ധര്‍മ്മം പ്രകടമാകുന്ന മൂല്യത്തിന് മാറ്റമില്ലെങ്കിലും ആ മൂല്യം പ്രകടമാകുന്ന രൂപത്തിന് മാറ്റമുണ്ടാകും. അതിനര്‍ത്ഥം ധര്‍മ്മം മാറുന്നു എന്നല്ല. കാലഗതിയനുസരിച്ച് സമൂഹത്തിന്റെ ആചാരങ്ങളും ആവശ്യങ്ങളും മാറും. അവയ്ക്കനുയോജ്യമായി, ധാര്‍മ്മികമൂല്യം മാറുകയില്ലെങ്കിലും അതിന്റെ പ്രായോഗികരൂപം മാറും. ഒരുദാഹരണംകൊണ്ട് വ്യക്തമാക്കാം. പരോപകാരം, കാരുണ്യം എന്നിവ രണ്ട് ശാശ്വതഗുണങ്ങളാണ്. കാല്‍നടയായോ തലച്ചുമടായോ സാധനങ്ങള്‍ മറുനാട്ടില്‍ കൊണ്ടുപോകേണ്ടിയിരുന്ന കാലത്ത് പരോപകാരികള്‍ ആ അദ്ധ്വാനികളുടെ ഇടക്കാലാശ്വാസത്തിന് ഇടയ്ക്കിടെ അത്താണികള്‍ കെട്ടിപ്പൊക്കി. എന്നാല്‍ ഇന്ന് പണ്ടത്തെ തലച്ചുമടില്ലാതായി. തല്‍സ്ഥാനത്ത് യന്ത്രവാഹനങ്ങളെത്തി. അപ്പോള്‍ അത്താണികള്‍ അധികപ്പറ്റായി, കാലഹരണപ്പെട്ടു. എന്നാല്‍ ഇതേ യന്ത്രവാഹനങ്ങള്‍ മൂലം പുതിയ പ്രശ്‌നമുണ്ടായി. ജനങ്ങള്‍ ബസ്സുകളില്‍ യാത്രയായി. ബസ്സ് ഇടയ്ക്കിടെ നിര്‍ത്തി യാത്രക്കാരെ കയറ്റിത്തുടങ്ങി. ആ യാത്രക്കാര്‍ ബസ്സ് കാത്തുനില്‍ക്കുന്ന ഇടങ്ങള്‍ രൂപം കൊണ്ടു. അവര്‍ക്ക് തണല്‍ കൊടുക്കാനും തല്‍ക്കാലഇരിപ്പിടം ഒരുക്കാനുമുള്ള പുതിയ ആവശ്യം ഉയര്‍ന്നുവന്നു. അതിന് പരിഹാരം കാണാന്‍ പരോപകാരവും കാരുണ്യവും കൈമുതലായുള്ള മനുഷ്യന്‍ ബസ്സ് സ്റ്റോപ്പ് കെട്ടി. പരോപകാരസംഘങ്ങളും ആ പ്രവൃത്തി ഏറ്റെടുത്തു. പഴയ അത്താണി പുതിയ ബസ്സ് സ്റ്റോപ്പിന്റെ രൂപത്തില്‍ ഉയര്‍ന്നുനിന്നു. പ്രേരകം, പരഹിതം എന്ന പഴയ മൂല്യംതന്നെ. അതിന് ഹാനിെയാന്നും സംഭവിച്ചില്ല. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പുതിയ രൂപം കൈവരിച്ചു.
പ്രജകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുക രാജാവിന്റെ കര്‍ത്തവ്യമായിരുന്നു. ധാര്‍മ്മികപ്രവൃത്തിയായി അത് കരുതിപ്പോന്നു. ഇന്ന് ജനാധിപത്യമാണ്. രാജാവില്ല, ആ സ്ഥാനത്ത് ജനാധിപത്യഭരണസംവിധാനമാണ്. പണ്ട് രാജാവ് വഴി നീളെ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുമായിരുന്നു. ഇന്ന് നടന്നുപോക്ക് മിക്കവാറും ഇല്ലാതായി. തീവണ്ടി യാത്ര സാധാരണയായി. മിക്കവാറും എല്ലാവരുടേയും പക്കല്‍ മൊബൈലുമുണ്ട്. അതാണെങ്കില്‍ ഇടയ്ക്കിടെ ചാര്‍ജ്ജ് ചെയ്യണം. അതിനുള്ള വ്യവസ്ഥ ഭരണകൂടം തീവണ്ടിയില്‍ ഏര്‍പ്പെടുത്തി. ഓരോ ബോഗിയിലും ഇരുവശത്തും അതിനുള്ള സ്വിച്ചുബോര്‍ഡുകള്‍ ഘടിപ്പിക്കപ്പെട്ടു. ഇരുപതാംനൂറ്റാണ്ടിന്റെ അവസാനം വരെ ഇത് ഇന്നാട്ടില്‍ വേണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒഴിവാക്കാന്‍ വയ്യാത്തവിധം വേണമെന്നായി. പഴയകാലം തൊട്ടു തുടര്‍ന്നുവരുന്ന പ്രജാഹിതമെന്ന ധര്‍മ്മാദേശം ഇന്ന് സ്വിച്ചുബോര്‍ഡിന്റെ രൂപത്തില്‍ കാണപ്പെടുന്നു. അന്നത്തെ തരുച്ഛായ ഇന്നത്തെ സ്വിച്ചുബോര്‍ഡായി. പ്രജാഹിതം ഫ്യൂസാകാതെ തുടരുന്നു! ക്ഷതമേല്‍ക്കാത്ത മൂല്യം പുതിയ ഉടയാടയിലെത്തുന്നു.
ശുചിത്വം എന്നത് ധര്‍മ്മം അനുശാസിക്കുന്ന മൗലികഗുണങ്ങളില്‍ ഒന്നാണ്. അതിനുള്ള പണ്ടത്തെ വ്യവസ്ഥയായിരുന്നു വഴിനീളെ കുളങ്ങളും കൊക്കരണികളും. ഇന്ന് കാലംമാറിയതനുസരിച്ച് ജനങ്ങളുടെ ശീലങ്ങള്‍ മാറി. എന്നാല്‍ ശൗചം എന്ന ഗുണം അപ്രസക്തമായിട്ടില്ല. അതിന് പണ്ടത്തെ മാറ്റ് ഇന്നുമുണ്ട്. എന്നാല്‍ ഇന്ന് അതിനുള്ള വ്യവസ്ഥയ്ക്കു നവരൂപം കൈവന്നു. ആധുനികശാസ്ത്രം നിര്‍ദ്ദേശിക്കുന്ന നവാവിഷ്‌ക്കരണക്രമത്തില്‍ വീതി കൂടിയ ദേശീയപാതകളുടെ ഇരുവശത്തും ഇടയ്ക്കിടെ ശൗചാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. പല പല സ്വകാര്യസ്ഥാപനങ്ങള്‍ അതിനുമുമ്പില്‍ വന്നു; തങ്ങളുടെ വക ധാര്‍മ്മികപ്രവര്‍ത്തനമാണത് എന്നവര്‍ സാഭിമാനം അവകാശപ്പെടു ന്നു. അത് തെറ്റല്ലതാനും. ‘ശുചിത്വം തന്നെ ഈശിത്വം’ എന്ന ഒരു ചൊല്ലുതന്നെയുണ്ട്. അത് കാലത്തിനൊത്തു നവാവതാരത്തില്‍ ഇന്നും തുടരുന്നു. ധര്‍മ്മത്തിന്റെ സ്വഭാവമാണിത്. സത്തയ്ക്ക് നാശമില്ലാതെ അത് കാലം നെയ്യുന്ന പുതിയ വസ്ത്രമുടുക്കുന്നു. പട്ടുകോണകമുടുത്ത് പുല്ലാങ്കുഴല്‍ പിടിച്ചാലും, പീതാംബരമുടുത്ത് സുദര്‍ശനം പിടിച്ചാലും, പടച്ചട്ടയിട്ട് ചമ്മട്ടിപ്പിടിച്ചാലും കൃഷ്ണന്‍ കൃഷ്ണന്‍തന്നെ എന്നതുപോലെയാണ് ധര്‍മ്മം. ധര്‍മ്മത്തിന്റെ ഈ ഗുണത്തെയാണ് നവോത്ഥാനഗുണമെന്ന് പറയുന്നത്. നവോത്ഥാനപ്രകൃതമില്ലെങ്കില്‍ ധര്‍മ്മം ധര്‍മ്മമായിരിക്കില്ല. അതിനെയാണ് ഇംഗ്ലീഷില്‍ Renaissance’ എന്ന് പറയുന്നത്.
ഇപ്പറഞ്ഞ ഗുണപ്രകര്‍ഷത്തിനു കടകവിരുദ്ധമാണ് പുനരാവര്‍ത്തനം – ഇംഗ്ലീഷില്‍ evivalism. കൊഴിഞ്ഞുവീണ ഇലയെ വീണ്ടും കൊമ്പില്‍ ഒട്ടിച്ചുവെയ്ക്കാന്‍ നോക്കുന്ന പാഴ്‌വേലയാണത്. പണ്ടത്തേതെന്നു പറഞ്ഞു, തകര്‍ന്ന തറവാടിന്റെ ഇടിഞ്ഞ പടിപ്പുരയില്‍ ഇരുന്നു പ്രതാപം പറയുന്ന പിരാന്ത്. ധര്‍മ്മത്തെ ചൊല്ലിയിട്ടാണ് ഇത് നടക്കുന്നതെങ്കില്‍ അതിനുപേര് ധര്‍മ്മാഭാസമെന്നാണ്, അല്ലെങ്കില്‍ ധര്‍മ്മവൈകൃതമെന്നാണ്. നവോത്ഥാനനായകന്മാര്‍ക്കോ പ്രസ്ഥാനത്തിനോ ഇപ്പണി ചേര്‍ന്നതല്ല.
ഒരുദാഹരണം പറയട്ടെ. ഉന്നതപദവിയിലെത്തിയ ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നു. മനസ്സിനിഷ്ടപ്പെട്ട ഒരു കോട്ട് പ്രധാനാവസരങ്ങളിലെല്ലാം അദ്ദേഹം ധരിക്കുമായിരുന്നു. ഉദ്യോഗത്തില്‍നിന്നു വിരമിച്ചിട്ടും അതദ്ദേഹം ഉപയോഗിച്ചുപോന്നു. പഴയതായി കോട്ട് പിഞ്ഞിത്തുടങ്ങി. എന്നാല്‍ കണ്ടം വെപ്പിച്ച് പിന്നേയും ഉപയോഗിച്ചു. അതിന്നിടയില്‍ ജാമാതാവ് മേത്തരം തുണി ശ്വശുരന് സമ്മാനിച്ചു. ഉടന്‍ തുന്നല്‍ക്കാരനെ വിളിച്ച് അദ്ദേഹം തന്റെ പഴയ കോട്ട് കൊടുത്തു. ”ഇതുപോലെ, നെല്ലിട വ്യത്യാസമില്ലാതെ തയ്ച്ചുകൊണ്ടുവരൂ” എന്ന് കല്‍പ്പിച്ച് പുതിയ തുണി കൈമാറി. ഒരാഴ്ച കഴിഞ്ഞ് സമര്‍ത്ഥനായ തുന്നല്‍ക്കാരന്‍ നെല്ലിട വ്യത്യാസമില്ലാതെ പുതിയ കോട്ട് കൊണ്ടുവന്നു. മടക്കുനിവര്‍ത്തി നോക്കിയപ്പോള്‍ തെല്ലിട സ്ഥാനം തെറ്റാതെ കണ്ടങ്ങള്‍ ഒന്നുപോലും കുറയാതെ വെട്ടിത്തുന്നിയ പുതുപുത്തന്‍ കോട്ട്! തനി ആവര്‍ത്തനം, ആത്മാര്‍ത്ഥമായ ആവര്‍ത്തനം, നിഷ്ഠ തെറ്റാത്ത സ്വാമിഭക്തി. ഇതാണ് അന്ധമായ വിവേകശൂന്യമായ പുനരാവര്‍ത്തനം. – റിവൈവലിസം. ധര്‍മ്മത്തിന്റെ കാര്യത്തിലാകുമ്പോള്‍ അതാണ് ധര്‍മ്മാഭാസം അഥവാ ധര്‍മ്മവൈകൃതം.
രാഷ്ട്രത്തിന്റെ തിരിച്ചറിവ്
ഇങ്ങനെയുള്ള ധര്‍മ്മവും ജനവും ഭൂമിയും ചേര്‍ന്നതാണ് ഭാരതത്തിലെ രാഷ്ട്രം. മുമ്പുപറഞ്ഞതെല്ലാം വളരെ ചുരുക്കി ആവര്‍ത്തിക്കട്ടെ. ഈ ഭാരതീയരാഷ്ട്രം പടിഞ്ഞാറന്‍ രാജനീതിശാസ്ത്രം ചിന്തനം ചെയ്യുന്നവിധം ഉരുത്തിരിഞ്ഞതല്ല. പ്രതിക്രിയാത്മകമായിട്ടല്ലാതെ യൂറോപ്പിലെ ഒരു രാഷ്ട്രവും രൂപം കൊണ്ടിട്ടില്ല. ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും ശേഷം രാഷ്ട്രീയകൂടനീതിയുടെ ഫലമായി പൊന്തിവന്നവയാണ് അവിടത്തെ പല രാഷ്ട്രങ്ങളും. ഷഡ്‌രിപുക്കള്‍ എന്ന് നമ്മുടെ ദര്‍ശനങ്ങള്‍ പറയുന്ന കാമം, ക്രോധം, ലോഭം, മോഹം, മദം, മത്സരം എന്നിവയാണ് അവിടത്തെ രാഷ്ട്രങ്ങളുടെ വാര്‍പ്പുകാര്‍. എന്നാല്‍ ഇവിടെ ആ സ്ഥാനത്ത് ഭദ്രേച്ഛുക്കളും സ്വര്‍വിദന്മാരും അവരുടെ തപസ്സും ദീക്ഷയുമായിരുന്നു. മനുഷ്യസഹജമായ ബഹുസ്വരത അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇവിടെ വളര്‍ന്ന രാഷ്ട്രങ്ങളുടെ ജന്മസ്വഭാവം. പോര്‍ത്തുഗലിന്റേയോ സ്‌പേനിന്റേയോ മതവിചാരണക്കോടതികള്‍ ഇവിടെ അചിന്ത്യമായിരുന്നു. ജഗന്നാഥന്റെ സൃഷ്ടികളിലോരോന്നിലും ഒരേ ചൈതന്യം കുടികൊള്ളുന്നു എന്നതായിരുന്നു ഇവിടുത്തെ രാഷ്ട്രത്തിന്റെ വിശ്വാസവും കാഴ്ചപ്പാടും. അതില്‍നിന്ന് പൊട്ടിവിരിഞ്ഞുവികസിച്ച വിശ്വഭ്രാതൃത്വം ഭാരതരാഷ്ട്രത്തിന്റെ എക്കാലത്തേയും വിശ്വാസപ്രമാണമായിരുന്നു, നിരന്തരവ്യവഹാരമായിരുന്നു. അതുകൊണ്ട് ലോകം മുഴുക്കെ ഒരു കുരുവിക്കൂട് – വിശ്വമേകനീഡം – എന്ന വെളിപാട് വിളിച്ചുപറയാനുള്ള വിശ്വപ്രേമം ഇവിടത്തെ മഹര്‍ഷിക്കുള്ളില്‍ വിളഞ്ഞു. ഭാരതത്തിലെ രാഷ്ട്രസങ്കല്പം ഭൂലോകരാഷ്ട്രത്വത്തിന് വിരുദ്ധമായിരുന്നില്ല. അതിന്റെ പൂര്‍വ്വോപാധിയായി അത് വര്‍ത്തിച്ചു.
ഈ പ്രാചീനരാഷ്ട്രം ഭാരതമെന്നും ഹിന്ദുസ്ഥാനമെന്നും ഇംഗ്ലീഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കപ്പെട്ടതിനുശേഷം ഇന്ത്യയെന്നും അറിയപ്പെട്ടു. ദേശത്തിനുള്ളില്‍ ഉള്ളവര്‍ പറഞ്ഞുപോന്ന പേരാണ് ഭാരതം. ഈ ദേശത്തെ തിരിച്ചറിയാന്‍ പുറത്തുള്ളവര്‍ പറഞ്ഞുപോന്ന പേരാണ് ഹിന്ദുസ്ഥാനം. ക്ലൈവിന്റേയും വാറന്‍ഹേസ്റ്റിങ്ങ്‌സിന്റേയും എഴുത്തുകുത്തുകളില്‍ ഇന്ത്യയില്ല, ഹിന്ദുസ്ഥാനമാണുള്ളത്. പിന്നീടത് അപഭ്രംശിച്ചുണ്ടായതാണ് ഇന്ത്യ.
പുറത്തുള്ളവര്‍ പറഞ്ഞുപോന്ന ഹിന്ദുസ്ഥാനം ഇവിടെ പാര്‍ത്തുപോന്ന ഹിന്ദുജനതയെ ചൊല്ലിയിട്ടാണ്. അങ്ങനെ, ഭാരതമെന്ന പേര് ഭൂമിയെ ചൊല്ലിയിട്ടാണെങ്കില്‍ ഹിന്ദുസ്ഥാനമെന്ന പേര് ജനതയെ ചൊല്ലിയിട്ടാണ്. ഇന്ത്യയെന്ന പേര് ഉച്ചാരണവൈകല്യം ചെന്നവസാനിച്ച അപഭ്രംശത്തില്‍ കൂടിയുമാണ്.
അപ്പോള്‍ ഭാരതത്തിലെ ജനങ്ങള്‍ ഭാരതീയരും ഹിന്ദുസ്ഥാനത്തിലെ ജനങ്ങള്‍ ഹിന്ദുക്കളുമാണ്- തുര്‍ക്കിസ്ഥാനത്തിലെ ജനങ്ങള്‍ തുര്‍ക്കികളും അറബിസ്ഥാനിലെ ജനങ്ങള്‍ അറബികളും അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ അഫ്ഗാ നുകളും എന്നപോലെ. ഭാരതീയനും ഹിന്ദുവും തമ്മില്‍ വാസ്തവത്തില്‍ വ്യത്യാസമില്ല. ഒന്നിന്റെ ഉദ്ഗമം ഭൂമിയും മറ്റേതിന്റേത് ജനവും എന്നു മാത്രമേയുള്ളൂ. അതുകൊണ്ടാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഇപ്പോഴത്തെ സര്‍സംഘചാലക് ഡോക്ടര്‍ മോഹന്‍ ഭാഗവത് ”ഭാരതത്തില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്” എന്ന് പറഞ്ഞത്. ആ പ്രസ്താവനയില്‍ മതം കടന്നുവരുന്നില്ല. ദേശസംബന്ധമായ മതാതീത പ്രസ്താവമാണത്.
ഹിന്ദുസ്ഥാനത്തില്‍ വേദകാലം തൊട്ടുള്ള പാരമ്പര്യം കാരണം പല ഘട്ടങ്ങളായി പല മതങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വൈഷ്ണവം, ശൈവം, ശാക്തേയം, കൗളം എന്നു തുടങ്ങി ഒട്ടേറെയുണ്ട്. ശ്രീശങ്കരന്‍ ജനിച്ച എട്ടാം നൂറ്റാണ്ടില്‍ 72ലേറെ മതങ്ങളുണ്ടായിരുന്നു എന്ന് പറയുന്നു. ഓരോന്നിനേയും തിരിച്ചറിയാന്‍ കഴിയാത്ത യൂറോപ്യന്‍ എല്ലാറ്റിനേയും കൂട്ടിക്കെട്ടി ഹിന്ദുസ്ഥാനത്തിലെ മതങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ ഹിന്ദൂയിസം എന്ന് വിളിച്ചുപറഞ്ഞു. വാസ്തവത്തില്‍ ഈ ഹിന്ദൂയിസത്തെ മലയാളത്തില്‍ മൊഴിമാറ്റം ചെയ്യേണ്ടത് ഹിന്ദുമതങ്ങള്‍ എന്നാണ്. ബഹുവചനമാണ് ഇവിടെ പ്രയോഗിക്കേണ്ടത്.
ഹിന്ദുമതങ്ങളില്‍ വിശ്വസിക്കുന്നവരെല്ലാം ഹിന്ദുക്കള്‍ എന്നറിയപ്പെട്ടു. എന്നാല്‍ പില്‍ക്കാലത്ത് യേശുക്രിസ്തുവിന്റേയും മുഹമ്മദ് നബിയുടേയും രംഗപ്രവേശനത്തിനുശേഷം, കാരണങ്ങള്‍ എന്തെല്ലാമായിക്കൊള്ളട്ടെ, ആ മഹത്തുക്കളുടെ മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ സംഖ്യയും സാന്നിദ്ധ്യവും കൂടി. ആ മതങ്ങളുടെ പേരില്‍ ക്രിസ്ത്യാനികളെന്നും മുഹമ്മദീയരെന്നും അവര്‍ അറിയപ്പെട്ടെങ്കിലും ജന്മനാ അവര്‍ ഈ ഭൂമിപുത്രരായിരുന്നു. അതുകൊണ്ട് ഹിന്ദുസ്ഥാനസന്തതികളായ ഹിന്ദുക്കളാണ്. ഹൈന്ദവവൈഷ്ണവന്‍, ഹൈന്ദവശൈവന്‍, ഹൈന്ദവജൈനന്‍, ഹൈന്ദ വബൗദ്ധനെപ്പോലെ ഹൈന്ദവക്രൈസ്തവരും ഹൈന്ദവമുഹമ്മദീയരുമാണ്,
ഇവരാരും തന്നെ ഇവിടത്തെ ശാശ്വത-മൂല്യാധിഷ്ഠിതപാരമ്പര്യം നിഷേധിക്കേണ്ടതില്ല. അവരും അതിന്റെ തുല്യാവകാശികളാണ്. ഇത് മനസ്സിലാക്കിയിട്ടും അംഗീകരിച്ചുകൊണ്ടും തന്നെയാണ് മലയാളമനോരമ ‘ധര്‍മോസ്മദ്കുലദൈവതം’ എന്ന ബോധവാക്യം സ്വന്തമായി രചിച്ചത്. ‘ഹിന്ദു’ എന്ന പത്രം അതിന്റെ ശീര്‍ഷകത്തിനു തൊട്ടുതാഴെ ഇന്നും പ്രതിദിനം അച്ചടിക്കുന്നത് ‘India’s National newspaper since 1878’ എന്നാണ്. അപ്പോള്‍ ഹിന്ദു എന്നത് ദേശീയതയുടെ പേരാണ്. ഹിന്ദുസ്ഥാനത്തിലെ മതങ്ങളെ എടുത്തുകാണിക്കാന്‍ ആ പദം പ്രയോജനപ്പെടുന്നുവെങ്കിലും ആ സംജ്ഞ വ്യുല്‍പത്തിപ്രകാരം നിശ്ചയമായും ദേശീയമാണ്.
ഇക്കാരണത്താല്‍തന്നെയാണ് ക്രൈസ്തവമതസമുന്നതനായിരുന്ന ഫാദര്‍ ജോസഫ് പാറേക്കാട്ടില്‍ ഞാന്‍ ഹിന്ദുവായ ക്രിസ്ത്യാനിയാണ് എന്നു പരസ്യമായി പറഞ്ഞത്. പേരുകേട്ട ന്യായാധിപതി എം. സി. ഛഗ്ല ‘മതംകൊണ്ട് ഞാന്‍ മുസ്ലീം ആണെങ്കിലും വംശം കൊണ്ട് ഹിന്ദുവാണ്’ എന്ന് പറഞ്ഞത്.
ഈ നിലയ്ക്ക് ധര്‍മ്മവും ജനവും ഭൂമിയും ചേര്‍ന്നുണ്ടായ ഭാരതരാഷ്ട്രം ഹിന്ദുരാഷ്ട്രമാണ്.
രാഷ്ട്രലക്ഷ്യം
ഓരോ രാഷ്ട്രത്തിനും എന്നതുപോലെ ഈ ഹിന്ദുരാഷ്ട്രത്തിനും ലോകത്തിനു നല്‍കാന്‍ തനതായ സന്ദേശവും നിര്‍വ്വഹിക്കാന്‍ തനതായ ദൗത്യവും നേടാന്‍ തനതായ ജന്മലക്ഷ്യവുമുണ്ടെന്നാണ് സംപൂജ്യ സ്വാമി വിവേകാനന്ദന്‍ 1897 ജനുവരിയില്‍ രാമേശ്വരത്തുവെച്ച് പ്രഖ്യാപിച്ചത്. ആ വിശേഷപ്പെട്ട ലക്ഷ്യം അമരമായതുകൊണ്ട് ഭാരതരാഷ്ട്രവും അമരമാണെന്നു പ്രവചിച്ചത്.
ഭാരതത്തിനു മാത്രം ലോകത്തിനു നല്‍കാന്‍ സാധിക്കുന്ന ആ സന്ദേശം ധര്‍മ്മാധിഷ്ഠിതമായ ശാശ്വതമൂല്യങ്ങളുടേതാണ്. അവയാണ് മനുഷ്യവംശത്തിന്റെ അധിഷ്ഠാനതത്വങ്ങള്‍ എന്ന് 1948 ഡിസംബറില്‍ വിളംബരം ചെയ്ത് ഐക്യരാഷ്ട്രസംഘത്തിന്റെ പ്രമാണപത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വായിച്ചുനോക്കിയാല്‍ അത് മനസ്സിലാകും.
അത് പ്രാവര്‍ത്തികമാക്കേണ്ട ഭാരം ഭാരതത്തിന്റെ ഭരണകൂടത്തേക്കാള്‍ കൂടുതല്‍ ഭാരതീയാന്തരീക്ഷത്തില്‍ വളര്‍ന്നു വലുതായ ജനതയ്ക്കാണ്. ഒരു രാഷ്ട്രത്തിന്റെ നിലവാരം അതിലെ സര്‍വ്വസാധാരണക്കാരനായ പൗരന്റെ നിലവാരമാണ്, അല്ലാതെ അപവാദാത്മകമായി തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു കൈപ്പിടി നേതാക്കന്മാരുടേതല്ല. സാധാരണ ദേശീയന്റെ നിലവാരമാണ് ദേശത്തിന്റെ നിലവാരം. അതുകൊണ്ട് സ്വാമികള്‍ ഉദ്ദേശിച്ച രാഷ്ട്രസന്ദേശത്തിന്റെ വാഹകന്മാര്‍ ഹിന്ദുസ്ഥാനത്തിലെ ജനമായിരിക്കണം.
ഇന്നത്തെ ഭാരതത്തിന് അനുകൂലമാണ് കാലം. 18-ാം നൂറ്റാണ്ടിന്റെ സായാഹ്നം മുതല്‍ 21-ാം നൂറ്റാണ്ടിന്റെ പു ലര്‍കാലം വരെയുള്ള സുദീര്‍ഘകാലാവധിയില്‍, ആദ്യം കൂലിപ്പണിക്കാരായും പിന്നെ വ്യാപാരികളായും സ്വാതന്ത്ര്യാനന്തരം കാര്യപ്രവീണന്മാരായും ദശലക്ഷക്കണക്കിന് ഭാരതീയപ്രവാസികള്‍ നൂറിലധികം ദേശങ്ങളില്‍ സ്ഥിരമായും താല്‍ക്കാലികമായും താമസിക്കുന്നുണ്ട്. വാസ്തവത്തില്‍ അവരെല്ലാം ഹിന്ദുരാഷ്ട്രത്തിന്റെ സന്ദേശവാഹകന്മാരാണ്. നമ്മെ ഒന്നൊന്നര നൂറ്റാണ്ടുകാലം ഭരിച്ച ഇംഗ്ലണ്ടിന്റെ മൊത്തം ജനസംഖ്യയുടെ രണ്ടോ മൂന്നോ ഇരട്ടി വരും അവര്‍. അവരെല്ലാം ഈ പേര്‍പ്പെറ്റ നാടിന്റെ തലച്ചോറിന്റെ മുടക്കുമുതലാണ്, ഒരിക്കലും ചോര്‍ച്ചയല്ല. അവരെല്ലാം ഇക്കാലത്ത് ഉല്‍പതിഷ്ണുക്കളായ ചില സന്ന്യാസിമാര്‍ മൂലവും വിശ്വഹിന്ദുപരിഷത്ത്, ഹിന്ദു സ്വയംസേവക സംഘം മുതലായ ബഹുജനജാഗരണപ്രസ്ഥാനങ്ങള്‍ മൂലവും ഭാരതത്തിന്റെ ഐതിഹാസികദൗത്യത്തെക്കുറിച്ചും ബോധവാന്മാരായി വളരുന്നു. അവരാണ് ഭാരതത്തിന്റെ ഏറ്റവും ഫലവത്തായ തൃണമൂലതലത്തിലെ ധര്‍മ്മദൂതന്മാര്‍. അവര്‍ക്ക് പിന്‍താങ്ങ് എന്നോണം ഭാരതവംശജര്‍ ഭരണാധിപന്മാരായി വാഴുന്ന മൊറീഷ്യസ്, സുരിനാം, ട്രിനിദാദ് മുതലായ ദേശങ്ങള്‍ വേറെയുമുണ്ട്.
ചെറിയൊരു മാനസികവിഷമം, നമ്മുടെ ദേശത്തിലെ നാമവാന്മാരായ ധര്‍മ്മഗുരുക്കളുടെ ശ്രദ്ധ ഈ സ്വകീയരുടെ നേര്‍ക്ക് പതിയുന്നില്ല എന്നതാണ്. തൊണ്ണൂറ്റിയൊമ്പതു ശതമാനത്തിനും അമേരിക്കയിലും ഇംഗ്ലണ്ടിലും എത്തിപ്പെട്ടു സമ്പന്നരായി മടങ്ങിവന്നു സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാനാണ് ഭ്രമം. ബാലിയിലും ബര്‍മ്മയിലും ഫിജിയിലും മൊറീഷ്യസ്സിലുമെല്ലാം ഗണ്യമായ എണ്ണത്തില്‍ നിവസിക്കുന്ന സ്വവംശജരുടെ കാലാനുസാരജാഗരണത്തിന്റെ നേര്‍ക്ക് ഈ ദിവ്യരുടെ കൃപാദൃഷ്ടി പതിയുന്നില്ല എന്നതാണ് ദുഃഖസത്യം.
എന്നാല്‍ ആശ്വാസത്തിനും വകയുണ്ട്. ഒരുദാഹരണം. 1956 മുതല്‍ ബര്‍മ്മയില്‍ ബര്‍മ്മാ സര്‍വ്വോച്ച ന്യായാലയത്തിന്റെ മുഖ്യന്യായാധിപനായ ഉ ഛാന്‍ ഠൂന്‍ എന്ന മഹാത്മാവിന്റെ സഹായസഹകരണത്തോടെ വളര്‍ന്നു വലുതായ ‘സനാതനധര്‍മ്മസ്വയംസേവകസംഘ’ത്തിന് ഇപ്പോള്‍ നൂറിലേറെ ശാഖകളുണ്ട്. അതിന്റെ ദേശീയപ്ര ചാരകന്‍ 1994-96 കളില്‍ ബോംബേയില്‍ വന്നു താമസിച്ചു സംസ്‌കൃതസര്‍വ്വകലാശാലയില്‍നിന്ന് ‘ബൗദ്ധമതത്തിലേയും ഹിന്ദുധര്‍മ്മത്തിലേയും പൊതുവായ ആചാരങ്ങളും അനുഷ്ഠാനങ്ങളും’ എന്ന വിഷയത്തില്‍ ഡോക്ടര്‍ ബിരുദം നേടിയ ഡോ. രാം നേവാസ് ആണ്. ”സ്വന്തം കര്‍മ്മമണ്ഡലത്തില്‍ പ്രയോജനകരമായ വിഷയം ബോധ പൂര്‍വ്വം തിരഞ്ഞെടുത്തതാണ്” എന്നാണദ്ദേഹം ഈ ലേഖകനോട് പറഞ്ഞത്. അക്കാര്യം അദ്ദേഹത്തിന്റെ ഗവേഷണപ്രബന്ധം വായിച്ചപ്പോള്‍ ബോദ്ധ്യപ്പെടുകയും ചെയ്തു.
ഒടുവില്‍, സ്വാമി വിവേകാനന്ദന്‍ എടുത്തുപറഞ്ഞ ‘ഭാരതരാഷ്ട്രത്തിന്റെ ലക്ഷ്യമെന്ത്?’ എന്ന ചോദ്യമുയര്‍ന്നു വരാം. അതിനുത്തരം പറയാന്‍ ഭാരതീയദര്‍ശനങ്ങളുടെ വിശേഷപ്രതിപാദനം വേണ്ടിവരും. അതിന്റെ പശ്ചാത്തലത്തിലേ ചുരുക്കത്തിലുള്ള ഉത്തരം നല്‍കാനാകൂ. എന്നാല്‍ അതിന് എളുപ്പമായ ഒരു പരിഹാരമുണ്ട്. അത് സന്ത് ജ്ഞാനേശ്വരയോഗിയെ ശരണം പ്രാപിച്ചുകൊണ്ടുള്ളതാണ്. ഭഗവദ്ഗീതയിലെ എഴുന്നൂറ് ശ്ലോകങ്ങള്‍ക്ക് ‘ഓവി’ എന്ന് വിളിക്കപ്പെടുന്ന 9033 മൂന്നരവരി ശ്ലോകങ്ങളില്‍ അദ്ദേഹത്തിന്റെ വക ഒരു ഭാഷ്യഗ്രന്ഥമുണ്ട്. ഇന്നേയ്ക്ക് എട്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രചിച്ചത്. ജ്ഞാനേശ്വരി എന്നറിയപ്പെടുന്ന ആ പുണ്യഗ്രന്ഥത്തിന്റെ സമാപ്തിയില്‍ ആ വിഭൂതി വെളിപ്പെടുത്തിയ വരികള്‍ നമ്മുടെ അകക്കണ്ണ് തുറക്കും. പതിനെട്ടാമദ്ധ്യായം 1794 മുതല്‍ 1799 വരെയുള്ള ‘ഓവികള്‍’ ശ്രദ്ധിക്കുക.
”ഖലന്മാരുടെ കുടിലത കെട്ടുപോകട്ടെ
സല്‍ക്കര്‍മ്മങ്ങളില്‍ അവരുടെ ശ്രദ്ധ തിരിയട്ടെ
ജീവികളില്‍ പരസ്പരത വളരട്ടെ
മൈത്രീഭാവം സര്‍വ്വത്ര വിളയട്ടെ
കല്മഷത്തിന്‍ കൂരിരുള്‍ നീങ്ങട്ടെ
സ്വധര്‍മ്മസൂര്യന്‍ ലോകത്തിലുദിക്കട്ടെ
ജീവികള്‍ക്ക് ഇച്ഛിച്ചതൊക്കെ കിട്ടട്ടെ
സമസ്തമംഗളം വര്‍ഷിക്കുന്ന
ഭഗവന്നിഷ്ഠ ഉള്‍ത്തുടിപ്പാര്‍ന്ന മാനവസമൂഹം വളരട്ടെ
സൃഷ്ടിജാലം ബന്ധുഭാവം പുലര്‍ത്തട്ടെ
നടക്കുന്ന കല്പവൃക്ഷങ്ങളുടെ ഉപവനം
ഉയിരുള്ള ചിന്താമണികളുടെ വിളനിലം
അമൃതം നിറഞ്ഞു വഴിയുന്ന സാഗരമാകട്ടെ ഈ ഭൂമണ്ഡലം
കളങ്കഹീനനായ ചന്ദ്രന്‍ ഉഷ്ണവിഹീനനായ സൂര്യന്‍
എന്നപോലെയാകട്ടെ സജ്ജനസമൂഹം
തമ്മില്‍ പുലരട്ടെ വിശ്വഭ്രാതൃത്വം
മൂന്ന് ലോകങ്ങളും സുഖസമ്പന്നമാകട്ടെ
ആദിപുരുഷനെ അനവരതം എല്ലാവരും ഭജിക്കട്ടെ.”
ലോകത്തിനുമുമ്പില്‍ ഭാരതരാഷ്ട്രത്തിന്റെ പ്രകടനപത്രികയാണിത്. ഇതെഴുതുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അശോക്ജി സിംഘാള്‍ പരമപൂജനീയ ഗുരുജിയുടെ ബൗദ്ധിക്കിന് മുമ്പ് ഭാവാര്‍ദ്രതയോടെ പാടിയ വ്യക്തിഗീതത്തിന്റെ പല്ലവി ഓര്‍മ്മവരുന്നു.
”യഹ് ദേഹ് വിശ്വ് ആത്മാ ഹേ ഭാരതമാതാ സൃഷ്ടിപ്രളയ പര്യന്ത് അമര് യഹ് നാതാ…” (വിശ്വമാണ് ദേഹം, ഭാരതമാതാവാണ് ആത്മാവ്, സൃഷ്ടി മുതല്‍ പ്രളയം വരെ അമരമാണീ ബന്ധം!!!!)
ഭരതവാക്യം
ദേശമാണിതു ഭാരതം
ജനമോ ഹിന്ദുനാമകം
ധര്‍മ്മം തന്നെയിതിന്‍ സ്വത്വം
രാഷ്ട്രമിത്രയസംയുക്തം!!!!!
Comments