മിത്ത്’ എന്ന പദത്തിന് സാധാരണയായി ‘കെട്ടുകഥ’(കല്പിത കഥ) ‘പുരാവൃത്തം’ എന്നൊക്കെയാണ് അര്‍ത്ഥം കല്പിക്കാറ്. ഈ പദത്തിന് ‘ഗൂഢാര്‍ത്ഥം’ എന്നൊരു വിവക്ഷ കൂടിയുണ്ട്. പക്ഷെ മിത്തുകളുടെ ഗൂഢാര്‍ത്ഥവും സങ്കല്പ സിദ്ധാനുസാരമായിട്ടാണ് സാധാരണയായി ഗണിക്കപ്പെടുന്നത്. അതിനാല്‍ അമാനുഷരായ കഥാപാത്രങ്ങളെയും അലൗകിക പ്രതിഭാസങ്ങളെയും ഉള്‍ക്കൊള്ളുന്ന ആഖ്യാനങ്ങളാണ് മിത്തുകള്‍ എന്നറിയപ്പെടുന്നത്.
ഭാരതത്തിലെ ഋഷിരചനകളായ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ചരിത്രം, കഥ, ആത്മജ്ഞാനം, ധര്‍മ്മവിചാരം എന്നിവയോടൊപ്പം മിത്തുകളെയും കൂട്ടിയിട്ടുണ്ടെന്നു കാണാം. പൊതുവെ സത്യാന്വേഷികളായിരുന്ന ഭാരതീയ ഋഷികള്‍ ഇവ്വിധം മിത്തുകളില്‍ രമിച്ചത് ആശ്ചര്യം തന്നെയല്ലേ? ഗ്രീക്ക് തത്ത്വജ്ഞാനിയായിരുന്ന പ്ലേറ്റോയുടെ ആദര്‍ശവാദമനുസരിച്ച് കല്പിതകഥകള്‍ ഉള്‍ക്കൊള്ളുന്ന കലാസാഹിത്യ രചനകള്‍ യാഥാര്‍ത്ഥ്യത്തെ മറച്ചു പിടിക്കുന്നവയാണ്. അതിനാല്‍ കവി സത്യം വെളിപ്പെടുത്തുന്നവനല്ല, മൂടിവെയ്ക്കുന്നവനാകുന്നു. എന്നാല്‍ ആത്യന്തിക സത്യങ്ങളെക്കുറിച്ചുള്ള ഏറ്റവും യുക്തിപൂര്‍വ്വകവും ഭൗതികശാസ്ത്രസമ്മതവുമായ വെളിപ്പെടുത്തലുകളാണ് കവികളായിരുന്ന ഭാരതീയ ഋഷികളുടെ രചനകളില്‍ കാണപ്പെടുന്നത്. അവര്‍ സത്യത്തിന്റെ മറ നീക്കിയവരായിരുന്നു. സത്യാന്വേഷണം ജീവിത ലക്ഷ്യമാക്കി ലോകോത്തര സത്യദര്‍ശികളായിത്തീര്‍ന്ന അവര്‍ എന്തുകൊണ്ടായിരിക്കാം അവരുടെ പുരാണേതിഹാസങ്ങളില്‍ മിത്തുകളെ അവതരിപ്പിച്ചത്? ഉദാ: ഉപനിഷദ് ദര്‍ശനങ്ങളുടെ സാരത്തെ നിശിതമായ യുക്തിയാല്‍ ന്യായീകരിച്ചു സ്ഥാപിക്കപ്പെട്ട ‘ബ്രഹ്മസൂത്രത്തിന്റെ കര്‍ത്താവായ ബാദരായണ വ്യാസന്‍ മിത്തുകളടങ്ങിയ ഇതിഹാസം നിര്‍മ്മിക്കാന്‍ ഇടയായതെങ്ങനെ? അതായത് തത്ത്വജ്ഞാനത്തിന്റെ പരകോടിയില്‍ നിലകൊണ്ട ഈ സത്യദര്‍ശി കല്പിത കഥകളെ എന്തിന് സൃഷ്ടിച്ചു?
ഇതിനു കാരണം ഭാരതീയ പുരാവൃത്തങ്ങള്‍ അഥവാ മിത്തുകള്‍ കല്പനാമാത്ര കഥകളല്ല, മറിച്ച് യാഥാര്‍ത്ഥ്യങ്ങളുടെ ഗൂഢാര്‍ത്ഥമാണ് ഉള്‍ക്കൊള്ളുന്നത്, അതിനാല്‍ തന്നെ അവയ്ക്ക് സര്‍വ്വകാല പ്രസക്തിയുമുണ്ട്. ഈ ലോകത്തിന്റെ സാമാന്യഗുണങ്ങള്‍ അടങ്ങുന്ന സൂക്ഷ്മതലവുമായി ബന്ധപ്പെട്ടതാണ് ഭാരതീയ പുരാവൃത്തങ്ങള്‍. ഈ ലോകത്തില്‍ ഒരു വസ്തു നിലനില്ക്കുന്നത് സാമാന്യഗുണങ്ങളെ ആശ്രയിച്ചാണ്. ഉദാ: മനുഷ്യനെ മൃഗങ്ങളില്‍ നിന്നും സസ്യങ്ങളില്‍ നിന്നും മറ്റും വേര്‍തിരിക്കുന്ന ബാഹ്യവും ആഭ്യന്തരവുമായ പൊതുഘടകങ്ങളാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ സാമാന്യഗുണങ്ങള്‍. ഇവയാണ് വാസ്തവത്തില്‍ ഒരു വ്യക്തിയുടെ മൂര്‍ത്തമായ അസ്തിത്വം നിര്‍ണ്ണയിക്കുന്നത്. നരന് പൊതുവായിട്ടുള്ള രൂപം ഇല്ലാത്ത ഒരു ജീവിക്ക് നരന്റേതായ അസ്തിത്വം കല്പിക്കാനാവില്ല.
സാമാന്യങ്ങള്‍ക്ക് മൂര്‍ത്തവസ്തുക്കളില്‍ നിന്ന് വേറിട്ടുള്ള സ്ഥൂലാസ്തിത്വം ഇല്ല എന്നതു ശരി തന്നെ. പക്ഷെ അതിനു കാരണം അവ അമൂര്‍ത്തവസ്തുക്കളായതാണ്. അതായത് അവ സൂക്ഷ്മതലത്തിലെ വസ്തുക്കളാണ്. സൂക്ഷ്മതലത്തെക്കുറിച്ച് ആധുനിക ഭൗതിക ശാസ്ത്രജ്ഞരുടെയും പൗരാണിക ഋഷികളുടെയും നിഗമനം ഒന്നുതന്നെയാണ്, അതായത് സ്ഥൂലപ്രപഞ്ചത്തിന്റെ ആധാരം സൂക്ഷ്മശക്തികളാകുന്നു. അതിനാല്‍ ഒരു സ്ഥൂലവസ്തുവിന്റെ യാഥാര്‍ത്ഥ്യം അതിന്റെ സൂക്ഷ്മഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കാര്യരൂപേണ കാണപ്പെടുന്ന വസ്തുക്കളിലെല്ലാം, വിഭജിക്കാന്‍ കഴിയാത്ത വിധം സൂക്ഷ്മമായി സ്ഥിതിചെയ്യുന്ന അംശമാണ് പരമാണുവെന്ന് ശ്രീമദ് ഭാഗവതത്തില്‍ മൈത്രേയന്‍ വിദുരരോട് പറയുന്നുണ്ട്. കാര്യാവസ്ഥയെ വിശകലനം ചെയ്യുമ്പോള്‍ എത്തിച്ചേരുന്ന അതിന്റെ ഏറ്റവും അവസാനത്തെ അംശമാണ് പരമാണു. സ്ഥൂലവസ്തുവിന്റെ ഭേദ വിശേഷങ്ങളൊന്നുമില്ലാത്ത ഈ സൂക്ഷ്മസ്ഥിതിയാണ് വസ്തുവിന്റെ ഏറ്റവും മഹത്തായ സ്ഥിതി (തൃതീയ സ്‌കന്ധം: അദ്ധ്യാ : 11). പരമാണുക്കള്‍ രണ്ടെണ്ണം ചേര്‍ന്നതാണ് അണു. പരമാണുവും അണുവും അതിസൂക്ഷ്മങ്ങളാകയാല്‍ ഇന്ദ്രിയ വിഷയങ്ങളാകുന്നില്ല. എന്നാല്‍ അവ സംയോജിച്ച് സ്ഥൂലവസ്തുക്കളാകുമ്പോള്‍ ഇന്ദ്രിയ ഗോചരമാകുന്നു. ഇതുപോലെയാണ് അതീന്ദ്രിയ സാമാന്യങ്ങള്‍ ചേര്‍ന്ന് സ്ഥൂലാവസ്ഥയിലെത്തുമ്പോള്‍ വ്യക്തികളായി അറിയപ്പെടുന്നത്.
ഒരേ ഇനത്തിലുള്ള സാമാന്യങ്ങള്‍ ചേര്‍ത്താണ് ഒരു വര്‍ഗ്ഗത്തിലെ വ്യക്തികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അവയുടെ ചേരുവയില്‍ ഏതൊക്കെ സാമാന്യങ്ങള്‍ എത്രത്തോളം വ്യക്തമാകുന്നു എന്ന കാര്യത്തിലാണ് വ്യക്തിവിശേഷം സംഭവിക്കുന്നത്. അതായത് സാമാന്യങ്ങളുടെ പ്രത്യേകതരം ചേരുവ അഥവാ സംഘടനയാണ് ഒരു വ്യക്തി. ആ സംഘടന ഇല്ലാതാകുമ്പോള്‍ വ്യക്തിവിശേഷം നശിക്കുന്നു. ഇവിടെ സാമാന്യങ്ങള്‍ വേര്‍പിരിയുന്നു. പക്ഷെ നശിക്കുന്നില്ല, അവ സൂക്ഷ്മതലത്തില്‍ സ്ഥിതിചെയ്യുന്നു.
നിറം, ഗന്ധം, രൂപം, ശബ്ദം, രുചി എന്നീ ഇന്ദ്രിയ വിഷയങ്ങള്‍ യഥാര്‍ത്ഥത്തില്‍ സൂക്ഷ്മങ്ങളാകുന്ന സാമാന്യഗുണങ്ങളാണ്. അവയുടെ വ്യത്യസ്ത രീതിയിലുള്ള ഘടനകളാണ് വസ്തുക്കളുടെ വിശേഷഗുണങ്ങളായി ഭവിക്കുന്നത്. ഉദാ; ആപ്പിള്‍ എന്ന വസ്തു അതിന്റെ വിശേഷ അസ്തിത്വത്തിനായി ആശ്രയിക്കുന്നത് നിറം, ഗന്ധം, രൂപം, രൂചി എന്നിവയുടെ പ്രത്യേക ഘടനയെയാണ്. ഇതേ സാമാന്യഗുണങ്ങള്‍ മറ്റൊരു വിശേഷ ഘടനയിലാകുമ്പോള്‍ നാരങ്ങയോ ഓറഞ്ചോ ആകുന്നു. സാമാന്യതത്ത്വങ്ങള്‍ ഒരു വസ്തുവിനും വ്യക്തിക്കും സ്വന്തമല്ല, കാരണം അവ മറ്റ് വസ്തുക്കളും വ്യക്തികളും പങ്കിടുന്നവയാണ്. മുമ്പുണ്ടായിരുന്നവയിലും ഇപ്പോഴുള്ളവയിലും മാത്രമല്ല, ഭാവിയില്‍ ഉണ്ടാകുന്നവയിലും അവ പ്രകടമാകുന്നു. ഇങ്ങനെ നോക്കിയാല്‍ ഏതിന്റെ അസ്തിത്വത്തിനാണ് പ്രാധാന്യം കല്പിക്കേണ്ടത്? ഒരു ചെറിയ കാലയളവില്‍ മാത്രം ഒതുങ്ങി നിലനില്ക്കുന്ന വിശേഷവസ്തുക്കള്‍ക്കോ, അതോ വിവിധ വസ്തുക്കളിലൂടെ മൂന്നു കാലത്തിലും പ്രകടമാകുന്ന സാമാന്യങ്ങള്‍ക്കോ?
ഭാരതത്തില്‍ സാമാന്യതത്ത്വങ്ങളെയും, അവയ്ക്ക്ആധാരമായിട്ടുള്ള ഊര്‍ജ്ജതലത്തെയും ആരാധിച്ചു വരുന്നു. പ്രപഞ്ചം ശക്തിമയമാണ്. സര്‍വ്വവ്യാപിയായ ശക്തിയെ ഏകാഗ്രതയോടെ ഭജിക്കണമെങ്കില്‍ രൂപം സങ്കല്പിക്കേണ്ടതുണ്ട്. ആദിശക്തിയെ ഭാരതീയര്‍ ത്രിഗുണാത്മികയായിട്ടാണ് ആരാധിക്കുന്നത്, കാരണം പ്രപഞ്ചസൃഷ്ടിക്കായി ഏകസ്വരൂപമായ ശക്തി ആദ്യം മൂന്നു വ്യത്യസ്ത ഗുണങ്ങളായി പിരിയുന്നു: സത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ. ഈ ശക്തികളാണ് സരസ്വതി, ലക്ഷ്മി, ശിവാ എന്നിങ്ങനെ യഥാക്രമം ബിംബങ്ങളിലൂടെ ആരാധിക്കപ്പെടുന്നത്.
ഇപ്രകാരം തന്നെ ഇന്ദ്രിയ വിഷയങ്ങള്‍ക്ക് ആധാരമായിട്ടുള്ള പഞ്ചഭൂതതന്മാത്രകളാകുന്ന ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്നീ സാമാന്യതത്ത്വങ്ങളെ പ്രതിനിധീകരിച്ചും വിഗ്രഹം നിര്‍മ്മിച്ചിട്ടുണ്ട്. ഉദാ: ഗന്ധത്തിന് ആധാരമായിട്ടുള്ള പൃഥ്വി തത്ത്വം മറ്റ് നാല് തത്ത്വങ്ങളെക്കൂടി ഉള്‍കൊള്ളുന്നവയാണ്, ഇങ്ങനെ അഞ്ച് ഇന്ദ്രിയവിഷയങ്ങള്‍ക്കും ആധാരമായിട്ടുള്ള പൃഥ്വി തത്ത്വത്തെയാണ് ഗണപതി’എന്ന വിഗ്രഹം പ്രതിനിധീകരിക്കുന്നത്. അതിനാലാണ് ആനയുടേതിനു സദൃശമായ വലുപ്പമേറിയ രൂപം, പരന്നു വികസിച്ച ചെവികള്‍, ഏറ്റവും നീണ്ട നാസിക, വിസ്താരമേറിയ ത്വക്ക് എന്നിവ ഈ വിഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതായത് ഇന്ദ്രിയ വിഷയങ്ങളുടെ സാമാന്യതത്ത്വങ്ങളെ എടുത്തു കാട്ടുന്ന ഒരു വിഗ്രഹമാണ് ഗണപതിയുടേത്.
ആദര്‍ശവാദികളുടെ സിദ്ധാന്തപ്രകാരം അമൂര്‍ത്തവും സൂക്ഷ്മവുമായ സാമാന്യങ്ങള്‍ക്കാണ് ശാശ്വതമായ അസ്തിത്വമുള്ളത്. ഉദാ: പ്ലേറ്റോയുടെ ആദര്‍ശവാദമനുസരിച്ച് ‘കറലമ’െ(ആദര്‍ശങ്ങള്‍ അഥവാ സാമാന്യങ്ങള്‍) ശാശ്വതസത്യങ്ങളാകുന്നു. വ്യക്തികള്‍ ഇല്ലാതാകുമ്പോഴും അവ നിലനില്ക്കുന്നു. സ്ഥൂലവും മൂര്‍ത്തവുമായ വ്യക്തികളാണ് നാശത്തിനു വിധേയമാകുന്നത്, സാമാന്യതത്ത്വങ്ങളാകട്ടെ സൂക്ഷ്മാവസ്ഥയില്‍ നിലനില്‍ക്കുന്നു. അവ വ്യക്തികളില്‍ വ്യക്തമാകുന്നുവെന്നു മാത്രം. സ്ഥൂലരൂപങ്ങളുടെ വ്യതിയാനം സൂക്ഷ്മതല സ്ഥാനീയരാകുന്ന സാമാന്യങ്ങള്‍ക്ക് ബാധകമല്ല. ഭാരതീയ വൈദിക സിദ്ധാന്തമനുസരിച്ച് സൃഷ്ടിയുടെ പ്രളയ കാലത്തു മാത്രമാണ് സൂക്ഷ്മലോകം ആത്യന്തികമായ ഏകസത്യത്തില്‍ ലയിക്കുന്നത്. അതിനാല്‍ സൃഷ്ടി നിലനില്ക്കുന്നിടത്തോളം കാലം സൂക്ഷ്മലോകത്തിനു നാശമില്ല, സൂക്ഷ്മതത്ത്വങ്ങളാകുന്ന സാമാന്യങ്ങള്‍ക്കും നാശമില്ല.
പ്ലേറ്റോയുടെ ആദര്‍ശവാദത്തില്‍ സ്ഥൂലവസ്തുക്കളുടെ പ്രഥമ മാതൃകകളാണ് ആദര്‍ശങ്ങള്‍. സൂക്ഷ്മലോക യാഥാര്‍ത്ഥ്യങ്ങളാകുന്ന ഈ ആദിരൂപങ്ങളുടെ അഥവാ മൂലരൂപങ്ങളുടെ പകര്‍പ്പുകള്‍ മാത്രമാണ് സ്ഥൂലവസ്തുക്കള്‍. ഈ സിദ്ധാന്തപ്രകാരം നമ്മുടെ ദൃശ്യപ്രപഞ്ചം യഥാര്‍ത്ഥ ലോകമാകുന്ന സൂക്ഷ്മപ്രപഞ്ചത്തിന്റെ പകര്‍പ്പു മാത്രമാണ്. ഇപ്രകാരം ഭൂമിയിലെ മനുഷ്യര്‍ സൂക്ഷ്മലോകനിവാസിയാകുന്ന യഥാര്‍ത്ഥ മനുഷ്യന്റെ പകര്‍പ്പുകളാണ്. പൗരാണിക ഭാരതീയരുടെ ‘മനു’ ഇപ്രകാരമുള്ള ഒരു ആദിരൂപമാണ്. പുരാണങ്ങളിലെ സൃഷ്ടിക്രമ വിസ്താരത്തില്‍ ഉദാ: ബ്രഹ്മപുരാണത്തില്‍ പറയുന്നത്, സനകാദികളാകുന്ന മാനസപുത്രന്മാരെ സൃഷ്ടിച്ചശേഷം ബ്രഹ്മാവ് സ്വന്തം ശരീരത്തില്‍ നിന്നു തന്നെ രണ്ട് വ്യത്യസ്ത രൂപങ്ങള്‍ക്ക് ജന്മം കൊടുത്തു – ഇവരാണ് മനുവും ശതരൂപയും. ഇവര്‍ ഭൂമിയിലെ സ്ത്രീപുരുഷന്മാരുടെ മാതൃകാ രൂപങ്ങളായി ഗണിക്കപ്പെടുന്നു. ഇപ്രകാരം തന്നെ ശബ്ദബ്രഹ്മം (വാക്കിന്റെ സൂക്ഷ്മരൂപം) ദേവലോകാധിപനായ ഇന്ദ്രന്‍, അനുരാഗത്തിന്റെ പ്രതീകങ്ങളാകുന്ന രതിമന്മഥന്മാര്‍, സംഗീതത്തിന്റെ പ്രതീകമാകുന്ന ഗന്ധര്‍വ്വന്‍, ആദിദൈത്യനായ ഹിരണ്യാക്ഷന്‍, കശ്യപമുനി, അദിതി, ദിതി, സ്വര്‍ഗംഗ, ലോകത്തിന്റെ ആദിരൂപമായ പത്മം, കല്പവൃക്ഷം (സസ്യവര്‍ഗ്ഗത്തിന്റെ ആദര്‍ശരൂപം) തുടങ്ങിയവയൊക്കെയും സ്ഥൂലലോകത്തിലെ വിശേഷണങ്ങളാകുന്ന സ്ഥാവരജംഗമങ്ങളുടെ മാതൃകകളാകുന്ന സാമാന്യങ്ങളാണ്.
ഊര്‍ജ്ജ സ്രോതസ്സാകുന്ന പാലാഴി കടഞ്ഞപ്പോള്‍ ആ മഥനത്തില്‍ പങ്കാളികളായ വാസുകി, മന്ഥരപര്‍വ്വതം, പിന്നെ മഥനാനന്തരം പാലാഴിയില്‍ നിന്നുത്ഭവിച്ച കാമധേനു, പാരിജാതം, ഐരാവതം, ഉച്ചൈ:ശ്രവസ്സ്, കൗസ്തുഭം, അപ്‌സരസ്സുകള്‍, മദ്യദേവതയായ വാരുണി ഒടുവില്‍ വിഷ്ണുവിന്റെ അംശസംഭവനായ ധന്വന്തരിയാല്‍ ആഗതമാക്കപ്പെട്ട അമൃത് (സര്‍വ്വക്ഷയനിവാരിണി) മുതലായവയെല്ലാം സ്ഥൂലരൂപങ്ങളുടെ സാമാന്യമാതൃകകളാകുന്നു.
കാലത്തിനും സൂക്ഷ്മാവസ്ഥയുണ്ട്. പരമാണുവിന്റെ ചലനമാണ് സൃഷ്ടിക്കപ്പെട്ട ലോകങ്ങളുടെ വിവിധ കാലങ്ങള്‍ക്കെല്ലാം ആധാരം. സ്ഥൂലലോകത്തിന്റെയും സൂക്ഷ്മലോകത്തിന്റെയും കാലദൈര്‍ഘ്യം വ്യത്യസ്തമാണ്. സ്ഥൂലവസ്തുക്കളുടെ ചലന വേഗത കുറയുന്നതിനാല്‍ കാലദൈര്‍ഘ്യം കൂടുന്നതാണ്. പൗരാണിക വിജ്ഞാനമനുസരിച്ച് ഭൂമിയിലെ 365 ദിനങ്ങള്‍ സൂക്ഷ്മലോകത്തിലെ ഒരു ദിനം മാത്രമാണ്. ഇങ്ങനെ വ്യത്യസ്ത തലങ്ങളില്‍ വിവിധമായിട്ടുള്ള കാലങ്ങള്‍ക്കെല്ലാം ആധാരം പരമാണുവിന്റെ ചലനമാണ്. ഇതാണ് കാലത്തിന്റെ സൂക്ഷ്മാവസ്ഥയായ പരമാണുകാലം.
ഭഗവദ്ഗീതയിലെ പത്താം അദ്ധ്യായത്തില്‍ ശ്രീകൃഷ്ണന്‍ തന്റെ വിഭൂതികളെപ്പറ്റി അര്‍ജ്ജുനന് വ്യക്തമാക്കിക്കൊടുക്കുന്നതു പ്രകാരം സൃഷ്ടിയുടെ ആദിസ്രോതസ്സാകുന്ന ഈശ്വരശക്തി ഒന്നുതന്നെയാണ് സൂക്ഷ്മവസ്തുക്കളായും സ്ഥൂലവസ്തുക്കളായും പരിണമിക്കുന്നത്. കൃഷ്ണന്‍ സ്വന്തം വിഭൂതികള്‍ വര്‍ണ്ണിക്കവെ, അശ്വങ്ങളില്‍ വെച്ച് ഉച്ചൈ:ശ്രവസ്സും, ഗജേന്ദ്രന്മാരില്‍ വെച്ച് ഐരാവതവും ധേനുക്കളില്‍ വെച്ച് കാമധേനുവും സന്താനോല്‍പ്പത്തി ഹേതുവായ കാമനും സര്‍പ്പങ്ങളില്‍ വെച്ച് വാസുകിയും അദ്ദേഹം തന്നെയാണെന്ന് പറയുന്നുണ്ട്. പിതൃക്കളില്‍ വെച്ച് ആര്യമാവും ശിക്ഷകരില്‍ യമനും ഗ്രസിക്കുന്നവയില്‍ കാലവും ശുദ്ധീകരിക്കുന്നവയില്‍വെച്ച് പവനനും നദികളില്‍വെച്ച് ഗംഗാനദിയും ഈശ്വരന്റെ വിഭൂതികള്‍ തന്നെയാകുന്നു. മാത്രമല്ല ശ്രീകൃഷ്ണന്റെ ദിവ്യരൂപത്തില്‍ അഥവാ സൂക്ഷ്മരൂപത്തില്‍ സ്ഥിതിചെയ്യുന്ന ആദിത്യന്മാര്‍, വസുക്കള്‍, രുദ്രന്മാര്‍, അശ്വിനീദേവകള്‍, മരുത്തുക്കള്‍ തുടങ്ങിയവര്‍ അര്‍ജ്ജുനന്റെ ദിവ്യദൃഷ്ടിയില്‍ അഥവാ സൂക്ഷ്മദൃഷ്ടിയില്‍ പതിയുന്നുണ്ട്. കൂടാതെ സ്മൃതി, ബുദ്ധി, ക്ഷമ, ജ്ഞാനം, നീതി, തുടങ്ങിയവയും ഭാരതീയ ദര്‍ശനത്തില്‍ ഈശ്വരന്റെ വിഭൂതികളാകുന്ന സൂക്ഷ്മതത്ത്വങ്ങളാകുന്നു. ഇങ്ങനെ പ്രാചീന ഋഷികള്‍ മിത്തുകളായി അവതരിപ്പിച്ചത് സ്ഥൂലലോകത്തിന്റെ ആധാര തത്ത്വങ്ങളെയാണ്. അതിനാല്‍ അവ കാല്‍പ്പനികമല്ല, സൂക്ഷ്മമായ യാഥാര്‍ത്ഥ്യങ്ങളാണ്. അവയുടെ അസ്തിത്വം വസ്തുക്കളെ ആശ്രയിച്ചിട്ടുള്ളതല്ല, മറിച്ച് വസ്തുക്കള്‍ അവയെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്.