരിചയപ്പെടുത്താന്‍ അജയകുമാര്‍ ശ്രമിച്ചിരിക്കുന്നു. നിരന്തര പഠനവും തപസ്യയും ആവശ്യമുള്ള ഒന്നാണ് ഒരാളുടെ ജീവചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നോവല്‍ രചന. യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നും അധികം അകലം പാലിക്കാന്‍ നോവലിസ്റ്റിന് സ്വാതന്ത്ര്യമില്ല. എന്നാല്‍ ആ വസ്തുതകളെ ഒരു ജീവചരിത്രകൃതിയിലെന്നവണ്ണം യാന്ത്രികമായി അവതരിപ്പിച്ചാല്‍ അതു വായനക്കാരനെ അകറ്റും. അവിടെ പ്രതിഭയും വായിച്ചറിവും സമന്വയിക്കണം. ടാഗൂറിന്റെ പ്രതിഭ അത്യുന്നത നിലയെ പ്രാപിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ചെറുകഥകളിലാണെന്നാണ് ഈ ലേഖകന് തോന്നിയിട്ടുള്ളത്. ഗീതാഞ്ജലിയെക്കാള്‍ മഹത്വം ആ ചെറുകഥകള്‍ക്കുണ്ടെന്ന് അവയിലൂടെ കടന്നുപോകുന്ന ഏതു വായനക്കാരനും തിരിച്ചറിയാനാവും.
ആ തിരിച്ചറിവ് ഈ നോവലിസ്റ്റിനുമുണ്ട്. അദ്ദേഹം ഗീതാഞ്ജലിയെ മാത്രം ചുറ്റിപ്പറ്റുന്നില്ല. ടാഗൂറിന്റെ (ഠാക്കൂര്‍ ആണ് യഥാര്‍ത്ഥ ഉച്ചാരണം) ജീവിതത്തെ വിമര്‍ശനപരമായി സമീപിക്കാന്‍ തന്നെയാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ എന്തുകൊണ്ട് ടാഗൂര്‍ പങ്കെടുത്തില്ല എന്ന മുനകൂര്‍ത്ത ചോദ്യവും (പേജ് 413) ജോര്‍ജ് ആറാമനെ പുകഴ്ത്തി എഴുതിയ ജനഗണമനയെക്കുറിച്ചുള്ള അറിവും നോവലിസ്റ്റ് പങ്കുവയ്ക്കുന്നുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ ടാഗൂറിനെക്കുറിച്ച് പലരും ഉന്നയിച്ചിട്ടുള്ളതാണ്. അതൊന്നും ആ മഹാസാഹിത്യകാരന്റെ വില കുറച്ചു കാണാന്‍ കാരണമാകുന്നില്ല. ഒരു വലിയ വ്യവസായ കുടുംബത്തിലെ അംഗവും ജമീന്ദാരും ഒക്കെയായിരുന്ന മഹാകവിക്കു ബ്രിട്ടീഷുകാരെ പിണക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരുന്നില്ല. ബംഗാള്‍ വിഭജനത്തിനെതിരായ സമരത്തില്‍ ശക്തമായി പങ്കെടുത്ത ടാഗൂര്‍ പിന്നീടുണ്ടായ ഭരണകൂട ഇടപെടലുകളില്‍ ഭയന്ന് സ്വാതന്ത്ര്യസമരത്തില്‍ നിന്നുപിന്‍വാങ്ങുകയായിരുന്നു. തന്റെ വഴി മറ്റൊന്നാണെന്ന് അദ്ദേഹം തീരുമാനിച്ചു. മഹാകവിയോടു പൊറുക്കാം. അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെ മാത്രം വിലയിരുത്താം. രവീന്ദ്രനാഥം പോലുള്ള ഒരു നോവല്‍ കൈരളിക്കു സമ്മാനിച്ച കെ.സി. അജയകുമാറിനെ അഭിനന്ദിക്കാം. കെ.സിയുടെ കൃതികള്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടട്ടെ എന്ന് ആശംസിക്കാം.