മുറ്റത്തു പദമൂന്നി നില്ക്കട്ടെ കുട്ടികള്‍,
മൊട്ടിട്ട പൂക്കളെ തഴുകിടട്ടെ.
മഴയേറ്റു കുളിരട്ടെ, വെയില്ചൂടുമറിയട്ടെ-
പുഴതേടി നീന്തി കുളിച്ചിടട്ടെ !
മണ്ണ് മറന്നു നാം പണമെണ്ണി നില്‍ക്കാതെ,
മണ്ണില്‍ പണിതു ഗുണം കൊയ്തെടുക്കണം.
മണ്ണിലാണല്ലോ നിന് പുരയും മരങ്ങളും,
എന്നോര്‍ത്തു കൊണ്ടേ ചരിക്കാവു ഭൂമിയില്‍!
ചുറ്റുവട്ടങ്ങള്ക്കിണങ്ങി വളരുമ്പോള്‍-
എത്രവട്ടം മറിഞ്ഞാലും കരേറിടാം!
ആര്‍ത്തുല്ലസിക്കുക, ബാല്യം നുകരുക-
നേര്‍ക്കുനേര്‍ സത്യങ്ങള്‍ കണ്ടു വളരുക.
ജീവിതമാണുനിന് പാഠമെന്നറിയുവാന്-
ചിന്തയില്‍ അഗ്നിചിറക് വിരിക്കണം
അനുഭവപ്പാതകള് താണ്ടി മുന്നേറിയാല്‍,
ആ ജീവിതം തന്നെ പുണ്യജന്മം.