Friday, August 12, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാരാന്ത്യ വിചാരങ്ങൾ

എഴുത്തിന്റെ വൈകാരിക ഭാവങ്ങള്‍

കല്ലറ അജയന്‍

Print Edition: 26 November 2021

അറുപതുവയസ്സെങ്കിലും പ്രായമെത്തിയാലേ മനുഷ്യന്‍ ജീവിതമെന്തെന്ന് ഏകദേശമെങ്കിലും പഠിക്കൂ! ജീവിതത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച്, വ്യക്തിബന്ധങ്ങളുടെ വൈചിത്ര്യങ്ങളെക്കുറിച്ച്, പ്രണയം, രതി എന്നിവയുടെ ക്ഷണികതയെക്കുറിച്ച് ഒക്കെ അറിഞ്ഞു കഴിയുമ്പോഴേയ്ക്കും ജീവിതം ഏതാണ്ട് അവസാനിക്കാറായി കഴിഞ്ഞിരിക്കും. പിന്നെ കൂടുതല്‍ മെച്ചപ്പെട്ട ഒരു ജീവിതം സാധ്യമായിരുന്നു എന്നിങ്ങനെ വിലപിക്കലാവും എല്ലാവരുടേയും അവസ്ഥ. കവികളും ഇതില്‍ നിന്നും വ്യത്യസ്തരല്ല എന്ന് കെ.ജി. ശങ്കരപ്പിള്ള മാതൃഭൂമിയില്‍ എഴുതിയിരിക്കുന്ന (നവംബര്‍ 21) ‘സ്വച്ഛന്ദസ്’ എന്ന കവിത വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും. ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ.ജി.എസ്, സച്ചിദാനന്ദന്‍ ഇവരുടെയെല്ലാം എഴുത്തില്‍ പ്രായത്തിന്റെ സമ്മര്‍ദ്ദം കൊണ്ടെന്ന രീതിയില്‍ ഇപ്പോള്‍ ആത്മീയതയുടെ ഒരു മുഴക്കമുണ്ട്.

കുറെക്കാലമായി ചുള്ളിക്കാടും കെ.ജി.എസും എഴുതുന്നതിലെല്ലാം ആത്മീയതയുടെ സ്പര്‍ശമുണ്ട്. സച്ചിദാനന്ദന്‍ കൂടെക്കൂടെ താനൊരു ‘എക്‌സ് നക്‌സലൈറ്റ്’ ആയിരുന്നുവെന്നു ഓര്‍മ്മിപ്പിക്കാറുണ്ടെങ്കിലും സഹജഭാവം ആത്മീയതതന്നെ. എന്നാല്‍ അതങ്ങോട്ടു തുറന്നു സമ്മതിക്കാന്‍ പഴയ നക്‌സലൈറ്റ് അനുവദിക്കുന്നുമില്ല. ഈ തിരിച്ചറിവിലെത്താന്‍ ഇവര്‍ക്കൊക്കെ അറുപതിന്റെ പടിവാതില്‍ക്കല്‍ എത്തേണ്ടിവന്നു. 1962-ല്‍ ‘ശിവതാണ്ഡവം’ എന്ന അത്ഭുതകാവ്യം രചിക്കുമ്പോള്‍ ജി. ശങ്കരക്കുറുപ്പിനും വയസ്സ് 61 ആയിരുന്നുവെങ്കിലും ചെറുപ്രായത്തില്‍തന്നെ ആ തിരിച്ചറിവിലേയ്ക്ക് ജി. എത്തിയിരുന്നു.

‘വിതതമാം വ്യോമകേശം കെട്ടഴിഞ്ഞു പാറിടുന്നതും’, ‘ചിതറുന്ന നക്ഷത്രരുദ്രാക്ഷ’വും ‘തൂനിലാവിന്‍ ഭസ്മമുതിര്‍ന്നു വീഴുന്നതും.’കണ്ട ജിയുടെ ഭാവനയെവിടെ? കെ.ജി.എസ്സിന്റെ സ്വച്ഛന്ദസ് എവിടെ? തിരുവണ്ണാമലയിലെ വൈകുന്നേര നടപ്പില്‍ രമണ മഹര്‍ഷി കൂടെയുണ്ടെന്ന് കവിക്കു തോന്നുന്നു. ആ തോന്നലില്‍ കവിയുടെ വ്യക്തിസത്ത പക്വതയാര്‍ജ്ജിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് നമുക്ക് ഊഹിക്കാം. ‘സ്വച്ഛന്ദസ്’ എന്ന പുതിയ സങ്കരപദം കവിയുടെ പ്രതിഭയുടെ അടയാളം തന്നെ. ‘സ്വച്ഛത’യും ‘ഛന്ദസും കൂട്ടിയോജിപ്പിച്ച് പുതിയ പദം സൃഷ്ടിക്കാന്‍ കവി നടത്തുന്ന ശ്രമം പുതുമയുള്ളതാണ്.

”നിലയെത്ര ഞാനെന്നെയുയര്‍ത്തീടും
പ്രായം കാണിക്കുന്നു രമണാ” എന്നുള്ള കവിയുടെ വിലാപം ഏവരിലും വാര്‍ദ്ധക്യത്തിന്റെ ആഗമത്തില്‍ ഉണ്ടാകുന്നതാണ്. പതിവു സങ്കീര്‍ണതകളൊക്കെയുണ്ടെങ്കിലും ഇക്കവിതയില്‍ കെ.ജി. ശങ്കരപ്പിള്ളയുടെ പുതിയ ഒരു മുഖം നമുക്കുദര്‍ശിക്കാന്‍ കഴിയുന്നു.

(മാതൃഭൂമിയില്‍) രാം മോഹന്‍ പാലിയത്തിന്റെ തുലാം വളരെ പുതുമയുള്ള രചനയാണ്. മനുഷ്യ ഭാവനയുടെ ദുരൂഹസഞ്ചാരങ്ങള്‍ ഏതെല്ലാം വഴികള്‍ തേടുന്നുവെന്നു നമ്മള്‍ അതിശയിച്ചുപോകുന്നു. തുലാവര്‍ഷത്തോടു ടോള്‍ ചോദിക്കുന്നവരെക്കുറിച്ചാണ് കവിത. കവിതയുടെ പേര് തുലാം എന്നതിനേക്കാള്‍ ‘ടോള്‍’ എന്നാണ് വേണ്ടിയിരുന്നതെന്ന് വായിച്ചുകഴിഞ്ഞപ്പോള്‍ തോന്നിപ്പോയി. കണ്ടെയ്‌നര്‍ റോഡ് വഴി വന്ന കാറ്റിനോടു ടോള്‍ ചോദിച്ചു റോഡിനു കുറുകെ നിന്നവന്റെ ‘ഏഴ്’ ഇന്നലെയായിരുന്നു എന്നെഴുതിയതിലും കുറച്ച് അപരിചിതത്വമുണ്ട്. സാധാരണ ‘പതിനാറ്’ എന്നല്ലേ പറയാറുള്ളൂ. ‘ഏഴ്’ എന്നാരും പറയുന്നതു കേട്ടിട്ടില്ല.

‘ടോള്‍’നെതിരെ കവിത എഴുതുന്നതു കാണുമ്പോള്‍ എല്ലാവരും കൈയടിക്കും. പക്ഷെ അതില്‍ ഒരു അപ്രായോഗിക പ്രശ്‌നം ഒളിച്ചിരിക്കുന്നുണ്ട്. നല്ല റോഡുകള്‍ വേണമെങ്കില്‍ ജനങ്ങള്‍ ടോള്‍ നല്‍കിയേ പറ്റൂ. ടോള്‍ വഴി പണം സ്വരൂപിക്കാതെ മെച്ചപ്പെട്ട റോഡുകള്‍ നിര്‍മ്മിക്കാനുള്ള സമ്പത്ത് കണ്ടെത്തുന്നതെങ്ങനെ? നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ രാജ്യങ്ങളിലും ടോള്‍ സമ്പ്രദായമുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട റോഡുകള്‍ വരട്ടെ. ഒരു പൗരനെന്ന നിലയ്ക്ക് ടോള്‍ നല്‍കാന്‍ ഈ ലേഖകന്‍ സന്നദ്ധനാണ്. എന്നാല്‍ ടോളിനും ചില വ്യവസ്ഥകള്‍ വേണം. കേരളത്തില്‍ നടക്കുന്നതു പോലെ കാലാവധി കഴിഞ്ഞിട്ടും ടോള്‍ പിരിച്ചുകൊണ്ടിരിക്കുന്നതും തോന്നിയതുപോലെ തുക ഈടാക്കുന്നതുമൊക്കെ അന്യായമാണ്. നാഥനില്ലാകളരി എന്നു വിശേഷിപ്പിക്കാവുന്ന കേരളത്തില്‍ എന്തുമാകാം എന്നതാണു സ്ഥിതി. കവിയുടെ രോഷം സംഗതമാണെന്നു പറയാം.

ഒരു കാലത്ത് കംപൂച്ചിയ ഒരു ഹിന്ദുരാജ്യമായിരുന്നു, മറ്റു കിഴക്കനേഷ്യന്‍ രാജ്യങ്ങളെപ്പോലെ. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോര്‍വാത്ത് (Ankor Wat) കംപൂച്ചിയയില്‍ ആണെങ്കിലും (അങ്കോര്‍ വിഷ്ണുവിന്റെ കംപൂച്യന്‍ പേരാണ്) അവിടെ ഇപ്പോള്‍ ഹിന്ദുക്കളുടെ എണ്ണം ആയിരത്തിനടുത്തേ ഉണ്ടാകൂ. ഇന്ത്യോനേഷ്യയിലും മലേഷ്യയിലും ഹിന്ദുക്കള്‍ ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തിച്ചുവെങ്കില്‍ കംപൂച്ചിയയില്‍ അവര്‍ ബുദ്ധമതത്തിലേയ്ക്കു പോയി. പഴയ കംപോഡിയയിലെ ഖെമര്‍ രാജവംശത്തിന്റെ ഔദ്യോഗിക മതം ഹിന്ദുത്വമായിരുന്നു. ഇന്നും കംപൂച്ചിയയുടെ ജീവിതത്തില്‍ ഹിന്ദു മതത്തിന്റെ സ്വാധീനമുണ്ട്. ഖെമറുകളുടെ ബുദ്ധമതം ഹിന്ദുവിശ്വാസത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. മാതൃഭൂമിയില്‍ ജി. ജ്യോതിലാല്‍ എഴുതിയിരിക്കുന്ന കംപൂച്ചിയന്‍ യാത്രാനുഭവങ്ങളാണ് ആ രാജ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ കാരണമായത്.

കംപൂച്ചിയയില്‍ രണ്ടു ദശാബ്ദക്കാലം നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് ഭീകരത നാസികളെ ലജ്ജിപ്പിക്കുന്ന രീതിയില്‍ അവിടെ നടത്തിയിരുന്ന ക്രൂരമായ കൊലപാതകങ്ങളുടെ നേര്‍ക്കാഴ്ചയാണ് ജ്യോതി ലാലിന്റെ വിവരണം. മുപ്പതുലക്ഷത്തോളം മനുഷ്യരെ കൊന്നുതള്ളിയപ്പോള്‍ പോള്‍പോട്ടിന്റെ ഭീകരഭരണത്തെക്കുറിച്ചുള്ള വിവരണം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഹിറ്റ്‌ലര്‍ക്കെതിരെ പാട്ടുപാടി ജാഥ നടത്തുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഒളിച്ചു വയ്ക്കുന്ന സ്റ്റാലിന്‍-മാവോ-പോള്‍പോട്ട് കൊലക്കളങ്ങളെക്കുറിച്ച് മലയാളികള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മറ്റൊന്നായേനെ.

വി.എം. ഗിരിജയുടെ ‘അന്ത്യാഭിലാഷം’ ന്യായം തന്നെ (മാതൃഭൂമി). അത്തരം അഭിലാഷങ്ങള്‍ കവികള്‍ക്കു മാത്രമല്ല അനുവാചകര്‍ക്കുമുണ്ട്. അതുകൊണ്ടാണല്ലോ ‘കവി സഹൃദയാഖ്യം’ (സരസ്വത്യാസ്തത്വം കവി സഹൃദയാഖ്യം വിജയതേ) എന്ന ചൊല്ലുണ്ടായത്. കവിയുടെ വൈകാരികഭാവങ്ങള്‍ അനുവാചകനുമായി താദാത്മ്യം പ്രാപിച്ചാലേ കവിതയ്ക്കു നിലനില്പുള്ളൂ. എല്ലാ കാലത്തേയ്ക്കും പ്രസക്തമായിരിക്കുന്ന ചില വൈകാരിക ഭാവങ്ങളുണ്ട്. പ്രണയം, മാതൃത്വം, വിരഹം, ഗൃഹാതുരത്വം, പിതൃത്വം എന്നിവയ്‌ക്കൊന്നും മരണമില്ല. മനുഷ്യനുള്ളിടത്തോളം അതൊക്കെ നിലനില്‍ക്കും. എന്നാല്‍ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ടു നടത്തുന്ന രചനകള്‍ ആ പ്രശ്‌നം ഉള്ളിടത്തോളം മാത്രമേ നിലനില്‍ക്കൂ! ക്രമേണ രചന അപ്രസക്തമാകും. അതുകൊണ്ടാണ് ചെറുകാടും കെ.പി.ജി. നമ്പൂതിരിയും പൊന്‍കുന്നം ദാമോദരനും എ.പി.കളയ്ക്കാടും കെടാമംഗലം പപ്പുക്കുട്ടിയുമൊക്കെ ഇപ്പോള്‍ മലയാള സാഹിത്യത്തില്‍ നിന്നും ബഹിഷ്‌കൃതരായിരിക്കുന്നത് (എ.പി. കളയ്ക്കാടിന്റെ ഇടുക്കി വളരെ മനോഹരമായ ഒരു നോവലാണ്. പക്ഷെ അതുപോലും ഇന്ന് അവഗണിക്കപ്പെട്ടു പോയിരിക്കുന്നു. കാരണം അതിലെ ഇതിവൃത്തം ഇന്നത്തെ കേരള സമൂഹത്തിനു സ്വീകാര്യമല്ല).

എന്നും സബ്ജക്ടീവായ എഴുത്തിനേ നിലനില്‍ക്കാനാവൂ. എന്നാല്‍ ആ സബ്ജക്ടിവിറ്റി അനുവാചകന്റെ ആത്മപരതയുമായി പൊരുത്തപ്പെടണം. ഒരു ശരാശരി മനുഷ്യന്റെ വൈകാരിക ഭാവങ്ങളെ ഉള്‍ക്കൊള്ളുന്നതായിരിക്കണം. അതിനുകഴിയാത്ത ആത്മപരത അസ്വീകാര്യമായിത്തീരും. വി.എം. ഗിരിജയുടെ ‘അന്ത്യാഭിലാഷം’ മരണത്തിലേക്കു നടക്കുന്ന ഏതൊരാള്‍ക്കും ഉണ്ടാകാം. കസാന്ത്‌സാക്കിസ് (Nikod Kazantzakis) ക്രിസ്തുവിനു പോലും അത്തരം അഭിലാഷങ്ങള്‍ ഉണ്ടാകാം എന്നെഴുതിയപ്പോള്‍ വിവാദങ്ങളുണ്ടായി. ഇവിടെ വിവാദങ്ങള്‍ക്കൊന്നും പഴുതില്ല. കവിയുടെ വെറും ഭാവന മാത്രമാണോ ആത്മാനുഭവങ്ങളുടെ ആവിഷ്‌കാരമാണോ എന്നൊക്കെ തീരുമാനിക്കാന്‍ അവരുമായി അടുത്തു നിന്നവര്‍ക്കേ കഴിയൂ. എന്തായാലും കവിതയില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും നഷ്ടബോധത്തിന്റെയുമൊക്കെ നനവുണ്ട്. ചിലപ്പോഴെങ്കിലും വെറും പ്രസ്താവനകളുടെ പദ്യവല്‍ക്കരണവുമുണ്ട്. കവിതയുടെ ഭാഷ അടിമുടി ധ്വന്യാത്മകമായിരിക്കണം. ഗദ്യത്തിനില്ലാത്ത കവിതയുടെ മികവ് അതിലാണുള്ളത്.

ഇ.എം.സുരജ ഇടശ്ശേരിയെക്കുറിച്ച് (മാതൃഭൂമി) എഴുതിയിരിക്കുന്ന ലേഖനം ‘രാമനും രാവണനുമല്ല ഹനുമാനാണ് ഇടശ്ശേരിയുടെ നായകന്‍’ ഒരു അക്കാദമിക് പഠനത്തെ ഓര്‍മ്മിപ്പിക്കുന്നു. എത്ര എഴുതിയാലും പറഞ്ഞാലും തീരാത്ത ആഴമുള്ള കവിതകളാണ് ഇടശ്ശേരിയുടേത്. അതുനെല്ലിക്ക പോലെയാണ്. ആദ്യം ശരിക്കും കയ്ക്കും. ഒടുവിലേ മധുരിക്കൂ! ആ മധുരം വരെ പിടിച്ചു നില്‍ക്കാന്‍ എല്ലാ വായനക്കാര്‍ക്കും കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് അവര്‍ ചങ്ങമ്പുഴയിലേയ്ക്കും വയലാറിലേയ്ക്കും ഓയെന്‍വിയിലേക്കും പി.ഭാസ്‌കരനിലേയ്ക്കുമൊക്കെ പൊയ്ക്കളയും. പദസംഗീതത്തില്‍ രമിച്ചുവശാകും. അത്തരക്കാര്‍ക്ക് ഉണ്ടാകുന്ന നഷ്ടം കവിതയുടെ മുഴുവന്‍ നഷ്ടമാണ്.

രാമനും രാവണനും അരങ്ങുവാഴുന്ന രാമായണത്തിനുള്ളില്‍ നിന്നും ഹനുമാനെ കണ്ടെടുക്കുക അത്ര സുഗമമായ സംഗതിയല്ല. ആ കണ്ടെടുക്കലില്‍ത്തന്നെ

”എനിക്കു രസമീ നിമ്‌നോന്നതമാം
വഴിക്കു തേരുരുള്‍ പായിക്കല്‍
ഇതേതിരുള്‍ക്കുഴിമേലുരുളട്ടേ
വിടില്ല ഞാനീ രശ്മികളെ”

എന്നെഴുതിയ കവിയുടെ വ്യക്തിത്വമുണ്ട്. ഹനുമാനെ മുഖ്യകഥാപാത്രമാക്കി മൂന്നു കവിതകളും (ലവണാസുരവധത്തിലെ ഹനുമാന്‍, മാവിന്‍ ചോട്ടിലെ നാടകം, ഹനുമല്‍സേവ തുഞ്ചന്‍ പറമ്പില്‍) ഹനുമല്‍ ബിംബം കടന്നുവരുന്ന മറ്റുചില കവിതകളും ലേഖിക പഠന വിധേയമാക്കിയിരിക്കുന്നു. ഹനുമാനെ മുന്‍നിര്‍ത്തി ഇത്രയധികം കവിതകള്‍ രചിച്ച മറ്റൊരു കവിയും മലയാളത്തിലില്ല. ഒരു കവിതയിലും പുരാണ കഥകള്‍ ആവര്‍ത്തിക്കാതെ ഹനുമാന്‍ എന്ന ബിംബത്തെ കവിതയ്ക്കു പ്രയോജനപ്പെടുത്തിയ ഇടശ്ശേരിയുടെ കാവ്യവ്യക്തിത്വത്തിന്റെ സവിശേഷതകള്‍ തിരിച്ചറിയാന്‍ ലേഖന രചയിതാവിനു കഴിയുന്നു. ഇടശ്ശേരിയുടെ കടുത്ത ഒരാരാധകന്‍ എന്ന നിലയില്‍ രചയിതാവിനോടു വലിയ മമത തോന്നുന്നു. ഇടശ്ശേരിക്കവിതയെക്കുറിച്ച് ഇനിയും പഠനങ്ങള്‍ വേണ്ടിയിരിക്കുന്നു.

Share26TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കൂമ്പടഞ്ഞുപോയ മനഃശാസ്ത്ര നിരൂപണം

ഭാഷാപഠനത്തിന്റെ പ്രായോഗികത

വൈരുദ്ധ്യാത്മകത എന്ന പഴഞ്ചന്‍ ചിന്ത

വായനയുടെ വര്‍ത്തമാനം

അനശ്വര പ്രണയ ഗായിക

യാത്ര അനുഭവമാകുമ്പോള്‍

Kesari Shop

  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
  • RSS in Kerala: Saga of a Struggle ₹500.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
Follow @KesariWeekly

Latest

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

ശുദ്ധമായ അദ്വൈത ബ്രഹ്‌മം (നിര്‍വികല്പം 27)

മഹാഭാരതി

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

ഡല്‍ഹി കലാപത്തിന്റെ അണിയറ രഹസ്യങ്ങള്‍

ഒരുനേരമെങ്കിലും

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies