പുതുതായ്പ്പറയുവാന്‍
വല്ലതുമുണ്ടാകുമീ
പുലരിക്കെന്നും; ഏതു-
ണ്ടാവര്‍ത്തനങ്ങള്‍ മണ്ണില്‍ !
ഉറക്കമുണരുന്ന
തൊരുപോലാണോ, കേള്‍ക്കു-
മുണര്‍ത്തു പാട്ടിന്‍ ശീലു
മൊരുപോലാകാന്‍ വയ്യാ !
കൊഴിഞ്ഞ പൂവല്ലല്ലോ
വിരിയുന്നതു, ഞെട്ട-
റ്റടരും ദലമല്ലാ
കൂമ്പിടുന്നതു വീണ്ടും !
ഒഴുകിപ്പോകും ജല-
രാശികളൊന്നും, അതേ
പുഴയായ് കൈകോര്‍ക്കുവാ-
നിടയില്ലല്ലോ വീണ്ടും
ഇന്നലെ കണ്ടെത്തിയ
ചിത്രങ്ങളല്ലാ വാനിന്‍
സഞ്ചലിതാവേഗത്തിന്‍
നവ്യഭാവനയൊന്നും
ഇന്നലെ മങ്ങിക്കണ്ട
സൂര്യനേയല്ല; മാനം
കുങ്കുമപ്പൂക്കള്‍ കൊണ്ടു
മൂടുമീ ത്രിസന്ധ്യയില്‍
ഇന്നലെക്കണ്ട മുഖ-
ഭാവമല്ലല്ലോ, പ്രിയേ
മുന്നിലീ തിളയ്ക്കുന്ന
നിന്നുടെ രൂപത്തിനും !
പുതുതായ്പ്പറയുവാന്‍
വല്ലതുമുണ്ടാകുമീ
പുലരിക്കെന്നും; ഏതു-
ണ്ടാവര്‍ത്തനങ്ങള്‍ മണ്ണില്‍ !
Comments