മാതൃഭൂമി (ഡിസം.5)യില്‍ കണിമോള്‍ എഴുതിയിരിക്കുന്ന കവിത ‘അന്യോന്യം’ മോശം കവിതയാണ്. തലവാചകത്തോട് കവിതയുടെ ഉള്ളടക്കം നീതി പുലര്‍ത്തുന്നില്ല. കവിതയുടെ ആദ്യ പകുതി കടല്‍ക്കരയിലാണെങ്കില്‍ അടുത്ത പകുതി കാട്ടുവഴിയിലാണ്. ”ഒരിക്കല്‍ ഏകാകികളുടെ ഒരു സംഘം കടല്‍ കാണാന്‍ പോയി” എന്നാരംഭിക്കുന്ന വരികള്‍ തന്നെ നമ്മളെ വിഷമിപ്പിക്കുന്നു. സംഘം ചേര്‍ന്നപ്പോള്‍ തന്നെ അവരുടെ ‘ഏകാകിത്വം’ നശിച്ചു പോയില്ലേ! ‘അന്യോന്യം’ എന്നു പറഞ്ഞാല്‍ പരസ്പരം എന്നല്ലേ അര്‍ത്ഥം. അവിടെ രണ്ടു പേര്‍ക്കല്ലേ സാധ്യതയുള്ളൂ. ഒരുകൂട്ടം ആളുകള്‍ കൂകി വിളിച്ചു ടൂര്‍ പോകുകയാണത്രേ! അവരൊക്കെ ഏകാകികളുമാണ്. അതിന് അന്യോന്യം എന്ന തലക്കെട്ട് എന്തിനാണ്. ‘കടലിന്റെ വിരഹസിംഫണി’ എന്നൊക്കെ കവി പറയുന്നുണ്ടെങ്കിലും അതിനൊന്നും കവിതയില്‍ ഒരു മുഴക്കവും ഉണ്ടാക്കാന്‍ കഴിയുന്നില്ല.
കവിത ചില വിചാരങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. അതിലൊന്ന് വിരഹം എന്ന മലയാളപദത്തിന്റെ ധ്വനനഭംഗിയെക്കുറിച്ചുള്ള ചിന്തയാണ്. ‘separation’ എന്ന പദത്തിനു മലയാളത്തിലെ വിരഹത്തിന്റെ അര്‍ത്ഥഭംഗിയെ ഉള്‍ക്കൊള്ളാനാവില്ല. അത് ഭാഷകളുടെ പരിമിതിയാണ്. സന്തോഷം എന്ന അര്‍ത്ഥം കിട്ടുന്ന ഏകദേശം 20ലധികം വാക്കുകള്‍ ഇംഗ്ലീഷിലുണ്ട്. Pleasure, happiness, cheerfulness, delight, ecstasy. merriment, glee, joviality, gaiety അങ്ങനെയങ്ങനെ. എന്നാല്‍ ഈ വാക്കുകള്‍ക്കൊന്നും ആനന്ദം എന്ന പദത്തിന്റെ ഭാവഭംഗി ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലെന്ന് വിവേകാനന്ദനോ മറ്റോ പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട്. തിരിച്ചും ഇത്തരം പരിമിതികള്‍ മലയാളത്തിലുമുണ്ട്. വിരഹം എന്ന മലയാള പദത്തെ സിംഫണി എന്ന ആംഗലേയ പദവുമായി കൂട്ടിച്ചേര്‍ത്ത് ഒരു പുതിയ സമസ്തപദം സൃഷ്ടിച്ച കവി കര്‍മ്മം അഭിനന്ദിക്കത്തക്കതാണ്. അത്തരം ക്രാഫ്റ്റുകള്‍ ഇതിനുമുന്‍പും പല കവികളും പരീക്ഷിച്ചവതന്നെ.
മോഹനകൃഷ്ണന്‍ കാലടിയുടെ കവിത റൈസ് ഫ്‌ളേക്‌സ് (മാതൃഭൂമി) വായിച്ചപ്പോള്‍ കണിമോളുടെ ചെയ്തിയെ അഭിനന്ദിച്ചതില്‍ കുറ്റബോധം തോന്നി. കാരണം മോഹനകൃഷ്ണന്‍ ഇംഗ്ലീഷിനെ സ്ഥാനത്തും അസ്ഥാനത്തും കുത്തിക്കയറ്റുന്നതിനെ കളിയാക്കുന്നു. റൈസ് ഫ്‌ളേക്‌സ് എന്ന് പുതുതലമുറ പറയുന്നത് നമ്മുടെ പഴയകാലത്തെ അവില്‍ ആണെന്ന് എല്ലാവരും തിരിച്ചറിയുമോ എന്തോ? കവിതയില്‍ എല്ലായിടത്തും പുതുതലമുറയുടെ ഇംഗ്ലീഷില്‍ കുതിര്‍ന്ന വര്‍ത്തമാനമാണ്. ‘സാറിന്റെ ‘വൈഫ്’ കൊടുത്തയച്ച ‘റൈസ് ഫ്‌ളേക്‌സ്’ മുഴുവന്‍ ‘ഫ്രണ്ട’റിയാതെ നിന്റെ ‘ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ്’ മുത്തച്ഛന്‍ ഒറ്റക്ക് അടിച്ചു തീര്‍ത്തു’! അങ്ങനെ തുച്ഛം മലയാളപദങ്ങളെ ആ സംഭാഷണത്തിലുള്ളൂ. പക്ഷെ കവിതയുടെ ഒടുവില്‍ രണ്ടുസന്ദേശങ്ങളുണ്ട്.
‘അതൊക്കെ ഓകെ ബ്രോ- ഈ ആന്റിക് റൈസ് ഫ്‌ളേക്‌സ് എവിടെകിട്ടും. അത് നമ്മുടെ ടീച്ചറോട് ചോദിച്ചാല്‍ കിട്ടാനിടയുണ്ട്. അവരും ചിലപ്പോള്‍ ഒരു ബിറ്റ് ആന്റിക് അല്ലേ ബ്രോ’ എന്നിങ്ങനെ കവിത അവസാനിക്കുന്നിടത്ത് ആ സന്ദേശങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അതിലൊന്ന് കവിയ്ക്ക് പഴമയോടുള്ള ആഭിമുഖ്യമാണ്. എല്ലാ കവികളും എല്ലാക്കാലത്തും പഴമയെ സ്‌നേഹിക്കുന്നവരായിരുന്നു. പോയ കാലത്തിന്റെ നന്മയെക്കുറിച്ച് വാഴ്ത്തിപ്പാടുകയും പുതിയകാലത്തെ തിന്മയുടെ മൂര്‍ത്തിമദ്ഭാവമായി ചിത്രീകരിക്കുകയും ചെയ്യുന്നത് കവികളുടെ മാത്രം ഏര്‍പ്പാടല്ല, തലമുറകളുടെ പൊങ്ങച്ചത്തിന്റെ ഭാഗമാണത്. അതില്‍ നിന്നാണല്ലോ ‘ഛഹറ ശ െഴീഹറ’ എന്ന ചൊല്ലുതന്നെയുണ്ടായത്. “Older the fiddle the sweeter the tune’ “a family with an old person has a living treasure of gold. എന്നിങ്ങനെ പഴമയുടെ മഹത്വം സൂചിപ്പിക്കുന്ന ധാരാളം ചൊല്ലുകള്‍ ഇംഗ്ലീഷിലുണ്ട്. മലയാളത്തിലും അതിനു കുറവൊന്നുമില്ല. ‘മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക മുന്‍പേ കയ്ക്കും പിന്നെ മധുരിക്കും’. ‘പഴഞ്ചൊല്ലില്‍ പതിരില്ല’ എന്നീ ചൊല്ലുകള്‍ പഴമയുടെ ശക്തിയെ സൂചിപ്പിക്കുന്നവ തന്നെ.
മനുഷ്യജീവിതം പണ്ടത്തേതിനെക്കാളും എത്രയോ പുരോഗമിച്ചു. പഴയകാലത്ത് നമ്മള്‍ അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങള്‍ ഇന്നത്തേതിനേക്കാള്‍ എത്രയോ നിസ്സാരമായിരുന്നു. അതിനാല്‍ സാമാന്യ മനുഷ്യന് പഴയകാലത്തെ ആദര്‍ശവല്‍ക്കരിക്കാനാകില്ല. എന്നാല്‍ കവികളുടെ സ്ഥിതി അതല്ല. അവര്‍ എന്നും പഴമയില്‍ അടയിരിക്കുന്നു. പഴയതലമുറയും പഴമയ്ക്കു വേണ്ടി വാദിച്ചു കൊണ്ടിരിക്കും. പുതിയതൊക്കെ നിന്ദ്യമെന്ന് അവര്‍ ആവര്‍ത്തിക്കും. ഇത് “generation gap’എന്ന ഫ്രെയ്‌സിനു രൂപം കൊടുത്തു. തലമുറകള്‍ തമ്മിലുള്ള വിടവ് ഒരു കാലത്തും നികത്തപ്പെടാനിടയില്ല. അത് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കും.
കവിത മുന്നോട്ടുവയ്ക്കുന്ന പ്രധാന സന്ദേശം ഇംഗ്ലീഷിന്റെ കടന്നാക്രമണത്തെക്കുറിച്ചുള്ളതാണ്. ‘സ്‌നേക്കിനെ ഞാനൊരു സ്റ്റിക്കെടുത്ത് ഒരു ബ്ലോ വച്ചുകൊടുത്തു’ എന്ന രീതിയില്‍ അസ്ഥാനത്തുള്ള ഇംഗ്ലീഷ് പ്രയോഗം ഭാഷയെ ദുര്‍ബലമാക്കും. സംസ്‌കൃതത്തില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെ പദങ്ങള്‍ സ്വീകരിച്ചതുപോലെ ഇംഗ്ലീഷില്‍ നിന്നും ചില പദങ്ങള്‍ സ്വീകരിക്കുന്നത് ഭാഷയെ വളര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. സാങ്കേതിക പദങ്ങളുടെ കാര്യത്തില്‍ പലതിനും മലയാളത്തില്‍ തത്തുല്യ പദങ്ങളില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഇംഗ്ലീഷ് പദങ്ങളോ അവയുടെ തത്ഭവങ്ങളോ ഉപയോഗിക്കുന്നതു നല്ലതുതന്നെ. എന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും ഇംഗ്ലീഷു പദങ്ങള്‍ കുത്തിക്കയറ്റുന്ന ന്യൂജനറേഷന്‍ രീതി മലയാളത്തെ ബലഹീനമാക്കും.
കെ- റെയില്‍ എന്ന പേരില്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ അടിമുടി തകര്‍ക്കാനിടയുള്ള പദ്ധതിയ്‌ക്കെതിരെ എം. സുചിത്രയും ശ്രീധര്‍ രാധാകൃഷ്ണനും ചേര്‍ന്നെഴുതിയിരിക്കുന്ന ലേഖനം അര്‍ത്ഥവത്താണെന്നു പറയാനാവുന്നില്ലെങ്കിലും അനിവാര്യമായതു തന്നെ. പരിസ്ഥിതി പ്രവര്‍ത്തനം എന്നു പേരിട്ടിരിക്കുന്ന രാജ്യദ്രോഹ പ്രവര്‍ത്തനത്തോട് ഈ ലേഖകനു താല്പര്യമില്ല എന്നിരിക്കിലും കെ-റെയില്‍ നമുക്ക് ആവശ്യമില്ല എന്ന കാര്യത്തില്‍ എതിരഭിപ്രായമേയില്ല. കേരളം പോലെ ജനസാന്ദ്രതയുള്ള ഒരിടത്ത് റെയില്‍വേ വികസനം അനാവശ്യംതന്നെ. നമുക്കു വേണ്ടത് എയര്‍സ്ട്രിപ്പുകളും ചെറുകിട വിമാനയാത്രയുമാണ്. തീരദേശത്ത് ജലപാതയും വികസിപ്പിക്കണം.
പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്ന ന്യായങ്ങളൊന്നുമല്ല പദ്ധതിയെ എതിര്‍ക്കാന്‍ കാരണമായവ. ഇത്രയും കൃഷിഭൂമിയും വീടുകളും നശിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന റെയില്‍വേ പരിഷ്‌കരണം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു സര്‍ക്കാര്‍ ഈ ഭാരിച്ച തുക എങ്ങനെ കണ്ടെത്തും? ഏതെങ്കിലും ഏജന്‍സി പണം നല്‍കാന്‍ തയ്യാറായാല്‍ തന്നെ ലോണ്‍ എങ്ങനെ തിരിച്ചടയ്ക്കും? ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ പെന്‍ഷന്‍കാരുടെ ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക റൊക്കം പണമായി നല്‍കാന്‍ ഈ സര്‍ക്കാരിനായിട്ടില്ല. ഏതു സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലും പെന്‍ഷന്‍കാരെ ഇന്ത്യയില്‍ ഒരു ഗവണ്‍മെന്റും ബുദ്ധിമുട്ടിച്ചില്ല. കേരളത്തില്‍ അതും നടക്കുന്നു. മാധ്യമങ്ങള്‍ ഒളിച്ചുവച്ചിരിക്കുന്നതിനാല്‍ ആരുടേയും ശ്രദ്ധയില്‍ വന്നിട്ടില്ല എന്നേയുള്ളൂ. അത്തരം സാഹചര്യത്തില്‍ ഈ പദ്ധതി എങ്ങനെ നടപ്പാക്കും?നാടിന് ഒരു പ്രയോജനവും ചെയ്യാത്ത ഈ വന്‍കിട പദ്ധതി ഇത്ര സാഹസപ്പെട്ടു നടപ്പാക്കുന്നതെന്തിനാണ്? അതുവഴി കിട്ടുന്ന വന്‍തുക കമ്മീഷനായി അടിച്ചെടുക്കുക എന്നതു മാത്രമാണ് ലക്ഷ്യം. അഴിമതി ഒരു ജീവിത രീതിയായി മാറിക്കഴിഞ്ഞ കേരളത്തില്‍ ഒരു പ്രതികരണ ശേഷിയുമില്ലാത്ത മലയാളി എന്തിനും കീഴടങ്ങുമെന്നതിനാല്‍ എന്തുമാകാമെന്ന് ഭരണക്കാര്‍ വിചാരിക്കുന്നു. കെ-റെയിലിനെ എതിര്‍ത്തു തോല്പിക്കേണ്ടത് മലയാളികളുടെ നിലനില്‍പിന്റെ പ്രശ്‌നമാണ്. ഇപ്പോള്‍ തന്നെ ബംഗാളിന്റെ വഴിയേ നീങ്ങുന്ന കേരളം ദാരിദ്ര്യത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഇനി അധികം നാളുകളില്ല. വിദേശമലയാളികളുടെ സമ്പാദ്യം മാത്രമാണ് കേരളത്തെ ബംഗാളാക്കാത്തത്. എന്‍.ആര്‍.ഐക്കാരുടെ സമ്പാദ്യം എത്തിയിരുന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും ദരിദ്രസംസ്ഥാനം എന്ന ഖ്യാതി എന്നേ കേരളത്തിനു ലഭിക്കുമായിരുന്നു. അതിവേഗത്തില്‍ കേരളം ആ വഴിക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് സാമ്പത്തികശാസ്ത്രം ദാരിദ്ര്യത്തെ മാടിവിളിക്കാന്‍ പര്യാപ്തമായതാണ്.
എനിയ്ക്കറിയാവുന്ന ഒരു ഭ്രാന്തന്‍ ഒരു കഥയെഴുതി മത്സരത്തിനയച്ചുകൊടുത്തു. നൂറുകണക്കിന് എന്‍ട്രികള്‍ വന്ന മത്സരത്തില്‍ ഭ്രാന്തന് ഒന്നാംസമ്മാനം ലഭിച്ചു. ഞാനുള്‍പ്പെടെയുള്ള അയല്‍വാസികള്‍ അത്ഭുതപ്പെട്ടുപോയി. മത്സരത്തിലെ കഥകളുടെ വിധികര്‍ത്താക്കള്‍ക്ക് ഈ ഭ്രാന്തനെ ഒരു പരിചയവുമില്ല. കഥ വായിച്ചിട്ട് ഒന്നും മനസ്സിലാകാതെ വന്നപ്പോള്‍ അവര്‍ വിചാരിച്ചിട്ടുണ്ടാകണം എന്തോ മഹത്തായ രചനയായിരിക്കുമെന്ന്. അതേസ്ഥിതിയാണ് വിമീഷ് മണിയൂരിന്റെ മാതൃഭൂമിയിലെ കവിത വായിച്ച എന്റെ അവസ്ഥയും.
കവിതയുടെ പേര് ‘നാണപ്പൈസ’ എന്നാണ്. നാണം, നാണക്കേട് ഇതൊക്കെയാണ് ചര്‍ച്ചാവിഷയം. വലിയ പരസ്പരപ്പൊരുത്തമൊന്നും വരികള്‍ക്കില്ല. കവിയുടെ വിവക്ഷകള്‍ വായനക്കാരനോട് ഒരു തരത്തിലും സംവദിക്കുന്നില്ല. അങ്ങനെയുള്ള എഴുത്തിനെ ഇന്നാരും വകവച്ചുതരില്ല. കുറഞ്ഞപക്ഷം കവികള്‍ക്കെങ്കിലും തിരിച്ചറിയാനാവണം. ‘തുണികൊണ്ട് പതാകകള്‍ എത്ര വലിയ രാജ്യത്തിന്റെയും നാണം മറച്ചു’ എന്നു കവി എഴുതിയിരിക്കുന്നു. നല്ലതുതന്നെ. എന്നാല്‍ ‘ഇന്ത്യ നിന്റെ വയറ്റില്‍പിറന്നു പോയതിന്റെ നാണം മറയ്ക്കാന്‍ ഒരു ദേശീയപതാകപോലുമില്ലാതെ ഞാന്‍ ചൂളിയുറഞ്ഞു പോകുന്നു’ എന്ന് സുമാര്‍ 48 വര്‍ഷം മുന്‍പ് സച്ചിദാനന്ദന്‍ (1973) ‘വിശപ്പ്’ എന്ന കവിതയില്‍ എഴുതിയിട്ടുള്ള കാര്യം സുമേഷിന് ഓര്‍മയുണ്ടാവാനിടയില്ല. ഒരു വായനക്കാരന്‍ എന്ന നിലയ്ക്ക് ഇതെഴുതുന്നയാള്‍ അത് ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? എന്നു കരുതി സുമേഷ് ഒരു ‘പ്ലേജിയറിസ്റ്റ്’ എന്ന് ആരും കരുതണ്ട വെറും ‘കോ-ഇന്‍സിഡന്‍സ്’ മാത്രം.
Comments