കൊളോണിയല്‍ വിരുദ്ധ ദേശീയ ജനമുന്നേറ്റങ്ങളുടെ ഭാഗമെന്ന നിലയിലാണ് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ ലോകമെങ്ങും പ്രചാരത്തിലാവുന്നത്. അമേരിക്കന്‍ ഭൂഖണ്ഡത്തിലും കിഴക്കന്‍ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും രാഷ്്ട്രീയ കാര്‍ട്ടൂണിന്റെ പിറവിയും വളര്‍ച്ചയും സംബന്ധിച്ച ചരിത്രം ഏകദേശം സമാനമാണ്.
കോളനിവാഴ്ചക്കെതിരായ സംഘടിത ചെറുത്തുനില്‍പ്പിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതായിരുന്നു ലോകത്തെ ആദ്യ രാഷ്ട്രീയ കാര്‍ട്ടൂണ്‍ എന്നറിയപ്പെടുന്ന യുണൈറ്റ് ഓര്‍ ഡൈ (ഒരുമിച്ച് നില്‍ക്കുക അല്ലെങ്കില്‍ മരിക്കുക). അതിജീവനത്തിനായുളള പോരാട്ടത്തിന്റെ പൊള്ളുന്ന നേരനുഭവങ്ങളില്‍ നിന്ന് കരുത്താര്‍ജ്ജിച്ചതുകൊണ്ടായിരിക്കാം വിമര്‍ശനോപാധി എന്ന നിലയില്‍ എന്നും മൂര്‍ച്ചയേറിയ ആയുധമായിരുന്നു രാഷ്ട്രീയ കാര്‍ട്ടൂണുകള്‍. യൂറോപ്പിലാകട്ടെ ഭരണകൂട വിമര്‍ശനത്തിന്റെ പ്രതിപക്ഷ ദൗത്യമാണ് അവയ്ക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. ഫ്രഞ്ച് വിപ്‌ളവത്തെത്തുടര്‍ന്നുള്ള ജനാധിപത്യ തുറസുകള്‍ യൂറോപ്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വലിയ കാന്‍വാസുകള്‍ സമ്മാനിച്ചു.
കൊളോണിയല്‍ കാലഘട്ടത്തിന്റെ പിന്‍വാങ്ങലിന് ശേഷവും ജനാധിപത്യ രാജ്യങ്ങളിലെല്ലാം രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസക്തമായ വിമര്‍ശനോപാധിയായിത്തന്നെ നിലനില്‍ക്കുകയും വളരുകയും ചെയ്തു. ജനാധിപത്യവും പത്രപ്രവര്‍ത്തനവും രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറയായി മാറിയ സമൂഹങ്ങളിലെല്ലാം കാര്‍ട്ടൂണുകള്‍ ആശയവിനിമയത്തിന്റെ വലിയ സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.
രാഷ്ട്രീയ വിമര്‍ശനത്തിന് കാര്‍ട്ടൂണ്‍ പോലെ ഫലപ്രദമായ മറ്റൊരു ടൂളില്ലെന്ന് ഒരു നൂറ്റാണ്ടെങ്കിലുമായി പത്രാധിപന്മാരും തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അടിയന്തരാവസ്ഥക്കാലമാണ് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ പരീക്ഷണ കാലമായി കണക്കാക്കാവുന്നത്. വിജയനെപ്പോലുള്ള ധിഷണാ ശാലികളുടെ നേതൃത്വത്തില്‍ ആ പരീക്ഷണത്തെ അതിജീവിക്കാന്‍ അവര്‍ക്കായി.
ആക്ഷേപ ഹാസ്യത്തിന്റെ ചിത്രകലാരൂപമായ ആവിഷ്‌കാര സാധ്യതയാണ് കാര്‍ട്ടൂണുകള്‍ക്കുള്ളത്. കലാപരമായ മേന്മയേക്കാള്‍ സര്‍ക്കാസമാണ് ഏതൊരു കാര്‍ട്ടൂണിന്റെയും കരുത്ത് തെളിയിക്കുന്നത്. അധികാര കേന്ദ്രങ്ങളെയും നിലപാടുകളെയും വിമര്‍ശന വിധേയമാക്കുമ്പോള്‍ സ്വാഭാവികമായും എതിര്‍പ്പുകള്‍ ഉയരാനിടയുണ്ട്. ഇത്തരം എതിര്‍പ്പുകളില്‍ നിന്ന് കാര്‍ട്ടൂണിസ്റ്റിനെ സംരക്ഷിക്കുന്നത് ഭരണഘടന ഉറപ്പ് നല്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശമാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)എ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നു. ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണിത്. പുസ്തകങ്ങള്‍, പത്രം, കലാരൂപങ്ങള്‍ എന്നിവയാണ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന പ്രവര്‍ത്തനോപാധികള്‍. ആധുനികകാലത്ത് ഇലക്‌ട്രോണിക്‌സ് മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് അധിഷ്ഠിതമായ സമൂഹമാധ്യമങ്ങള്‍ എന്നിവ കൂടി ഈ പരിധിയിലേക്ക് കടന്ന് വരുന്നു.
പൗരനെന്ന നിലക്ക് ലഭിക്കുന്ന മൗലികാവകാശങ്ങളുടെ പൊതുസ്വഭാവത്തില്‍ നിന്ന് വ്യത്യസ്തമാണ് ആവിഷ്‌കാര സ്വാതന്ത്യത്തിനുള്ള അവകാശമെന്ന് ഭരണഘടന തന്നെ വ്യക്തമാക്കുന്നുണ്ട്. മൗലികാവകാശങ്ങളുടെ പരിധിയില്‍ വരുന്നതാണെങ്കിലും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഭരണഘടന തന്നെ അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നര്‍ത്ഥം.
രാജ്യത്തിന്റെ ഐക്യം, സുരക്ഷ, അന്തസ്സ്, സമൂഹത്തിന്റെ ധാര്‍മികത, നിയമങ്ങള്‍, വ്യക്തികളുടെ അന്തസ്സ്, ആരോഗ്യം, സുരക്ഷിതത്വം, സ്വകാര്യത, നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത എന്നിവയെ അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ ചിത്രീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. അങ്ങനെ ചെയ്യുന്നത് ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ 292,294 വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്.
കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് നിര്‍ണയം അടുത്തകാലത്ത് വിവാദമായത് ഈ സാഹചര്യത്തിലാണ്. അവാര്‍ഡ് നിര്‍ണയ ജൂറിയുടെ പ്രത്യേക പാരമര്‍ശം ലഭിച്ച രണ്ട് കാര്‍ട്ടൂണുകളിലൊന്ന് രാജ്യത്തിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും ബോധ്യപ്പെടും. കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് നിര്‍ണയ ജൂറിയുടെ പ്രത്യേക പരാമര്‍ശമെന്നത് ആപേക്ഷികമായി ഒരു വലിയ പുരസ്‌കാരമൊന്നുമല്ല. പക്ഷേ അതിനു തെരഞ്ഞെടുത്ത സൃഷ്ടി കലാപരമായ വൈകല്യംകൊണ്ട് വലിയ ശ്രദ്ധ നേടുകയും വിവാദമാവുകയും ചെയ്തു.
രണ്ട് കാര്‍ട്ടൂണുകള്‍ക്കാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്. രണ്ടാമത്തെ കാര്‍ട്ടൂണ്‍ ഏതെന്ന് അക്കാദമി ഭാരവാഹികള്‍ക്കുപോലും അറിയുമോയെന്ന കാര്യം സംശയമാണ്. അപാകത കൊണ്ടോ വൈകല്യം കൊണ്ടോ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയാണിത്. കൊടുംകുറ്റവാളികളും സാമൂഹ്യവിരുദ്ധരും ഇത്തരത്തില്‍ സമൂഹ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.
കോവിഡ്-19 ഗ്‌ളോബല്‍ മെഡിക്കല്‍ സമ്മിറ്റ് എന്ന പേരിലുള്ള കാര്‍ട്ടൂണില്‍ അമേരിക്ക, ചൈന, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് കാവി പുതച്ച പശു ഇരിക്കുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ വിമര്‍ശനം എന്ന നിലക്ക് എന്ത് ആശയോത്പാദനമാണ് കാര്‍ട്ടൂണിസ്റ്റ് ലക്ഷ്യമാക്കുന്നത് എന്ന് വ്യക്തമല്ല.
ആഗോള തലത്തില്‍ കോവിഡ്പ്രതിരോധ പ്രവര്‍ത്തനത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഇന്ത്യ പിന്നിലാണെന്ന് പറയാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് അടിസ്ഥാന രഹിതമായ ആരോപണമാണ്. കോവിഡ് പ്രതിരോധത്തില്‍ മറ്റ് ലോകരാജ്യങ്ങളുടെ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഇന്ത്യാ ഗവണ്‍മെന്റിന് നേതൃത്വം നല്കുന്ന ബിജെപിയേയോ ആ പാര്‍ട്ടിയുടെ ഗോ സംരക്ഷണ നിലപാടുകളേയോ പരിഹസിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍, അതിന് രചയിതാവ് രാജ്യത്തെത്തന്നെ അപമാനിക്കുന്ന രചന നടത്തിയത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. കാര്‍ട്ടൂണിസ്റ്റിന് ഉന്നം തെറ്റിയെന്ന് വ്യക്തം.
വ്യക്തി എന്ന നിലയില്‍ കാര്‍ട്ടൂണിസ്റ്റ് ചെയ്തതിനേക്കാള്‍ ഗൗരവതരമായ തെറ്റാണ് ലളിതകലാ അക്കാദമിയുടേയും ജൂറിയുടേയും ഭാഗത്ത് നിന്നുണ്ടായത്. രാഷ്ട്രീയ വിമര്‍ശനത്തേക്കാളുപരി രാജ്യവിരുദ്ധത പ്രമേയമാക്കിയ ഒരു വികല സൃഷ്ടിയെ പ്രത്യേക പരാമര്‍ശത്തിലൂടെ അഭിനന്ദിച്ചത് ജൂറിയുടെ പൊള്ളത്തരം വ്യക്തമാക്കുന്നു. പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് ഇ.പി.ഉണ്ണിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് വിധി നിര്‍ണയിച്ചത്. പതിറ്റാണ്ടുകളായി വിവിധ മാധ്യമങ്ങളില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ രചിക്കുന്നയാളാണ് ഇ.പി.ഉണ്ണി. അതിനാല്‍ കാര്യങ്ങള്‍ അറിയാതെയല്ല, ബോധപൂര്‍വ്വമായിത്തന്നെ ഈ വികല സൃഷ്ടിയെ അഭിനന്ദിച്ചതാണെന്ന് വ്യക്തം. ജൂറിയുടേയും അക്കാദമി ഭരണസമിതിയുടേയും സിപിഎം വിധേയത്വമാകാം ഇതിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക.
പൊതുസമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും തെറ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടും തിരുത്താനോ ഖേദപ്രകടനം നടത്താനോ പോലും തയ്യാറാകാത്ത ധാര്‍ഷ്ട്യമാണ് അക്കാദമി ഭരണസമിതിയും ജൂറിയും ഇക്കാര്യത്തില്‍ പലര്‍ത്തുന്നത്. കേരള ലളിതകലാ അക്കാദമിയില്‍ ഇതാദ്യമായല്ല കാര്‍ട്ടൂണ്‍ വിവാദമുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പ്രമേയമാക്കി വരച്ച കാര്‍ട്ടൂണിനായിരുന്നു പുരസ്‌കാരം. ക്രൈസ്തവ മതചിഹ്നങ്ങള്‍ ധരിച്ച ബിഷപ്പ് മുളക്കലിന്റെ കാര്‍ട്ടൂണ്‍ വലിയ പ്രതിഷേധത്തിനിടയാക്കി.
വിവാദമായ കാര്‍ട്ടൂണ്‍മതചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇടപെട്ടു. അവാര്‍ഡ് തിരുത്തണമെന്ന് നിര്‍ദ്ദേശിച്ചുവെങ്കിലും ജൂറി വഴങ്ങിയില്ല.
എം.എഫ്.ഹുസൈന്റെ വിവാദ കാരിക്കേച്ചറുകള്‍ പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. സരസ്വതിദേവിയുടെ നഗ്നചിത്രം അവഹേളനപരമായി ചിത്രീകരിച്ചതാണ് ഹുസൈനെതിരെ വലിയ പ്രതിഷേധത്തിനിടയാക്കിയത്. മറ്റ് പല ഹിന്ദു ദേവതാരൂപങ്ങളും ഇതേ രീതിയില്‍ ഹുസൈന്റേതായി പുറത്തുവന്നിട്ടുണ്ട്. പ്രാചീന ഭാരതത്തിലെ ക്ഷേത്ര ശില്പങ്ങളിലെ നഗ്നരൂപങ്ങളോടാണ് ഹുസൈനെ അനുകൂലിക്കുന്നവര്‍ ഈ വികല സൃഷ്ടികളെ താരതമ്യം ചെയ്യുന്നത്.
നഗ്നത ആവിഷ്‌കരിക്കുന്നത് സ്വാതന്ത്ര്യമാണെന്ന വാദം തത്വത്തില്‍ അംഗീകരിക്കുമ്പോള്‍ത്തന്നെ വ്യക്തിത്വം, അന്തസ്സ്, സ്വകാര്യത തുടങ്ങിയ കാര്യങ്ങളില്‍ ഭരണഘടന നല്കുന്ന നിര്‍ദ്ദേശങ്ങളും പരമപ്രധാനമാണ്. പൊതുവായ നഗ്നരൂപങ്ങള്‍ ആവിഷ്‌കരിക്കുന്നത് പോലെയല്ല വ്യക്തികളുടെ നഗ്നത ചിത്രീകരിക്കുന്നത്. അത് ക്രിമിനല്‍ കുറ്റമാണ്. എം.എഫ്.ഹുസൈന്‍ ചെയ്താലും ലളിതകലാ അക്കാദമി ചെയ്താലും.
കാര്‍ട്ടൂണുകള്‍ കലാരൂപം എന്നതിലുപരി പ്രതിപക്ഷ വിമര്‍ശനമെന്ന രാഷ്ട്രീയ ധര്‍മ്മം നിര്‍വ്വഹിക്കുന്ന മാധ്യമപ്രവര്‍ത്തനമാണ്. ആ നിലക്ക് കാര്‍ട്ടൂണ്‍ ആവിഷ്‌കരണത്തിന് അടിസ്ഥാനമാകേണ്ടത് വസ്തുതകളാണ്. വസ്തുതകളുടേയും ശരിയായ വിവര ശേഖരണത്തിന്റേയും പിന്‍ബലമില്ലാതെ യഥാര്‍ത്ഥ കാര്‍ട്ടൂണിസ്റ്റിന് സൃഷ്ടി സാധ്യമല്ല. രാഷ്ട്രീയ എതിര്‍പ്പുകളും മുന്‍വിധികളും മാത്രം അടിസ്ഥാനമാക്കി രചന നടത്തുന്നവരാണ് ഇത്തരം വികലമായ സൃഷ്ടികള്‍ നിര്‍മ്മിക്കുന്നത്.
ആഴത്തിലുള്ള രാഷ്ട്രീയ വിദ്യാഭ്യാസവും സാമൂഹ്യ പ്രതിബദ്ധതയും നര്‍മ്മബോധവും കലാപരതയും ചേരുമ്പോഴാണ് കാര്‍ട്ടൂണും കാര്‍ട്ടൂണിസ്റ്റും ജനിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഇത് നാലും ഇല്ലാത്തവര്‍ മറ്റ് ചില പരിഗണനകളുടെ പേരില്‍ പ്രത്യകം പരാമര്‍ശിക്കപ്പെടുമ്പോള്‍ നാണക്കേടിലാകുന്നത് കേരള സമൂഹമാണ്.
ഇലക്‌ട്രോണിക്‌സ് – ഇന്റര്‍നെറ്റ് മാധ്യമങ്ങളുടെ പെരുപ്പം വര്‍ത്തമാന കാല കാര്‍ട്ടൂണ്‍ കാഴ്ചകളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. നിലവാരമുള്ളതും ഇല്ലാത്തുമായ ആക്ഷേപഹാസ്യ പരിപാടികളും സമൂഹമാധ്യമങ്ങളിലെ ട്രോളുകളും കാര്‍ട്ടൂണിനെ പകരം വെക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വര്‍ത്തമാന പത്രങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടിരുന്ന രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ വികസിത രൂപമാണിവയെന്ന് കണക്കാക്കാമെങ്കിലും പത്ര കാര്‍ട്ടൂണിസ്റ്റുകള്‍ പുലര്‍ത്തിയിരുന്ന ഉന്നതമായ ധാര്‍മിക മര്യാദകള്‍ ഈ പുതിയ കാലരൂപങ്ങളില്‍ അത്രയൊന്നും നിഷ്‌കര്‍ഷിക്കപ്പെടുന്നില്ല. ഇവയില്‍നിന്നാകണം പുതിയ തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകളില്‍ ചിലരിലേക്കെങ്കിലും ഈ മര്യാദാലംഘനത്തിന്റെ പാഠങ്ങള്‍ സംക്രമിച്ചിട്ടുണ്ടാവുക. തിരുത്തല്‍ ആവശ്യപ്പെടുന്ന തെറ്റ് തന്നെയാണിത്.
സാമൂഹ്യവും രാഷ്ട്രീയവുമായ വിമര്‍ശനങ്ങളോട് ഒരു കാലത്തും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുള്ള പാരമ്പര്യമല്ല കേരളത്തിനും സമ്പൂര്‍ണ ഭാരതത്തിനുമുള്ളത്. ഭരണാധിപന്മാരെ മുഖത്തു നോക്കി പരിഹസിച്ചിരുന്ന വിദൂഷകന്മാരും ചാക്യാന്മാരും എത്രയോ നൂറ്റാണ്ടുകളായി ഇവിടെയുണ്ട്. ആക്ഷേപഹാസ്യത്തിന്റെ തുള്ളല്‍ക്കഥകള്‍ പിറവിയെടുത്ത മണ്ണാണിത്.
വിമര്‍ശനമോ പരിഹാസമോ അല്ല എതിര്‍പ്പിന് വിഷയം. വസ്തുതാവിരുദ്ധമായ അവഹേളനങ്ങളാണ്. രാജ്യ വിരുദ്ധതയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവയെ മഹത്വവത്കരിക്കുന്നതാണ്. കാര്‍ട്ടൂണിന്റെ പേരില്‍ വേട്ടയാടപ്പെട്ട ഷാര്‍ലി എബ്‌ദോയും മറ്റനേകം ഉദാഹരണങ്ങളും ലോകത്തിന് മുന്നിലുണ്ട്. പക്ഷേ ഇവിടെ അത്തരമൊരു പ്രതികരണമോ ആക്രമണമോ ഉണ്ടാകാത്തതിന് കാരണം ഈ സമൂഹം പുലര്‍ത്തുന്ന ഉന്നതമായ ജനാധിപത്യ-മാനവിക ബോധമാണ്. ഈ മാനവിക മര്യാദകളാണ് ഇത്തരം വരകള്‍ക്കില്ലാതെ പോകുന്നതും.