കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ പട്ടണത്തിലെ ഒരു സമ്മേളന ഹാളില്‍ ഉന്നത പോലീസ് അധികാരികളുടെ യോഗം നടക്കുകയായിരുന്നു. ജില്ലയിലെ പ്രമുഖരായ പോലീസ് ഓഫീസര്‍മാരെല്ലാം സന്നിഹിതരാണ്. കൂട്ടത്തിലൊരു ഡി.വൈ.എസ്.പി എല്ലാവരോടുമായി പറഞ്ഞുവത്രെ, ‘ഫസല്‍ വധക്കേസിനെക്കുറിച്ച് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഞാന്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്’…
കാതു കൂര്‍പ്പിച്ചിരുന്ന കേള്‍വിക്കാര്‍ക്ക് പക്ഷെ, ‘ഗവേഷണ’ഫലം എന്താകുമെന്ന് ഏതാണ്ടൊക്കെ നേരത്തെ തന്നെ മനസ്സിലായിട്ടുണ്ട്. ഭരണകൂട സൗകര്യമനുസരിച്ച് പോലീസ് സംവിധാനത്തെ നാണംകെട്ട രീതിയില്‍ എങ്ങനെയൊക്കെ ദുരുപയോഗിക്കാം എന്നതിന്റെ ആശങ്കപ്പെടുത്തുന്ന പ്രവര്‍ത്തന രീതി (മോഡസ് ഓപ്പറാണ്ടി) യുടെ നിര്‍വഹണ തന്ത്രം ആയിരിക്കുമത് എന്ന് അവര്‍ക്കറിയാമായിരുന്നു. കാരണം, ഈ പ്രസ്താവന നടത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ കണ്ണൂര്‍ ജില്ലയില്‍ കാലങ്ങളായി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കുവേണ്ടി കങ്കാണിപ്പണി ചെയ്തുകൊണ്ടിരിക്കുന്ന നിയമപാലകനാണെന്ന് ഏവര്‍ക്കും ബോധ്യമുള്ളതാണ്. ബോംബുനിര്‍മ്മാണത്തിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട് ‘രക്തസാക്ഷി’യായ ഒരു സഖാവിന്റെ സഹോദരിയെ ജീവിത പങ്കാളിയാക്കി പാര്‍ട്ടിക്കൂറ് പ്രകടമാക്കിയ വിധേയനാണിയാള്‍. സഹപ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ ഇയാള്‍ നടത്തിയ പ്രഖ്യാപനം കേട്ടറിഞ്ഞ, ഇയാളുടെ ഗവേഷണത്തിനിരയായ സുബീഷ് എന്ന ചെറുപ്പക്കാരന്‍ ഈ ഗവേഷകനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ അതു വാര്‍ത്തയുമായി.
എന്താണ് ഫസല്‍ വധക്കേസ്:
ഏറെക്കാലമായി സിപിഎമ്മിന്റെ തനിനിറം കാട്ടിത്തരുന്ന കേസാണിത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം നടക്കുന്ന ആദ്യ സംഭവം. 2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെ 4 മണിക്ക് എന്‍.ഡി.എഫ് (ഇന്നത്തെ പോപ്പുലര്‍ ഫ്രണ്ട്) പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്ന ചെറുപ്പക്കാരന്‍ തലശ്ശേരി സെയ്താര്‍ പള്ളിക്കു സമീപം വെച്ച് പത്ര വിതരണത്തിനിടെ ദാരുണമായി കൊല്ലപ്പെടുന്നു. അതൊരു നോമ്പുകാലമായിരുന്നു.
ലിബര്‍ട്ടി ക്വാര്‍ട്ടേഴ്‌സ് റോഡിലൂടെ സൈക്കിളില്‍ സഞ്ചരിച്ച് പത്രവിതരണം നടത്തുകയായിരുന്നു ഫസല്‍. കാത്തിരുന്ന കൊലയാളികള്‍ സൈക്കിള്‍ തടഞ്ഞ് കഠാരകൊണ്ട് ഫസലിന്റെ കഴുത്തില്‍ കുത്തി. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ഇയാള്‍ശ്രമിച്ചിരുന്നു. എന്നാല്‍ ഗേറ്റ് ചാടിക്കടക്കുന്നതിനിടയില്‍ കൊലയാളികള്‍ ഫസലിനെ വലിച്ചു താഴെയിട്ടു. റോഡിലെ വെളിച്ചമില്ലാത്ത ഭാഗത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊടുവാള്‍ കൊണ്ടു വെട്ടിക്കൊന്നു.
തലശ്ശേരി ഗോപാലപേട്ടയില്‍ സി.പി.ഐ(എം) ബ്രാഞ്ച് കമ്മറ്റി അംഗവും പാര്‍ട്ടി നിയന്ത്രണത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്നു ഫസല്‍. ദേശാഭിമാനി പത്രത്തിന്റെ വിതരണക്കാരനും. പിന്നീട് പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേരുകയും അവരുടെ പ്രസിദ്ധീകരണമായ തേജസ് പത്രത്തിന്റെ വിതരണക്കാരനാവുകയും ചെയ്തു. ഫസലിന്റെ ഈ കൂറു മാറ്റത്തിലുള്ള രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നുണ്ട്. ഫസലിന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം സി.ബി.ഐ. ഏറ്റെടുത്ത കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് മാര്‍ക്‌സിസ്റ്റുകാരാണ് പ്രതികള്‍.
ഗൂഢ പദ്ധതി രൂപപ്പെടുന്നു:
കൊല നടന്ന ദിവസം തലശ്ശേരിയിലുണ്ടായിരുന്ന അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മൃതദേഹം സൂക്ഷിച്ച ആശുപത്രിയിലെത്തി. വധത്തിനു പിന്നില്‍ ആര്‍.എസ്.എസ്സാണെന്ന് പോലീസിനേക്കാള്‍ മുന്നേ പ്രഖ്യാപിച്ചു. കേസന്വേഷണം വഴിതിരിച്ചുവിടാന്‍ പോലീസുകാര്‍ക്കുള്ള പരോക്ഷ നിര്‍ദ്ദേശം തന്നെയായിരുന്നു അത്. അളന്നു മുറിച്ചുള്ള ഗൂഢാലോചനയിലൂടെ രൂപപ്പെട്ട ദുഷ്ടമായ പദ്ധതിയുടെ പ്രഖ്യാപനം. ഒരു വെടിക്ക് രണ്ടു പക്ഷികളെയാണ് കോടിയേരി ലക്ഷ്യം വെച്ചത്. ഒന്ന്, പാര്‍ട്ടി വിട്ടുപോയ ന്യൂനപക്ഷ സമുദായക്കാരനോടുള്ള പക വീട്ടല്‍. മറ്റേത്, ആര്‍.എസ്.എസ് ഉമ്മാക്കി കാട്ടി ഇസ്ലാമിക തീവ്രവാദികളെ ഇളക്കിവിട്ട് ഒരു വര്‍ഗീയ കലാപം, അതിലൂടെയുള്ള മുതലെടുപ്പ്.
ആര്‍.എസ്.എസ്സിന്റെ പങ്ക് സ്ഥാപിച്ചെടുക്കാനുള്ള സമര്‍ത്ഥമായ ചില സര്‍ക്കസ്സുകളും നടത്തിയിരുന്നു പാര്‍ട്ടി. രക്തം പുരണ്ട ഒരു തൂവാലയും ആയുധം പൊതിഞ്ഞതെന്ന് തോന്നിപ്പിക്കുന്ന കേസരി വാരികയുടെ പഴയ പതിപ്പിന്റെ കടലാസുകളും സമീപത്തുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെടുക്കാന്‍ പാകത്തിന് കൊണ്ടിട്ടിരുന്നു!
പഴയ തലശ്ശേരി കലാപവും അതിലൂടെ മുസ്ലിം വിഭാഗത്തില്‍ പാര്‍ട്ടിക്കുണ്ടായ സ്വാധീനവും അതുവഴി ഇന്നും കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടവും സുഖങ്ങളും നേതാക്കള്‍ക്ക് മധുര സ്മരണകളാണ്. ആര്‍.എസ്. എസ്സില്‍ നിന്ന് മുസ്ലീങ്ങളെ ‘രക്ഷിക്കാന്‍’ തങ്ങളേയുള്ളൂ എന്ന പൊള്ളത്തരം നിരന്തരം വിളമ്പാന്‍ ഇന്നും തലശ്ശേരി കലാപമാണ് സി.പി.എമ്മിന്റെ ഉപകരണം. ഒരു പരിധി വരെ മുസ്ലീങ്ങളില്‍ ലീഗിനേക്കാള്‍ സ്വീകാര്യത തലശ്ശേരി പ്രദേശത്ത് സി.പി.എമ്മിന് കൈവരിക്കാന്‍ കഴിയുന്നത് ഈ കാപട്യത്തിലൂടെയാണ്. അതിന്റെ പുതിയ തരം ആവിഷ്‌ക്കാരത്തിനാണ് ഫസല്‍ വധത്തിലൂടെ സി.പി.എം ശ്രമിച്ചത്. മുസ്ലിം സാന്നിധ്യം ഏറെയുള്ള തലശ്ശേരി അസംബ്ലി മണ്ഡലം എക്കാലവും തങ്ങളുടെ മേച്ചില്‍പുറമാക്കി നിലനിര്‍ത്താന്‍ സി.പി.എം ആഗ്രഹിക്കുന്നു. ഇതിന് കഴിയുന്ന തരത്തില്‍ ഇസ്ലാമിക വിശ്വാസികളെ ആര്‍.എസ്.എസ് ചെലവില്‍ ഭയപ്പെടുത്തി കൂടെ നിര്‍ത്താമെന്നാണ് കണക്കു കൂട്ടല്‍.
അന്വേഷണം നീങ്ങിയ വഴി:
തുടക്കത്തില്‍ തലശ്ശേരി സി.ഐ സുകുമാരന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ മെനഞ്ഞെടുത്ത പദ്ധതി വിജയിപ്പിക്കാന്‍ തങ്ങളുടെ ഇഷ്ടക്കാരനല്ലാത്ത സുകുമാരന്‍ തടസ്സമാകുമെന്ന ബോധ്യത്തില്‍ പിറ്റേന്നു തന്നെ ചുമതല ഡി.വൈ.എസ്.പി രാധാകൃഷ്ണനെ ഏല്പിച്ചു. മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ച രാധാകൃഷ്ണന് അവര്‍ നിരപരാധികളാണെന്ന് ബോധ്യപ്പടുക മാത്രമല്ല, യഥാര്‍ത്ഥ പ്രതികള്‍ സി.പി.എമ്മുകാരാണെന്ന് മനസ്സിലാവുകയും ചെയ്തു. രാധാകൃഷ്ണന്റെ അന്വേഷണവും നേര്‍വഴിക്കു തന്നെ നീങ്ങുന്നതായി മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം ഇടപെട്ട് അന്വേഷണമാരംഭിച്ച് പതിനഞ്ചു ദിവസത്തിന് ശേഷം രാധാകൃഷ്ണനെയും അന്വേഷണച്ചുമതലയില്‍ നിന്നൊഴിവാക്കി. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ക്യാമ്പ് ഓഫീസില്‍ ചെന്ന് അന്വേഷണച്ചുമതല ഒഴിയാന്‍ ഡി.വൈ.എസ്.പി രാധാകൃഷ്ണനോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീടു കേസന്വേഷിച്ചത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സാലിയാണ്. ഇദ്ദേഹത്തിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല എന്നറിയിച്ച് ഫസലിന്റെ ഭാര്യ മറിയു സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിശദീകരണമാരാഞ്ഞപ്പോള്‍ അന്വേഷണച്ചുമതല എസ്.പി മോഹന്‍ദാസിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് നല്‍കിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നുമുള്ള ഉറപ്പ് സര്‍ക്കാര്‍ മറുപടിയായി നല്‍കി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണ ആവശ്യം കോടതി തള്ളി. മാസങ്ങള്‍ കഴിഞ്ഞ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ വീണ്ടും സമീപിച്ചപ്പോഴാണ് സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
2008 ഏപ്രില്‍ അഞ്ചിന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. സി.ബി.ഐ. അന്വേഷണത്തെ ഇടതു സര്‍ക്കാര്‍ ചോദ്യം ചെയ്‌തെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. 2012 ജൂണ്‍ 12-ന് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം. നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും യഥാക്രമം ഏഴും എട്ടും പ്രതികളായി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയാണ് ഒന്നാംപ്രതി.
സി.ബി.ഐ പേടി:
സി.ബി.ഐ എന്ന മൂന്നക്ഷരങ്ങള്‍ പോലും സി.പി.എമ്മില്‍ ഭയം ജനിപ്പിക്കും. തങ്ങളുടെ നേരെ വരുന്ന സി.ബി.ഐ അന്വേഷണത്തെ ഏതുവിധേനയും പ്രതിരോധിക്കാന്‍ എന്തു കളിയും കളിക്കും. പാര്‍ട്ടി നേതാക്കള്‍ക്കു പങ്കുള്ള ലാവലിന്‍ കേസു തുടങ്ങി കതിരൂര്‍ മനോജ് വധം, കാസര്‍ക്കോട്ടെ ഇരട്ടക്കൊലപാതകം, അരിയില്‍ ഷുക്കൂര്‍ വധം, ലൈഫ്മിഷന്‍ തട്ടിപ്പ് എന്നിവ ഉള്‍പ്പടെയുള്ള കേസുകളില്‍ പാര്‍ട്ടി നേതൃത്വം കാട്ടുന്ന തത്രപ്പാടും വെകിളിയും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്.
ഫസല്‍ വധക്കേസിലെ സി.ബി.ഐ. അന്വേഷണത്തിനെതിരെ പാര്‍ട്ടി പത്രത്തിലൂടെയും ചാനലിലൂടെയും നിരന്തരം പ്രചാരണം നടത്താന്‍ പാര്‍ട്ടി ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. അതോടൊപ്പം ആജ്ഞാനുവര്‍ത്തികളായ പോലീസുകാരെക്കൊണ്ട് പുതിയൊരു കഥയും സൃഷ്ടിച്ചെടുത്തു. ഫസല്‍ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സുബീഷ് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രംഗത്ത് വന്നതായാണ് 2016 നവംബര്‍ 20 ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടത്. സി.പി.എം. നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും കേസില്‍ പങ്കില്ലെന്നും താനുള്‍പ്പെടുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് വധത്തിന് പിന്നിലെന്നും മാഹി ചെമ്പ്ര സ്വദേശിയായ സുബീഷ് പോലീസിന് മൊഴി നല്‍കിയതായി അവര്‍ അവകാശപ്പെട്ടു. ഏതോ ഒരു കേസിന്റെ പേരു പറഞ്ഞ് സി.പി.എമ്മിന്റെ സ്വകാര്യ സൈന്യാധിപനായി അധ:പതിച്ച പ്രിന്‍സ് എബ്രഹാം എന്ന ഡി.വൈ.എസ്.പി യാണ് ചോദ്യം ചെയ്യാനെന്ന പേരില്‍ അന്യായമായി സുബീഷിനെ കസ്റ്റഡിയിലെടുത്തത്. കൊടിയ മര്‍ദ്ദനത്തിനിരയാക്കി നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ച് സുബീഷിന്റേതെന്ന പേരില്‍ പോലീസ് ചില ‘വെളിപ്പെടുത്തലുകള്‍’ പുറത്തുവിട്ടു. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണിതെന്നോര്‍ക്കണം. എന്നാല്‍ തന്നെ മൂന്നാം മുറയ്ക്കിരയാക്കി കൃത്രിമമായി മൊഴിയെടുത്തതാണെന്നു കാണിച്ച് അപ്പോള്‍ തന്നെ സുബീഷ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്യായമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിച്ച് അവരുടെ ഇംഗിതത്തിനനുസരിച്ചുള്ള മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് ഡിവൈഎസ്പിമാരായ പ്രിന്‍സ് അബ്രഹാമിനും പി.പി.സദാനന്ദനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ അന്യായവും ഫയല്‍ ചെയ്തിട്ടുണ്ട്.
തുടക്കത്തില്‍ പരാമര്‍ശിച്ച ഗവേഷണത്തിന്റെ ഇരയാണ് സുബീഷ് എന്ന ആര്‍.എസ്.എസ് അനുഭാവിയായ ചെറുപ്പക്കാരന്‍. സിപിഎം നേതാക്കളായ കാരായിമാരെ രക്ഷിച്ചെടുക്കാന്‍ കണ്ടുപിടിച്ച, ഫസല്‍ വധവുമായി ബന്ധപ്പെടുത്തി ആര്‍.എസ്.എസ്സിനെ പ്രതിക്കൂട്ടിലാക്കാന്‍ സി.പി.എം കണ്ടെത്തിയ ആദ്യത്തെ ആളല്ല സുബീഷ്. കേസിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന ഷാജി എന്നയാളെ സി.പി.എം നേതൃത്വം നേരത്തെ സമീപിച്ചിരുന്നു. മുമ്പ് സി.പി.എമ്മിലായിരുന്ന ഷാജിയുമായുള്ള പരിചയവും ബന്ധവും ദുരുപയോഗിച്ചാണ് പാര്‍ട്ടി നേതാക്കള്‍ സമീപിച്ചത്. (പാര്‍ട്ടിയുടെ ആവശ്യം നിരസിച്ച ഷാജി പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയുണ്ടായി)
സത്യം ഉറപ്പിച്ച് സി.ബി.ഐ:
തലശ്ശേരി ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന കെട്ടിച്ചമച്ച വാദം തള്ളി, സി.പി.എമ്മിന്റെ പങ്ക് നിസ്സംശയം സ്ഥാപിച്ചുകൊണ്ടാണ് ഏറ്റവുമൊടുവില്‍, ഇക്കഴിഞ്ഞ ദിവസം സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സി.ബി.ഐ സമര്‍പ്പിച്ച ആദ്യ കുറ്റപത്രം കോടതി നിര്‍ദ്ദേശിച്ച തുടരന്വേഷണത്തിലുംസിബിഐ ശരിവച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയില്‍ പറയിപ്പിച്ചതാണെന്നും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നില്‍ കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സിബിഐ ആവര്‍ത്തിക്കുന്നു. ഫസല്‍ കൊലചെയ്യപെട്ടത് സി.പി.ഐ(എം)എന്ന പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണെന്ന് ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി കൊടി സുനി പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യവും സി.ബി.ഐ എടുത്തു പറയുന്നുണ്ട്.
കുറ്റപത്രത്തില്‍ പറയുന്നത്
ഞെട്ടിക്കുന്ന വിവരങ്ങളാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തിലുള്ളത്. ഇതു പ്രകാരം 2006 മേയ് മാസത്തിലാണ് ഫസലിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത്. അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എഫിന്റെ പിന്തുണ നേടാന്‍ സി.പി.ഐ(എം) നിര്‍ബന്ധിതമാവുന്ന സാഹചര്യം ഉടലെടുത്തു. അതു നേടുകയും ചെയ്തു. തുടര്‍ന്നും അവരുടെ പ്രീതി പിടിച്ചു പറ്റേണ്ടതുണ്ടായിരുന്നു. അതിനുകൂടി കണ്ടെത്തിയ മാര്‍ഗമാണ് ഫസല്‍ വധം. ഇതിലൂടെ തങ്ങളുടെ പ്രവര്‍ത്തകനെ കൊന്നത് ആര്‍.എസ്.എസ് ആണെന്നും അതിന്റെ പേരില്‍ മാര്‍ക്‌സിസ്റ്റ് ഭരണകൂടം ആര്‍.എസ്.എസ്സിനെ വേട്ടയാടുമെന്നുമുള്ള തോന്നല്‍ എന്‍.ഡി.എഫില്‍ സൃഷ്ടിച്ചെടുക്കാനാവുമെന്ന കണക്കുകൂട്ടലായിരുന്നു സി.പി.എമ്മിന്. കൊലയാളികള്‍ക്ക് ഒളിസങ്കേതം ഒരുക്കുകയും മൈസൂരിലേക്ക് ഉല്ലാസയാത്ര നടത്താന്‍ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. ഫസലിന്റെ കൊലപാതകത്തിനു ദൃക്‌സാക്ഷിയായ വീട്ടമ്മ സമീറയ്ക്ക് സി.പി.ഐ(എം) നേതാക്കള്‍ പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷാജി എന്നൊരാളെ സി.പി.ഐ(എം) നേതൃത്വം സമീപിച്ചതായും കുറ്റപത്രത്തിലുണ്ട്.
ഫസല്‍ വധക്കേസിലെ നാള്‍ വഴികള്‍…, സി.പി.എം കാപട്യങ്ങളുടെയും….
♣ 2006 ഒക്‌ടോബര്‍ 22- പുലര്‍ച്ചെ നാലിനു ഫസല്‍ കൊല്ലപ്പെടുന്നു.
♣ 2006 ഒക്‌ടോബര്‍ 22- അന്വേഷണച്ചുമതല തലശേരി സിഐ പി. സുകുമാരന്.
♣ 2006 ഒക്‌ടോബര്‍ 23- അന്വേഷണച്ചുമതല ഡിവൈഎസ്പി രാധാകൃഷ്ണന്.
♣ 2006 ഒക്‌ടോബര്‍ 25 – മൂന്നു സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.
♣ 2006 ഒക്‌ടോബര്‍ 30 – അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു.
♣2007 ഫെബ്രുവരി 4-അന്വേഷണം ഇഴയുന്നതിനാല്‍ കേസ് സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ടു ഫസലിന്റെ ഭാര്യ മറിയു ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിശദീകരണമാരാഞ്ഞപ്പോള്‍ അന്വേഷണം എസ്.പി മോഹന്‍ദാസിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് നല്‍കിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.
♣2007 ഫെബ്രുവരി 12- രണ്ടാഴ്ച കൊണ്ടു പ്രതികളെ പിടിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി കോടതി തള്ളി.
♣2007 ഏപ്രില്‍ 11- അന്വേഷണം ക്രൈംബ്രാഞ്ച് എസ്പി ടി.കെ. രാജ്‌മോഹന്. അഞ്ചുമാസത്തിനകം കൊടും ക്രിമിനലായ കൊടി സുനി ഉള്‍പ്പെടെ കോടിയേരി പ്രദേശത്തുകാരായ മൂന്നു സി.പി.എം കാര്‍ പിടിയിലാകുന്നു.
♣2007 ഒക്‌ടോബര്‍ 10 – കോടിയേരിക്കാരായ സഖാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കോടിയേരി ബാലകൃഷ്ണന്റെ വീടിനു മുന്‍പില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം.
♣2008 ഫെബ്രുവരി 14- സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മറിയു വീണ്ടും ഹൈക്കോടതിയിലെത്തിയതിനെത്തുടര്‍ന്ന് കേസ് സിബിഐയ്ക്കു വിട്ടുകൊണ്ടു സിംഗിള്‍ ബഞ്ച് വിധി.
♣2008 സെപ്റ്റംബര്‍ 4- സി.ബി.ഐ അന്വേഷണത്തിനെതിരെ നല്‍കിയ പരാതി തള്ളിയ വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളി.
♣2010 ജൂലൈ 6- സിബിഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ടു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും അന്വേഷണം കോടതി ശരിവച്ചു. സിബിഐ അന്വേഷണം ഏറ്റെടുത്തു. സിബിഐ അന്വേഷണത്തില്‍ രണ്ടു ഘട്ടങ്ങളിലായി മൂന്നുപേര്‍ കൂടി അറസ്റ്റിലായി. അന്വേഷണം കാരായി രാജനിലേക്കും ചന്ദ്രശേഖരനിലേക്കും. തുടര്‍ന്നു രാജനെയും ചന്ദ്രശേഖരനെയും പി. ശശിയെയും ചോദ്യംചെയ്തു.
♣2012 മാര്‍ച്ച് 23- ചോദ്യംചെയ്യലിനു ഹാജരാകാന്‍ വീണ്ടും രാജനും ചന്ദ്രശേഖരനും നോട്ടീസ്.
♣2012 മാര്‍ച്ച് 24- നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍.
♣2012 ഏപ്രില്‍ 16- നേതാക്കളെ പ്രതികളാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചു സിബിഐ ഓഫിസിലേക്കു സിപിഎം മാര്‍ച്ച്.
♣2012 ജൂണ്‍ 6- നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
♣2012 ജൂണ്‍ 12- സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ഗീയ കലാപത്തിനു സിപിഎം പദ്ധതിയിട്ടെന്നു റിപ്പോര്‍ട്ടില്‍ വിമര്‍ശനം.
♣2012 ജൂണ്‍ 22- എറണാകുളം സി.ജെ.എം കോടതിയില്‍ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും കീഴടങ്ങല്‍.
♣2013 നവംബര്‍ 7- കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കര്‍ശന നിബന്ധനയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
♣2014 മാര്‍ച്ച് 15- പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ എറണാകുളം സി.ജെ.എം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി.
♣2014 നവംബര്‍- എറണാകുളം ജില്ല വിട്ടു പോകരുതെന്ന ജാമ്യ വ്യവസ്ഥ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളി.
♣2015 മാര്‍ച്ച് 30- എറണാകുളം ജില്ല വിട്ടു പോകരുതെന്ന ജാമ്യ വ്യവസ്ഥ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയും തള്ളി.
ഉത്തരം വേണ്ട ചോദ്യങ്ങള്‍:
ഇപ്പോള്‍ പുറത്തു വന്ന സി.ബി.ഐയുടെ തുടരന്വേഷണ റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്.
* അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷ അര്‍ഹിക്കുന്നില്ലേ?
* കൃത്രിമ മൊഴിയുണ്ടാക്കാന്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയ നിരപരാധിയായ ചെറുപ്പക്കാരന് നഷ്ട പരിഹാരം നല്‍കേണ്ടതല്ലേ?
* വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന് അരുനിന്ന അന്നത്തെ ആഭ്യന്തര മന്ത്രി വിചാരണ നേരിടേണ്ടതല്ലേ?
* കണ്ണൂരില്‍ പല സംഘടനകളുടെയും നേതാക്കള്‍ കേസില്‍ പ്രതികളാകാറുണ്ട്. അവര്‍ വിചാരണ നേരിടാറുമുണ്ട്. സി.പി.എം നേതാക്കള്‍ പ്രതികളാകുമ്പോള്‍ എന്താണിത്ര കോലാഹലം?
* വെട്ടാനും കൊല്ലാനും നിയോഗിക്കപ്പെടുന്ന സാധാരണ പ്രവര്‍ത്തകര്‍ക്കില്ലാത്ത പ്രത്യേക പരിഗണന എന്തുകൊണ്ട് കാരായിമാരെ പോലുള്ള നേതാക്കള്‍ക്ക് മാത്രം സി.പി.എം നല്‍കുന്നു?
* സംസ്ഥാനം ഇടതു മുന്നണിയും കേന്ദ്രം സി.പി.എം പിന്തുണയോടെ യു.പി.എയും ഭരിക്കുമ്പോഴാണ് കൊലപാതകവും തുടര്‍ന്നുള്ള സി.ബി.ഐ അന്വേഷണവും നടക്കുന്നത്. എന്നിട്ടും അന്വേഷണത്തിനെതിരെ സി.പി.എം നടത്തുന്ന ഉറഞ്ഞു തുള്ളല്‍ ആരെ പറ്റിക്കാനാണ്…? സമൂഹമനസ്സാക്ഷി ഉത്തരം കണ്ടെത്തട്ടെ.
Comments