ഭാര്യയോടൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ആര്‍എസ്എസ് എലപ്പുള്ളി തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് നിഷ്ഠൂരമായ രീതിയില്‍ തുണ്ടം തുണ്ടമായി വെട്ടിക്കൊന്ന സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. പ്രബുദ്ധമെന്നും വിദ്യാസമ്പന്നരുടെ നാടെന്നും കൊട്ടിഘോഷിക്കുന്ന കേരളത്തിലാണ് ഇത്തരമൊരു സംഭവം നടന്നതെന്നത് ലജ്ജാകരമെന്നല്ലാതെ എന്തുപറയാന്‍! ക്ലാസ് മുറിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അധ്യാപകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന സംഭവം സാംസ്‌കാരിക കേരളം മറന്നിട്ടില്ല. 1999 ഡിസംബര്‍ ഒന്നിന് കണ്ണൂരില്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെയാണ് ഇത്തരത്തില്‍ അരുംകൊല നടത്തിയത്.
ഇസ്ലാമിക ഭീകരസംഘടനയായ എസ്ഡിപിഐക്കാരാണ് സഞ്ജിത്ത് വധത്തിനു പിന്നിലെന്നു പറയാന്‍ പോലീസിനുപോലും മടി. അതും പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയുടെ മുന്നിലിട്ട് മുപ്പതിലധികം വെട്ടുകളേറ്റാണ് സഞ്ജിത്ത് കൊലക്കത്തിക്കിരയായത്. സ്വകാര്യ പണമിടപാടുസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങി അരകിലോമീറ്റര്‍ പിന്നിടുന്നതിനിടെയാണ് കാറില്‍ വന്ന സംഘം അവിചാരിതമായി മുട്ടി മുട്ടിയില്ലെന്ന മട്ടില്‍ ബൈക്കിനെ തട്ടിത്തെറിപ്പിച്ച് വീഴ്ത്തിയത്. വീണതും ഭാര്യയെ പിടിച്ചുവലിച്ചു മാറ്റിയശേഷമാണ് സഞ്ജിത്തിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. തലയ്ക്കാണ് മാരകമായ വെട്ടുകളേറ്റത്. ഇതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗതാഗതം കുറഞ്ഞ റോഡാണ് സംഘം കൊലപാതകത്തിനായി തെരഞ്ഞെടുത്തത്. പാലക്കാട് – തൃശൂര്‍ ദേശീയപാതയില്‍ നിന്നും പെരുവെമ്പ് ഭാഗത്തിലേക്കുള്ള മമ്പറം എന്ന സ്ഥലത്തായിരുന്നു ഈ ക്രൂരകൃത്യം. രാവിലെ 8.45നും ഒമ്പതിനുമിടയിലാണ് സംഭവം. നിമിഷങ്ങള്‍ക്കകം പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ഭാര്യ അര്‍ഷിത പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. വിദഗ്ധ പരിശീലനം ലഭിച്ചവരാണ് കൊലപാതകം നടത്തിയതെന്നത് ഒറ്റനോട്ടത്തില്‍ പറയാന്‍ കഴിയും. ഒരു വിധത്തിലുള്ള തെളിവും പോലീസിന് അവിടെ നിന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
രക്തം തളംകെട്ടിനില്‍ക്കുന്നതു കണ്ട് അതുവഴിവന്ന ഒരു വഴിയാത്രക്കാരന്‍ ബോധംകെട്ടു വീണ് മരിക്കുകയും ചെയ്തു എന്നതുതന്നെ കൊലയുടെ ഭീകരത വിളിച്ചോതുന്നതാണ്. സഞ്ജിത്തിന് നേരെ രണ്ടുതവണ കൊലപാതകശ്രമം നടന്നിരുന്നു. പോലീസിന് ഇക്കാര്യമറിഞ്ഞിട്ടും മൗനം പാലിക്കുകയാണ് ഉണ്ടായത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എലപ്പുള്ളി പഞ്ചായത്ത് ഉള്‍പ്പെടുന്ന മലമ്പുഴ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന് 50,000ലധികം വോട്ടാണ് ലഭിച്ചത്. പിന്നീട് നടന്ന ത്രിതല തിരഞ്ഞെടുപ്പില്‍ ബിജെപി എലപ്പുള്ളിയില്‍ അഞ്ച് സീറ്റുകള്‍ നേടുകയും ആറെണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തുവെന്നത് എസ്ഡിപിഐക്കാരെ വിറളി പിടിപ്പിച്ചു.
മതതീവ്രവാദം വളര്‍ത്തുന്ന എസ്ഡിപിഐക്ക് ആര്‍എസ്എസ് കണ്ണിലെ കരടാണ്. ഇവരുടെ മതഭീകരതയെ ആര്‍എസ്എസ് തുറന്ന് എതിര്‍ക്കുന്നതാണ് അവരെ അക്രമത്തിന് പ്രേരിപ്പിക്കുന്നത്. ‘ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്’ എന്നു പറയുന്നതുപോലെ പരസ്യമാ രഹസ്യമാണ് സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ളത്. അതിനാലാണ് അവരുടെ അക്രമത്തെ അപലപിക്കാന്‍ പോലും സി.പി.എം തയ്യാറാവാത്തത്. പകല്‍ മുഴുവന്‍ സഖാക്കളും രാത്രിയില്‍ ജിഹാദിയുമാണിവര്‍.
സിപിഎമ്മിന്റെ ഒത്താശയാണ് എസ്ഡിപിഐയുടെ വളര്‍ച്ചയ്ക്ക് കാരണം. ഭരണം നിലനിര്‍ത്താന്‍ എല്ലാവിധ വിട്ടുവീഴ്ചയും ചെയ്യുകയാണിവര്‍. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പണ്ട് ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞതാണ് സിപിഎമ്മുകാര്‍ ഇപ്പോള്‍ മറ്റൊരു വിധത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ്സിനെ പരാജയപ്പെടുത്താന്‍ ചെകുത്താന്മാരായ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവരെ സിപിഎം വാരിപ്പുണരുകയാണ്. തങ്ങള്‍ ചെയ്യേണ്ട കാര്യം, അവര്‍ ചെയ്യുന്നതില്‍ മനസാ ആഹ്ലാദിക്കുകയാണവര്‍. കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്നും തീവ്രവാദ സംഘടനകള്‍ തമ്മിലുള്ള പ്രശ്നമാണെന്നും പറഞ്ഞ് ചാരിതാര്‍ത്ഥ്യം കൊള്ളുകയാണ് സിപിഎം.
സഞ്ജിത്തിന്റെ കൊലപാതകികളെ കണ്ടെത്തുന്നതിനു പകരം സഞ്ജിത്ത് ഉള്‍പ്പെട്ട മുന്‍കാല കേസുകളുടെ എണ്ണം പറഞ്ഞ് കുറ്റവാളിയാണെന്നു വരുത്തിതീര്‍ക്കുവാനാണ് പോലീസ് വെമ്പല്‍കാട്ടുന്നത്. സംഘടനാപ്രവര്‍ത്തനം നടത്തുമ്പോള്‍ കേസുകളുണ്ടാവുന്നത് സ്വാഭാവികമാണ്. അതിനുള്ള കാരണം കണ്ടെത്തി പ്രശ്നം പരിഹരിക്കുന്നതിനു പകരം, കൈയുംകെട്ടി നോക്കിനില്‍ക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്. അതാണ് പ്രശ്നം വഷളാക്കിയത്. പോലീസും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന സംഭവം ലജ്ജാകരമാണ്. കൊടുവാളും, കഠാരയും, വടിവാളുമായി പട്ടാപ്പകല്‍ സംഘം കാത്തുനില്‍ക്കുകയും കൊല നടത്തി നിമിഷങ്ങള്‍ക്കകം സ്ഥലം വിടുകയും ചെയ്ത് നാലുദിവസത്തിനുശേഷമാണ് അവര്‍ സഞ്ചരിച്ചിരുന്നതെന്നു പറയുന്ന ഒരു വെള്ളക്കാറിന്റെ ചിത്രം പോലീസ് പുറത്തുവിടുന്നത്. അരുംകൊല നടന്ന ഭാഗത്ത് സിസിടിവി ഇല്ലെന്ന ന്യായമാണ് പോലീസ് നിരത്തുന്നത്. സിസിടിവി ഉണ്ടെങ്കില്‍ മാത്രമേ പ്രതികളെ പിടികൂടാന്‍ കഴിയൂ എന്നാണോ പോലീസ് പറയുന്നത്? യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണോ ഇതിനു പിന്നിലെന്നുപോലും സംശയിക്കത്തക്കവിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
പാലക്കാട്ടേത് ഒറ്റപ്പെട്ട സംഭവമല്ല. കൊല്ലത്തും, ചാവക്കാടും സമാന അക്രമങ്ങള്‍ നടന്നിട്ടുണ്ട്. സഞ്ജിത്ത് കൊല ചെയ്യപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യത്താലാണ്. മുമ്പും പരസ്പര സംഘര്‍ഷവും സംഘട്ടനവും ഉണ്ടായിട്ടുണ്ടെന്നും അതിന്റെ പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന മുടന്തന്‍ ന്യായമാണ് പോലീസ് നിരത്തുന്നത്. കൊലപാതകങ്ങള്‍ക്കു പിന്നിലെല്ലാം ഇത്തരം സംഘര്‍ഷം തന്നെയാണെന്ന് ആര്‍ക്കും അറിയാം. ഇതുപറയാന്‍ പോലീസിന്റെ ആവശ്യമൊന്നുമില്ല. സംഘര്‍ഷം തടയാന്‍ പോലീസ് എന്തു നടപടിയെടുത്തുവെന്നാണ് ചോദ്യം. വിതണ്ഡവാദം ഉന്നയിച്ച് ആടിനെ പട്ടിയാക്കുന്ന സമീപനമല്ല വേണ്ടത്.
തമിഴ്നാട്ടില്‍ നിന്നു വന്ന ആളുകളാണ് കൊലപാതകത്തിനു പിന്നിലെന്നു പറഞ്ഞ് കേസ് അന്വേഷണം അട്ടിമറിക്കാനാണോ നീക്കമെന്നും സംശയമുണ്ട്. സഞ്്ജിത്തിനെ അറിയുന്നവരാണ് കൊലപാതകത്തിനു പിന്നിലെന്നു വ്യക്തം. കൊലക്കു മുമ്പ് സഞ്ജിത്തിന്റെ വീട്ടിലെത്തി പോകുന്നതും വരുന്നതുമായ വിവരങ്ങള്‍ ഇവര്‍ ആരായുകയുണ്ടായി. മാത്രമല്ല, ജോലിക്കു പോകുന്ന വിവരവും മനസിലാക്കി. സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് സംഘം കാറില്‍ തമ്പടിച്ചിരുന്നു. സഞ്ജിത്തിനെ അറിയാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് ഈ അരുംകൊല നടത്തുവാന്‍ കഴിയുക? ഭര്‍ത്താവിനെ സ്വന്തം കണ്‍മുമ്പിലിട്ട് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത് കണ്ട മാനസിക വിഭ്രാന്തിയില്‍ നിന്നും മോചിതയാകാന്‍ അര്‍ഷിതക്ക് ഇനിയും കഴിഞ്ഞിട്ടില്ല. എന്നിട്ടും സംഘത്തിലുണ്ടായിരുന്നവരുടെ എണ്ണവും കാറിന്റെ നിറവും അവര്‍ പോലീസിന് നല്‍കി. വെട്ടിക്കൊന്നവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. അവര്‍ മുഖം മൂടിയിരുന്നില്ല. മാസ്‌ക് ധരിച്ചിരുന്നില്ല. അക്രമം തടയാന്‍ ശ്രമിച്ചതിനിടെ മുടിയില്‍ പിടിച്ചുവലിച്ച് തള്ളിയിടുകയായിരുന്നുവെന്ന് അര്‍ഷിത പറഞ്ഞു. സഞ്ജിത്തിന്റെ ജീവനുനേരെ ഭീഷണിയുണ്ടായിരുന്നതിനാലാണ് താമസം തന്റെ വീട്ടിലേക്ക് മാറ്റിയതെന്നും പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടേയും തലപ്പത്തുള്ളവര്‍ മുന്‍കാലത്ത് സിമി എന്ന തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. സിമി നിരോധിക്കപ്പെട്ടപ്പോള്‍ പേരുമാറ്റി മറ്റൊരു രൂപത്തില്‍ പ്രവര്‍ത്തിക്കുകയാണവര്‍. സംഘടനയുടെ പേരില്‍ മാത്രമേ മാറ്റമുള്ളൂ. പേരു മാറ്റിയതുകൊണ്ടുമാത്രം സംഘടനയുടെ സ്വാഭാവം മാറ്റാന്‍ കഴിയുകയില്ലല്ലോ.
ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍, വര്‍ക്കിങ് പ്രസിഡന്റ്് വത്സന്‍ തില്ലങ്കേരി തുടങ്ങി നിരവധി നേതാക്കള്‍ സഞ്ജിത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.